UPDATES

ട്രെന്‍ഡിങ്ങ്

സമരം പൊളിക്കാന്‍ പലവഴി നോക്കി പൊലീസ്; ഉറച്ച തീരുമാനവുമായി ജിഷ്ണുവിന്റെ കുടുംബം

ജിഷ്ണുവിന്റെ അമ്മയെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കാനും ശ്രമം

ജിഷ്ണുവിന്റെ മരണത്തില്‍ നീതി തേടി കുടുംബം നടത്തുന്ന സമരം സര്‍ക്കാരിനെ കൂടുതല്‍ ഭയപ്പെടുത്തുന്നുവോ? ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന വെളിപ്പെടുത്തലും പൊലീസ് നടപടികളും ആ തരത്തിലുള്ള സൂചനകളാണ് നല്‍കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ജിഷ്ണുവിന്റെ അമ്മ മഹിജയെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍ക്ക് ഉന്നതല സമ്മര്‍ദ്ദം ഉണ്ടായതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മഹിജയെ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ലെന്നായിരുന്നു ഡോക്ടര്‍ പ്രതികരിച്ചത്. മഹിജയുടെ സമീപത്തുവച്ചായിരുന്നു ഇങ്ങനെയൊരു സംഭാഷണം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള മഹിജയും ശ്രീജിത്തും നിരാഹര സമരത്തിലാണ്. ഇവര്‍ക്കൊപ്പമുള്ള ജിഷ്ണുവിന്റെ പിതാവ് അശോകനും അശോകന്റെ സഹോദരി ശോഭയും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ 15 പേരും ആശുപത്രി വളപ്പില്‍ നിരാഹാര സമരം തുടരുകയാണ്. ഈ സമരം തന്നെയാണു പൊലീസിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുന്നത്. തങ്ങളെ ദ്രോഹിച്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തശേഷം ഡിജിപിയുമായി ചര്‍ച്ചയാകാം എന്നാണു മഹിജ പറയുന്നത്. ബുധനാഴ്ച തങ്ങള്‍ക്കു നേരെ പ്രശ്‌നം ഉണ്ടാക്കിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നാണു ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും പറയുന്നത്.

അതേസമയം വളയത്ത് ജിഷ്ണുവിന്റെ വീട്ടില്‍ സഹോദരി അവിഷ്ണയും നിരാഹര സമരത്തിലാണ്. അമ്മയ്ക്കും അമ്മാവനും ബന്ധുക്കള്‍ക്കും നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തന്റെ സഹോദരനു നീതി കിട്ടുന്നതുവരെ നിരാഹാര സമരം നടത്താനാണു അവിഷ്ണയും തീരുമാനിച്ചിരിക്കുന്നത്. അവിഷ്ണയ്‌ക്കൊപ്പം പ്രദേശവാസികളും സമരത്തിലാണ്. അതേസമയം അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റുമെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസിനു കുട്ടിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണു നാട്ടുകാര്‍. അവിഷ്ണ ഭക്ഷണം കഴിച്ചിട്ടു മൂന്നു ദിവസമായെന്നും കുട്ടിയുടെ ആരോഗ്യനില മോശമാണെന്നുമാണു പൊലീസ് പറയുന്നത്. പക്ഷേ, പൊലീസ് അവിഷ്ണയെ കൊണ്ടുപോകാന്‍ വന്നാല്‍ പ്രതിഷേധം ഉണ്ടാകുമെന്നത് ഉറപ്പാണ്. ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്നതാണു പൊലീസിന്റെ മുന്നിലുള്ള വെല്ലുവിളി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍