UPDATES

പോലീസ് അന്നുമിന്നും ആൺ പോലീസ് തന്നെ; പിങ്ക് പോലീസ് എന്ന അസംബന്ധം- എന്‍.എ വിനയ/അഭിമുഖം

സമൂഹം എന്ന് പറഞ്ഞാല്‍ പുരുഷന്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഭരണകൂടത്തിന്റെ ഏറ്റവും വലിയ സംവിധാനം പോലീസാണ്

സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി രൂപവത്ക്കരിച്ച പിങ്ക് പോലീസ് തന്നെ സ്ത്രീ വിരുദ്ധമാവുന്ന വാര്‍ത്തകളാണ് ഈ അടുത്ത കാലത്തായി പുറത്തു വരുന്നത്. കൂടാതെ സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ പലപ്പോഴും ഇരയ്ക്കെതിരായ നിലപാടാണ് പോലീസ് കൈക്കൊള്ളാറുള്ളതും. പോലീസ് സംവിധാനത്തിനകത്തുള്ള സ്ത്രീകളും കടുത്ത വിവേചനം അനുഭവിക്കാറുണ്ട്. അതുകൊണ്ടു തന്നെ കേരള പോലീസ് എത്രത്തോളം സ്ത്രീ സൌഹൃദപരമാണ് എന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക വകുപ്പും താലൂക്ക് തലത്തില്‍ വനിതാ പോലീസ് സ്റ്റേഷനുമൊക്കെ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. പോലീസും സ്ത്രീകളും എന്ന വിഷയം ഉയർത്തിയതിനെ തുടർന്ന് തൊഴിലിടത്തില്‍ നിരവധി വിവേചനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥ എന്‍എ വിനയ, കെആര്‍ ധന്യയോട് സംസാരിക്കുന്നു.

കെ.ആര്‍ ധന്യ: പോലീസ് സേനയിലെ ആണ്‍-പെണ്‍ വേര്‍തിരിവിനെതിരെ സര്‍വീസിന്റെ തുടക്കം മുതല്‍ പൊരുതിയയാളാണ്. സര്‍വ്വീസില്‍ നിന്നു പുറത്തുപോവുന്നതുള്‍പ്പെടെയുള്ള ദുരനുഭവങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

എന്‍.എ വിനയ: ദുരനുഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നത് പോലും. ശരീരത്തില്‍ കയറിപ്പിടിക്കുന്നത് മാത്രമല്ല അതിക്രമം. ഭാഷ, ആണ്‍ഭാഷ, അത് പലപ്പോഴും ലൈംഗികാതിക്രമം തന്നെയായിരുന്നു. ‘നീയൊന്നും ആണിനെ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ നീ ഇങ്ങനെയാവില്ലായിരുന്നു’ എന്നായിരുന്നു എന്റെ ഒരു സഹപ്രവര്‍ത്തകന്റെ പ്രതികരണം. ഞാനിതിനെതിരെ പരാതി നല്‍കി. ഒരു കൂട്ടം പോലീസുകാരുടെ മധ്യത്തില്‍ വച്ചാണ് അയാളിത് എന്നോട് പറഞ്ഞത്. എന്നാല്‍ എന്റെ പരാതിയി പ്രകാരം മൊഴിയെടുത്തപ്പോള്‍ ആരും ഇത് കേട്ടില്ല. മേലുദ്യോഗസ്ഥന്‍മാരടക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വരുന്നു. ഹൈക്കോടതിയില്‍ പരാതി നല്‍കിയപ്പോള്‍ തൊഴിലിടത്തിലെ ലൈംഗികാതിക്രമ നിയമപ്രകാരം അന്വേഷണത്തിന് കമ്മിറ്റി രൂപീകരിക്കാനാണ് ഉത്തരവ് വന്നത്. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. അന്വേഷണ സംവിധാനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നമ്മള്‍ അനുഭവിക്കേണ്ടിവന്ന ലൈംഗികാതിക്രമം അന്വേഷിക്കാന്‍ വേറൊരു കമ്മിറ്റി. ആ കേസില്‍ എനിക്ക് ഇതേവരെയും നീതി ലഭ്യമായിട്ടില്ല. അയാള്‍ പോലീസ് അസോസിയേഷന്റെ വലിയ ആളായി ഇരിക്കുകയും ചെയ്യുന്നുണ്ട്.

പോലീസില്‍ അന്നും ഇന്നും വിവേചനമുണ്ട്. പോലീസ് സേനാംഗങ്ങളുടെ സ്‌പോര്‍ട്‌സ് മീറ്റില്‍ സ്ത്രീകളുടെ പോയിന്റ് കൗണ്ട് ചെയ്യില്ലായിരുന്നു. ആദ്യമെത്തിയാലും രണ്ടാമതെത്തിയാലും സ്ത്രീകളുടെ വിജയം കൗണ്ട് ചെയ്യപ്പെടാതെ പോവുന്ന അവസ്ഥയുണ്ടായിരുന്നു. അതിനെതിരെ 2002ല്‍ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് നടക്കുമ്പോള്‍ ട്രാക്കില്‍ കിടന്നുകൊണ്ട് ഞാന്‍ പ്രതിഷേധിച്ചു. ഇത് വലിയ വിവാദങ്ങളുണ്ടാക്കി. ആദ്യം 13 മാസത്തെ സസ്പന്‍ഷന്‍. പിന്നീട് സര്‍വീസില്‍ നിന്ന് പുറത്താക്കല്‍. 11 മാസം കഴിഞ്ഞപ്പോള്‍ കോടതിയും നിയമവും എനിക്കനുകൂലമായി നിന്നു. 2004ല്‍ വീണ്ടും സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. തിരിഞ്ഞ് നോക്കുമ്പോള്‍ എണ്ണിയാലൊടുങ്ങാത്തത്ര മോശം അനുഭവങ്ങളുണ്ട്. പക്ഷെ അത് ഒരു തരത്തില്‍ പോലീസ് സേനയ്ക്കുള്ളിലെ മാറ്റങ്ങള്‍ക്ക് കാരണമായി എന്ന് മനസ്സിലാക്കുമ്പോഴാണ് ആശ്വാസം.

ധന്യ: വിനയ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു?

വിനയ: സീനിയോരിറ്റി കൂടുതലാണെങ്കിലും വനിതാ പോലീസുകാരുടെ പേര് ലിസ്റ്റില്‍ താഴെയേ എഴുതുമായിരുന്നുള്ളൂ. വര്‍ഷങ്ങളുടെ സര്‍വീസുള്ള എന്റെ പേര് ഒരു വര്‍ഷം മാത്രം സര്‍വീസുള്ള സഹപ്രവര്‍ത്തകന്റെ താഴെയായാണ് എഴുതിക്കൊണ്ടിരുന്നത്. ഇത് മാറ്റണമെന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. ആണായാലും പെണ്ണായാലും സീനിയോരിറ്റി ഒരേപോലെ കണക്കാക്കി അതിനനുസരിച്ച് തന്നെ ലിസ്റ്റ് തയ്യാറാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. രണ്ട്, ശമ്പളം വാങ്ങുന്നത് ക്യൂവില്‍ നിന്നായിരുന്നു. അത് ഒഴിവാക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. മറ്റൊരു പ്രധാന ആവശ്യം യൂണിഫോം സംബന്ധിച്ചായിരുന്നു. ഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ എന്നോട് സാരിയുടിത്തിട്ട് വരാന്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആണിനും പെണ്ണിനും വേറെ ഡ്രസ്‌കോഡ് എന്നത് എനിക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. വനിതാ പോലീസുകാര്‍ക്ക് ലാത്തി, ഹെല്‍മറ്റ് ഇതൊന്നും ഉപയോഗിച്ചുകൂട. ലാത്തി എടുത്ത എന്നെക്കൊണ്ട് അത് തിരിച്ചുവയ്പ്പിച്ചിട്ടുണ്ട്. പെണ്ണുങ്ങള്‍ക്ക് എന്തിനാണ് ലാത്തിയും ഹെല്‍മെറ്റും എന്നാണ് സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചോദിക്കുന്നത്. വേറൊന്ന് ഡ്യൂട്ടി തരില്ല. സ്‌റ്റേഷനിനുള്ളില്‍ അടച്ചിട്ടപോലത്തെ അവസ്ഥയായിരുന്നു. പാറാവ് നില്‍ക്കാന്‍ കൂടി സ്ത്രീ പോലീസുകാര്‍ക്ക് അവകാശമില്ല. സ്‌റ്റേഷനില്‍ വരുന്നയാളുകളോട് കാര്യമന്വേഷിക്കാന്‍ പോലും അനുവാദമില്ല. വാഹനമോടിക്കാന്‍ സമ്മതിക്കില്ല. ഇതൊന്നും നിയമമല്ല. തുടര്‍ന്ന് വന്നിരുന്ന രീതികള്‍ മാത്രമായിരുന്നു. അത് മാറ്റണമെന്നും വനിതകളേയും പോലീസ് ആണെന്ന് അംഗീകരിച്ച് തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു എന്റെ ആവശ്യം.

ധന്യ: ഇക്കാര്യങ്ങളില്‍ പിന്നീട് മാറ്റങ്ങളുണ്ടായോ?

വിനയ: മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉണ്ടായിട്ടുമില്ല. ഞാന്‍ ഉന്നയിച്ചിരുന്ന ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. യൂണിഫോമില്‍ മാറ്റം വന്നു. സ്ത്രീകള്‍ ഇപ്പോള്‍ പോലീസ് വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ലാത്തിയും ഹെല്‍മെറ്റും ഉപയോഗിക്കാം. ആണായാലും പെണ്ണായാലും സീനിയോരിറ്റി അനുസരിച്ച് മാത്രമേ പേരെഴുതൂ. ഡ്യൂട്ടികള്‍ വനിതാ പോലീസുകാര്‍ക്കും നല്‍കാന്‍ തുടങ്ങി. അത്തരത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വനിതാ പോലീസുകാര്‍ വെറുതെയിരിക്കേണ്ടവരാണെന്ന ഒരു ബോധം ഇപ്പോഴും പോലീസിലുണ്ട്. പല ജോലികളില്‍ നിന്നും വനിതകള്‍ ഒഴിവാക്കപ്പെടുന്നുണ്ട്.

ധന്യ: വിനയ ഉന്നയിച്ച വിഷയങ്ങളില്‍ സ്ത്രീകളായ പോലീസ് ഓഫീസര്‍മാരുടെ പ്രതികരണം എത്തരത്തിലായിരുന്നു?

വിനയ: അനുകൂലമായിരുന്നില്ല ഒന്നും. ഞങ്ങള്‍ക്കാര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു പല വനിതാ ഓഫീസര്‍മാരുടേയും പ്രതികരണം. ഐ.പി.എസ്. ഓഫീസര്‍മാര്‍ വലിയ പൊസിഷനിലായിരുന്നതുകൊണ്ട് നമ്മളെ പരിഗണിച്ചിട്ടേയില്ല. ഇത്രയും കലഹങ്ങള്‍ ഉണ്ടാക്കിയിട്ടും എന്താണ് നമ്മുടെ പ്രശ്‌നം എന്ന് അന്വേഷിക്കാന്‍, ഒന്ന് മിണ്ടാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.

ധന്യ: കേരളത്തിലെ പോലീസ് എത്രത്തോളം ആണ്‍ പോലീസാണ്?

വിനയ: പോലീസ് സംവിധാനത്തിനുള്ളിലേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ അത് വിരുന്ന് വന്ന പോലെയാണ് കണക്കാക്കപ്പെട്ടത്. സ്ത്രീകള്‍ എന്നും വേറെ നില്‍ക്കുന്ന അവസ്ഥയില്‍ തന്നെയായിരുന്നു. സമൂഹം എന്ന് പറഞ്ഞാല്‍ പുരുഷന്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഭരണകൂടത്തിന്റെ ഏറ്റവും വലിയ സംവിധാനം പോലീസാണ്. ഒരു ഉദാഹരണം പറയാം. ഒരു അസ്വാഭാവിക മരണം നടന്ന സ്ഥലം. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കണം. ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പ്രദേശത്തുള്ള അഞ്ച് പേരെ പഞ്ചായത്തുകാരായി നിര്‍ത്തും. ഈ പഞ്ചായത്തുകാര്‍ അഞ്ച് പേരും ആണുങ്ങളായിരിക്കണം. ഇത് നിര്‍ബന്ധമുള്ള രീതിയല്ലെന്ന് തെളിയിച്ചയാളാണ് ഞാന്‍. വയനാട്ടില്‍ ജോലിനോക്കുമ്പോള്‍ നിരന്തരമായി അതിനെതിരായി പറഞ്ഞ് തീരമാനമെടുപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും പഞ്ചായത്തുകാരില്‍ രണ്ട് സ്ത്രീകളേയും ഉള്‍പ്പെടുത്തുമെന്ന തീരുമാനം വന്നിരുന്നു. ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. പക്ഷെ മറ്റ് സ്ഥലങ്ങളിലെല്ലാം പഴയ രീതി തന്നെ തുടരുകയാണ്. അതുപോലെ മൃതദേഹം ഏറ്റുവാങ്ങാനെത്തുന്നവര്‍ പുരുഷന്‍മാരാണെങ്കില്‍ മാത്രമേ മൃതദേഹം വിട്ടു നല്‍കൂ. സ്ത്രീയ്ക്ക് മൃതദേഹം കൈമാറില്ല. അഥവാ സ്ത്രീയാണ് ഏറ്റുവാങ്ങുന്നതെങ്കില്‍ അത് സാക്ഷ്യപ്പെടുത്താന്‍ വേറെയാള് വേണം. ഇതെല്ലാം ഇല്ലാത്ത നിയമങ്ങളാണ്. സമൂഹത്തില്‍ പുരുഷനാണ് പ്രാധാന്യം എന്ന ഒരു സാഹചര്യം ഇത് ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ ആംബുലന്‍സില്‍ കയറാന്‍ സ്ത്രീകള്‍ക്ക് പറ്റില്ല. പുരുഷനാണതിന് അവകാശം. ഈ അധികാരങ്ങളെല്ലാം പുരുഷന് ചാര്‍ത്തിക്കൊടുക്കുന്ന കാര്യത്തില്‍ പോലീസിന് പങ്കുണ്ട്. ജനമൈത്രി പോലീസ് വന്നതോടെ ഇത്തരം കാര്യങ്ങളിലെല്ലാം പെണ്ണിനെക്കൂടി ഉള്‍പ്പെടുത്താന്‍ പോലീസിന് കഴിയും.

ഇനി ഡിപ്പാര്‍ട്‌മെന്റിനകത്താണെങ്കില്‍, ഡ്യൂട്ടി മീറ്റ് ഉണ്ടാവാറുണ്ട്. പോലീസിനെ പ്രൊഫഷണല്‍ ആക്കുക എന്നതാണ് അതിന്റെ ഉദ്ദേശം. എന്നാല്‍ അതിലൊന്നും വനിതാ പോലീസിന്റെ പ്രാതിനിധ്യം ഉണ്ടാവാറില്ല. സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സ്ത്രീകള്‍ ഇന്നും സഹായികള്‍ മാത്രമാണ് പോലീസിന്. വെറും സഹായികള്‍. അവര്‍ പോലീസിന്റെ ഒരു ഭാഗമാണെന്ന് പോലും കരുതുന്നതായി എനിക്ക് തോന്നിയിട്ടില്ല. പെണ്ണുങ്ങള്‍ എന്തെങ്കിലുമൊക്കെ ആയിക്കോട്ടെ പക്ഷെ ആണുങ്ങള്‍ ഇങ്ങനെയൊക്കെയാവും എന്നുള്ള ശാഠ്യം പോലീസ് സേനയിലുണ്ട്. ആണ്‍ പോലീസുകാരെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്ന് പറയുമ്പോള്‍ വനിതകളെ വിമന്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നാണ് പറയുന്നത്. അതെന്തിനാണ്? ഞങ്ങളേയും സിവില്‍ പോലീസ് ഓഫീസര്‍മാരായി തന്നെ അംഗീകരിച്ചുകൂടേ? നമ്മള്‍ എപ്പോഴും അരികുപറ്റി നില്‍ക്കുന്നവരാണ് എന്ന ഒരു തോന്നലാണ് ഇത് സ്ത്രീകളില്‍ ജനിപ്പിക്കുന്നത്.

ധന്യ: കേരള പോലീസ് സദാചാര പോലീസ് ആവുന്നുണ്ടോ?

വിനയ: അത് പോലീസ് തന്നെയല്ല. സമൂഹത്തില്‍ എല്ലായിടത്തും സദാചാര പോലീസിങ്ങാണ് നടക്കുന്നത്. നമ്മളെത്രത്തോളം കരുത്തരാണെന്നതിനനുസരിച്ചായിരിക്കും അത് നമ്മളെ ബാധിക്കുക. ഇങ്ങനെയേ പാടുള്ളൂ, അങ്ങനെ പാടില്ല എന്ന് പറയുന്ന രീതികള്‍- അതിനെ നമ്മള്‍ ചോദ്യം ചെയ്യുകയും മാറ്റി നിര്‍ത്തുകയും മാത്രമാണ് പോംവഴി. എല്ലാ പോലീസുകാരും അങ്ങനെ പെരുമാറുമെന്ന് ഞാന്‍ കരുതുന്നില്ല. അത്തരത്തിലുള്ള നടപടികളെ നമ്മള്‍ അംഗീകരിച്ച് കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ പഴി പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്.

ധന്യ: പിങ്ക് പോലീസ് അതിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് മാറി സദാചാര പോലീസ് ആവുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

വിനയ: പിങ്ക് പോലീസ്, വിമന്‍ റസിഡന്‍ഷ്യല്‍ ഏരിയ, സ്ത്രീ സുരക്ഷിത മേഖല എന്നൊക്കെ പറയുന്നത് തന്നെ വിഡ്ഢിത്തരമാണ്. കുടുംബവും സമൂഹവുമെല്ലാം ആണും പെണ്ണും ചേര്‍ന്നുള്ളതാണ്. ആണുങ്ങള്‍ മാത്രമുള്ള ഇടം, പെണ്ണുങ്ങള്‍ മാത്രമുള്ള ഇടം എന്ന് പറയുന്ന വിഭജനം തന്നെ തെറ്റാണ്. ആണിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു സമൂഹം സാധ്യമല്ല. പിങ്ക് പോലീസ് കിന്‍ഡര്‍ ജോയ് എന്ന മിഠായിയുടെ ഒരു വലിയ രൂപമായിട്ടാണ് എനിക്ക് തോന്നാറ്. കിന്‍ഡര്‍ ജോയ് പെണ്‍കുട്ടികള്‍ക്ക് പിങ്ക് നിറവും ആണ്‍കുട്ടികള്‍ക്ക് നീല നിറവും. എന്തിനാണ് പിങ്ക് പോലീസും പിങ്ക് ബസുമൊക്കെ? പിങ്ക് പോലീസ് സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല.ഏതൊക്കെ മേഖലകളിലാണ് സ്ത്രീകള്‍ വേര്‍തിരിവ് അനുഭവിക്കുന്നതെന്ന് പരിശോധിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. നാട്ടിന്‍പുറത്തുള്ള സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ കളിക്കുന്നില്ല. കളിക്കളങ്ങളില്‍ പെണ്‍കുട്ടികളെ കാണാനേയില്ല. ആ സ്‌കൂളുകളില്‍ പിങ്ക് പോലീസ് പോയി പെണ്‍കുട്ടികളെയും കളിപ്പിക്കട്ടെ. പെണ്‍കുട്ടികളെ മുന്‍നിരയിലേക്ക് കൊണ്ടു വരികയോ പെണ്‍കുട്ടികളുടെ സാമൂഹിക മുന്നേറ്റം ഉദ്ദേശിച്ച് എന്തെങ്കിലും ചെയ്യുകയാണെങ്കിലോ പിങ്ക് പോലീസ് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകും.

ധന്യ: വനിതാ പോലീസുകാര്‍ വെറുതെയിരിപ്പുകാരാണെന്ന് ആക്ഷേപമുണ്ടല്ലോ?

വിനയ: അത് സ്ഥിരമായി ആണ്‍പോലീസുകാര്‍ പറയാറുള്ളതാണ്. വെയിസ്റ്റ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നാണ് പലരും അഭിസംബോധന ചെയ്യുന്നത്. കുറ്റവാളികള്‍ കൂടുതലും പുരുഷന്‍മാരാണ്. അവരെ ചോദ്യം ചെയ്യാന്‍ ആണുങ്ങള്‍ തന്നെ വേണം. എന്തുകൊണ്ട് ആണുങ്ങളെ ചോദ്യം ചെയ്യാന്‍ പെണ്ണുങ്ങളെ അനുവദിച്ചുകൂട? ജോലിയെടുക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് കള്ളികളെ ഉണ്ടാക്കാന്‍ പറ്റുമോ?

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍