UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടിയെ രക്ഷിക്കണം; രാസമാലിന്യം നിറഞ്ഞ അഴുക്കു ചാലിലേക്ക് ചാടാന്‍ ആ പൊലീസുകാരന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല

സ്വന്തം സുരക്ഷ നോക്കാതെ ജോലിയിലെ ആത്മാര്‍ത്ഥത തെളിയിച്ച സഞ്ജീവ് കുമാറിനെ തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്

പൊലീസിനെ കുറിച്ച് അത്രനല്ല കാര്യങ്ങളല്ല ഇന്ത്യയില്‍ ഉടനീളം കേള്‍ക്കുന്നത്. സംരക്ഷകരാകേണ്ട പൊലീസ് മര്‍ദ്ദകരും നീതിനിഷേധിക്കുന്നവരുമായി മാറുന്ന വാര്‍ത്തകള്‍ അത്ര പുതുമയല്ലാതായി മാറിയ കാലത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വാര്‍ത്ത പൊലീസിന് ആകെ അഭിമാനം കൊണ്ടുവരുന്ന ഒന്നായിരുന്നു. സഞ്ജീവ് കുമാര്‍ എന്ന പൊലീസുകാരന്റെ ആത്മാര്‍ത്ഥതയാണ് ഇതിനു കാരണം.

ഉത്തര്‍പ്രദേശിലെ അമ്രോഹ വില്ലേജിലെ സി എല്‍ ഗുപ്ത ഫാമിന് അടുത്തായി അമിതവേഗതിയില്‍ എത്തിയ കാര്‍ ഒരു ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചു. ഉടന്‍ തന്നെ ഓടിക്കൂടി നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്‍സ് വിളിച്ച് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്താണു ജിവായ് പൊലീസ് സ്റ്റേഷനിലെ സഞ്ജീവ് കുമാര്‍ തന്റെ വാഹനത്തില്‍ അതുവഴിയെത്തിയത്. ആള്‍ക്കൂട്ടവും ആംബുലന്‍സുമെല്ലാം കണ്ടപാടെ എന്തോ അപകടം നടന്നിട്ടുണ്ടെന്നു മനസിലാക്കിയ സഞ്ജീവ് ഉടന്‍ തന്റെ വാഹനം നിര്‍ത്തി സംഭവസ്ഥലത്തേക്കു ചെന്നു. നാട്ടുകാരില്‍ നിന്നും വിവരം അറിഞ്ഞ അതേ നിമിഷം തന്നെ രക്ഷപ്രവര്‍ത്തനത്തില്‍ സഞ്ജീവും പങ്കാളിയായി. ഇതിനിടയില്‍ ആരോ ഓട്ടേയില്‍ ഉണ്ടായിരുന്നവരുടെ കൂടെയുണ്ടായിരുന്ന ആറുവയസുകാരിയെ കാണുന്നില്ലെന്നു പറഞ്ഞു. അപകടത്തില്‍ ഈ കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുള്ള അഴുക്കു ചാലിലേക്ക് തെറിച്ചു വീണായിരുന്നുവെന്നും അവരെ അവിടെ നിന്നാണു കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുപക്ഷേ കുട്ടി അഴുക്കു ചാലില്‍ മുങ്ങിപ്പോയിരിക്കാമെന്നു കരുതുന്നതായും നാട്ടുകാരില്‍ നിന്നും അറിഞ്ഞ സഞ്ജീവ് കുമാര്‍ ഒരു നിമിഷം പോലും അമാന്തിക്കാതെ ആ അഴുക്കു ചാലിലേക്ക് ചാടി. അതാകട്ടെ അടുത്തള്ള ഫാമില്‍ നിന്നും ഒഴുകി വരുന്ന കെമിക്കല്‍ മാലിന്യം ഉള്‍പ്പെടെ നിറഞ്ഞുകിടക്കുന്നിടവും. പക്ഷേ അതേക്കുറിച്ചൊന്നും ആലോചിക്കാന്‍ സഞ്ജീവ് കുമാര്‍ നിന്നില്ല. അയാള്‍ അതിലേക്ക് ചാടിയിറങ്ങി കുഞ്ഞിനെ തിരയാന്‍ തുടങ്ങി. ദേഹം മുഴവന്‍ മാലിന്യവുമായി കുറേ നേരം സഞ്ജീവ് കുമാര്‍ ആ അഴുക്കുചാലില്‍ കുഞ്ഞിനെ തിരഞ്ഞു. അപ്പോഴാണ് ആരോ ആ വിവരം വിളിച്ചു പറഞ്ഞത്. അപകടത്തില്‍പ്പെട്ട ദമ്പതിയുടെ കൂടെ കുട്ടി ഉണ്ടായിരുന്നില്ല. കുട്ടിയുടെ കാര്യം ആരോ തെറ്റായി പറഞ്ഞതാണ്. എന്നാല്‍ ഈ വിവരം പൂര്‍ണമായി ഉറപ്പു വരുത്തിയശേഷം മാത്രമാണു സഞ്ജീവ് കുമാര്‍ തിരികെ കേറിയത്.
സ്വന്തം സുരക്ഷ നോക്കാതെ ജോലിയിലെ ആത്മാര്‍ത്ഥത തെളിയിച്ച സഞ്ജീവ് കുമാറിനെ തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ആരും ഇറങ്ങാന്‍ മടിക്കുന്ന കെമിക്കല്‍ മാലിന്യത്തിലേക്ക് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ ചാടിയിറങ്ങിയ സഞ്ജീവ് കുമാര്‍ വലിയൊരു ഹൃദയത്തിനുടമയും ധീരനുമാണെന്നാണ് അഭിനന്ദനങ്ങള്‍ ഉയരുന്നത്.

അതേസമയം കെമിക്കല്‍ മാലിന്യത്തില്‍ ഇറങ്ങിയതിന്റെ പാര്‍ശ്വഫലങ്ങള്‍ സഞ്ജീവിന്റെ ശരീരത്തില്‍ ഉണ്ടായിട്ടുണ്ട്. പലതവണ കുളിച്ചിട്ടും ശരീരത്തില്‍ ചൊറിച്ചിലും ചുവന്നുതടിക്കലും ഉണ്ടാകുന്നതായി സഞ്ജീവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുമുണ്ട്.

സഞ്ജീവിന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക രണ്ടായിരം രൂപ പാരിതോഷികം നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്നെ ഈ കാര്യത്തിന്റെ പേരില്‍ പുകഴ്‌ത്തേണ്ട കാര്യമില്ലെന്നാണ് ഈ പൊലീസകാരന്‍ പറയുന്നത്. ഞാനെന്റെ ഡ്യൂട്ടിയണ് ചെയ്തത്. അതിന്റെ പേരില്‍ എന്നെ ഹീറോയാക്കേണ്ടതില്ല; സഞ്ജീവ് കുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍