UPDATES

മിണ്ടിപ്പോയാല്‍ യുഎപിഎ ചുമത്തുന്നവര്‍ സ്വന്തം ചരിത്രവും കൂടി ഓര്‍ക്കണം

കേരളത്തിൽ കരുണാകരന്റെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ ഘോരഘോരം ശബ്ദിച്ചവരാണ് ഇന്നിപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് എന്നതാണ് ഏറെ ദു:ഖകരം

കെ എ ആന്റണി

കെ എ ആന്റണി

Injustice anywhere is a threat to justice everywhere– Martin Luther King jr.

കേരളത്തിൽ അടുത്ത കാലത്തായി ഉയർന്നു കേൾക്കുന്ന പോലീസ് -ഭരണകൂട അനീതികളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ പെട്ടെന്ന് ഓര്‍മ്മ വരുന്നത് “അനീതി എവിടെ ഉണ്ടായാലും അത് നീതിക്കു നേർക്ക് ഭീഷണി ഉയർത്തുന്നു”വെന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്റെ വാക്കുകളാണ്. ഇതോടൊപ്പം മനസിലേക്ക് ഓടിയെത്തുന്ന ചിത്രം അടിയന്തരാവസ്ഥാ നാളുകളിലെ പോലീസ് അതിക്രമങ്ങളുടെയും നരനായാട്ടിന്റെയും കൂടിയാവുമ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ സംസ്ഥാനത്തു നിലനിൽക്കുന്നുവോ എന്ന സംശയം ബലപ്പെടുന്നു. സത്യത്തിൽ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ കേരളത്തിൽ മാത്രമല്ല നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിനു ശേഷം ഇന്ത്യയിലാകെ നിലനിൽക്കുന്നുവെന്നതാണ് വസ്തുത.

അടിയന്തരാവസ്ഥക്ക് എതിരെ പടപൊരുതിയവരുടെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരും സംഘപരിവാർ സംഘടനകളും ഉണ്ടായിരുന്നു. കേരളത്തിൽ കരുണാകരന്റെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ ഘോരഘോരം ശബ്ദിച്ചവരാണ് ഇന്നിപ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് എന്നതാണ് ഏറെ ദു:ഖകരമായ കാര്യം . അതും അടിയന്തരാവസ്ഥയുടെ നോവുകൾ നന്നായി അനുഭവിച്ചറിഞ്ഞ ഒരാൾ ഒരേ സമയം കേരളത്തിന്റെ മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും ആയിരിക്കുമ്പോൾ!

യുഎപിഎക്കെതിരെ നിരവധി പോലീസ് സ്റ്റേഷൻ മാർച്ചുകൾ നടത്തിയവരാണ് മാർക്സിസ്റ്റുകാർ. അവർ ഭരിക്കുമ്പോൾ ആദിവാസി സ്ത്രീകള്‍ക്കെതിരെ പോലും യുഎപിഎ ചുമത്തപ്പെടുന്നതിലെ വൈരുധ്യം എങ്ങനെ വിശദീകരിക്കും എന്നറിയില്ല. ആർക്കും ഒന്നിനെതിരെയും, അത് എത്ര കടുത്ത അനീതി ആയാൽ പോലും ശബ്ദിക്കാൻ അവകാശമില്ലാത്ത അവസ്ഥ. മിണ്ടിയാല്‍ യുഎപിഎ എന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്.

ലോകത്ത് എവിടെയും പോലീസ് ഒന്നാണെന്നും അതിൽ ഹിറ്റ്ലറിന്‍റെ പോലീസ് എന്നോ മുസ്സോളിനിയുടെ പോലീസ് എന്നോ നരേന്ദ്ര മോദിയുടെ പോലീസ് എന്നോ പിണറായി വിജയന്റെ പോലീസ് എന്നോ തരംതിരിവില്ലെന്ന് വാദിക്കുന്നവർ ഉണ്ടാകാം. അത്തരക്കാർക്കുള്ള മറുപടിയാണ് കമ്യൂണിസ്റ്റുകൾ ഭരിക്കുമ്പോൾ പോലീസ് ഫാസിസ്റ്റു സ്വഭാവം കാണിക്കുന്നത് ഭൂഷണമല്ല എന്ന തന്‍റെ ഇന്നലത്തെ പ്രസ്‌താവനയിലൂടെ വിഎസ് അച്യുതാനന്ദൻ നൽകിയിരിക്കുന്നത്. വിഎസ്സിനെ പ്രകോപിച്ചത് ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടംബത്തെയും പോലീസ് ആക്രമിച്ചതാണെന്ന് വാദിക്കുന്നവരും ഉണ്ട്. ഈ വാദം അത്രകണ്ട് നിലനിൽക്കുന്ന ഒന്നല്ല എന്നതാണ് വാസ്തവം. മുകളിൽ പ്രസ്താവിച്ച ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുന്നതിനൊപ്പം ദളിതർക്കും ആദിവാസികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും എതിരെ നടക്കുന്ന പോലീസ് അതിക്രമത്തെക്കുറിച്ചുകൂടി വിഎസ് ശബ്ദമുയർത്തുന്നുവെന്നത് കാണാതിരിക്കരുത്. കൂട്ടത്തിൽ ഒരു കാര്യം കൂടി അദ്ദേഹം അടിവരയിട്ടു പറയുന്നുണ്ട്. അതാവട്ടെ ജനങ്ങളുടെ മേൽ കുതിര കയറാൻ അനുവദിച്ചുകൊണ്ട് ഒരു പോലീസുകാരന്റെയും മനോവീര്യം സംരക്ഷിക്കേണ്ടതില്ല എന്നതാണ്. എന്നാല്‍ ഇന്നിപ്പോൾ, അത്  നിലമ്പൂരിലായാലും കോഴിക്കോട് ആയാലും നടക്കുന്നത് അതുതന്നെയാണ്.

policing2

രാജ്യത്ത് സംഘപരിവാർ രാഷ്ട്രീയം ഉറപ്പിക്കാനുള്ള ശ്രമങ്ങളിൽ എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യം ഞെരിഞ്ഞമരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പാലക്കാട് വിലപിക്കുന്നത് കേട്ടു. വീരശൈവ സഭയുടെ ഒരു ചടങ്ങിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം എത്തുന്നതിനു മുൻപ് തന്നെ അവിടെ എത്തിയ പോരാട്ടം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു എന്നത് പോകട്ടെ, സംഘപരിവാർ ശക്തികൾ കൊലപ്പെടുത്തിയ കല്‍ബുര്‍ഗിക്കുവേണ്ടി കണ്ഠക്ഷോഭം നടത്തിയ മുഖ്യമന്ത്രി എന്തേ ഓർത്തില്ല ഇതേ സംഘപരിവാറിൽപ്പെട്ട ഒരാളുടെ പരാതിയിന്മേലാണ് കമൽസി ചവറ എന്ന ഒരു എഴുത്തുകാരനെ തന്റെ പോലീസ്സ് അറസ്റ്റു ചെയ്തതെന്ന്. അപ്പോൾ കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നത് മോദിയുടെ പൊലീസോ അതോ തന്റെ പോലീസോ എന്ന ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേ?

സത്യത്തിൽ മോദിയുടെ പോലീസ് എന്നോ പിണറായിയുടെ പോലീസ് എന്നോ വേര്‍തിരിവില്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ദേശസ്നേഹത്തിന്റെയും ദേശഭക്തിയുടെയും കാര്യം വരുമ്പോൾ അത് കേരളത്തിൽ ആണെങ്കിൽ നിയമലംഘനവും കേരളത്തിനു വെളിയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും ആകുന്നത് എന്തുകൊണ്ടാണെന്ന് ദയവായി അങ്ങ് തന്നെ പറഞ്ഞു തന്നാൽ നന്നായിരുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍