UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്കുന്ന അമ്പലവാസികളും കാവല്‍ നില്‍ക്കുന്ന എമ്പ്രാനും; മലയാളിയുടെ ദുരവസ്ഥ നീളാതെ തരമില്ല

Avatar

ശരത് കുമാര്‍

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയുടെ അവസാനം ഇന്ന് മലയാളികള്‍ ജീവിക്കുന്ന കാലത്തിന്റെ ദുരവസ്ഥയെ കുറിച്ചാണ് ആര്‍ ബാലകൃഷ്ണപിള്ളയോട് എംവി നികേഷ് കുമാര്‍ ചോദിച്ചത്. നാല്‍പത് വര്‍ഷം നീണ്ട തന്റെ നിയമസഭ ജീവിതത്തിനിടയില്‍ ഇത്രയും മോശമായ ഒരു കാലം ഉണ്ടായിട്ടില്ലെന്ന് പിള്ള മറുപടി നല്‍കി. തന്റെ ഓര്‍മ്മയില്‍ ഇതുപോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടാതെ മന്ത്രിമാരായ കെഎം മാണിക്കും അനൂപ് ജേക്കബ്ബിനുമെതിരെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിന് പിള്ള പരാതി നല്‍കുകയും ചെയ്തു. കണ്‍സ്യൂമര്‍ ഫെഡിലും രജസിസ്‌ട്രേഷന്‍ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചാണ് അനൂപ് ജേക്കബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അരിമില്ല്, ക്വാറി ഉടമകളില്‍നിന്നും കൈക്കൂലി വാങ്ങിയെന്നാണു കെ എം മാണിക്കെതിരെയുള്ള ആരോപണം. 

പിള്ളയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ആ പരാതിയോടൊപ്പം ഉന്നയിക്കുന്ന ഒരു പ്രധാന വിഷയമുണ്ട്. ഈ രണ്ട് മന്ത്രിമാര്‍ക്കെതിരായ പരാതിക്കൊപ്പം പിള്ള സമര്‍പ്പിച്ച രേഖകളില്‍ ഒന്നാണത്. പിള്ളയുടെ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായിരിക്കുകയും അദ്ദേഹം മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആയിരിക്കുകയും ചെയ്ത കാലഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈ രണ്ട് മന്ത്രിമാര്‍ക്കുമെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പും അദ്ദേഹം വിജിലന്‍സിന് സമര്‍പ്പിച്ചിട്ടുണ്ട്. 

ഇവിടെയാണ് നാം ഇന്നനുഭവിക്കുന്ന ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കിടക്കുന്നത്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് അതേ മുന്നണിയിലെ ഒരു ഘടകക്ഷി നേതാവ് പരാതി എഴുതി നല്‍കുന്നു. പരാതി ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും ആ പരാതിയിന്മേല്‍ ഒരു നടപടിയും ഉണ്ടാവുന്നില്ല. പരാതിയില്‍ സാംഗത്യമുണ്ടോ എന്ന് അന്വേഷിച്ച ശേഷം ഇല്ലെങ്കില്‍ അത് പരാതിക്കാരനെ അറിയിക്കാനുള്ള ബാധ്യതയെങ്കിലും ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കില്ലെ? പ്രത്യേകിച്ചും പരാതിക്കാരന്‍ സാധാരണക്കാരനല്ലെന്നും തന്റെ മുന്നണിയിലെ ഘടകക്ഷി നേതാവാണെന്നുമുള്ള വസ്തുതയെങ്കിലും ഒരു ഭരണത്തലവന്‍ കണക്കിലെടുക്കേണ്ടതില്ലെ? ഇത്തരം ചോദ്യങ്ങള്‍ ലഭിക്കുന്ന ഉത്തരമാണ് നാം ഇന്നനുഭവിക്കുന്ന ദുരവസ്ഥയുടെ മൂലകാരണം. 

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് കേരളം ഇന്ന്. പ്രതിക്ക് അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന് ഒരു മജിസ്‌ട്രേറ്റ് സ്വയം തീരുമാനിക്കുന്നു. അഡ്വ ജയശങ്കര്‍ ചൂണ്ടിക്കാണിച്ചത് പോലെ, മുംബെ ആക്രമണ കേസില്‍ പ്രതിയായിരുന്ന പാകിസ്ഥാന്‍ പൗരന്‍ അജ്മല്‍ കസബിന് അഭിഭാഷകനെ നല്‍കിയ ഒരു രാജ്യത്താണ് ഇത് സംഭവിക്കുന്നത്. കോടതി തന്നെ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നു. ഒരു സ്ത്രീ താന്‍ മാനഭംഗത്തിന് ഇരയായി എന്ന് പരാതി പറയുമ്പോള്‍ അത് രേഖപ്പെടുത്താന്‍ മറന്നു പോകുന്നു. എന്നാല്‍ പരാതി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി എന്ന് പ്രതിഭാഗം അഭിഭാഷകന്‍ പരസ്യമായി പ്രതികരിക്കുന്നു. പിന്നെ പരാതി എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതേയില്ല. 

കോടിക്കണക്കിന് രൂപ തിരിമറിയുടെ പേരില്‍ ജയിലിലായ ഒരു പ്രതി അവിടെ കിടന്നു തന്നെ കേസുകള്‍ ഒത്തുതീര്‍പ്പിലാക്കി പൊതുവിഹായസില്‍ പറന്നു നടക്കുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ക്ക് എവിടെ നിന്നും പണം ലഭിച്ചു എന്ന് അന്വേഷിക്കാന്‍ ആര്‍ക്കും സമയമില്ല. അവരുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഭരണത്തലവനും തയ്യാറാവുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ പ്രതിപക്ഷം പോലും മറന്നുപോകുന്നു. 

തൊട്ടുമുന്‍ വര്‍ഷം വരെ സ്വന്തം ഭൂമിക്ക് കരം അടച്ചിരുന്നവര്‍ വില്ലേജ് ഓഫീസില്‍ കരമടയ്ക്കാന്‍ എത്തുമ്പോള്‍, കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിക്കുന്നു. സംഭവം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കേസില്‍ മുഖ്യപ്രതിയാകുന്നു. ഇതേ ഗണ്‍മാന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് മറ്റൊരു വാഹനം തടഞ്ഞുനിറുത്തി സ്ത്രീയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു.

പാരിസ്ഥിതിക അനുമതി നിഷേധിക്കപ്പെടുകയും ആ നാട്ടിലെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുന്ന ഒരു കരിങ്കല്‍ ക്വാറിക്ക് അനുകൂലമായി കേരള സര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുന്നു. ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ഇനിയും ഏറെ ഉണ്ട്. വിസ്താരഭയത്താല്‍ ചുരുക്കുകയാണ്. 

ബജറ്റ് തന്നെ വിറ്റു എന്ന് ആരോപണവിധേയനായ അതേ മന്ത്രി തന്നെ വീണ്ടും ബജറ്റ് അവതരിപ്പിക്കുന്ന നാട്ടില്‍ എന്തൊക്കെ നടക്കില്ല? സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ഗണ്‍മാനും കേസില്‍ പ്രതികളാവുകയും തന്റെ ഡല്‍ഹി സഹായി എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ആള്‍ ലക്ഷങ്ങളുടെ ആരോപണത്തിന് വിധേയനാവുകയും ചെയ്യുമ്പോഴും കേരളത്തെ അതിവേഗം, ബഹുദൂരം ഒരരുക്കാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുള്ളപ്പോള്‍ എന്തൊക്കെ നടക്കില്ല? താന്‍ ഏതെങ്കിലും തരത്തിലുള്ള പീഢനത്തിന് വിധേയയായി എന്ന് ഒരു സ്ത്രീ പരാതി പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യ തെളിവായി പരിഗണിച്ച് കേസെടുക്കണമെന്ന് നിയമമുള്ള നാട്ടില്‍ നിയമസഭയിലെ നാല് വനിത സാമാജികര്‍ തങ്ങള്‍ അപമാനിക്കപ്പെട്ടു എന്ന് പരാതി നല്‍കിയപ്പോള്‍ നിങ്ങളുടെ പരാതി രണ്ടമതായി പോയി അതിനാല്‍ പരിഗണിക്കാനാവില്ല എന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയും നിങ്ങളെ അപമാനിക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് പറയുന്ന ഒരു സ്പീക്കറും വാഴുന്ന നാട്ടില്‍ എന്തൊക്കെ നടക്കില്ല? സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരസ്പരം എങ്ങനെ ചവിട്ടാം എന്ന് ആലോചിക്കുന്നതിനിടയില്‍ ജനകീയ പ്രശ്‌നങ്ങള്‍ കാണാന്‍ സമയം തികയാത്ത പ്രതിപക്ഷം ഉള്ള നാട്ടില്‍ എന്തൊക്കെ നടക്കില്ല? വോട്ട് കച്ചവടം എന്ന മുഖ്യ അജണ്ട വിട്ടെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കാള്‍ ഘര്‍വാപസി എന്ന ചരിത്രപാമരത്വമാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ശുംഭന്മാര്‍ വാഴുന്ന നാട്ടില്‍ എന്തൊക്കെ നടക്കില്ല? സഭയില്‍ മുപ്പത് ശതമാനത്തില്‍ താഴെ മാത്രം ഹാജര്‍ ഉണ്ടായിരുന്ന മുതലാളി വീണ്ടും രാജ്യസഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇറങ്ങുന്ന നാട്ടില്‍ എന്തൊക്കെ നടക്കില്ല?

ഒരു മന്ത്രിയോ മജിസ്‌ട്രേറ്റോ ഗണ്‍മാനോ പേഴ്‌സണല്‍ അസിസ്റ്റന്റോ ഡല്‍ഹി സഹായിയോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആരോപണങ്ങളല്ല നാട്ടില്‍ ഉയരുന്നത്. അത് തന്നെയാണ് നമ്മുടെ ദുരവസ്ഥ. എമ്പ്രാന്‍ അല്‍പം കട്ടാല്‍ അമ്പലവാസികളൊക്കെ കക്കും എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് ശരിയാകാതെ വരുന്നതും ഇവിടെയാണ്.  അമ്പലവാസികളുടെ കൊള്ളയ്‌ക്കൊക്കെ കൂട്ടുനില്‍ക്കുന്ന എമ്പ്രാന്മാര്‍ ഉണ്ടാവുമ്പോള്‍ കേരളത്തിന്റെ ദുരവസ്ഥ നീളാതെ തരമില്ല. 

പക്ഷെ ഇന്ന് ഭരിക്കുന്നതും നാളെ ഭരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവരുമൊക്കെ ഒന്നോര്‍ക്കുന്നത് നന്ന്. 1922ല്‍ കുമാരനാശാന്‍ ‘ദുരവസ്ഥ’യില്‍ എഴുതിയ രണ്ട് വരികളാണത്. അത് ഇങ്ങനെ വായിക്കാം: 

‘കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാ.’

തൊട്ടടുത്ത വരികള്‍ പ്രയോഗിച്ച് തേഞ്ഞതായതിനാല്‍ എഴുതുന്നുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍