UPDATES

ട്രെന്‍ഡിങ്ങ്

കീചകന്റെയും ഭീമന്റെയും കഥ പറഞ്ഞു പഴകി; ഈ അരുംകൊല എന്നവസാനിപ്പിക്കും എന്നതിനാണ് ഉത്തരം വേണ്ടത്

ബി ജെ പിയും സി പി എമ്മും തമ്മിലുള്ള കടങ്ങൾ പരസ്പരം തീർക്കപ്പെടുന്നതിന്റെ പേരിൽ സഹികെട്ട ഒരു ജനതയുണ്ട് കണ്ണൂരിൽ എന്ന് മറക്കാതിരുന്നാൽ നന്ന്

കെ എ ആന്റണി

കെ എ ആന്റണി

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പ്രയോഗം തന്നെയാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ഉപയോഗിച്ചുവരുന്നത്. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച രാത്രി തലശ്ശേരി ധര്‍മ്മടത്തിനടുള്ള അണ്ടലൂരിൽ നടന്ന കൊലപാതകത്തിന്റെ കാര്യത്തിലും ഇതേ പ്രയോഗം കടന്നുവരുന്നത് തികച്ചും സ്വാഭാവികം. കൊല്ലപ്പെട്ട സന്തോഷ്‌കുമാർ ബി ജെ പി പ്രവർത്തകൻ ആയിരുന്നു എന്നതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നിൽ സി പി എം ആവാനേ തരമുള്ളൂ എന്ന നിഗമനത്തിലേക്കേ പൊതുസമൂഹം എത്തിച്ചേരാൻ ഇടയുള്ളൂ.

കൊലപാതകത്തിന് പിന്നിൽ സി പി എം തന്നെയാണെന്ന് ബി ജെ പി യും ആർ എസ് എസ്സും തീർത്തു പറയുമ്പോൾ തങ്ങൾക്കു ഇതിൽ പങ്കില്ലെന്ന ഉറച്ച നിലപാടിലാണ് സി പി എം. തലശ്ശേരി ബ്രണ്ണൻ കോളേജ് ക്യാമ്പസ്സിൽ വിവേകാനന്ദ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു ഉണ്ടായ എസ് എഫ് ഐ – എ ബി വി പി സംഘട്ടനത്തെ തുടർന്ന് പ്രദേശത്തു സംഘർഷം നിലനിന്നിരുന്നുവെന്നും ഇതിന്റെ തുടർച്ചയാകാം സന്തോഷ് കുമാറിന്റെ കൊലപാതകം എന്നുമാണ് പോലീസ് ഭാഷ്യം.

സി പി എം നേതൃത്വം നൽകുന്ന വിശദീകരണം മറ്റൊന്നാണ്. ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ടു സന്തോഷ്‌കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നും തങ്ങളാണ് അയാളെ അന്ന് ജാമ്യത്തിൽ എടുത്തതെന്നും ഇതേ തുടർന്ന് സന്തോഷ്‌കുമാർ സി പി എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെ എതിര്‍ക്കുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ വാദിക്കുന്നു.

സ്വത്തു തർക്കവും അറസ്റ്റും ജ്യാമ്യവുമൊക്കെ നടന്ന കാര്യങ്ങൾ തന്നെയെന്നാണ് നാട്ടുകാരിൽ പലരും പറയുന്നത്. ചുരുക്കി പറഞ്ഞാൽ കൊലപാതകത്തിന് പിന്നിൽ ഒരു ദുരൂഹത നിലനിൽക്കുന്നു എന്ന് സാരം. അതൊക്കെ പോലീസ് അന്വേഷണം നടത്തി യാഥാർഥ്യം കണ്ടെത്തട്ടെ.

ഈ കൊലപാതകത്തിനു പിന്നിൽ ആർ തന്നെ ആയിരുന്നാലും അവർ ഒരു ജില്ലക്കാകെ വരുത്തിവച്ചത് വലിയ അപമാനമാണ്. പ്രത്യേകിച്ചും സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ നടക്കുന്ന ഈ വേളയിൽ. ഓരോ കൊലപാതകവും മനുഷ്യത്വരഹിതമാണ്‌. അവ അപലപിക്കപ്പെടുക മാത്രമല്ല എതിർക്കപ്പെടേണ്ടതായും ഉണ്ട്. ഹീനവും നികൃഷ്ടവും ആയ ഒരു ചെയ്തിക്ക് ഇറങ്ങിത്തിരിച്ചവർ ആര് തന്നെയായിരുന്നാലും അവർ മാപ്പു അര്‍ഹിക്കുന്നില്ല. കണ്ണൂരെന്നു കേട്ടാൽ ചോരക്കൊതിയന്മാരുടെ ഊര് എന്ന് ആരൊക്കെയോ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു പൊതുധാരണയെ ശക്തിപ്പെടുത്താൻ മാത്രം ഉതകുന്നതായിരുന്നു ബുധനാഴ്ച രാത്രി കരുതിക്കൂട്ടി നടത്തിയ കൊലപാതകവും തുടർന്ന് അരങ്ങേറിയ നാടകീയ മുഹൂർത്തങ്ങളും. പ്രതിക്ഷേധം വേണ്ടെന്നല്ല. പ്രതിഷേധത്തിനും ഒരൽപം നീതി ബോധം വേണമെന്നേ പറയുന്നുള്ളു.

ഒരു മിന്നൽ പണിമുടക്ക് എന്ന രീതിയിൽ പൊട്ടി വീണ ഹർത്താലിൽ വലഞ്ഞത് കണ്ണൂരിലെ ജനങ്ങൾ മാത്രം ആയിരുന്നില്ല. കലോത്സവവുമായി ബന്ധപ്പെട്ടു കണ്ണൂരിൽ എത്തിയ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ആയിരുന്നു. ഹർത്താലിൽ നിന്നും കലോത്സവത്തെ ഒഴിവാക്കി എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും വാഹനങ്ങൾക്കു ഒഴിവില്ലെന്ന ഒറ്റ വാചകം മതിയായിരുന്നു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ. കണ്ണൂർ നഗരത്തിലെ കലോത്സവ വേദികളിലേക്ക് എത്താൻ മത്സരാർത്ഥികൾ ബുദ്ധിമുട്ടി. പലയിടത്തും തുടക്കത്തിൽ അവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടയപ്പെട്ടു. ഹോട്ടലുകൾ തുറക്കാത്തതിനാൽ അതിലേറെ ദുരിതം. കോടിക്കണക്കിനു പണം തുലക്കുന്ന ഇത്തരം മേളകൾ എന്തിനെന്നു ചിന്തിച്ചു തല പുണ്ണാക്കുന്നവര്‍ക്ക് സന്തോഷിക്കാം. അവർക്കും പേടി കലയെ തന്നെയാണ്. കലയിൽ വിപ്ലവത്തിന്റെ വിത്തുകൾ എത്ര മാത്രം ജ്വലിച്ചു നില്കുന്നുണ്ടെന്നും കൊലപാതക രാഷ്ട്രീയം കൊണ്ടുനടക്കുന്നവർ, അതും ഒരു ആഘോഷം ആക്കി മാറ്റുന്നവർ, തിരിച്ചറിയാൻ ഇടയില്ല.

വീണ്ടും ഹർത്താലിലേക്ക് തന്നെ വരാം. തലശ്ശേരി അണ്ടലൂരിൽ കൊല്ലപ്പെട്ട സന്തോഷ്‌കുമാറിന്റെ പോസ്റ്റ് മോർട്ടം പരിയാരത്തു തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത് ആരാണ്? പോസ്റ്റ്മോർട്ടം തലശ്ശേരി ജനറൽ ആശുപത്രിയിൽ ആവാം. അതുമല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആകാം എന്നിരിക്കെ ഒരു നാടകം സൃഷ്ടിക്കാൻ എന്തിനു പോലീസും ജില്ലാ ഭരണകൂടവും നിന്ന് കൊടുത്തു എന്ന കാര്യത്തിലും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബി ജെ പിയെയോ ആർ എസ് എസ്സിനെയോ മാത്രം കുറ്റം പറയാനാവില്ല. അവർ ആവശ്യപ്പെട്ട മൃതദേഹം വഹിച്ചുള്ള സഞ്ചാരവും തുടക്കത്തിൽ പോലീസ് മേധാവി വിലക്കി നാടകീയ രംഗങ്ങൾക്കു കൊഴുപ്പേകിയതു എന്തിനു എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

കണ്ണൂരിൽ പല വീഥികൾ ഉള്ളപ്പോൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കു മുന്നിലൂടെ തന്നെ കടന്നു പോകണമെന്ന ആ വാശിയും മുൻകൂട്ടി തീരുമാനിക്കാത്ത ഹർത്താലുകൾ പാടില്ലെന്നും കഴിയുന്നതും ഹർത്താലുകൾ അതാതു മണ്ഡലങ്ങളിലേക്ക് ഒതുക്കണമെന്നുമുള്ള നിർദ്ദേശം ഇക്കഴിഞ്ഞ സർവ കക്ഷി സമാധാന യോഗത്തിലും അംഗീകരിച്ച ഒരു പാർട്ടി അത് ലംഘിച്ചു അർദ്ധരാത്രിയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരാണ് കണ്ണൂരിൽ സമാധാനത്തിനു എതിര് നിൽക്കുന്നത് എന്ന് പറയാനുള്ള ബാധ്യതയിൽ നിന്നും ബി ജെ പിക്ക് മാത്രമല്ല സി പി എം നേതൃത്വത്തിനും ഒഴിഞ്ഞു നിൽക്കാൻ ആവില്ല.

ചുരുക്കത്തിൽ ഒരു കാര്യം വ്യക്തമാണ്. കണ്ണൂരിനെ താറടിച്ചു കാണിക്കാൻ ഇക്കഴിഞ്ഞ ദിവസവും ചില കുത്സിത ശ്രമങ്ങൾ നടന്നു. പിന്നിൽ ആരെന്നു ഇന്നലത്തെ ഓരോ നീക്കങ്ങളും വ്യക്തമാക്കുന്നുണ്ട്. പോരെങ്കിൽ തൊട്ടു പിന്നാലെ വന്ന വി മുരളീധരനറെ ഫേസ്ബുക്ക് പോസ്റ്റും. പോസ്റ്റ് വായിച്ചു ജനം ഞെട്ടി വിറക്കണമെന്നും മാറ്റുമാണോ മുരളിധരന്‍ ഉദ്ദേശിച്ചത് എന്ന് അറിയില്ല. നിങ്ങളും സി പി എമ്മും തമ്മിലുള്ള കടങ്ങൾ പരസ്പരം തീർക്കപ്പെടുന്നതിന്റെ പേരിൽ സഹികെട്ട ഒരു ജനതയുണ്ട് കണ്ണൂരിൽ എന്ന് മറക്കാതിരുന്നാൽ നന്ന്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍