UPDATES

News

വോട്ടു മറിച്ചെന്ന് പരസ്പരം ആരോപണം ഉന്നയിച്ച് നേതാക്കന്‍മാര്‍

Avatar

അഴിമുഖം പ്രതിനിധി

തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം വോട്ടുമറിച്ചുവെന്ന ആരോപണങ്ങളുമായി മുന്നണികളും നേതാക്കന്‍മാരും. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും പരസ്പരം ആരോപണം ഉന്നയിച്ചു. വോട്ടു മറിച്ചില്ലെങ്കില്‍ ജയിക്കുമെന്നും തോറ്റാല്‍ വോട്ടു മറിച്ചിട്ടുണ്ടാകുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാര്‍ പറയുന്നു.

യുഡിഎഫും ബിജെപിയും വോട്ടുകച്ചവടം നടത്തിയില്ലെങ്കില്‍ എല്‍ഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. നൂറ് സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് എത്താവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളീയര്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമായ വോട്ട് ശരിയായ വിധത്തില്‍ വിനിയോഗിച്ചു എന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തു വന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചുവെന്ന ആരോപണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉയര്‍ത്തുന്നത്. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചുവെന്നാണ് കുമ്മനത്തിന്റെ ആരോപണം. ബിജെപി ജയിക്കാതിരിക്കാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചുവെന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായ കുമ്മനം പറഞ്ഞു.

ഇതേആരോപണം നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലും ഉന്നയിച്ചു. എങ്കിലും താന്‍ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 8000-ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മറിക്കാനാണ് നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ വോട്ടു മറിച്ചെന്ന ആരോപണം ബിജെപിയുടെ പരാജയ ഭീതിയില്‍ നിന്നുണ്ടായതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം എക്‌സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന വ്യാഴാഴ്ച്ച ഉച്ച വരേയേ ആയുസ്സൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തന്നെയാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രകടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് മണ്ഡലത്തില്‍ താന്‍ ജയിക്കുകയാണെങ്കില്‍ കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എം ഷാജി. അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാറിനെ ഷാജി തോല്‍പ്പിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചനം.

നികേഷിനായി സിപിഐഎം വലിയ പ്രചാരണം മണ്ഡലത്തില്‍ നടത്തിയിരുന്നുവെന്നും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലമാണിതെന്നും ഷാജി പറയുന്നു. ആ സാഹചര്യത്തില്‍ താന്‍ ജയിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് വരുമെന്നതില്‍ സംശയമില്ലെന്ന് ഷാജി പറയുന്നു.

യുഡിഎഫ് തോറ്റാല്‍ ഘടകകക്ഷികളിലേത് അടക്കമുള്ള ആരോപണവിധേയര്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യുഡിഎഫിന് വേണ്ടത്ര സമയം കിട്ടിയിരുന്നില്ല. മുന്നണി ഭരണമായതിനാല്‍ ഘടകകക്ഷികളുടെ അഴിമതിയുടെ ഉത്തരവാദിത്വം പോലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തങ്കച്ചന്‍ തള്ളിക്കളഞ്ഞു.

പിസി ജോര്‍ജ്ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ജനപക്ഷ പാര്‍ട്ടിയെന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചു. പാലായില്‍ കെ എം മാണി പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നും പൂഞ്ഞാറിലെ ജനങ്ങള്‍ പറയുന്ന മുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃപ്പൂണിത്തുറയില്‍ താന്‍ പരാജയപ്പെടുമെന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളെ മന്ത്രി കെ ബാബു തള്ളി. സര്‍വേയിലെ പോലെയാണ് ഫലമെങ്കില്‍ സിപിഐഎം-ബിജെപി ധാരണയുണ്ടായെന്ന് സംശയിക്കണമെന്നും ബാബു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍