UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പില്‍ നേതാക്കന്മാരുടെ പ്രതിച്ഛായക്ക് സ്വാധീനമുണ്ടോ?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇമെയിലായും കമന്റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. അവസാനത്തെ ചോദ്യംതെരഞ്ഞെടുപ്പില്‍ നേതാക്കന്മാരുടെ പ്രതിച്ഛായക്ക് സ്വാധീനമുണ്ടോ?(ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?,കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമോഎന്തുകൊണ്ട് അഴിമതിയെ പടിക്കു പുറത്താക്കണം? മേല്‍പ്പോട്ട് കെട്ടിയുയര്‍ത്തുന്ന വികസനം മാത്രം മതിയോ നമുക്ക്? എന്തുകൊണ്ട് ചൂട് ഒരു തിരഞ്ഞെടുപ്പ് വിഷയമായില്ല? , അസഹിഷ്ണുതയ്ക്കും വര്‍ഗീയതയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടോ? എന്നിവയായിരുന്നു മുന്‍ ചോദ്യങ്ങള്‍)


കെ വേണു

രാഷ്ട്രീയ നിരീക്ഷകന്‍

നേതാക്കളുടെ പ്രതിച്ഛായ കേന്ദ്രീകരിച്ചല്ല ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടികളുടെയും, മുന്നണികളുടെയും പോലും പ്രതിഛായ ഈ തെരഞ്ഞെടുപ്പിലില്ല. കാരണം സാധാരണ ജനത ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ, നേതാവിന്റെയോ പുറകെ പോകുന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ കാണുവാന്‍ സാധിച്ചിട്ടില്ല.

സ്വാഭാവിക രീതിയില്‍ എല്ലാവരെയും ഒരുപോലെ കാണുകയും, അതില്‍ മെച്ചമെന്ന് തോന്നുന്ന കക്ഷിക്ക് വോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയാകും ഇപ്രാവശ്യം എന്നാണ് എന്റെ ധാരണ. അതുകൊണ്ടു തന്നെ ഒരു തരംഗവും ഇല്ല. തരംഗം ഉണ്ടാകുമ്പോള്‍ ആണല്ലോ പ്രതിഛായ പ്രശ്‌നങ്ങള്‍ ഉണ്ടാകുക.

വിഎസിനെയും, ഉമ്മന്‍ ചാണ്ടിയെയും ഇരു മുന്നണികളും നേതാക്കളായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ സാധാരണ ജനത അതിനെ വലിയ കാര്യമാക്കി എടുക്കുന്നില്ല എന്നതാണ് സത്യം.

കുരീപ്പുഴ ശ്രീകുമാര്‍
കവി

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ തന്നെ ഇത്തവണയും നേതാക്കന്മാരുടെ പ്രതിച്ഛായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുന്നുണ്ട്. ഒരുപക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കാള്‍ ഏറെ.

അങ്ങനെ പറയാന്‍ കാരണങ്ങള്‍ ഏറെയാണ്. അതിലൊന്ന് നമ്മുടെ മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥയാണ്. അദ്ദേഹത്തിനൊരു രാഷ്ട്രീയ പ്രതിച്ഛായ ഉണ്ടെന്നു തന്നെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അതേസമയം വിഎസിനെ അവര്‍ തങ്ങളുടെ നേതാവായി വീണ്ടും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

വീട്ടമ്മമാര്‍ മുതല്‍ കുഞ്ഞുകുട്ടികള്‍ വരെ വിഎസിനെ പറ്റിയും അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വാ തോരാതെ സംസാരിക്കുന്നു. അത് അദ്ദേഹത്തിന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രതിച്ഛായ ഒന്നുകൊണ്ടു മാത്രമാണ്. വിഎസിന്റെ പൊതുയോഗങ്ങള്‍ നോക്കു, എത്രമാത്രം ജനങ്ങളാണ് ആ 93കാരനെ കേള്‍ക്കാന്‍ എത്തുന്നത്!

വടക്കന്‍ കേരളത്തിലെ യുവാക്കള്‍ക്ക് പിണറായി വിജയന്‍ ഒരു ആവേശമാണ്. ആ ആവേശമൊന്നും വലതുപക്ഷ നേതാക്കള്‍ക്ക് എവിടെയും ലഭിക്കുന്നില്ല എന്നത് സത്യമാണ്. എന്തിന്, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വന്നപ്പോള്‍ കേള്‍ക്കാന്‍ തടിച്ചു കൂടിയ ജനങ്ങളുടെ പകുതിപോലും ആളെക്കൂട്ടാന്‍ ഇവിടുത്തെ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.

നമ്മുടെ പ്രതിപക്ഷ നേതാവിനും, മുഖ്യമന്ത്രിക്കും രണ്ടു തരം പ്രതിച്ഛായ ആണുള്ളത്. പ്രതിപക്ഷ നേതാവിന്റെ സ്വകാര്യജീവിതവും, പൊതുജീവിതവും ഇവിടെയൊരു തുറന്ന പാഠപുസ്തകമാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെത് അങ്ങനെയാണ് എന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. ഇടതുപക്ഷ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്ന പരിസ്ഥിതി രാഷ്ട്രീയവും അവരുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നു.

സന്തോഷ് ഏച്ചിക്കാനം
സാഹിത്യകാരന്‍,തിരക്കഥാകൃത്ത്

തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയചിന്ത എന്ന നിലയിലാണ് ജീവിതത്തെ ബാധിക്കുന്നത്. പൊതുപ്രവര്‍ത്തനരംഗത്തുള്ളവര്‍ സ്വന്തം തട്ടകങ്ങളില്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലുണ്ടാകുന്ന ഒരുതരം മതിപ്പാണ് പ്രതിച്ഛായ എന്നു പറയുന്നത്. തോമസ് ഐസക് ആലപ്പുഴയില്‍ മാത്രമെ പ്രസക്തനാകുന്നുള്ളു. അവിടെയാണദ്ദേഹം തന്റെതായൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അതേസമയം കേരളത്തിന്റെ മറ്റുള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന് പ്രസക്തിയില്ല. മലപ്പുറത്ത് ജയിക്കാന്‍ ആകില്ല. ഒരു പ്രത്യേക സ്ഥലത്ത് പൊതുപ്രവര്‍ത്തനത്തിന്റെ ഫലമായി സൃഷ്ടിക്കുന്നതാണ് രാഷ്്ട്രീയക്കാരന്റെ ഇമേജ് എന്ന് ഇത്തരത്തില്‍ വിലയിരുത്താം. സിനിമാക്കാരുടെ മത്സരവുമായി ബന്ധപ്പെടുത്തി സ്ഥാനാര്‍ത്ഥികളുടെ പ്രതിച്ഛായയെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. സിനിമാക്കാര്‍ക്ക് വലിയ പ്രതിച്ഛായ ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ ഏതു കേരളത്തിലെ മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കാന്‍ കഴിയുമോയെന്ന് നാം ആലോചിക്കണം. സിനിമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പ്രതിഛായ മാത്രമാണ് മുകേഷിനെപ്പോലുള്ളവര്‍ക്ക് ഉള്ളത്. നിയമസഭയില്‍ എത്താന്‍ അതുകൊണ്ട് മാത്രം സാധ്യമാകുമോ എന്ന് സംശയമാണ്. രാഷ്ട്രീയ മണ്ഡലത്തിലെ ഇടപെടലുകളാണ് പൊതു പ്രതിഛായ സൃഷ്ടികളുടെ ഒരു രീതി. മുകേഷിന്റെ അച്ഛനും കുടുംബവും കമ്യൂണിസ്റ്റുകാരായതുകൊണ്ട് അദ്ദേഹത്തിന് വോട്ട് കൂടുതല്‍ കിട്ടില്ല. കെപിഎസ്‌സി ലളിതയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നു പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും ഇത്തരമൊരു പ്രതിഛായ ബോധം തന്നെയാണ്.

നിലവിലുള്ള ഗവണ്‍മെന്റിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിയാകാതെ മാറി നിന്ന കുഞ്ഞാലിക്കുട്ടി സൃഷ്ടിച്ച പ്രതിച്ഛായ വേറെയാണ്. കൂട്ടത്തിലുമില്ല കുറിക്കുമില്ല എന്നതാണ് അദ്ദേഹത്തിന്റെയൊരു മേന്മ. ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഭരിപക്ഷമാണ് യഥാര്‍ത്ഥ രാഷ്ട്രീയം വെളിപ്പെടുത്തുക. അന്ധര്‍ അന്ധരെ നയിക്കുന്നതാണു രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപ്രവര്‍ത്തന രീതി. നഷ്ടപ്രതാപങ്ങളുട പേരിലാണ് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും, സമൂഹം പോലും മുന്നോട്ടു പോകുന്നത്. ഇഎംഎസിനെയും മോദിയെയും താരതമ്യം ചെയ്യുന്ന ഒരു തലമുറ ഇവിടെയുണ്ട്. പുതിയ നവോത്ഥാനം വരേണ്ടതുണ്ട്.

രാജ് കലേഷ്
ചാനല്‍ അവതാരകന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ തന്നെ സമ്മതിദായകര്‍ അവരുടെ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഇതില്‍ പ്രധാനം. പ്രതിച്ഛായ സൃഷ്ടിച്ച് വിജയം നേടുക എന്നത് അസാധ്യമാണ്. ദീര്‍ഘകാലത്തെ സമൂഹത്തിലെ ഇടപെടലുകളുടെ ആകെ തുകയാണ് പ്രതിച്ഛായ എന്നത്. പെട്ടെന്ന് സൃഷ്ടിക്കാനോ ഇല്ലാതാക്കോന കഴിയില്ലിത്. മനുഷ്യരുടെ സ്ഥായിയായ വ്യക്തിസ്വഭാവവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ രൂപപ്പെടുന്നത്. ചിലപ്പോഴെങ്കിലും പ്രതിഛായ ഇല്ലെന്ന് നമ്മള്‍ കരുതുന്നവര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു വരാറുണ്ട്. മത്സരമെന്ന നിലയില്‍ തെരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ക്ക് സ്ഥാനമുണ്ട്.

 

പിജിഎസ് സൂരജ്

പിജിഎസ് സൂരജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍