UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനനേതാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൊച്ചു കേരളം മതിയാവില്ലല്ലോ ?

Avatar

ആര്‍ സബീഷ്

ഓരോ മനുഷ്യരിലും ഓരോ പ്രപഞ്ചവും ഓരോ ദൈവവും കുടികൊള്ളുന്നു എന്നാണല്ലോ പറയാറ്. കാലു കുത്തി നില്‍ക്കാന്‍ ഇടവും ഒരു ഉത്തോലകവും തന്നാല്‍ ഭൂമിയെ ഞാന്‍ തലകീഴായി മറിക്കാം എന്നു പറഞ്ഞ മഹാന്റ കഴിവും കര്‍മ്മശേഷിയും ആത്മവിശ്വാസവും ആഗ്രഹങ്ങളും കേരളത്തിലെ എല്ലാ ജനനേതാക്കളിലും കുടിയിരിക്കുന്നു എന്നു വേണം കരുതാന്‍. അങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലമായ, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ യോഗ്യത നേടിയ കേരളത്തില്‍ ഇനിയും എന്തൊക്കെ പുരോഗതികളാണ് ഇവര്‍ വരുത്തേണ്ടത്.

ലോകത്തിന് തന്നെ മാതൃകയായ നവോത്ഥാന രാഷ്ട്രീയ പോരാട്ടങ്ങള്‍ നടന്ന ഈ മണ്ണില്‍ ഇനിയും ഏതേതൊക്കെ മേഖലകളില്‍ മാനവരാശിയുടെ പുരോഗമന പടവുകള്‍ താണ്ടാന്‍ ബാക്കിയുണ്ട്. മാനവികതയുടെ ഔന്നത്യം ലോകത്തോട് വിളിച്ചു പറയാനുള്ള വിപ്ലവങ്ങള്‍ ഇനിയുമീ മണ്ണില്‍ പിറവിയെടുക്കേണ്ടതുണ്ട്. ഇതിനു പ്രാപ്തിയുള്ള പിന്‍മുറക്കാര്‍ ജനനേതാക്കളായി ഇല്ലാത്തതാണു കേരളത്തിന്റെ ഇന്നത്തെ പരിമിതിയെന്നു കരുതാന്‍ നിങ്ങളെപ്പോലെ എനിക്കും ബുദ്ധിമുട്ടുണ്ട്.

160 വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയില്‍ ജനിച്ച് 72 ആം വയസില്‍ ശിവഗിരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞ ഒരു മനുഷ്യന്, കേരളത്തിന്റെ നവോത്ഥാന നായകനാകാന്‍ കഴിഞ്ഞതു സാമൂഹ്യ മാറ്റത്തിന്റെ അനിവാര്യത അദ്ദേഹത്തിന് ബോധ്യപ്പെടുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ലക്ഷ്യം കാണുകയും ചെയ്തത് കൊണ്ടാണ്. ഇന്നു ലോകത്ത് കോടാനുകോടി മനുഷ്യര്‍ നിരക്ഷരരായി കഴിയുമ്പോഴും മലയാളികള്‍ കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ സമ്പൂര്‍ണ സാക്ഷരരാവുകയും വിദ്യാസമ്പന്നരാവുകയും ലോകത്തിന്റെ എല്ലാ ഭാഗത്തും പോയി അറിവും വൈദഗ്ധ്യവും വേണ്ട തൊഴിലുകളില്‍ ഏര്‍പ്പെട്ട് അഭിമാനപൂര്‍വ്വം ജീവിക്കുകയും ചെയ്യുന്നതിനു പിന്നില്‍ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനും അദ്ദേഹത്തിന്റെ സ്വപ്നങ്ങളുമുണ്ട്. 

211 വര്‍ഷം മുന്‍പ് ആലപ്പുഴയിലെ കൈനകരിയില്‍ ജനിച്ച് 66 ആം വയസില്‍ കൂനമ്മാവില്‍ മരിക്കുന്നതിനിടയില്‍, അക്ഷരത്തെക്കുറിച്ച് കേട്ട് കേഴ്‌വിപോലും ഇല്ലാതിരുന്ന ഒരു ജനതയെ അക്ഷരത്തിന്റെ വെളിച്ചം കാണിക്കാന്‍ പ്രായോഗികതയുടെ പള്ളിക്കൂടങ്ങള്‍ പണിത് ഉയര്‍ത്തിയതില്‍ നിന്നാണ് കേരള സാക്ഷരതയുടെ പിതാവായി ചാവറയച്ചന്‍ ദൈവതുല്യനാവുന്നത്. 

ഇവര്‍ പണി തീര്‍ത്ത പുരോഗമനത്തിന്റെ കളിത്തട്ടിലില്‍ ജനിച്ചു വീണു നവകേരളത്തിന്റെ ശുദ്ധവായൂശ്വസിച്ച് വളര്‍ന്നു വന്നവരാണ് ഇന്നു കേരളരാഷട്രീയത്തിലെ ഭരണ പ്രതിപക്ഷ നേതാക്കന്മാര്‍. ഈ ഭൂമിയെത്തന്നെ മാറ്റിമറിക്കാന്‍ കരുത്തുള്ള, മനുഷ്യരുടെ മുന്‍നിരയില്‍ത്തന്നെ നിലയുറപ്പിച്ച മലയാളികളുടെ കരുത്താണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ്-എന്‍ഡിഎ നേതാക്കന്മാര്‍.

ഇതില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും കേന്ദ്ര സംസ്ഥാന നേതാക്കളും കെപിസിസി യുടേയും കേരളാ കോണ്‍ഗ്രസിന്റേയും നേതാക്കളും, ബിജെപിയുടേയും ബിഡിജെഎസിന്റെയും നേതാക്കളും ഉള്‍പ്പെടുന്നു.

ഒരു പിണറായി വിജയനില്‍ ഒന്നിലേറെ അരവിന്ദ് കെജ്രിവാളും, ഒരു ഉമ്മന്‍ ചാണ്ടിയില്‍ ഒന്നിലേറെ ജയലളിതമാരും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒരു വിഎസ് അച്യുതാനന്ദനിലാവട്ടെ ഫിദല്‍ കാസ്‌ട്രോയും ചെഗുവേരയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇവരോടെല്ലാം നിരന്തരം പൊരുതി ഇതിനകം നേതൃനിരയില്‍ ഒപ്പത്തിനൊപ്പം ഇടം നേടിയ കുമ്മനം രാജശേഖരനും ഓ രാജഗോപാലുമെല്ലാം ഓരോ നരേന്ദ്ര മോദിമാരുമാണ്.

നേതാക്കളാവാനുള്ള മത്സരത്തില്‍ ഈ പ്രബലരോട് താല്‍കാലികമായി പരാജയപ്പെട്ട് മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന വിവിധ പാര്‍ട്ടികളിലെ താഴെ ഘടകങ്ങളിലെ സിംഹങ്ങളും എണ്ണത്തില്‍ ഇതിലേറെയുണ്ട് കേരളത്തില്‍.

പക്ഷേ, ഇവരില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നതൊന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മലയാളികളെപ്പറ്റി പണ്ടു മുതലെയുള്ള ആക്ഷേപമായ പാത്രത്തിലെ ഞണ്ടിന്റെ സ്വഭാവവും പോരാഞ്ഞ്, പരസ്പരം ചോര ചിന്തുന്ന ആക്രമ മത്സരങ്ങളിലും മുഴുകി കാലം കഴിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുന്നത്. പരസ്പരം ചോര ചിന്തുന്ന മത്സരക്കളി കാണുന്ന അണികള്‍ക്കും അനുഭാവികള്‍ക്കും വെറും കാണികള്‍ക്കും വീറും വാശിയും ഒപ്പം സഹതാപവും ജനിപ്പിക്കുന്ന ‘കോഴിപ്പോരും കാളപ്പോരും’ നടത്തി തങ്ങളുടെ കടമ നിര്‍വഹിച്ചതായി തെറ്റിദ്ധരിച്ച് കഴിയുകയാണിവര്‍.

വിവരവിനിമയരംഗവും ശാസ്ത്രവും വളര്‍ന്ന് വികസിക്കുകയും എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുഖകരമാക്കപ്പെടുകയും ചെയ്ത കാലത്താണ് യഥാര്‍ത്ഥ കടമകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാതെ നമ്മെ നിരാശരാക്കുന്നത്.

മറ്റൊരു ശ്രീനാരായണ ഗുരുവും മറ്റൊരു ചാവറ അച്ചനുമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ കരുത്തുള്ളവര്‍ ആ കടമ നിര്‍വ്വഹിക്കുന്നില്ല എന്ന് മാത്രവുമല്ല, മുന്‍കാല ജനനേതാക്കളുടെ പിന്‍മുറക്കാരാവാന്‍ ശ്രമിക്കാതെ അനാവശ്യമായ അധമ മത്സരങ്ങളില്‍ ഏര്‍പ്പെട്ട് അവസരങ്ങള്‍ പാഴാക്കുകയാണിവര്‍ ഇപ്പോള്‍ ചെയ്തു പോരുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവത്തിന് പോലും അപ്രാപ്യമായ ഉയര്‍ന്നതും വളര്‍ന്നതുമായ നാടാക്കി മാറ്റാന്‍ കരുത്തും ചുമതലയുമുള്ളവര്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് അവസരങ്ങള്‍ പാഴാക്കുകയല്ലേ ചെയ്യുന്നത്.

‘എപിജെ അബ്ദുള്‍ കലാം ആവര്‍ത്തിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പോലെ ‘ചെറിയ സ്വപ്നങ്ങള്‍ കാണുന്നത് വലിയ കുറ്റകൃത്യമാണെന്ന്’ ഭരണ പ്രതിപക്ഷ നേതാക്കള്‍ അടിയന്തിരമായി ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശരിയായ കേരളമാതൃകയെ ഉയര്‍ത്തിക്കാട്ടി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് രാഷ്ട്രീയ, സാമുഹ്യ, നവോത്ഥാന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇനിനകം തന്നെ വ്യാപിപ്പിക്കാന്‍ ശ്രമിക്കേണ്ടവര്‍ ഈ കൊച്ചു കേരളത്തിലെ 14 ജില്ലകളും മൂന്നേകാല്‍ കോടി ജനങ്ങളും മാത്രം വിഷയമാവുന്ന അനാരോഗ്യകരമായ ചര്‍ച്ചകളിലും മത്സരങ്ങളിലും വാക്ക്തര്‍ക്കങ്ങളിലും വാള്‍പ്പയറ്റുകളിലും മുഴുകി കാലം കഴിച്ച് കൂട്ടുകയാണ് ചെയ്യുന്നത്.

വലിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട, നേതാക്കളിലെ പ്രവര്‍ത്തനോര്‍ജം വിപരീത കാര്യങ്ങളില്‍ ഉപയോഗിച്ച് സ്വയം അപഹാസ്യരാവുക കൂടിയാണ് ഇപ്പോള്‍ ഇവര്‍ ചെയ്തുവരുന്നത്?

‘ആവുമോ ഭവാന്മാര്‍ക്ക് മാറ്റുവാന്‍,
ലോക സാമൂഹ്യ ദുര്‍നീയമങ്ങളെ
സ്‌നേഹ സുന്ദരപാതയിലൂടെ,
എങ്കില്‍ ,വേഗമാവട്ടെ… വേഗമാവട്ടെ…’

എന്നു വൈലോപ്പിള്ളിക്ക് മലയാള ഭാഷയില്‍ എഴുതാന്‍ കഴിയുന്നതിനു ചരിത്രപരമായി കേരളത്തില്‍ കാരണങ്ങളും പ്രായോഗികതയുടെ തെളിവുകളും ഉള്ളതിനാലാണ്.

ശ്രീ നാരായണ ഗുരുവും ചാവറയച്ചനും അയ്യങ്കാളിയുമെല്ലാം ഇതിനകം രക്തരഹിത വിപ്ലവങ്ങള്‍ സാധ്യമാക്കി നവീകരിച്ച മണ്ണിലാണല്ലോ നാം ചവിട്ടി നില്‍ക്കുന്നത്. സമൂഹത്തോടു നേതാക്കള്‍ ‘എല്ലാം ശരിയാക്കാം’ എന്ന വാഗ്ദാനം നല്‍കുക മാത്രം പോരാ, ‘എങ്ങനെയെങ്കിലും ‘ശരിയാക്കിയാലും പോരാ, ശരിയാക്കിയവരെ കാലം മഹാന്മാരായി വിലയിരുത്തുന്ന നിലയില്‍ കൂടിയാവണം സാമൂഹ്യ വിപ്ലവങ്ങള്‍ എന്നതാണു പരിഷ്‌കൃത മനുഷ്യന്റെ വിനീതമായ അഭിപ്രായം.

(ആലപ്പുഴയിലെ മുന്‍ ഡി വൈ എഫ് ഐ നേതാവാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍