UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്തസാക്ഷികള്‍ സിന്ദാബാദ്; നമുക്കു കിട്ടണം വോട്ട്

Avatar

കെ എ ആന്റണി

രക്തസാക്ഷികളെ രാഷ്ട്രീയക്കാര്‍ക്ക് ഏറെ ഇഷ്ടമാണ്. അവര്‍ പാര്‍ട്ടിയുടെ സ്വത്തും അഭിമാനവുമാണ്. ഉല്‍സവത്തിന് എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണവും തലയെടുപ്പും പോലെ തന്നെയാണ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളും. കൂടുതല്‍ രക്തസാക്ഷികളുള്ള പാര്‍ട്ടികള്‍ വളരുന്നതും കുറവുള്ളവര്‍ കൂടുതല്‍ പേരെ സൃഷ്ടിച്ച് വളരാന്‍ ശ്രമിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

തെരഞ്ഞെടുപ്പു കാലമായാല്‍ രക്തസാക്ഷികളുടെ പ്രേതങ്ങള്‍ കളം നിറയും. അവരെ കുറിച്ചുള്ള സ്മരണകള്‍ ആര്‍ത്തിരമ്പും. അവര്‍ രാഷ്ട്രീയക്കാരുടെ ആവേശവും കരുത്തുമാണ്. അധികാരത്തിലേക്ക് ചവിട്ടിക്കയറാനുള്ള പടവുകളാണ് അവര്‍. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കാലത്ത് പരമാവധി രക്തസാക്ഷികളുടെ പ്രേതങ്ങളെ അവര്‍ അണിനിരത്തും. രക്തസാക്ഷികളുടെ ചോര വോട്ടായി മാറണം. രക്തസാക്ഷികളോടുള്ള അവരുടെ കൂറ് പലപ്പോഴും വോട്ടിലും ഫണ്ട് പിരിവിലും ഒതുങ്ങുന്നുവെന്നതാണ് പച്ചയായ പരമാര്‍ത്ഥം.

തെരഞ്ഞെടുപ്പ് കാലത്ത് രക്തസാക്ഷികളുടെ പ്രേതങ്ങളെ അണിനിരത്തുന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിയും ഒട്ടും പിന്നിലല്ല. സ്വന്തമായി രക്തസാക്ഷികള്‍ ഇല്ലാത്തവര്‍ക്ക് എതിരാളികളാള്‍ കൊല ചെയ്യപ്പെട്ട ഏതു രക്തസാക്ഷിയും സ്വന്തം പോലെയല്ല, സ്വന്തം തന്നെയാണ്. അവരുടെ രക്തസാക്ഷിത്വം വിറ്റ് അവരുടെ വോട്ടാക്കാന്‍ ശ്രമിക്കുന്നു.

അടുത്തു നടക്കാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പിലും അണിനിരത്തപ്പെടാനായി രക്തസാക്ഷികളുടെ ഒരു വന്‍പട തന്നെയുണ്ട്. ബ്രിട്ടീഷ് പൊലീസും കോണ്‍ഗ്രസുകാരും ചേര്‍ന്ന് തല്ലിക്കൊന്ന മൊയ്യാരത്ത് ശങ്കരന്‍ തൊട്ട് അടുത്ത കാലത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ നേതാവ് കതിരൂര്‍ മനോജ് വരെയുണ്ട്.


ഇതിനിടയില്‍ ആണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വോട്ടാക്കി മാറ്റാനുള്ള ചില അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിരിക്കുന്നത്. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇപ്പോള്‍ പറയുന്നത്. ഇത്രകാലവും ഇല്ലാതിരുന്ന ഈ ചിന്ത എന്തുകൊണ്ടാണ് ഇപ്പോള്‍ ഉണ്ടായതെന്നൊന്നും ചോദിച്ചു കളയരുത്. ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ കൈയും കെട്ടി നോക്കിയിരിക്കണോ… പക്ഷേ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയും സത്യഗ്രഹം കിടന്ന് മടുത്തപ്പോഴുമാണ് താന്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയത് എന്ന് രമ പോലും പറയും.

ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട കാലം മുതല്‍ക്കേ രമ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതാണ്. അവരുടെ ആവശ്യം ന്യായമാണുതാനും. എന്നാല്‍ അന്നൊന്നും കാണിക്കാത്ത ആവേശമാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു തന്ത്രമാണെന്ന് രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുന്നതേയുള്ളൂ. ബാര്‍ക്കോഴ, സോളാര്‍ തുടങ്ങി തൊട്ടതിലെല്ലാം പെട്ട് മുഖം നഷ്ടമായ ഈ സര്‍ക്കാരിന് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം തുണയാകുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന മുന്‍കരുതലായേ ഇതിനെ കാണേണ്ടതുള്ളൂ.

2012 മേയ് നാലിന് ആണ് വടകര ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്‍ എന്ന ആര്‍എംപി നേതാവ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. കറതീര്‍ന്ന കമ്മ്യൂണിസ്റ്റ് യുവ നേതാവായിരുന്നു ചന്ദ്രശേഖരന്‍. 2008-ല്‍ സിപിഐഎമ്മുമായി വഴിപിരിഞ്ഞ അയാള്‍ തൊട്ടടുത്ത വര്‍ഷം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും ആ പാര്‍ട്ടിയുടെ ചില ഉന്നത നേതാക്കളാണ് വധം ആസൂത്രണം ചെയ്തത് എന്നും രമയും ആര്‍എംപി നേതാക്കളും അന്നേ ആരോപിച്ചിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേസന്വേഷണം ഒരു സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് ഏല്‍പ്പിച്ചത്. അവര്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്ന് കൊലപാതകം സംബന്ധിച്ചും മറ്റൊന്ന് വധത്തില്‍ ഉന്നത നേതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും. ആദ്യത്തെ കേസില്‍ സിപിഐഎമ്മിന്റെ മൂന്ന് പ്രാദേശിക നേതാക്കള്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ വിചാരണ പൂര്‍ത്തിയാകും മുമ്പ് മരിച്ചു. വിധി വന്നപ്പോള്‍ 12 പേര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ അടക്കം 24 പേരെ കോടതി വെറുതെ വിട്ടു. (മോഹനന്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്).

ഉന്നതതല ഗൂഢാലോചന സംബന്ധിച്ച കേസാകട്ടെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോഴിക്കോട് അതിവേഗ കോടതി ഇക്കഴിഞ്ഞ വര്‍ഷം തള്ളി. രമ വീണ്ടും നിവേദനം നല്‍കുകയും നിരാഹാരം കിടക്കുകയും ചെയ്തു എങ്കിലും ഫലമൊന്നുമുണ്ടായില്ല. കേസുകള്‍ രണ്ടായി കൈകാര്യം ചെയ്തതിനാല്‍ പുതിയൊരു അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടാണ് ആഭ്യന്തര വകുപ്പും സര്‍ക്കാരും സ്വീകരിച്ചത്. ഇവിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും പ്രസ്താവനകളിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കൊണ്ട് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പരോക്ഷമായി എങ്കിലും കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ലഭിച്ചിരുന്നു. ആ നിലയ്ക്ക് കേന്ദ്രത്തിന് ഒരു കത്ത് അയക്കുക വഴി ചന്ദ്രശേഖരന്റെ മരണം വീണ്ടും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

യുവമോര്‍ച്ചാ നേതാവ് കെടി ജയകൃഷ്ണ കൊലപാതക കേസ് സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന ജയകൃഷ്ണന്റെ മാതാവ് കൗസല്യയുടെ നിരന്തരമായ ആവശ്യം കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തിയിട്ടും ഒന്നുമായിട്ടില്ല. ജയകൃഷ്ണന്റേയും ചന്ദ്രശേഖരന്റേയും കാര്യത്തില്‍ സംഭവിച്ച വീഴ്ച ആവര്‍ത്തിക്കപ്പെടാതെ ഇരിക്കാനാണ് ആര്‍എസ്എസ് ജില്ലാ നേതാവ് കതിരൂരിലെ ഇളംതോട്ടത്തില്‍ മനോജിന്റെ കൊലപാതക കേസ് പ്രാരംഭഘട്ടത്തില്‍ തന്നെ സിബിഐയ്ക്ക് കൈമാറിയത്. ഈ കേസില്‍ ഒരിക്കല്‍ ചോദ്യം ചെയ്ത് അയച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനോട് വീണ്ടും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിബിഐ ഇങ്ങനെ ഒരു നോട്ടീസ് അയച്ചതിന് പിന്നില്‍ സിപിഐഎം രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്നുണ്ട്.

പാര്‍ട്ടിക്കാര്‍ പോലും മറന്നുപോയ ചില രക്തസാക്ഷികള്‍ ചിലപ്പോള്‍ എതിരാളിയുടെ നാവിന്റെ കേമത്വം കൊണ്ട് പൊന്തിവരാറുണ്ട്. അത്തരത്തില്‍പ്പെട്ട ഒരു രക്തസാക്ഷിയാണ് അഞ്ചേരി ബേബിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. സിപിഐഎം നേതാവ് എംഎം മണിയുടെ കൊലവെറി പ്രസംഗത്തിലൂടെയാണ് ബേബിയുടെ പ്രേതം പൊന്തി വന്നതും കോണ്‍ഗ്രസിന് തുണയായതും. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില എന്‍ഡിഎഫ് രക്തസാക്ഷികളും തിരിച്ചു വരവിന് ഒരുങ്ങുന്നുണ്ട്. ഇവര്‍ക്കും തുണയായത് ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവെറി പ്രസംഗം തന്നെ.

പതിവുപോലെ രക്തസാക്ഷികള്‍ക്കൊപ്പം അഴിമതി, കോഴ വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തെ കൊഴുപ്പിക്കും. സോളാറും ബാര്‍ കോഴയും ഒക്കെ പ്രതിപക്ഷം ആയുധം ആക്കുമ്പോള്‍ ഭരണപക്ഷം പഴയ ലാവ്‌ലിനും വിഎസിന്റെ ഭൂമിദാനവും ഒക്കെ പൊടി തട്ടിയെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ എന്തൊക്കെ തന്നെയായാലും ഇരുമുന്നണികളും ഇത്തവണയും തങ്ങളുടെ പരമാവധി രക്തസാക്ഷികളെ അണിനിരത്തുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അങ്ങനെ വരുമ്പോള്‍ നേതാക്കള്‍ക്കും അണികള്‍ക്കും ഒപ്പം വേണമെങ്കില്‍ ജനങ്ങള്‍ക്കും ആര്‍ത്തുവിളിക്കാം. രക്തസാക്ഷികള്‍ സിന്ദാബാദ്, നമുക്കും കിട്ടണം വോട്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍