UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ഗാത്മകത രാഷ്ട്രീയത്തിലും വേണം

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ ഭരണസിരാകേന്ദ്രവും ഇതുതന്നെ. ഈ നഗരമുള്‍ക്കൊള്ളുന്ന തിരുവനന്തപുരം കോര്‍പ്പറേഷനലെ ഭരണനിര്‍വഹണം സി പി എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫിനാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശിതരൂര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രണ്ടാമതെത്തിയത് ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് അതായത്. ഈ തലസ്ഥാനത്ത് കേരളത്തിലെ പ്രമുഖ കക്ഷികളായ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും നിര്‍ണായക ശക്തികളാണ്. 

പക്ഷെ, ഈ തിരുവനന്തപുരത്ത് പ്‌ളേഗ് ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ വരാത്തതും പടരാത്തതും നഗരവാസികളുടെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രമാണ്. പണ്ട് നമ്മള്‍ പടിയടച്ച് പിണ്ഡംവച്ചുവെന്ന് അഹങ്കരിക്കുകയും അതിന്റെ പേരില്‍ അവാര്‍ഡുകള്‍ പലതും വാങ്ങുകയും ചെയ്ത മലമ്പനി ഉള്‍പ്പെടെയുള്ളവ തിരിച്ചെത്തി നഗരത്തില്‍ ഏതു സീസണിലും ആളുകളെ കൊന്നൊടുക്കുന്നുമുണ്ട്. മൂക്കുപൊത്താതെ ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ന്റെ തലസ്ഥാനത്ത് തെരുവിലിറങ്ങി നടക്കാനാവില്ല. ഈച്ചയും പാറ്റയും എലിയും പെരുച്ചാഴിയും പെരുകി ആര്‍ക്കുന്നു! കുന്നുകൂടിക്കിടക്കുന്ന റോഡുവക്കിലെ മാലിന്യങ്ങള്‍ കാണുമ്പോള്‍ അതുവഴി പോവുന്ന ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍ എന്നിവര്‍ക്കൊന്നും ഇപ്പോള്‍ ഒന്നും തോന്നുന്നുണ്ടാവില്ല. ഏതോ ഒരു സിനിമയില്‍,’മൂന്നുമാസത്തേക്ക് തെണ്ടേണ്ടി വരു’മെന്ന പ്രവചനം കേട്ടു ഞെട്ടുന്ന കഥാപാത്രം ‘അതു കഴിഞ്ഞോ’ എന്നുചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ പറയുന്ന മറുപടിയുണ്ട്: ‘പിന്നീട്, അത് ശീലമായിക്കോളും!’. ഈ ‘ഉന്നതരൊക്കെ’ ഇപ്പോള്‍ അതേ അവസ്ഥയിലായിരിക്കണം!

തിരുവനന്തപുരത്തെ സ്ഥിതി ഉദാഹരിച്ചെന്നേയുള്ളൂ. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇങ്ങനൊക്കെത്തന്നെയാണ്. വേറൊരു സിനിമയില്‍ കാറില്‍ കിടന്നുറങ്ങുന്ന സലിംകുമാറിന്റെ കഥാപാത്രം നാറ്റം കാരണം ഞെട്ടിയുണര്‍ന്ന് ‘ആ കൊച്ചിയെത്തി’ എന്നു പറയുമ്പോള്‍ നമ്മള്‍ ആസ്വദിക്കുന്നത്, ആ ഫലിതം വസ്തുനിഷ്ഠമായതിനാലാണ്.

ഒരു കാലത്ത് വൃത്തിയിലും വെടിപ്പിലും ഏതൊരു ഇന്ത്യന്‍ നഗരത്തെക്കാളും അംഗീകരിക്കപ്പെട്ടത് കേരളത്തിലെ നഗരങ്ങളായിരുന്നു. ലോകപ്രസിദ്ധരായ പല വിദേശികളും തിരുവനന്തപുരത്തിന്റെ വൃത്തി എടുത്തുപറഞ്ഞിട്ടുണ്ട്. കേരളത്തിലെ മിക്ക നഗരങ്ങളും ഒരു മഴ പെയ്താല്‍ സ്വാഭാവികമായും ശുചീകരിക്കപ്പെടുമായിരുന്നു. ആ രീതിയില്‍ പ്രകൃതിദത്ത നിര്‍മ്മിതികളായിരുന്നു കേരളീയ നഗരങ്ങള്‍. ആര്‍ത്തിമൂത്തവര്‍ നഗരത്തിലെ നിലങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് വനങ്ങള്‍ പണിതുയര്‍ത്തി. അധികാരിവര്‍ഗം കൈമടക്കിന്റെ ലഹരിയില്‍ അതിന് ഒത്താശ ചെയ്തു. കുളങ്ങളും തോടുകളും നികത്തി അതിനുമുകളില്‍ മണിമന്ദിരങ്ങള്‍ തീര്‍ത്തു. ഇതിന് ആര് അനുമതി നല്‍കി എന്നു ചോദിച്ചാല്‍ – എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്. അങ്ങനെ സ്വാഭാവികമായ മാലിന്യനിര്‍മാര്‍ജനം നടക്കാതെ വന്നപ്പോള്‍ അതൊക്കെ കെട്ടിക്കിടന്നു ചീഞ്ഞ് നാറാന്‍ തുടങ്ങി. ഈ നാറ്റം കേരളീയ നഗരങ്ങളുടെ ‘ഐഡന്റിറ്റി’യായി!

ഇതിനുപുറമേ, രാഷ്ട്രീയം കൂടിയായപ്പോള്‍ നഗരജീവിതം അസഹനീയമായി. തിരുവനന്തപുരത്തിന്റെ ചപ്പുചവറുകള്‍ സംസ്‌കരിക്കാന്‍ സമീപ പഞ്ചായത്തായ വിളപ്പില്‍ശാലയില്‍ ക്രമീകരണമുണ്ടാക്കി. അവിടെ ചവറില്‍നിന്ന് ജൈവവളമുണ്ടാക്കലായിരുന്നു പദ്ധതി. പോബ്‌സ് ഗ്രൂപ്പിനെയായിരുന്നു ചുമതലപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ആക്രാന്തത്തിനിടയില്‍ അവര്‍ ചെയ്യേണ്ടതുപോലെ ചെയ്തില്ല. അത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ അധികാരക്കസേരയിലിരുന്നവരും ശ്രദ്ധിച്ചില്ല.  ‘നിര്‍മ്മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുന്ന (ബി ഒ ടി)’ ഈ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന കുതിച്ചുചാട്ടമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നിട്ടെന്തുപറ്റി? ആ കമ്പനി വിളപ്പില്‍ശാലക്കാരുടെ ജീവിതം ദുരിതമയമാക്കി. പരമാവധി ലാഭം വേഗത്തില്‍ ലക്ഷ്യമിട്ട സ്ഥാപനം ഒടുവില്‍ ഉദ്യമത്തില്‍നിന്ന് പിന്‍മാറി. അപ്പോഴേക്കും അവര്‍ പരമാവധി ദുരിതം വിതച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിവിധിപോലും ധിക്കരിച്ച് നഗരസഭയിലെ എല്‍ ഡി എഫ് ഭരണസമിതിയെ അടിക്കാന്‍ വടി എന്ന രീതിയില്‍ മാലിന്യസംസ്‌കരണത്തെ നോക്കിക്കണ്ടപ്പോള്‍  മുഖ്യമന്ത്രിക്കും തിരുവനന്തപുരത്ത് മൂക്കുപൊത്താതിരിക്കാനാവാത്ത സ്ഥിതിയുണ്ടായി! വിളപ്പില്‍ശാല പ്‌ളാന്റ് പൂട്ടുമ്പോള്‍ വാഗ്ദാനം ചെയ്ത പകരം പ്‌ളാന്റ് മുഖ്യമന്ത്രിക്ക് ഇതുവരെയും നടപ്പാക്കാനാവാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം.

ഇവിടെ, എന്തുകൊണ്ട് സി പി എം സര്‍ഗാത്മകമായി ഇടപെട്ടില്ല? ആലപ്പുഴയിലെ മാതൃകയുമായി മുന്‍ധനമന്ത്രി ഡോ.തോമസ്‌ ഐസക് രണ്ടു മാസം മുമ്പ് ഒരു വാര്‍ഡിലെ കുറേ വീടുകളില്‍ കയറി ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ചു. സി പി എം പി ബി അംഗം പിണറായി വിജയന്‍ കാലുറധരിച്ച് ചവറുവാരി. അതിനപ്പുറം പദ്ധതി മുന്നോട്ടുപോയില്ല. നാടാകെ സി പി എം പോസ്റ്ററൊട്ടിച്ചു. ശുചീകരണയജ്ഞം… ആറുമാസത്തിലേറെയായി. ഇപ്പോഴും പദ്ധതികള്‍ തുടങ്ങിയേടത്തുതന്നെ. നഗരനാറ്റം അതിനെക്കാള്‍ തീവ്രമായിട്ടേയുള്ളൂ. ജില്ലയിലെ മുക്കിലും മൂലയിലും സി പി എം ബ്രാഞ്ചില്ലാത്ത ഒരിടവുമില്ല. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ നടന്നിരിക്കും. ആ ഒരു ഉറപ്പ് ഈ പാര്‍ട്ടിക്കുള്ളതുപോലെ മറ്റാര്‍ക്കും സാദ്ധ്യമല്ല. തദ്ദേശ തിരഞ്ഞെടുപ്പ് തലയില്‍ കയറിയിട്ടും നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തില്‍ സി പി എമ്മിന് കാര്യമായി ഒന്നും ചെയ്യാനായില്ല. സി പി എം സര്‍ഗാത്മകമായി ഇടപെട്ട് മാലിന്യസംസ്‌കരണത്തിന് മാതൃകകാട്ടിയിരുന്നെങ്കില്‍ തലസ്ഥാനത്തെ യു ഡി എഫ് നേതൃത്വം പ്രതിസന്ധിയിലാവുമായിരുന്നു.

കൊച്ചിയില്‍ സി പി എം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതത്വത്തില്‍ ജൈവകൃഷി നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഇടത്തരക്കാരേയും അതിനുമുകളിലുമുള്ളവരെയും ആകര്‍ഷിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. സി പി എം അടുത്തകാലത്ത് സര്‍ഗാത്മകമായി ഇടപെട്ട കാര്യമാണിത്. പക്ഷെ, അത് ഇത്രയും മതിയോ?കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തിരുവനന്തപുരം ഗൗരീശപട്ടത്തെ സ്വന്തം വീട്ടിലെ മട്ടുപ്പാവില്‍ ജൈവകൃഷി നടത്തിയതും വിളവെടുപ്പ് നടത്തിയതും വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസിന്റെ ഇരുപതിനായിരത്തിലേറെ ഘടകങ്ങളിലൂടെ ജൈവകൃഷി വ്യാപിപ്പിക്കും എന്നും മുമ്പ്  പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയും ആ വഴിക്ക് ചില നീക്കങ്ങള്‍ നടത്തി. പക്ഷെ, സി പി എം എറണാകുളം ജില്ലയില്‍ ഓണവില്പന ലക്ഷ്യമിട്ട് ജൈവപച്ചക്കറി കൃഷി തുടങ്ങിയതുപോലൊരു മുന്നേറ്റം മറ്റൊരിടത്തും ഉണ്ടായില്ല. ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ക്കപ്പുറം എന്തുകൊണ്ട് അതൊരു പ്രസ്ഥാനമായി മാറുന്നില്ല? സി പി എം ഇക്കാര്യത്തില്‍ കുറെ മുന്നേറി എന്നത് നല്ലതാണ്. ഒന്നുമില്ലാത്തതിനെക്കാള്‍ ഭേദമാണല്ലോ കുറച്ചെങ്കിലും നടക്കുന്നത്. കേരളത്തിലേക്ക് വിഷപ്പച്ചക്കറികള്‍ എത്തുന്നതാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും അത്തരം കീടനാശിനി കലര്‍ന്ന അന്യസംസ്ഥാന പച്ചക്കറികളുടെ കടന്നുവരവിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. തമിഴ്‌നാട് കീടനാശിനി ലോബിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരിശോധനാ നിയന്ത്രണങ്ങള്‍പോലും പിന്‍വലിച്ച് എത്രത്തോളം ജനവിരുദ്ധമാകാമെന്ന് യു ഡി എഫ് സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് രാഷ്ട്രീയം സര്‍ഗാത്മകമാക്കി മറുപടി നല്‍കാന്‍ കഴിയുന്നത്. കൊച്ചിയില്‍ പി രാജീവ് തുടങ്ങിവച്ച ദൗത്യം കേരളം മുഴുവന്‍ പടരട്ടെ. ഇവിടെ, പി പി സ്വാതന്ത്ര്യം എന്ന മാരാരിക്കുളം പഞ്ചായത്തുപ്രസിഡന്റായിരുന്ന (അദ്ദേഹം അകാലത്തില്‍ അന്തരിച്ചു) പ്രതിഭാധനനായ ജനപ്രതിനിധി മുതല്‍ ഡോ.ടി എം തോമസ് ഐസക് വരെയുള്ളവര്‍ ഇക്കാര്യത്തില്‍ കാട്ടിത്തന്ന സര്‍ഗാത്മകമാതൃക എടുത്തുപറയേണ്ടതുണ്ട്. മാരാരിക്കുളം ഇന്ന് കേരളത്തിലെ ജൈവകൃഷിയുടെ തലസ്ഥാനമായി നിലനില്‍ക്കുന്നതിനുപിന്നില്‍ തീര്‍ച്ചയായും അവിടത്തെ എം എല്‍ എയായ തോമസ് ഐസക്കിന്റെ ഇടപെടലുകള്‍തന്നെയാണ്.

വിലക്കയറ്റത്തിന്റെ പിടിയില്‍പെട്ട് നട്ടം തിരിയുകയാണ് കേരളീയര്‍. ഉപഭോക്തൃസംസ്ഥാനം എന്ന ലേബല്‍ ഉള്ളതിനാല്‍ സകലതിനും തീവിലയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും ഹോര്‍ട്ടികോര്‍പ്പും ഫലപ്രദമായി വിപണിയില്‍ ഇടപെട്ട് വില പിടിച്ചുനിറുത്തിയിരുന്നു. എന്നാല്‍, അഴിമതിയും കടുകാര്യസ്ഥതയുംമൂലം ഈ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള കടകള്‍ പലതും ഇപ്പോള്‍ അടച്ചുപൂട്ടി. ഉള്ളവയില്‍ ചില ഇനങ്ങള്‍ക്ക് വിപണിവിലയെക്കാള്‍ കൂടുതലുമാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് സി പി എം ക്രിയാത്മകമായി ഇടപെടുന്നില്ല? സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ സഹകരണ സ്ഥാപനങ്ങളില്‍ 60 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതികളാണ്. ഒരു ലോക്കല്‍ കമ്മിറ്റിയുടെയോ അല്ലെങ്കില്‍ ഏരിയാ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ നിയന്ത്രണത്തില്‍ ഇത്തരം സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ ഏറ്റവും കുറഞ്ഞത് വിപണിവിലയെക്കാള്‍ 40 ശതമാനംവരെ വിലക്കുറച്ച് സാധനങ്ങള്‍ വില്‍ക്കാനാവും. പാലായിലെ ഒരു സഹകരണബാങ്ക് അവരുടെ സഹകരണസ്റ്റോറുകളിലൂടെ 30 ശതമാനം വിലക്കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന വാര്‍ത്ത ഈയിടെ മാദ്ധ്യമങ്ങളില്‍ വന്നതാണ്. അത്തരം സര്‍ഗാത്മക ഇടപെടല്‍ നടത്തുന്ന കക്ഷിയെ, അതേതായാലും ജനങ്ങള്‍ നെഞ്ചിലേറ്റുമെന്നുറപ്പാണ്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ സമയത്ത് വിതരണം ചെയ്യാന്‍ കഴിയാതെ പോയപ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് അവ അച്ചടിച്ചു നല്‍കാന്‍ മുസ്ലിംലീഗ് ഇടപെടണമായിരുന്നുവെന്ന് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനായ പി ടി നാസര്‍ എഴുതുന്നു: ‘കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും പ്രസ്സുകളും യൂത്ത്‌ലീഗിന്റെയും എം എസ് എഫിന്റെയും സംഘടനാശേഷിയും ചേര്‍ന്നാല്‍ നടക്കാവുന്ന കാര്യമല്ലേയുള്ളൂ. അതിന് പ്രവാസികളുടെ സഹായം ചോദിച്ചാല്‍ കിട്ടില്ലേ? മുസ്ലിംലീഗുകാര്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാഠപുസ്തകം കിട്ടാതാകില്ല, സര്‍ക്കാര്‍ എത്തിച്ചില്ലെങ്കില്‍ അവരുടെ പാര്‍ട്ടി എത്തിക്കും എന്നൊരു ചിന്ത കേരളത്തില്‍ പടര്‍ത്താന്‍ കഴിഞ്ഞാല്‍ എത്ര മാറ്റ് ആകുമായിരുന്നു തിളക്കം? ‘നിലവിളക്കുസമരത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട പ്രതിച്ഛായ തേച്ചുമിനുക്കാന്‍ പാഠപുസ്തകം ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കിയ നടപടിയിലൂടെ എസ് എഫ് ഐക്ക് സാധിച്ചു എന്നും നാസര്‍ അഭിപ്രായപ്പെടുന്നു.

വിദ്യാഭ്യാസവകുപ്പിന്റെ സഹായം കൂടാതെ അന്തര്‍ദേശീയ നിലവാരത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനെ എത്തിക്കാനാവുമെന്ന് കോഴിക്കോട് നോര്‍ത്ത്  എം എല്‍ എ എ പ്രദീപ്കുമാര്‍ കാട്ടിത്തന്നു. നടക്കാവ് സ്‌കൂള്‍ ഇന്ന് പ്രദീപ്കുമാര്‍ എന്ന സി പി എം നേതാവിന്റെ സര്‍ഗാത്മക ഇടപെടലിന്റെ ഒന്നാന്തരം ഉദാഹരണമാണ്. പുനലൂരിലെ താലൂക്ക് ആശുപത്രി കൈവരിച്ച നേട്ടവും എടുത്തുപറയേണ്ടതുണ്ട്. പുനലൂര്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിര്‍ഷാ, സി പി ഐയുടെ കെ.രാജു എം എല്‍ എ, നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവര്‍ ഒത്തുശ്രമിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കാനായത്. സ്വകാര്യ ആശുപത്രികള്‍ക്കുപോലും അപ്രാപ്യമായ സേവനസന്നദ്ധതയും സൗകര്യങ്ങളും മുഖമുദ്രയാക്കി ഇങ്ങനെയും ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് മാറാന്‍ കഴിയുമെന്ന് കാട്ടിത്തരുകയാണ്. അതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ കൊയ്ത്ത് നിലച്ചതും ഒരു മുന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആശുപത്രി അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതും ഇതോടൊപ്പം കാണണം.

സമരങ്ങളിലും ഈ സര്‍ഗാത്മകത ഉണ്ടാകേണ്ടിയിരിക്കുന്നു. എസ് എഫ് ഐ പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയതിലൂടെ സര്‍ഗാത്മക സമരം നടത്തിയപ്പോള്‍ അത് വലിച്ചുകീറിയെറിഞ്ഞ് പ്രകൃതരാണ് തങ്ങളെന്ന് എം എസ് എഫ് ലോകത്തോട് വിളിച്ചുപറഞ്ഞു. ധര്‍ണ, പിക്കറ്റിംഗ്, പ്രകടനം, ഹര്‍ത്താല്‍, വഴിതടയല്‍ എന്നിവയൊക്കെ വേണ്ടെന്നല്ല, അത്യാവശ്യഘട്ടങ്ങളില്‍ ആവുമ്പോള്‍ ജനം സ്വാഗതം ചെയ്യും. പാചകവാതകത്തിന് വില കുത്തനെ കയറ്റിയപ്പോള്‍ പാതയോര പാചകസമരം നടത്തി സി പി എം പുതിയ സമരമുറ കാട്ടിത്തന്നു. ആദിവാസി ഗോത്രമഹാസഭ ഒരക്രമവുമില്ലാതെ സെക്രട്ടേറിയറ്റിനുമുന്നില്‍ മാസങ്ങളാണ് ‘നില്പുസമരം’ നടത്തിയത്. കുടില്‍കെട്ടി സമരവും അവരുടെ സര്‍ഗാത്മകസമരത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ജീവനക്കാര്‍ പണിമുടക്കുന്നതിന് പ്രത്യേകകാരണം വേണ്ടെന്ന രീതിയാണിപ്പോഴുള്ളത്. എന്നാല്‍, അവകാശങ്ങള്‍ നേരിടാന്‍ ജോലിസമയം കഴിഞ്ഞും ജോലി ചെയ്ത സമരമുറ വാര്‍ത്താപ്രാധാന്യം നേടി. ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. പക്ഷെ, അത്തരം സര്‍ഗാത്മകസമരങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടാന്‍ അധികമാരും തയ്യാറില്ല എന്നതാണ് കഷ്ടം. മനുഷ്യച്ചങ്ങല, മനുഷ്യക്കോട്ട എന്നിങ്ങനെ വേറിട്ട സമരങ്ങള്‍ നടത്തിയ ഡി വൈ എഫ് ഐ പിന്നീട് അതൊക്കെ മറന്നുപോയെന്നാണ് തോന്നുന്നത്.

ചുംബനസമരം, രാത്രികള്‍ പിടിച്ചടക്കല്‍ സമരം…സര്‍ഗാത്മകത വ്യത്യസ്ത രൂപത്തില്‍ പീലിവിരിച്ചാടുന്ന ഇക്കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ അതിന് നേതൃത്വം നല്‍കാനിറങ്ങിയാല്‍ തീര്‍ച്ചയായും അത് ഗുണകരമായ മാറ്റത്തിന്റെ തുടക്കമാവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

               

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍