UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയ്ക്കും കണ്ണൂര്‍ ‘കലാപ’ങ്ങള്‍ക്കുമിടയില്‍ സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍

കേരളത്തിലെ പ്രധാന മുന്നണികളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കാം എന്നൊരു ചര്‍ച്ച ഞങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്; സിപിഎമ്മിലെ സംഘടന വിഷയങ്ങളും ആശയ വ്യക്തത കുറവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ – ഭാഗം 2

കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാവുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ഇടത്-വലതു മുന്നണികളെ ബാധിച്ചിട്ടുണ്ട്. സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിയും പാര്‍ട്ടിക്കകത്തെ സംഘര്‍ഷങ്ങളും മറ്റു വിവാദങ്ങളും തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. ‘കണ്ണൂര്‍ ലോബി’യും വികസന നയങ്ങളും സംസ്ഥാന ഭരണവും ഒക്കെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. കോണ്‍ഗ്രസാകട്ടെ, ദേശീയ തലത്തില്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍ നേടിയ അപ്രതീക്ഷിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പായും വിജയിക്കുമെന്നും അവര്‍ കരുതുന്നു. രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രങ്ങള്‍.

ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി നെയ്ത തന്ത്രങ്ങള്‍ പക്ഷേ വോട്ടുകളായി മാറിയില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വം കേരള കാര്യത്തില്‍ എടുത്തിട്ടുള്ള താത്പര്യം സംസ്ഥാന ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പിടിക്കുന്നതിലേക്കായി പ്രത്യേക പദ്ധതികളും അവര്‍ രൂപപപ്പെടുത്തിയിരിക്കുന്നു. വി. മുരളീധരന്റെ കേന്ദ്രമന്ത്രി പദവിയോടെ സംസ്ഥാനത്ത് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിയിരിക്കുന്നു. മുരളി ഗ്രൂപ്പിലുള്ള കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകാനുള്ള സാദ്ധ്യതകള്‍ അടക്കം ബിജെപിയിലും വലിയ തോതിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. മുസ്ലീം ലീഗിന്റെ നിലനില്‍പ്പ്‌, വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്ക് ചാഞ്ഞത്, എസ് ഡി പി ഐ, എപി അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്ത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നതും ശ്രദ്ധേയമായിരിക്കും. ക്രൈസ്തവവിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും പ്രസ്താവ്യമാണ്. കെ.എം മാണിക്ക് ശേഷമുള്ള കേരള കോണ്‍ഗ്രസ്, ക്രൈസ്തവ സഭയിലെ പുഴുക്കുത്തുകള്‍, ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുടങ്ങിയ കാര്യങ്ങളും നിര്‍ണായകമാണ്. ഒപ്പം ആറിടത്ത് ഉപതെരഞ്ഞെടുപ്പുകളും വരുന്നു.

ആദ്യഭാഗം ഇവിടെ വായിക്കാം: സിപിഎം ചിലവില്‍ കോണ്‍ഗ്രസിനെ തേടിവരുന്ന വിജയങ്ങള്‍; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്

“പണ്ട് പാര്‍ട്ടിയുടെ ഒരു ഉന്നത നേതാവിന്റെ മകന്‍ കെ.എസ്.യുവില്‍ ചേര്‍ന്നു. കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകരുമായി അടിപിടിയുണ്ടായി. ഇരുവിഭാഗത്തില്‍പ്പെട്ടവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രി സന്ദര്‍ശിച്ച നേതാവ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളെ മാത്രം സന്ദര്‍ശിച്ചു മടങ്ങി. മകനെ കാണാന്‍ കൂട്ടാക്കിയില്ല. ഇതാണ് തെറ്റു പ്രവര്‍ത്തിക്കുന്ന മക്കളോടുള്ള പാര്‍ട്ടിയുടെ പണ്ടുമുതലെയുള്ള സമീപനം”, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ആരോപണം അദ്ദേഹത്തെ ബാധിക്കേണ്ടതില്ലെന്ന് വിശദീകരിക്കാന്‍ ഒരു മുതിര്‍ന്ന നേതാവ് വിശദീകരിച്ച, ചരിത്രത്തില്‍ കണ്ടെത്തിയ ഉദാഹരണമാണിത്. ഈ ന്യായീകരണം പൊതുസമൂഹത്തിന് സ്വീകാര്യമാകുമോ എന്നത് മറ്റൊരു കാര്യം. പക്ഷെ സിപിഎമ്മിന് ന്യായീകരണങ്ങളുണ്ട്. അത് അകപ്പെട്ടുപോകുന്ന പ്രതിസന്ധികള്‍ വിശദീകരിക്കാന്‍ ചരിത്രത്തില്‍നിന്നും പാര്‍ട്ടി പരിപാടിയില്‍നിന്നുമുള്ള ന്യായീകരണങ്ങളും വിശദീകരണങ്ങളും.

എന്നാല്‍ അങ്ങനെ വിശദീകരിക്കാന്‍ കഴിയാത്ത, എങ്ങനെ നേരിടണമെന്ന തീര്‍ച്ചയില്ലാത്ത വിഷയങ്ങളാണ് സിപിഎമ്മിനെ ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലും അതിന് മുമ്പ് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റിയും എടുത്ത തീരുമാനങ്ങളില്‍ അത് പ്രതിഫലിക്കുന്നുണ്ട്. ഇത്തരം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുപുറമെയാണ് കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘടനപ്രശ്‌നങ്ങളും സെക്രട്ടറിയെ പൊതുസമൂഹത്തിന് മുന്നില്‍ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളും. ഒരു തെരഞ്ഞെടുപ്പ് പരാജയം കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പുകളിലേക്ക് കട്ക്കാനിരിക്കെ, ഈ പ്രശ്‌നങ്ങളെ എങ്ങനെ യുക്തിസഹമായി വിശദീകരിക്കുമെന്നതാണ് സിപിഎം അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരും സമ്മതിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുകളിലെ ഊന്നലുകളില്‍ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെയുണ്ടായ പ്രതികരണം ന്യൂനപക്ഷ കേന്ദ്രീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി എന്നതാണ്. ശബരിമല തെരഞ്ഞടുപ്പിനെ ബാധിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും മറ്റും ആദ്യം പരസ്യമായി തന്നെ പറഞ്ഞത്. ശബരിമല വിഷയം പറയത്തക്ക സ്വാധീനമൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ ചെലുത്തിയിട്ടില്ലെന്ന വിലയിരുത്തലായിരുന്നു അന്ന് പാര്‍ട്ടി സ്വീകരിച്ചത്. ‘തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിലയിലും ബാധിച്ചിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഗുണം കിട്ടേണ്ടത് ബിജെപിക്കായിരുന്നു’, ഇതായിരുന്നു വോട്ടെണ്ണല്‍ കഴിഞ്ഞ പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതേ ചുവടുപിടിച്ചാണ് മറ്റ് പ്രധാന നേതാക്കളും പ്രതികരിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയോഗത്തിന് ശേഷം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും കേന്ദ്ര കമ്മിറ്റിയോഗം അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലും ശബരിമല തെരഞ്ഞെടുപ്പ് പരാജയം വരുത്തിവെച്ച ഒരു ഘടകമായി വരുന്നുണ്ട്.

സംസ്ഥാനത്ത് തിരിച്ചടിക്ക് ഇടയാക്കിയ കാരണങ്ങള്‍ എന്ന പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞു. “എല്‍ഡിഎഫ് സ്വീകരിച്ച നിലപാട് മതവിശ്വാസത്തിനും ഹിന്ദുമത ആചാരത്തിനും എതിരാണ് എന്ന തരത്തിലുള്ള പ്രചാരവേല ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ അരങ്ങേറി. ഇത് ചില മേഖലകളിലെങ്കിലും ഒരു വിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് യുഡിഎഫിനും ബിജെപിക്കും അനുകൂലമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്” (ദേശാഭിമാനി ജൂണ്‍ എട്ട്). പിന്നീട് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

The stand taken by the Party and the LDF Government was correct and the Party and the LDF government could not take a different stand other than to uphold the Supreme Court verdict ensuring gender equality. To make use of the confusion among a section of devotees the Congress , RSS and BJP reversed their earlier position of supporting the Supreme Court verdict and organised a virulent campaign against the Party and LDF government”, എന്നാണ് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നതാണ് ഒരു പ്രധാന അടിയന്തര കടമയായി കണ്ടിട്ടുള്ളത്. ശബരിമല തിരിച്ചടിയായി എന്ന് തെരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റികൂടി മനസ്സിലാക്കുകയല്ല പാര്‍ട്ടി ചെയ്തതെന്ന് വേണം മനസ്സിലാക്കാന്‍. ബിജെപിയും ചിലപ്പോഴൊക്കെ കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ആ സമയത്തൊക്കെ അത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം വിസമ്മതിക്കുകയായിരുന്നു. അതായത്, തെരഞ്ഞെടുപ്പ് വേളയില്‍ ഒരു പ്രചാരണ വിഷയമാക്കിയാല്‍ അത് ഗുണം ചെയ്യില്ലെന്ന് തോന്നല്‍ പാര്‍ട്ടിക്ക് നേരത്തെയുണ്ടായിരുന്നു എന്ന് വേണം കണക്കാക്കാന്‍. അങ്ങനെ ഒരു ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടുണ്ടാവില്ലെങ്കിലും ഒരു അടവ് സമീപനം അതായിരുന്നു എന്ന് കാണാം. ഇത്തരത്തില്‍ പ്രചാരണത്തില്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാവുന്ന വിഷയമായി ശബരിമലയെ നേതാക്കള്‍ പോലും കണ്ടില്ലെന്ന് വേണം കരുതാന്‍. “എതിരാളികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് പോകേണ്ടെന്ന് കരുതിയാണ് ശബരിമല വിഷയമാക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ തോന്നുന്നത് അത്തരത്തിലൊരു അവ്യക്തത ഉണ്ടാക്കിയതും ശരിയായില്ലെന്നാണ്. ശബരിമല കാര്യത്തില്‍ നിലപാട് എടുത്ത സ്ഥിതിക്ക് അതേക്കുറിച്ച് ശക്തമായി ഉന്നയിക്കാനും തയ്യാറാവേണ്ടതായിരുന്നു” എന്നാണ് പാര്‍ട്ടിയുടെ ഒരു ജില്ലാതല നേതാവ് പറഞ്ഞത്. വിശ്വാസികളെ തിരികെ പിടിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് പറയുമ്പോള്‍ എന്ത് പ്രായോഗിക സമീപനമായിരിക്കും സിപിഎം ഇനി സ്വീകരിക്കാന്‍ പോകുന്നത്? ശബരിമല വിധിക്കെതിരായ റിവ്യു പെറ്റീഷന്‍ തള്ളുകയും നടതുറന്നാല്‍ സ്ത്രീകള്‍ മലകയറാന്‍ എത്തിയാല്‍ സിപിഎം അവരെ തള്ളി പറയുമോ? അങ്ങനെയാണോ ഇനി പാര്‍ട്ടിയില്‍നിന്ന അകന്നുപോയ വിശ്വാസികളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരിച്ചുപിടിക്കുക എന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനത്തിന് എന്ത് സംഭവിക്കുമെന്നതൊക്കെ കണ്ടറിയേണ്ടതാണ്.

ഇതൊടൊപ്പം തന്നെ കാണേണ്ടതാണ് യാഥാസ്ഥിതികത്വത്തിനെതിരായ നവോത്ഥാന പോരാട്ടത്തെ വെള്ളാപ്പള്ളി നടേശനെയും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന സുഗതനെ പോലുള്ളവരെയുടെയും നേതൃത്വത്തില്‍ നടത്താമെന്ന സര്‍ക്കാരിന്റെ തോന്നല്‍. ഇങ്ങനെ ശബരിമലയുടെ കാര്യത്തില്‍ സിപിഎമ്മിന് തന്നെ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസം ഇല്ലെന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നു. പിണറായി വിജയന്റെ നിലപാടുമൂലം വിധി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്ന് മാത്രം വേണം കരുതാന്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി ആ നിലപാട് പരസ്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാതിരിക്കാനും ശ്രമിച്ചു. തോറ്റതിനു ശേഷം ഇനി വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത പാര്‍ട്ടി നേതാക്കളുടെ പ്രസ്തവനയില്‍നിന്ന് തെളിയുന്നുമില്ല. ശബരിമലയുടെയും നവോത്ഥാനത്തിന്റെയും കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍, പ്രത്യകിച്ചും മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കുമെന്ന ചോദ്യം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. ഇതിന് കൃത്യമായ മറുപടി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളില്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നുമില്ല. സിപിഎമ്മിന്റെ സംസ്ഥാനത്തുനിന്നുള്ള ഏക എം പി എ.എം ആരിഫൊക്കെ ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടത്തിയ പ്രസ്താവന ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം കൈകൊണ്ട സമീപനങ്ങളില്‍ എത്രത്തോളം വിയോജിപ്പിപ്പ് ഇവര്‍ക്കൊക്കെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

ശബരിമല വിധി വന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍ക്കപ്പുറം സുപ്രീം കോടതി വിധിയുടെ കാര്യത്തില്‍ പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും കാര്യമായ യോജിപ്പുണ്ടായിരുന്നില്ലെന്നത് പലരുടെയും രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമാക്കിയതുമായ പ്രസ്താവനയിലൂടെ പുറത്തുവരികയും ചെയ്തു. പിണറായി വിജയന് സിപിഎമ്മില്‍ ഉള്ള നിയന്ത്രണാധികാരം കൊണ്ടോ മറ്റോ കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നില്ലെന്ന വേണം കരുതാന്‍.

വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ എന്താവും സിപിഎം ചെയ്യുകയെന്നത് ആ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമായി അവസാനിക്കില്ലെന്ന് ചില ഇടതുസഹയാത്രികരും സമ്മതിക്കുന്നു. കാരണം കേരളത്തിലെ യാഥാസ്ഥിതികത്വത്തിനുമുന്നിലുള്ള കീഴടങ്ങല്‍, സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പിടിമുറുക്കി തുടങ്ങിയ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് ആക്കം കൂട്ടുമെന്നും ഇവര്‍ ഭയക്കുന്നു.

ജനങ്ങളുടെ മനസ്സറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നാണ് പരാജയത്തിന്റെ കാരണമായുള്ള വിലയിരുത്തല്‍. മനസ്സറിയാത്തതല്ല, അത് പാര്‍ട്ടി വേദികളില്‍ പറയാന്‍ പറ്റാത്ത സാഹചര്യമാണ് സിപിഎമ്മില്‍ രൂപപ്പെടുന്നതെന്നതാണ് ഇതേക്കുറിച്ചുള്ള ഒരു പ്രതികരണം. ശബരിമല വിഷയത്തില്‍ അടക്കം പാര്‍ട്ടി കുടുംബങ്ങളെ പോലും സ്വാധീനിക്കുന്നതില്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന കാര്യം പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്ന കാര്യമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ എന്നത് വിഭാഗീയമായ അജണ്ടകള്‍ വെച്ചുമാത്രമാകുമ്പോള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ജനങ്ങളുടെ പൊതുവികാരം എന്താണെന്ന കാര്യം അറിയിക്കാന്‍ സാധ്യമാകാത്ത അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളികളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്താന്‍ സിപിഎമ്മിന് കഴിഞ്ഞുമില്ല.

ജനങ്ങളുടെ പൊതു നിലപാടിന് അനുസരിച്ച് പാര്‍ട്ടി തീരുമാനമെടക്കണമെന്നല്ല, മറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും ശ്രമങ്ങള്‍ വേണമെന്ന കാര്യമെങ്കിലും നേതൃത്വത്തിന് ബോധ്യപ്പെടേണ്ടതുണ്ടെന്നാണ് ഒരു പാര്‍ട്ടി സഹയാത്രികന്‍ ഇതിനോട്  പ്രതികരിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൃഹ സന്ദര്‍ശനം നടത്തി വിശ്വാസ്യത വീണ്ടെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നയപരമായ ആശയക്കുഴപ്പം പരിഹരിക്കാതെയുള്ള ഗൃഹ സന്ദര്‍ശനങ്ങള്‍ എത്രത്തോളം വിശ്വാസ്യത ഉണ്ടാക്കുമെന്നതിനെക്കുറിച്ച് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും വലിയ ആത്മവിശ്വാസമൊന്നുമില്ല.

കണ്ണൂരിലെ അസ്വസ്ഥതകള്‍

സിപിഎമ്മിന്റെ ആസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന കണ്ണൂരില്‍ നിന്ന് കഴിഞ്ഞ കുറച്ചുകാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പുകയുന്നതുമായ കാര്യം കൂടുതല്‍ പരസ്യമാകാന്‍ തുടുങ്ങുന്നുവെന്നതാണ് തെരഞ്ഞെടുപ്പാനന്തരം സിപിഎം നേരിടുന്ന മറ്റൊരു കീറാമുട്ടി. പി ജയരാജനുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നത്.

പൊതുസമൂഹത്തിന് മുന്നില്‍ അക്രമ രാഷ്ട്രീയത്തിന്റെ പ്രതിപുരുഷന്‍ എന്ന ഇമേജാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും ജയരാജന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അങ്ങനെയല്ല. കണ്ണൂരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജനകീയനായ നേതാവ് എന്ന് വിശേഷിപ്പിക്കാം ജയരാജനെ. ചില നേതാക്കളുടെ ജനപ്രിയത പാര്‍ട്ടിക്ക് അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. പാര്‍ട്ടിക്ക് മീതെ വളരുന്നുവെന്ന തോന്നിയാല്‍ മതി, പിന്നെ പാര്‍ട്ടിക്ക് ഒരു രീതി മാത്രമെ ഉള്ളൂ. ഒന്നുകില്‍ അവഗണിക്കുക, അല്ലെങ്കില്‍ പതുക്കെ ഒഴിവാക്കുക. ഇങ്ങനെ അവഗണിച്ചിട്ടും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം പൂര്‍ണമായി പരാജയപ്പെട്ടുപോയ ഒരു നേതാവ് മാത്രമേ സിപിഎമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടുള്ളൂ; വിഎസ് അച്യുതാനന്ദന്‍. ആ വി എസുമായിട്ടാണ് പി. ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭംഗിയായി ചേര്‍ത്ത് നിര്‍ത്തിയതെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതും പാര്‍ട്ടി സംസ്ഥാന സമിതിയോഗം ചേര്‍ന്നുകൊണ്ടിരിക്കെ നിയമസഭയില്‍. ജയരാജനെ ബിംബമാക്കാന്‍ ശ്രമിക്കേണ്ട. അങ്ങനെ ചിലരെ നേരത്തെ ബിംബമാക്കി മാറ്റിയിരുന്നു എന്നാ കാര്യം ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള സന്ദേശമായി കരുതുന്ന നേതാക്കളുണ്ട്. പി ജയരാജന്‍ പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ ശ്രമിക്കുന്നുവെന്ന ചര്‍ച്ചകളിലേക്ക് പ്രവര്‍ത്തകരെ പതുക്കെ നയിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകള്‍. ആ നിഗമനം ശരിവയ്ക്കുന്ന തീരുമാനം അന്ന് തന്നെ സിപിഎം സംസ്ഥാന സമിതി കൈകൊള്ളുകയും ചെയ്തു. പി ജയരാജന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുകള്‍ മാറ്റണമെന്ന് സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു. അന്നേ ദിവസം രാത്രി പി ജയരാജന്‍, പിജെ എന്ന പേരില്‍ നടത്തുന്ന ഫേസ്ബുക്ക് പേജുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയും അത് പാര്‍ട്ടി വിരുദ്ധര്‍ക്ക് സഹായകരമായി തീരുമെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. പിന്നീട് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് പിജെ ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് സംസ്ഥാന കമ്മിറ്റി ലക്ഷ്യം വെച്ചതെന്ന് വിശദീകരിച്ചത്.

എങ്ങനെയാണ് പി ജയരാജന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിന് അനഭിമതന്‍ ആയതെന്നതാണ് ചോദ്യം. വിവിധ തലങ്ങളില്‍ നിന്നിരുന്ന സിപിഎമ്മിന്റെ കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ എങ്ങനെ പി. ജയരാജനെതിരെ യോജിച്ചുള്ള നിലപാടിലേക്ക് മാറിയെന്നതും ഗൗരവമേറിയ വിഷയമാണ്. പാര്‍ട്ടിയുടെ ശക്തമായ യൂണിറ്റായി തുടരുമ്പോഴും കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ തമ്മിലുള്ള അടുപ്പമില്ലായ്മ പലപ്പോഴായി പുറത്തുവന്ന കാര്യമാണ്. കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍ പി. ജയരാജന്‍ – ഈ നേതാക്കള്‍ക്കിടയില്‍ പാര്‍ട്ടി സാഹോദര്യം വേണ്ട അളവിലുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്ന കാര്യമാണ്. ഇവര്‍ക്കിടയില്‍ ജയരാജന്‍ പുരയ്ക്ക് നേരെ ചായുന്ന മരമായി മാറിയിട്ട് കുറച്ചുകാലമായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന്റെ പ്രവര്‍ത്തനങ്ങളും വിവിധ കേസുകളില്‍ പെടുത്തി അദ്ദേഹത്തെ ശത്രുക്കള്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന തോന്നലും സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തെ ഒരു താരമാക്കി വളര്‍ത്തി. ആര്‍എസ്എസ്സുകാരെ പ്രതിരോധിച്ചും ചില ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്ന് ആളുകളെയും പ്രവര്‍ത്തകരെയും സിപിഎമ്മിലേക്ക് കൊണ്ടുവന്നും ജയരാജന്‍ താരമായി. എന്തിന്, ഒരു കാലത്ത് സിപിഎമ്മിന്റെ വലിയ ശത്രുവായിരുന്ന ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ ഒ കെ വാസുവിനെയും സിപിഎമ്മിലെത്തിച്ചു ജയരാജന്‍. പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇവരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ ആര്‍എസ്എസ് കേന്ദ്രമായ അമ്പാടിമുക്കില്‍നിന്നും ആര്‍എസ്എസൂകാര്‍ സംഘടന ഉപേക്ഷിച്ച് സിപിഎമ്മിലെത്തി. ഇത്തരം തീരുമാനങ്ങളുടെ പ്രത്യയശാസ്ത്ര ശുദ്ധിയല്ല, മറിച്ച് ശത്രുപക്ഷത്തെ ഭിന്നത പരമാവധി ഉപയോഗപ്പെടുത്തുകയെന്ന പ്രായോഗികതയാണ് ജയരാജനെ നയിച്ചത്. അന്നൊക്കെ പിണറായി വിജയന്റെ പിന്തുണ ജയരാജന് ഉണ്ടായിരുന്നു. പിന്നീടാണ് ഭിന്നത ഉടലെടുത്തതും, പ്രധാന നേതാക്കള്‍ക്കെല്ലാം അനഭിമതനായി ജയരാജന്‍ മാറുന്നതും. അതേസമയം അദ്ദേഹത്തിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്വീകര്യത വര്‍ധിക്കുന്നതും ഇതേ കാലത്തുതന്നെ.

പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധനരാജിന്റെ കൊലപാതത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് നേതൃത്വത്തെ അസ്വസ്ഥമാക്കിയത്. പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലീസിനെതിരെ നടത്തിയ മാര്‍ച്ചിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സ്ഥിതിയല്ല ജില്ലാ കമ്മിറ്റിയിലുണ്ടായത്. ഇത് ജയരാജനെതിരെയുളള ചില നേതാക്കളുടെ എതിര്‍പ്പ് വര്‍ധിക്കുന്നതിന് കാരണമായി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നു എന്ന ആരോപണം സംസ്ഥാന സമിതിതന്നെ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ടായി. ജയരാജന് വേണ്ടി സംഗീത ആല്‍ബങ്ങള്‍ വരെ പുറത്തിറക്കിയതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. ഇക്കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചത് കണ്ണൂരില്‍നിന്നുതന്നെയുള്ള പിണറായി വിജയന്റെ വിശ്വസ്തനായി കരുതുന്ന കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍നിന്നുളള യുവ എംഎല്‍എയും ജയരാജനെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് പാര്‍ട്ടി അണികള്‍ തന്നെ അടക്കം പറയുന്നത്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടിലും ജയരാജനെതിരെ രൂക്ഷമായി വിമര്‍ശനമാണ് ഉണ്ടായിരുന്നത്.

ജയരാജനെതിരെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനെതിരെയുമുള്ള വിമര്‍ശനം ഇങ്ങനെയായിരുന്നു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രേഖയില്‍ പറഞ്ഞത്:  “പാര്‍ട്ടിയുടെ നിലവിലുള്ള സംഘടനാ രീതിയില്‍ നിന്നും വ്യത്യസ്തമായി ചില പ്രചരണ പരിപാടികള്‍ സ. പി. ജയരാജനുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉയര്‍ന്നു വരികയുണ്ടായി. നവമാധ്യമങ്ങളിലും ഇത്തരം പ്രചരണം വ്യാപകമായി സംഘടിപ്പിക്കുകയുണ്ടായി. സ. പി. ജയരാജനെ പാര്‍ട്ടിക്കു മുകളില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതില്‍ പൊതുവായി പ്രത്യക്ഷപ്പെടുന്നതെന്നും, ജില്ലാ കമ്മിറ്റി തയാറാക്കി പ്രാസംഗികന്മാര്‍ക്ക് നല്‍കിയിട്ടുള്ള കുറിപ്പിനകത്ത് സാധാരണ പാര്‍ട്ടി നേതാക്കളെക്കുറിച്ച് ഉപയോഗിക്കാത്ത ചില പ്രയോഗങ്ങള്‍ നടത്തി സഖാവ് പി. ജയരാജനെ അവതരിപ്പിക്കുന്ന സ്ഥിതി കൂടി വന്നപ്പോള്‍ ഇത് തിരുത്തുന്നതില്‍ മുന്‍കൈ എടുക്കാതിരുന്ന ജില്ലാ സെക്രട്ടറിയുടെ സമീപനത്തെക്കുറിച്ചും, കണ്ണൂരു പോലെയുള്ള ജില്ലയില്‍ ജില്ലാ സെക്രട്ടറി ഗുരുതരമായ വ്യക്തിപ്രഭാവ നിലപാടിലേക്ക് വഴുതിപ്പോകുന്ന സ്ഥിതിയുണ്ടായിട്ടും കര്‍ശന നിലപാട് സ്വീകരിക്കാതെ കാഴ്ചക്കാരായി നിന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ ഗുരുതരമായ വീഴ്ചയെക്കുറിച്ചും ചൂണ്ടിക്കാണിച്ചു കൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തുകയും ഒരു രേഖ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി.”

നേരത്തെ തന്നെ ജയരാജനെ കണ്ണൂരില്‍നിന്നൊഴിവാക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്ന സൂചനയുമുണ്ട്. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു. പിന്നീടു കിട്ടിയ അവസരം വന്നത് ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു. വടകരയില്‍ ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. മറ്റൊരു ജില്ലാ സെക്രട്ടറി മത്സരിച്ചിരുന്ന കോട്ടയത്ത് താല്‍ക്കാലിക ചുമതല മാത്രമാണ് പകരക്കാരന് നല്‍കിയത് എന്ന് മനസ്സിലാക്കുമ്പോഴാണ് അവസരം കാത്തിരിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം എന്നത് ഇതില്‍ മനസ്സിലാക്കേണ്ടത്. തെരഞ്ഞൈടുപ്പില്‍ തോറ്റുപോയ, നിരവധി കേസുകള്‍ നേരിടുന്ന, നിരവധി രാഷ്ട്രീയ ശത്രുക്കള്‍ ഉളള ജയരാജന് ഇനി പാര്‍ട്ടി എന്ത് പദവിയായിരിക്കും കൊടുക്കുക എന്നതാണ് പാര്‍ട്ടി അണികള്‍ ഉറ്റുനോക്കിയിരുന്നത്. പുതുതായി രൂപീകരിക്കപ്പെടുന്ന കേരള ബാങ്കിന്റെ ചെയര്‍മാനാക്കും എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുകയോ മറ്റോ ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞത്. എന്നുമാത്രമല്ല, അദ്ദേഹത്തിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ ഉണ്ടാവാനുള്ള സാധ്യതയും ചിലര്‍ തള്ളിക്കളയുന്നില്ല.

ആന്തൂരിലെ വിഷയമാണ് ജയരാജന്‍ പ്രശ്‌നം കുടുതല്‍ വഷളാക്കിയത്. ആന്തൂരിലെ പ്രശ്‌നവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പി ജയരാജന് അനൂകൂലമായ വികാരമാണ് ഉണ്ടാക്കിയത്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ ആന്തുര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണന് വീഴ്ച പറ്റിയെന്നാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ജില്ലാകമ്മിറ്റിയും വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ അങ്ങനെ പ്രസംഗിച്ചത്. എന്നാല്‍ പാര്‍ട്ടി എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന ചോദ്യമാണ് കണ്ണൂരിലെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അതിന് ചിലപ്പോള്‍ ഉത്തരം കാണണമെങ്കില്‍ ആന്തൂരില്‍ ഇ പി ജയരാജന്റെ മകന്റെ നേതൃത്വത്തില്‍ ഉയരുന്ന റിസോര്‍ട്ടിനെക്കുറിച്ച് അറിയേണ്ടിവരും. പാര്‍ട്ടിക്കാരായ ആളുകള്‍ തന്നെ പറയുന്നത് കുന്നും മറ്റും ഇടിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് സ്റ്റോപ് മെമ്മോകള്‍ കിട്ടിത്തുടങ്ങിയതെന്നാണ്.

ജയരാജനെ നിഷ്‌ക്രിയനാക്കുകയെന്നതാവും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം അനുവര്‍ത്തിക്കാന്‍ പോകുന്ന സമീപനം. അദ്ദേഹത്തിന് പുതുതായി കാര്യമായ ഒരു ഉത്തരവാദിത്തവും നല്‍കാതിരിക്കുക. പാര്‍ട്ടിക്ക് പുറത്ത് പ്രത്യേകമായി എന്തെങ്കിലും പ്രതിച്ഛായയോ സ്വാധീനമോ ഉള്ള ആളല്ല ജയരാജന്‍ എന്നത് ചിലപ്പോള്‍ നേതൃത്വത്തിന്റെ ഈ തീരുമാനത്തിനത്തെ സഹായിച്ചേക്കും. ഇതിനൊടൊക്കെ ജയരാജന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം.

ജയരാജനെ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയോ തള്ളി മാറ്റാനോ ശ്രമിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പാര്‍ട്ടി രേഖയില്‍ പറഞ്ഞതിന്റെ ഒക്കെ എതിരായ രീതിയില്‍ ജീവിക്കുന്ന കുടുംബം എന്ന അദ്ദേഹത്തിന്റെ നാട്ടിലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്ന സെക്രട്ടറിയും പാര്‍ട്ടിക്കാരുടെ കൂടെ നില്‍ക്കുന്ന പി ജയരാജനും എന്ന ഒരു ദ്വന്ദം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സിലെങ്കിലും രൂപപ്പെട്ടിട്ട് കാലം കുറച്ചായി. അനുഭാവി വൃന്ദത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശേഷിയുള്ള വിവാദങ്ങളാണിതൊക്കെയും.

ഇങ്ങനെ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം വ്യക്തതയോടെ മുന്നോട്ടുപോകാനുളള അവസ്ഥയല്ല ഇപ്പോള്‍ സിപിഎമ്മില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നിര്‍ണായക വിഷയങ്ങളിലെ ആശയവ്യക്തത കുറവും, സംഘടന പ്രശനങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു. പാരാജയത്തിന് ശേഷം അണികളില്‍ എന്തെങ്കിലും രീതിയില്‍ ആത്മവിശ്വാസം നല്‍കാവുന്ന അവസ്ഥയിലല്ല, നേതാക്കളും. സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുമ്പോള്‍, പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം വീണ്ടും തകര്‍ന്നുപോകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കസ്റ്റഡി മരണങ്ങള്‍ പോലെ സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളും അണികളെ അസ്വസ്ഥരാക്കുന്നു. സാമുഹ്യമാധ്യമങ്ങളിലെ ഒറ്റബുദ്ധികളായ പാര്‍ട്ടി സൈബര്‍ പോരാളികള്‍ നടത്തുന്ന അപക്വമായ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ കൊണ്ട് മറികടക്കാവുന്ന പ്രതിസന്ധികളല്ല, ഇതൊന്നും. പ്രത്യേകിച്ചും ഉപതെരഞ്ഞടുപ്പുകള്‍ നടക്കാനിരിക്കെ.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍