UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദാപുരം: മത, രാഷ്ട്രീയ ഗുണ്ടകള്‍ക്ക് പ്രത്യയശാസ്ത്ര നിറം കിട്ടുമ്പോള്‍

Avatar

അന്ന എബ്രഹാം

പ്രതികാരക്കൊലകള്‍ വീണ്ടും നാദാപുരത്തിന്റെ മണ്ണിനെ കലുഷിതമാക്കുകയാണ്. കോടതി വെറുതെ വിട്ടാലൊടുങ്ങുന്ന പകയല്ല ഒന്നും. ചിലത് രാഷ്ട്രീയമായി മാത്രം വിലയിരുത്തപ്പെടുമ്പോള്‍ മറ്റ് ചിലത് വര്‍ഗീയതയില്‍ തുടങ്ങി ചോരപ്പാടുകള്‍ തീര്‍ത്തിട്ടുള്ളവയാണ്.

നാദാപുരം തൂണേരിയില്‍ 2015 ജനുവരി 22-നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. ഇതിന്‍റെ എല്ലാ ഫലങ്ങളും അനുഭവിച്ചത് നാദാപുരം, തൂണേരി, വെള്ളൂര്‍ പ്രദേശങ്ങളിലെ മുസ്ലിം കുടുംബങ്ങളാണ്. 72-ഓളം വീടുകളാണ് ആക്രമിക്കപ്പെട്ടത്. അന്ന് ഡിവൈഎഫ്ഐ – സിപിഎം പ്രവര്‍ത്തകര്‍ പ്രതികാരം ചെയ്തത് പകരത്തിന് പകരമല്ല. ഒരു പ്രദേശത്തെ ഒന്നടങ്കം ശത്രുവായി കണ്ടായിരുന്നു. ആഭരണങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെയാണ് കൊള്ള ചെയ്യപ്പെട്ടത്.

ഷിബിന്‍ വധക്കേസില്‍ തെളിവുകളുടെ  അഭാവത്തില്‍ 17 പേരെ കോടതി വെറുതെ വിട്ടത് കഴിഞ്ഞ ജൂണിലാണ്. കോടതി വെറുതെ വിട്ടാല്‍ അവിടെ അവസാനിക്കുന്നതായിരുന്നില്ല പ്രതികാരത്തിന്‍റെ ശിക്ഷ. കേസിലെ മൂന്നാം പ്രതിയായിരുന്ന താഴെകുനിയില്‍ അസ്ലം അത്തരമൊരു കാട്ടുനീതിയുടെ ഇരയാണ്. പകരത്തിന് പകരമെടുത്ത് നിയമവാഴ്ചയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടുള്ള കൊലപാതകം. ടിപി ചന്ദ്രശേഖരനില്‍ നിന്ന് പ്രതികാരത്തിനുണ്ടായ വളര്‍ച്ച 67 മുറിവുകളാണ്. 

ഒളിഞ്ഞും മറഞ്ഞുമുള്ള വെല്ലുവിളികള്‍ക്കപ്പുറത്ത് പാര്‍ട്ടികള്‍ വളര്‍ത്തുന്ന ഗുണ്ടകള്‍ ഏത് പ്രസ്ഥാനത്തിന്‍റെ പ്രത്യയശാസ്ത്രമാണ് സൂക്ഷിക്കുന്നത്? ആശയമോ രാഷ്ട്രീയമോ അല്ല, തികഞ്ഞ ഗുണ്ടായിസം മാത്രമാണ് ഇത്. ഭരിക്കുന്നത് ഇടതുപക്ഷവും ആഭ്യന്തരം സിപിഎമ്മിന്‍റേതുമാണ്. കീഴ്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും മുമ്പ് വിധി റോഡിലിട്ട് വെട്ടിത്തീര്‍ത്തു. നിയമവാഴ്ച പാര്‍ട്ടി കോടതികളിലോ പ്രവര്‍ത്തകരുടെ കോടതികളിലൊക്കെയോ ആയി. വെറുതെ വിട്ടവര്‍ കൊലപാതകികള്‍ ആവുകയോ അല്ലാതിരിക്കുകയോ ചെയ്താലും നീതി നടപ്പാക്കേണ്ടത് ആവശ്യമെന്ന പകയാണ് ഇത്തരം അരുംകൊലകള്‍. 

കാലങ്ങളായി നാദാപുരത്ത് നിന്ന് കേള്‍ക്കുന്ന സിപിഐഎം – ലീഗ് സംഘര്‍ഷങ്ങളോ ആക്രമണങ്ങളോ കൊലപാതകങ്ങളോ ഇന്ന് അധികം ശ്രദ്ധിക്കാത്ത വാര്‍ത്തകളായി. തലശ്ശേരി കഴിഞ്ഞാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്ന പ്രദേശമാണ് നാദാപുരം. കോഴിക്കോട് ജില്ലയുടെ ഭാഗമാണെങ്കിലും കണ്ണൂരിലെ അക്രമ രാഷ്ട്രീയ പശ്ചാത്തലവുമായി അടുത്തു നില്‍ക്കുന്നു ഈ പ്രദേശം. തലശേരിയിലേത് ആര്‍എസ്എസ് – സിപിഎം സംഘര്‍ഷങ്ങളാണെങ്കില്‍ നാദാപുരത്തെത്തുമ്പോഴത് സിപിഎം – ലീഗ് സംഘര്‍ഷമായി മാറുന്നു. രാഷ്ട്രീയമായി മാത്രമല്ല നാദാപുരം വിലയിരുത്തപ്പെടേണ്ടത്. മതപരവും സാമൂഹികപരവുമായ സാഹചര്യങ്ങളും കൂടി അതില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ഇവിടെ മാര്‍ക്സ്സിസ്റ്റ് – ലീഗ് സംഘര്‍ഷങ്ങളില്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്കപ്പുറത്തൊരു വര്‍ഗീയ സ്വഭാവമുണ്ട്. ഷിബിന്‍റെ കൊലപാതകത്തിന് സിപിഎം പകരം വീട്ടിയത് മുസ്ലിം ലീഗിനോടായിരുന്നില്ല.

കാലങ്ങളായി ഇവിടെ ഭൂവുടമവര്‍ഗം മുസ്ലിം മത വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികള്‍ തീയ്യരുമാണ്. അടിമ – ഉടമ വ്യവസ്ഥിതികള്‍ക്ക് മാറ്റം വന്നു തുടങ്ങിയത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടിയാണ്. പക്ഷെ മതപരമായ വേര്‍തിരിവോടെയാണ് രാഷ്ട്രീയമാറ്റങ്ങളും നടന്നത്. ആലക്കല്‍ കുഞ്ഞിക്കണ്ണനെന്ന കമ്യൂണിസ്റ്റ് തൊഴിലാളി നേതാവ് കോഴിക്കോട് നാദാപുരം പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഭൂവുടമ വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധസമരങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ജന്മിമാരാല്‍ കൊലചെയ്യപ്പെട്ടു. 1974 ലാണത്. ആ കാലങ്ങള്‍ക്ക് മുമ്പ് അവിടങ്ങളിലുണ്ടായിരുന്ന മുസ്ലീം – ഈഴവ സാമുദായിക തട്ടുകളുടെ വേരുകള്‍ ഇന്നും അറ്റുപോയിട്ടുള്ളവയല്ല.

നാദാപുരത്തെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് എ കണാരന്‍ ആയിരുന്നു. കണാരന്‍റെ തൊഴിലാളിപ്രവര്‍ത്തനങ്ങള്‍ വര്‍ഗപരം മാത്രമായിരുന്നില്ല. 1988ല്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് എ കണാരന്‍റെ വാഹനം കടന്നു വന്നതാണ് നാദാപുരം കലാപത്തിന് പെട്ടെന്നുള്ള കാരണമായി മാറിയത്. സിപിഎം – ലീഗ് അല്ലെങ്കില്‍ സിപിഎം – എസ്ഡിപിഐ, എസ്ഡിപിഐ – ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഹിന്ദു – മുസ്ലിം വര്‍ഗീയ സ്വാഭാവത്തിനൊപ്പം മുസ്ലിമില്‍ തന്നെയുള്ള തീവ്ര-മത സമീപനങ്ങളും കാരണമാണ്. എസ്ഡിപിഐയിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ കൂടുമാറുന്നത് ലീഗിനെ ചൊടിപ്പിക്കുന്നത് സ്വാഭാവികമാണ്. ഇതിന്‍റെ പേരിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 

നീതിന്യായകോടതി വെറുതെ വിട്ടവരെ പുറത്ത് വധശിക്ഷയ്ക്ക് വിധിച്ച ആദ്യത്തെ സംഭവമല്ല അസ്ലമിന്‍റേത്. കുറച്ച് പിന്നിലേക്ക് പോയാല്‍ 198-ല്‍ കാസര്‍കോട് ചീമേനിയില്‍ പാര്‍ട്ടി ഓഫീസിന് തീയിട്ട് അഞ്ച് സി പി എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് കൊലപ്പെടുത്തി. സമാനതകളില്ലാത്ത അരുംകൊലകള്‍, വെട്ടിയും കുത്തിയും ചുട്ടെരിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. 56 പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. പിന്നീട് വെറുതെ വിട്ട പ്രതികള്‍ ഒന്നൊന്നായി പലപ്പോഴായി കൊല ചെയ്യപ്പെട്ടു.

ആവര്‍ത്തിക്കപ്പെടുന്ന തുടര്‍ച്ചകളാണ് നാദാപുരത്ത്. എന്തെങ്കിലും വലിയ പ്രശ്നത്തിന്‍റെ പരിഹാരമായല്ല ഇവിടെ ആക്രമണങ്ങളും കൊലപാതകങ്ങളും. ചെറിയ ചെറിയ കശപിശകളെ പോലും മതപരമായ വിദ്വേഷമാക്കിയും രാഷ്ട്രീയവല്‍ക്കരിച്ചും കൊന്നുതീര്‍ക്കുന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും എത്രത്തോളം ജാഗ്രത പാര്‍ട്ടി പുലര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് പലയിടങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങള്‍. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി കാണിച്ച അനീതിയുടെ പരിധികള്‍ വളരെ വലുതായിരുന്നുവെന്ന് കണ്ടറിഞ്ഞവയാണ്. ടിപി വധക്കേസിലെ സിഎച്ച് അശോകന്‍ രോഗബാധിതനായി മരണപ്പെട്ടത് കൊണ്ടുമാത്രം രക്ഷപ്പെട്ട പ്രതിയാണ്. അശോകന്‍റെ സ്മാരകമായി പണിത ഷോര്‍ട്ട് സ്റ്റേ ഹോം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് വിശദീകരണം കൊണ്ട് ഉത്തരം കിട്ടുന്ന ചോദ്യമല്ല.

സിപിഎം എന്ന മതേതര പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മതത്തിന്‍റെ പേരില്‍ ഒരു വിഭാഗത്തെ ശത്രുവായി കാണുന്നു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. അപ്പോള്‍ തീവ്രവര്‍ഗീയതയുടെയും മതവാദത്തിന്റെയും വിത്തുപാകി വളരുന്ന എസ്ഡിപിഐ പോലെയുള്ള പാര്‍ട്ടികളെ ഏത് വിധത്തില്‍ ന്യായീകരിക്കണം. സിപിഐഎം – ലീഗ് സംഘര്‍ഷത്തിനിടയില്‍ വളരുന്ന ഇത്തിള്‍ക്കണ്ണികളും ചെറുതായിരിക്കില്ല. ലീഗിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള പാര്‍ട്ടി മുഖപത്രത്തിന്‍റെ എഡിറ്റോറിയലിന് മറുപടിയായി മുസ്ലിം ലീഗ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് വി.എസ് പറഞ്ഞത്. സംഘപരിവാരകാലത്ത് ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവ് സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ എത്ര മാത്രം സ്വാധീനിക്കുമെന്നുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്.

ഒരു തരത്തില്‍ ആര്‍ എസ് എസിന്‍റെ ആക്രമണസ്വാഭാവങ്ങളാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നതു എന്നു പറയേണ്ടിവരും. നാദാപുരത്തെ അക്രമപ്രവണതകളെ അടക്കാനോ ഇല്ലായ്മ ചെയ്യാനോ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഷിബിന്‍റെ കൊലയെ തുടര്‍ന്നുണ്ടായ അരുതായ്മകളെ ചെറുക്കാന്‍ എത്രകണ്ട് പാര്‍ട്ടി ശ്രമിച്ചുവെന്നതിന്‍റെ തെളിവാണ് അസ്ലമിന്‍റെ കൊലപാതകത്തിലേക്ക് നീളുന്ന ആരോപണങ്ങളോ യാഥാര്‍ഥ്യങ്ങളോ ഒക്കെ. കോടതി വെറുതെ വിട്ട കേസിലെ പ്രതിയെ കൊലപ്പെടുത്തും മുമ്പ് നല്ലൊരു വക്കീലിനെ വെച്ച് കേസ് അപ്പീല്‍ പോയിട്ടില്ല. പാര്‍ട്ടി കൊലപാതകം നിഷേധിച്ചെങ്കിലും അണികള്‍ കൊന്നതിന്‍റെ ക്രഡിറ്റ് ഏറ്റെടുത്തു കഴിഞ്ഞു. കോടതിയും പൊലീസും തോറ്റിടത്ത് പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിച്ച് അസ്ലമിനെ കൊന്ന സഖാക്കളെ അഭിനന്ദിക്കുന്ന സോഷ്യല്‍മീഡിയ സഖാക്കള്‍ക്ക് ഊരും പേരും വന്നുതുടങ്ങി. ഫെയ്ക്ക് ഐഡികള്‍ മാറി വിലാസമുള്ള വെല്ലുവിളികളിലെത്തിയ ധൈര്യമാണവ.

ആണവായുധങ്ങള്‍ക്കും വധശിക്ഷയ്ക്കുമെതിരായി നിലപാടെടുക്കുന്ന പാര്‍ട്ടിയുടെ ലേബലിലാണ് പ്രതികാരക്കൊലകള്‍ നടക്കുന്നത് എന്നതൊരു വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള അണികളുടെ കൊലവിളികള്‍ മാത്രവുമല്ലാതെയാകുന്നു ചിലത്. കൊടിയേരി ബാലകൃഷ്ണന്‍റെയും എം സ്വരാജിന്‍റെയുമൊക്കെ ചില പ്രസ്താവനകള്‍ നിസാരമായി തള്ളാന്‍ കഴിയാതെ വരുന്നത് ഇത്തരം സാഹചര്യത്തിലാണ്. വരമ്പത്ത് കൂലി കൊടുക്കാന്‍ സഖാക്കളിറങ്ങിയാല്‍ പാടത്തിറങ്ങി പണി നടത്താന്‍ ലീഗും തയ്യാറെടുക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആരംഭിച്ചത് കൊണ്ടു മാത്രം പാടത്തിറങ്ങിയവരല്ല ലീഗെന്നതും യാഥാര്‍ഥ്യമാണ്. വ്യാജ ബലാല്‍സംഗം വരെ ആരോപിച്ച് ലീഗ് ആ ചരിത്രം വ്യക്തമാക്കിയിട്ടുമുണ്ട്. 

ഒരു പ്രദേശത്തെ മുഴുവന്‍ വര്‍ഗീയതയിലും രാഷ്ട്രീയത്തിലും ഭിന്നിപ്പിച്ച് രണ്ടു തട്ടുകളാക്കിയിരിക്കുകയാണ് സമുദായങ്ങളും അതിനൊപ്പം പാര്‍ട്ടികളും. ഒരു പ്രദേശത്തെ മുറിവ് മാത്രമായി എത്രകാലം കൂടിയിത് പോകും? നാദാപുരത്തിനപ്പുറത്തേക്ക് ഇതുവരെയത് വളര്‍ന്നിട്ടില്ലെന്ന് തത്ക്കാലം ആശ്വസിക്കാം.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍