UPDATES

കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സർവകക്ഷി സംഘം കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ചപ്പോള്‍

വഴിതുറന്നത് ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയുടെ ഇടപെടല്‍

കെ എ ആന്റണി

കെ എ ആന്റണി

തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവത്തിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ സാക്ഷ്യം വഹിച്ചു. കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സർവ കക്ഷി സംഘം കൊലക്കത്തിക്ക് ഇരയായ ഒരാളുടെ വീട് സന്ദർശിച്ചു. കണ്ണൂരിലെ സി പി എം – ബി ജെ പി നേതാക്കളും അവർക്കൊപ്പം കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളാണ് കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്ന വേളയിൽ ധർമ്മടം അണ്ടലൂരിനടത്തുള്ള സ്വന്തം വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച എഴുത്താൻ സന്തോഷിന്റെ കുടുംബത്തെ സന്ദർശിക്കാനും ആശ്വാസം ചൊരിയാനുമായി എത്തിയത്. ഇങ്ങനെ ഒരു അപൂർവ്വ സംഭവത്തിന് കളമൊരുക്കിയതാവട്ടെ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയും.

സി പി എം നേതാക്കളായ പി ജയരാജൻ, എം വി ജയരാജൻ, ധർമടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ, ബി ജെപി നേതാക്കളായ പി സത്യപ്രകാശ്, കെ രഞ്ജിത്ത്, ആർ എസ് എസ് ജില്ലാ കാര്യവാഹക് കെ പ്രമോദ്, കോൺഗ്രസ്സ് നേതാക്കൾ സതീശൻ പാച്ചേനി, കെ സുരേന്ദ്രൻ, ലീഗ് നേതാവ് എൻ പി താഹിർ തുടങ്ങിയവരായിരുന്നു കളക്ടർക്കൊപ്പം സന്തോഷിന്റെ വീട്ടിൽ എത്തിയത്. കളക്ടറും സംഘവും എത്തുമ്പോൾ വീട്ടിൽ സന്തോഷിന്റെ വിധവ ബേബി മാത്രമേ ഉണ്ടായിരുന്നുള്ളു.

തികച്ചും അപ്രതീക്ഷിതമായി വീട്ടിലെത്തിയ കളക്ടറേയും രാഷ്ട്രീയ നേതാക്കളെയും കണ്ടു. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യ ബേബി അമ്പരന്നു. കളക്ടർ സ്വയം പരിചയപ്പെടുത്തി. പിന്നീട് തനിക്കൊപ്പം ഉള്ളവരെ കളക്ടർ ബേബിക്ക് പരിചയപ്പെടുത്തി. ബേബിയെ സ്വാന്ത്വനിപ്പിച്ച കളക്ടർ അവരുടെ സുഖ വിവരങ്ങൾ ആരാഞ്ഞു. തന്റെ ഭർത്താവിന് ശത്രുക്കളായി ആരും ഉണ്ടായിരുന്നില്ലെന്നും കൂലിപ്പണിയെടുത്താണ് ഭർത്താവും താനും ചേർന്ന് കുടുംബം പുലർത്തിയിരുന്നതെന്നും ബേബി കണ്ണീരോടെ കളക്ടറോട്‌ പറഞ്ഞു.

കളക്ടറും സംഘവും മടക്ക യാത്രക്ക് ഒരുങ്ങുമ്പോഴാണ് സന്തോഷിന്റെ മകൾ വിസ്മയ സ്കൂൾ വിട്ട് വീട്ടിൽ എത്തിയത്. അവളെ ചേർത്ത് നിറുത്തി സ്വാന്തനിപ്പിച്ച കളക്ടർ പുതിയ തുണി സഞ്ചിയിൽ കരുതിവെച്ച മനോരമ ഇയർ ബുക്കിന്റെ ഇംഗ്ലീഷ്, മലയാളം വാള്യങ്ങൾ അവൾക്കു സമ്മാനിക്കാനും മറന്നില്ല.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഉണ്ടായ ഒരു സംഘർഷത്തിന്റെ തുടർച്ചയായിരുന്നു സന്തോഷിന്റെ കൊലപാതകം. തങ്ങളുടെ സുഹൃത്തിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ആർ എസ് എസ് പ്രവർത്തകരോട് പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ച ഒരു സംഘം ചെറുപ്പക്കാർ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ സന്തോഷ് തനിച്ചായിരുന്നു. തികച്ചും നിരുപദ്രവകാരിയായിരുന്നാ സന്തോഷിനെ തങ്ങളുടെ ആളുകൾ കൊലപ്പെടുത്തുമെന്ന് സി പി എം നേതാക്കളോ പ്രവർത്തകരോ കരുതിയിരുന്നില്ല. അതും സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ നടക്കുന്ന വേളയിൽ. അതുകൊണ്ടു തന്നെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

അടുത്ത കാലത്തായി ജില്ലയിൽ വളർന്നുവരുന്ന ഒരു ദുഷ്പ്രവണതയുടെ തെളിവുകൂടിയായിരുന്നു സന്തോഷിന്റെ കൊലപാതകം. നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില വഷളമാർ നടത്തിക്കൂട്ടുന്ന പേക്കൂത്ത്. പലപ്പോഴും സി പി എം , ബി ജെ പി നേതാക്കൾക്ക് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാതെ പോകുന്നു എന്നത് തികച്ചും ഉല്‍കണ്ഠ ജനിപ്പിക്കുന്ന കാര്യം തന്നെയാണ്.

എന്തൊക്കെ ആയാലും കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഈ ഉദ്യമം എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നു. ഇത്തരം ശ്രമങ്ങൾ ആവർത്തിക്കുകയും പോലീസ് സംവിധാനത്തിന് സ്വതന്ത്രമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ കഴിയുകയും പിടിവിട്ടു സഞ്ചരിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള അണികളെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുകയും ചെയ്‌താൽ കണ്ണൂരിലെ ചോരക്കളിക്കു അറുതി വരും എന്ന കാര്യത്തിൽ തർക്കമില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍