UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിന്ദു കൃഷ്ണയെ സര്‍ക്കാര്‍ പേടിക്കണം; അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം നിര്‍ത്തിയാലും മതി

Avatar

കെ എ ആന്‍റണി

അല്പം വൈകിയാണെങ്കിലും ഏവരും കാതോർത്തു കാത്തിരുന്ന ആ വാർത്ത വന്നിരിക്കുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള നീക്കങ്ങൾക്കു മുന്നോടിയായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സർവകക്ഷി യോഗം വിളിച്ചു ചേർക്കും എന്ന വാർത്ത. ഇക്കാര്യം അറിയിച്ചത് മുഖ്യമന്ത്രി തന്നെ ആയതിനാലും ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത് നിയമസഭയിൽ ആയതിനാലും സംശയിക്കേണ്ട കാര്യമില്ല. സർവകക്ഷി യോഗം വിളിക്കാത്തതുകൊണ്ടാണ് കണ്ണൂരില്‍ ശാന്തിയും സമാധാനവും കൈവരാത്തതെന്നു ഇനിയാരും പാടിനടക്കേണ്ടെന്നു മുഖ്യമന്ത്രിയും തീരുമാനിച്ചുറപ്പിച്ചുവെന്നു സാരം.

പ്രതിപക്ഷത്തിന്റെ ഓലപ്പാമ്പു കണ്ടോ ബിജെപിക്കാർ നടത്തിവരുന്ന ഇപ്പോൾ പിരിച്ചുവിട്ടുകളയും എന്ന ഭീഷണി ഭയന്നോ അല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിൽ എത്തിയത് എന്ന  ഒരു കരക്കമ്പിയും പ്രചരിക്കുന്നുണ്ട്. കണ്ണൂർ പ്രശ്നത്തിൽ സർവകക്ഷി യോഗങ്ങൾ പണ്ടും നടന്നിട്ടുണ്ട്. സർവകക്ഷി യോഗം എന്നൊക്കെ പറയുമ്പോൾ ഈർക്കിൽ പാർട്ടികളെക്കൂടി യോഗത്തിനു ക്ഷണിക്കേണ്ടതുണ്ട്. സമാധാന ചർച്ചക്ക് വന്നു വമ്പൻ പ്രസംഗങ്ങൾ നടത്തി യോഗം അലമ്പാക്കി ഒടുവിൽ ചായയും കഴിച്ചു മൂട്ടിലെ പൊടിയും തട്ടി മടങ്ങുന്ന ഇത്തരം ഈർക്കിൽ പാർട്ടിക്കാർ ഉണ്ടാക്കിവെക്കുന്ന പൊല്ലാപ്പുകള്‍ കണ്ടു  മടുത്തിട്ടു തന്നെയാവണം സർവകക്ഷി യോഗമെന്ന പ്രതിപക്ഷ ആവശ്യത്തോട് നാളിതു വരെ മുഖ്യമന്ത്രി മുഖം തിരിഞ്ഞു നിന്നത്.

അതിനിടയിലാണ് കണ്ണൂരിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് സബൂറാക്കണം എന്ന സിപിഐയുടെ ആവശ്യവും ഉയർന്നത്. ഇപ്പോൾ പ്രചാരത്തിലുള്ള കരക്കമ്പികൾ പ്രകാരം സിപിഐയുടെ നിർബന്ധ ബുദ്ധിയോ ബിജെപിയുടെ വിരട്ടലോ പ്രതിപക്ഷത്തിന്റെ വിലാപമോ ഒന്നും അല്ലത്രേ പിണറായിയുടെ മനസ്സ് മാറ്റത്തിനു പിന്നിൽ. മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെയാണ് ഇത്തരക്കാർ ഉയർത്തിക്കാട്ടുന്നത്. കണ്ണൂരിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ താൻ കണ്ണൂരിൽ നിരാഹാരം ഇരിക്കുമെന്ന് രണ്ടു മൂന്നുനാൾ മുൻപ് കോൺഗ്രസിലെ മഹിളാരത്‌നം ഭീഷണി മുഴക്കിയിരുന്നു. ബിന്ദു കൃഷ്ണ ഒന്ന് ചൊന്നാൽ അത് ചൊന്നത് മാതിരി തന്നെയെന്ന് സാക്ഷാൽ പിണറായി വിജയനും അറിയാം. മഹിളാ കോൺഗ്രസ് സംസ്ഥാന മാർച്ചിനടിയിൽ വയനാട്ടിൽ വെച്ച് ഒരു പോലീസുകാരനെ ബിന്ദു നിറുത്തിപ്പൊരിക്കുന്ന ദൃശ്യങ്ങൾ പിണറായി സഖാവും കണ്ടതാവണമല്ലോ. ആ പോലീസുകാരന് പിന്നെ എന്ത് സംഭവിച്ചു എന്ന കാര്യവും പോലീസ് വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് നന്നായി അറിയാവുന്ന കാര്യം തന്നെ ആയിരിക്കണമല്ലോ.

ഒരു സ്ത്രീ പശ്ചിമ ബംഗാളിൽ സ്വന്തം പാർട്ടിക്ക് വിതച്ച നാശം എന്തെന്ന് പിണറായിക്ക് നന്നായി അറിയാം. അപ്പോൾ പിന്നെ ബിന്ദു കൃഷ്ണയെ ഭയക്കുക തന്നെ വേണം. പോരെങ്കിൽ കോൺഗ്രസിൽ  പാർട്ടി പുനഃസംഘടന നടക്കുന്നു എന്ന് കേട്ടമാത്രയിൽ നരച്ച തല കറുപ്പിച്ച് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്നൊക്കെ പറഞ്ഞ് കിളവന്മാർ പോലും അരയും തലയും മുറുക്കി യൌവ്വനയുക്തരാകുന്ന ഇക്കാലത്ത് ബിന്ദു കൃഷ്ണയെ പോലെയുള്ള ചില യുവനേതാക്കള്‍ അവിവേകം കാട്ടില്ലെന്ന്‍ ആര് കണ്ടു!

സ്വാശ്രയ വിഷയത്തിൽ തങ്ങളുടെ നേതാക്കൾ തന്നെ ഉണ്ടാക്കിവെച്ച പൊല്ലാപ്പുകൾ മറന്ന് യൂത്ത് കോൺഗ്രസ് നേതാക്കളിൽ ചിലർ നിരാഹാരം കിടന്നപ്പോൾ അവസരം ലഭിക്കാതെയോ അതല്ലെങ്കിൽ അവസരം മുതലാക്കാൻ കഴിയാതെയോ പോയ ബിന്ദു കിട്ടിയ ഈ അവസരം മുതലാക്കി മറ്റൊരു മമത ബാനർജി ആയി മാറിയാലോ എന്നൊക്കെ ആരായാലും സംശയിച്ചു പോകും.

 

യഥാര്‍ത്ഥത്തില്‍ ബിന്ദു കൃഷ്ണയെയും ഷാനിമോൾ ഉസ്മാനെയുമൊക്കെ ആദ്യം ഭയപ്പെടേണ്ടത് രമേശ് ചെന്നിത്തലയെപ്പോലെ പാർട്ടി നേതൃത്വത്തിൽ ഉള്ളവരാണ്. ബംഗാൾ കഥ മാത്രം ഓർത്താൽ മതി. വംഗനാട്ടിലെ വങ്കന്മാരായ കോൺഗ്രസ് നേതാക്കളെ ഒരു പാഠം പഠിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ട മമത അത്ര മമതയില്ലാതെയാണ് വാണരുളുന്നത് എന്ന യാഥാര്‍ഥ്യം വംഗ നാടിനു പുറത്തുള്ളവർക്കും ഇപ്പോൾ അറിയാം. യുക്തികൾ നഷ്ടമാകുന്ന ഒന്നായിരുന്നു മമതയ്ക്കെതിരെ ബംഗാളിൽ ഉരുത്തിരിഞ്ഞ സിപിഎം-കോൺഗ്രസ് ബാന്ധവം. ഒരു പക്ഷേ ഇതൊക്കെ നേരെത്തെ ആവാമായിരുന്നില്ലേ എന്ന ചോദ്യം അന്നും ആരൊക്കെയോ ഉന്നയിച്ചിരുന്നു.

കണ്ണൂർ പ്രശ്നത്തിലും കോൺഗ്രസ് നടത്തുന്ന വൃത്തികെട്ട രാത്രി സഞ്ചാരങ്ങൾ- അതും ആർ എസ് എസ് കാര്യാലയങ്ങളിലേക്ക്- നിര്‍ത്തിയാൽ തീരുന്നതേ ഉള്ളൂ കണ്ണൂരിലെ പ്രശ്നങ്ങൾ. രാത്രിയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏർപ്പാടുകൾ ഒന്ന് നിര്‍ത്തുക. അത്രമാത്രം ചെയ്‌താൽ കാര്യങ്ങൾ വളരെ ലളിതം. അല്ലാതെ നമ്മുടെ ബിന്ദു കൃഷ്ണയെ നിരാഹാരമിരുത്തി പരിഹരിക്കേണ്ട പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ണൂരിലെ കോൺഗ്രസ് നേതാക്കളെയെങ്കിലും വിഎം സുധീര ഗാന്ധി പറഞ്ഞു പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരുക്കുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍