UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ കൊലപാതകികളോട് അമ്മക്കൂട്ടായ്മയ്ക്ക് പറയാനുള്ളത്

Avatar

നെജു ഇസ്മായില്‍

ഒടുങ്ങാത്ത രാഷ്ട്രീയവൈരത്തിന്റെ കനലുകള്‍ ഉറഞ്ഞുകിടക്കുന്ന മണ്ണില്‍ നിന്നും വീണ്ടും വീണ്ടും ചുടുചോരയൊഴുകുന്നു. രാഷ്ട്രീയ പ്രതിയോഗികളുടെ തലയറുത്തും വെട്ടിയും കുത്തിയും ഇനിയും തീരാത്ത പകയുടെ നെരിപ്പോടുകള്‍ ഊതിക്കത്തിക്കുവാന്‍ പരസ്പരം കിണഞ്ഞു ശ്രമിക്കുകയാണ് രാഷ്ട്രീയ കുപ്പായമണിഞ്ഞവര്‍. 

മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന ക്രൂരതകള്‍ സ്വന്തം തട്ടകങ്ങളില്‍ അരങ്ങേറുമ്പോഴും അക്രമങ്ങള്‍ക്ക് തടയിടാതെ സ്വയം ന്യായീകരിച്ച് പരസ്പരം പഴിചാരി പാര്‍ട്ടികളും നേതാക്കളും അവരുടെ നാടിനെ വീണ്ടും വീണ്ടും ചോരക്കളമാകുന്നു. അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകളും, ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുമ്പോള്‍ കൊലപാതകങ്ങള്‍ അമര്‍ച്ച ചെയ്യാനാകാതെ നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയാതെ നിസ്സംഗരായി നില്‍ക്കുന്ന ഭരണകൂടം പതിവുകാഴ്ചയാകുന്നു.

അച്ഛന്‍ കൊലക്കത്തിക്കിരയായ അനാഥരായ പിഞ്ചുമക്കള്‍, മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍, ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട് അകാലത്തില്‍ വിധവകളായ യുവതികള്‍, കുടുംബനാഥനെ രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തി അരിഞ്ഞുതള്ളിയപ്പോള്‍ അനാഥമായ ആണ്‍തുണയറ്റ അനേകം കുടുംബങ്ങള്‍… നിയമം കയ്യിലെടുത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍, പരക്കെ വീടാക്രമണങ്ങളിലും സ്ഥാപനങ്ങള്‍ തകര്‍ക്കലിലും വിറങ്ങലിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളില്‍ പകല്‍വെളിച്ചത്തില്‍ കണ്ടകാഴ്ചകള്‍ ഉറക്കത്തില്‍ പോലും വേട്ടയാടുകയാണ് പിഞ്ചുകുഞ്ഞുങ്ങളെ.

ബോംബുനിര്‍മ്മാണം കൈത്തൊഴിലാക്കിയ ഗ്രാമങ്ങള്‍, ചോറ്റുപാത്രം വരെ നിറയ്ക്കുന്ന ബോംബുകള്‍. കുഞ്ഞുങ്ങളുടെ കളിമുറ്റങ്ങളില്‍ പോലും സ്‌ഫോടനങ്ങള്‍ നിറച്ചുവയ്ക്കുന്നു. കൈയ്യും കാലും ഛിന്നഭിന്നമായി പോകുന്ന ക്രൂരതകളില്‍ ഇരയായി നരകയാതന അനുഭവിക്കുന്നവരുടെ കഥകളും എണ്ണിയാലൊടുങ്ങാത്തത്ര!

ആരാണിതിന് ഉത്തരവാദികള്‍? പരസ്പരം കൊന്നും കൊലവിളിച്ചു ഇതുവരെ നാം എന്തു നേടി? കൊടിയുടെ നിറം നോക്കി മനുഷ്യരെ തരം തിരിക്കുമ്പോള്‍ വളരുന്ന അസഹിഷ്ണുത, ആയുധം കൈയ്യിലെടുക്കുമ്പോള്‍, എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് നമുക്ക് തന്നെയാണെന്നും, തിരിച്ചുകിട്ടാത്തത് നമ്മുടെ സമാധാനം ആണെന്നും നാം തിരിച്ചറിയാതെ പോകുന്നു.

ആരാധകരുടെ തോളിലേന്തി അലക്കിത്തേച്ച കുപ്പായമിട്ട്, ചീകി മിനുക്കിയ തലയുമായി കൈകൂപ്പിയും പരസ്പരം കൈകൊടുത്തും അരങ്ങ് വാഴുന്ന ചിരിച്ച മുഖങ്ങളില്‍ നിന്ന് രാഷ്ട്രീയ സത്യസന്ധത അന്യമാകുകയാണ്. അണിയറയില്‍ കുടിലതയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നു. അക്രമരാഷ്ട്രീയത്തിന്റെ കൊടുംവാളുകള്‍ വീണ്ടും വീണ്ടും രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പിറന്നമണ്ണ് സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ടമെന്ന് കരുതിയ ധീരദേശാഭിമാനികള്‍ക്കിടയില്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പകയുടെ ആയുധങ്ങള്‍ തലയറുത്തവരെയും നാം വീരപുരുഷന്‍മാരായി അവരോധിച്ചുകൊണ്ട് ചരിത്രം തിരുത്തിക്കുറിക്കുകയാണ്.

രക്തസാക്ഷിയും ബലിദാനിയും. ഈ പദങ്ങള്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തില്‍ പകര്‍ത്തിക്കിട്ടുന്ന പട്ടമാണ്. ഭര്‍ത്താവും മക്കളും സഹോദരന്‍മാരും നഷ്ടപ്പെട്ട കുടുംബത്തിനുമേല്‍ അഴിയാക്കുരുക്കായി ഈ പട്ടങ്ങള്‍ മുറുകിക്കിടക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരയും വേട്ടക്കാരനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അറപ്പോ വെറുപ്പോ മനംമടുപ്പോ ഇല്ലാതെ ഈ നാണയങ്ങളെ മടിശ്ശീലയിലിട്ട് കിലുക്കിക്കൊണ്ട്, അണികള്‍ക്കിടയില്‍ പകയുടെ തീപ്പന്തങ്ങള്‍ എറിഞ്ഞുകൊണ്ട് നേതാക്കള്‍ വിഹരിക്കുമ്പോഴും നാം അവര്‍ക്കുവേണ്ടി ‘ജയ്’ വിളിക്കുന്നു.

അക്രമങ്ങളില്‍ നേടിയെടുത്തവരുടെയും, നഷ്ടപ്പെട്ടവരുടെയും പരിഛേദമായി നമ്മുടെ നാട് പാര്‍ട്ടി ഗ്രാമങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ മറന്ന്, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളും രാകിമിനുക്കിയെടുത്ത കൊടുവാളുകളും അവയേന്തുവാന്‍ തയ്യാറുള്ള അണികളും ക്രിമിനല്‍ സംഘങ്ങളും സ്വന്തമായി വിഹരിക്കുന്ന നാട്ടില്‍ ഓരോ വീടുകളും പരസ്പരം കൊല്ലുവാന്‍ ആയുധങ്ങള്‍  ഒളിപ്പിച്ചുവയ്ക്കും മുന്നേ ഒന്നോര്‍ക്കുക. ‘നഷ്ടപ്പെടുന്നത് അണികള്‍ക്ക് മാത്രമാണ്. വിധവകളും അനാഥരും അവരുടെ വീട്ടില്‍ മാത്രമാണുള്ളത്, നേതാക്കളുടെ വീട്ടിലില്ല.’ കലാപഭീതിയില്‍ അന്തിയുറങ്ങുന്ന, തുടര്‍ച്ചയായി രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറുന്ന ഒരു നാട്ടില്‍ നിന്ന് നെഞ്ച് പിടഞ്ഞ്, മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും അകാലത്തില്‍ വിധവകളാക്കപ്പെട്ടവര്‍ക്കും വേണ്ടി നടന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണിത്. പ്രതിയോഗികളുടെ തലയറുക്കുവാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്ന ഓരോ പുരുഷന്‍മാരോടും ഞങ്ങള്‍ക്ക് പറയാനുള്ളതും ഇതുതന്നെയാണ്.

ചൂടുചോരയുടെ ഗന്ധവും, ആര്‍ത്തലക്കുന്ന നിലവിളികളും സ്വന്തം കുഞ്ഞുങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുമ്പോള്‍ ഓരോ അമ്മയും തീപിടിക്കുന്ന മനസ്സുമായി വഴിക്കണ്ണുകളുമായി സ്വന്തം പുരുഷനെ കാത്തിരിക്കുന്ന ഒരോ സ്ത്രീയും ഈ നാരാധമന്‍മാരുടെ മുന്നില്‍ ആളിപ്പടരുക. അല്ലെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ശ്മശാനഭൂമിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അനാഥരായി അലയുന്ന കാഴ്ച നമുക്ക് കാണേണ്ടി വരും.

(കൊടുങ്ങല്ലൂര്‍ അമ്മക്കൂട്ടായ്മ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍