UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍; എവിടെപ്പോയി നമ്മുടെ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ഗാന്ധിയന്‍മാര്‍…

Avatar

ജോയ് കൈതാരം

അക്രമരാഷ്ട്രീയത്തിനെതിരെ സി.പി.എമ്മിന്റെ ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ബി.ജെ.പി. മാര്‍ച്ച് നടത്തുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഒരു വീഴ്ചയും വരുത്തിയില്ല, ഇരുട്ടി വെളുക്കുമ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ തലയെടുത്ത്, 1-1 എന്ന നിലയില്‍ എത്തി. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിക്കും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നുകഴിഞ്ഞു. കാരണം നിയന്ത്രിക്കണമെന്ന ആത്മാര്‍ത്ഥമായ താല്‍പര്യം ഒരു പാര്‍ട്ടിക്കും ഇല്ല.

കേന്ദ്രനേതൃത്വം ഇടപെട്ട് കേരളത്തില്‍ കൊലപാതകരാഷ്ട്രീയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. മാര്‍ച്ച് നടത്തിയത്; ഈ ജാഥ തുടങ്ങുന്നതിനു മുമ്പേ കൊലപാതകം ആസൂത്രണം ചെയ്തു എന്നതിനുള്ള തെളിവാണ് സി.പി.എം. പ്രവര്‍ത്തകന്റെ കൊല. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളാണ് കണ്ണൂരില്‍ കൊലകത്തികളുമായി മുഖാമുഖം നില്‍ക്കുന്നത്.

ജനങ്ങളുടെ സമാധാനം ഉറപ്പാക്കുന്നതിനായി പരസ്പരം മത്സരിച്ച് നന്മ വളര്‍ത്തുന്ന രാഷ്ട്രീയ ദര്‍ശനത്തെക്കുറിച്ചാണ് ഇരു പാര്‍ട്ടികളും വാചാലമാകുന്നത്. അപരന്റെ വാക്കുകളെ ഒരു സംഗീതം പോലെ ആസ്വദിക്കുന്ന കാലഘട്ടത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരും ഏകാത്മ മാനവദര്‍ശനത്തെക്കുറിച്ച് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് ബി.ജെ.പി.യും മേനി പറയാറുണ്ട്. നന്മ പ്രഖ്യാപിക്കുന്ന ഈ പ്രത്യയശാസ്ത്ര ഊറ്റം കൊള്ളലുകള്‍ വെറും പൊള്ളയാണെന്ന് നാം വിശ്വസിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. സ്വന്തം അനുയായികളെപ്പോലും തങ്ങളുടെ രാഷ്ട്രീയ ദര്‍ശനം പഠിപ്പിക്കാന്‍ കഴിയാത്ത ഈ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കേണ്ടിവരുന്ന അവസ്ഥ എത്ര ഭീകരമാണ്!

യഥാര്‍ത്ഥ രാഷ്ട്രീയം എന്തെന്നു രാഷ്ട്രബോധമുള്ള പൗരന്‍മാര്‍, എല്ലാം തികഞ്ഞവരാണ് അഭിമാനിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ പഠിപ്പിക്കേണ്ടിവരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നിശബ്ദമായി പ്രകടിപ്പിക്കുന്ന പ്രതികരണ രീതിയില്‍ പുനര്‍ചിന്തനം നടക്കേണ്ട സമയമാണെന്ന് ഈ കൊലപാതകങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നു. അധികാരത്തില്‍ ഏറ്റുകയോ അകറ്റുകയോ ചെയ്യുന്നതിനപ്പുറം മാനവികതയുടെ രാഷ്ട്രീയത്തിന് വലിയ സ്ഥാനമുണ്ട്. 

മക്കളെ നഷ്ടപ്പെട്ട അമ്മമാരും ഭര്‍ത്താവിന്റെ അകാലത്തില്‍ വിധവകളാക്കപ്പെട്ട ചെറുപ്പക്കാരികളും അച്ഛനെ നഷ്ടപ്പെട്ട മക്കളും സൃഷ്ടിച്ചെടുത്ത ഈ അവസ്ഥ നമുക്ക് മുന്നില്‍ വലിയ ചോദ്യമാണ്. ഞങ്ങളുടെ മക്കളെ/ഭര്‍ത്താവിനെ/അച്ഛനെ നഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ എന്തുചെയ്തുവെന്ന അവരുടെ ചോദ്യത്തിന് മുന്നില്‍ നമുക്ക് തലകുനിക്കേണ്ടിവരും. നിയമവാഴ്ചയുടെ അപ്പുറത്താണ് ഈ ചോദ്യം ഉയര്‍ത്തുന്ന ബാധ്യത. അധികാരകേന്ദ്രത്തിന്റെ അജ്ഞതയ്ക്ക് അപ്പുറത്തേക്ക് ഭരണനിര്‍വ്വഹണ അധികാരികളുടെ കണ്ണും കാതും എത്താതിരിക്കുന്ന ഈ കാലത്ത്, ചോരക്കളി തടയാന്‍ നമ്മള്‍ തന്നെ ഇറങ്ങേണ്ടതുണ്ട്.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരും ഡോ. സുകുമാര്‍ അഴിക്കോടും ജീവിച്ചിരുന്ന കാലത്തും ഇത്തരം കൊലപാതകങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും തെറ്റുചെയ്യുന്നവരുടെ തെറ്റും കുറ്റവും ചൂണ്ടിക്കാട്ടാന്‍ അവരുടെ ചൂണ്ടുവിരല്‍ കുറ്റവാളികള്‍ക്കു നേരെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയനേതൃത്വത്തിനു നേരെ നിര്‍ഭയമായി അവര്‍ ഉയര്‍ത്തിയ മൂര്‍ച്ചയുള്ള വാക്കുകളെ ഭയത്തോടെയാണ് ശ്രവിച്ചത്. ഇന്ന് ഇത്തരം വാക്കുകള്‍ ഇല്ല. കക്ഷി രാഷ്ട്രീയത്തിന്റെ നിഴല്‍പറ്റി, തന്റെ കോട്ടങ്ങള്‍ക്ക് മറയിട്ട് അധികാരം സ്വന്തമാക്കാന്‍ നിരനിരയായി നില്‍ക്കുന്ന എഴുത്തുകാരുടേയും ബുദ്ധിജീവികളുടെയും നിശബ്ദത ഏറെ ഭയപ്പെടുത്തുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെ തടവറയില്‍ ഇല്ലാത്ത, കൊലപാതക രാഷ്ട്രീയത്തിനെതിരെ തന്റെ നിലപാടുകള്‍ ജനങ്ങളോട് പറയാന്‍ ധൈര്യം കാണിക്കുന്ന ശ്രീനിവാസന്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗിക നിര്‍ദ്ദേശവും സംഘാടനവുമായി മുന്നോട്ട് വരണം. തിരശ്ശീലയ്ക്ക് പുറത്തേക്ക് ഇറങ്ങിവരണം. സമാനചിന്താഗതിക്കാരായ എം.ടി.വാസുദേവന്‍നായര്‍, സാറാ ജോസഫ് എന്നിവരും മുന്നോട്ടിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങളോട് നിര്‍ഭയമായി സംവദിക്കാന്‍ പ്രാപ്തിയുള്ള ആളുകളുടെ മികവ് പ്രകടിപ്പിക്കേണ്ട കാലം മുന്നിലെത്തി.

സൈബര്‍ രംഗത്തെ മനുഷ്യസ്‌നേഹികളുടെ പോസ്റ്റുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കൊല നടത്തുന്നവരുടെ മാനസികാവസ്ഥയെ പിന്തിരിപ്പിക്കുന്ന ചിന്തകളേയും പ്രവര്‍ത്തനത്തേയുമാണ് കേരളം കാത്തിരുന്നത്. ചരിത്രം നാളെ കുറ്റക്കാരനെന്നു വിധിക്കാതിരിക്കാന്‍ സമാധാനത്തിനായി നാം തെരുവിലിറങ്ങിയേ തീരൂ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കണ്‍വീനറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍