UPDATES

വാളെടുത്തു കഴുത്തു വെട്ടാതെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം; എം മുകുന്ദന്‍

അഴിമുഖം പ്രതിനിധി

വാളെടുത്തു കഴുത്തു വെട്ടാതെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണമെന്ന് എം മുകുന്ദന്‍. സാംസ്കാരിക പ്രതിബദ്ധതയ്ക്കു പേരുകേട്ട, നന്മയും ആര്‍ദ്രതയും നിറഞ്ഞ മനോഹരമായ കണ്ണൂര്‍ ഇന്ന് രണാങ്കണമായി മാറിയിരിക്കുകയാണ്. നിരവധി അമ്മമാര്‍ക്ക് മക്കള്‍ നഷ്ടപ്പെട്ടു, ജീവിച്ച് കൊതി തീരും മുമ്പെ എത്ര പെണ്‍കുട്ടികള്‍ വിധവകളായി എത്ര കുഞ്ഞുങ്ങള്‍ക്ക് മക്കള്‍ നഷ്ടപ്പെട്ടു ഒരുനാട് മുഴുവന്‍ ഹൃദയം പൊട്ടി നിലവിളിക്കുകയാണ്. ഈ നിലവിളി കണ്ണൂരില്‍ രക്തം വീഴ്ത്തുന്ന രണ്ടു കക്ഷികളും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

കല്‍ബുര്‍ഗിയും ദബോല്‍ക്കറും പന്‍സാരെയും കൊല്ലപ്പെട്ടപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ എഴുത്തുകാരെക്കാളും പ്രതികരിച്ചത് കേരളത്തിലെ എഴുത്തുകാരാണ്. മാധ്യമങ്ങള്‍ എപ്പോഴും എഴുത്തുകാരുടെ പ്രതികരണം ചോദിച്ചുകൊണ്ടു വിളിക്കുന്നു. സാഹിത്യകാരന്മാര്‍ പ്രതികരിച്ചതുകൊണ്ട് എന്തു ഫലം. എഴുത്തുകാരുടെ പ്രതികരണം ആര് കേള്‍ക്കാനാണ് മുകുന്ദന്‍ ചോദിക്കുന്നു.

ഫാസിസ്റ്റ് കക്ഷികള്‍ കൊലചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ അതുപോലെ തിരിച്ചും അരും കൊലകള്‍ ചെയ്താല്‍ രണ്ടു കക്ഷികളും തമ്മില്‍ എന്താണ് വ്യത്യാസം അപ്പോള്‍  രണ്ടു കക്ഷികളും ഫാസിസ്റ്റ് ആകുകയല്ലേ എന്നും മുകുന്ദന്‍ ചോദിക്കുന്നു. 

നാലരപ്പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഒരുപാട് കൂടിയാലോചനകള്‍ നടന്നിട്ടും നരഹത്യകള്‍ തുടരുകയാണ്. അതുകൊണ്ടു തന്നെ കൂടിയാലോചകളിലും ചര്‍ച്ചകളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാനവികതയില്‍ വിശ്വസിക്കുന്നവര്‍ ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. വാളെടുത്തു കഴുത്തു വെട്ടാതെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ ഇരു കക്ഷികളും ശീലിക്കേണ്ടിയിരിക്കുന്നു എന്നും മുകുന്ദന്‍ പറഞ്ഞു.

നിലവിളിക്കുന്നത് നിര്‍ത്തി ഒരിക്കല്‍ ജനങ്ങള്‍ കൊലയാളികള്‍ക്ക് നേരെ ഉയര്‍ത്തെഴുന്നേല്‍ക്കും. ഏത് അപഥസഞ്ചാരികളെയും നേര്‍വഴിക്ക് നടത്താന്‍ ജനങ്ങള്‍ക്ക് കഴിയും എന്നതിന് ചരിത്രത്തില്‍ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടെന്നും മുകുന്ദന്‍ വ്യക്തമാക്കി.

മാതൃഭൂമി പത്രത്തിലാണ് എം മുകുന്ദന്റെ പ്രതികരണം വന്നിരിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍