UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍; ചിലർ നിയമത്തെക്കുറിച്ചു സംസാരിക്കുന്നു, ചിലർ നീതിയെക്കുറിച്ചും

“നഷ്ടമാകുന്നത് ഒട്ടേറെ മനുഷ്യ ജന്മങ്ങളാണ്. ദേഹം ആസകലം വെട്ടേറ്റു പിടഞ്ഞു തീരുന്ന ഓരോ ജന്മവും പാഴ് ജന്മമെന്ന പഴം വാക്കു ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ച കോഴി എന്ന പതിവ് വാക്കും കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ നിഘണ്ടുവിൽ നിന്നും മാഞ്ഞു പോയേ മതിയാവു.”

കെ എ ആന്‍റണി

ചിലർ നിയമത്തെക്കുറിച്ചു സംസാരിക്കുന്നു. ചിലർ നീതിയെക്കുറിച്ചും. സത്യത്തിൽ ആരാണ് നിയമത്തെക്കുറിച്ചു സംസാരിക്കുന്നതെന്നും ആരാരൊക്കെ നീതിയെക്കുറിച്ചു സംസാരിക്കുന്നു എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കേണ്ടതില്ല. പറഞ്ഞു വരുന്നത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഇനിയും സാധ്യമാകാത്ത സമാധാനത്തെക്കുറിച്ചും ആകുമ്പോൾ ആർക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളു ഇതൊക്കെ.

“ഞങ്ങൾ പാവങ്ങൾ.” ഞങ്ങൾ കണ്ണൂരിൽ വളര്‍ച്ച പ്രാപിക്കുന്നത് സഹിക്കാനാവാത്ത സിപിഎം നേതാക്കളും അവരുടെ കിങ്കരന്മാരുമാണ് സകലമാന പ്രശ്നങ്ങൾക്കും കാരണക്കാർ എന്നാണു ബി ജെ പി-ആർ എസ് എസ് നേതാക്കൾ പറയുന്നത്. എന്ന് വെച്ചാൽ തങ്ങൾ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള അവകാശത്തിനു വേണ്ടിയാണ് പോരാടുന്നതെന്നും തങ്ങൾക്കു നീതി ലഭിക്കണമെന്നും സാരം.

സിപി എമ്മും മുന്നോട്ടുവെക്കുന്നത് ഏതാണ്ട് സമാനമായ ന്യായ വാദമാണ്. ബിജെപി-ആർ എസ് എസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു തങ്ങളുടെ പാർട്ടിയിൽ ചേരുന്നതിൽ വിളറി പൂണ്ട സംഘപരിവാർ സംഘടനാ നേതാക്കൾ അക്രമം അഴിച്ചുവിടുകയാണെന്നും തങ്ങൾക്കാണ് നീതി കിട്ടേണ്ടതെന്നും അവർ പറയുന്നു.

സിപിഎം പറയുന്നതിൽ അൽപ്പം കാര്യമില്ലാതെ ഇല്ല. ഈ സീസണിലെ ആദ്യ കൊലപാതകം തിരഞ്ഞെടുപ്പ് വിജയ റാലിക്കിടയിൽ പിണറായിയിൽ നടന്ന സിപിഎം പ്രവർത്തകന്റേതായിരുന്നു. ചോരക്കു ചോര കൊണ്ട് മറുപടി എന്ന സ്ഥിരം ഏർപ്പാട് സി പി എമ്മും നടപ്പിലാക്കി. കാര്യങ്ങൾ ഏതാണ്ട് ശാന്തമായി വരുന്നതിനു ഇടയിലായിരുന്നു രാമന്തളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ കൊലപാതകം. മണിക്കൂറുകൾക്കുള്ളിൽ നടന്ന തിരിച്ചടിയിൽ പയ്യന്നൂർ അന്നൂരിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. വീണ്ടും കാര്യങ്ങൾ അല്പം ശാന്തമായ വേളയിലായിരുന്നു പാതിരിയാട്ടെ സിപിഎം പ്രാദേശിക നേതാവിന്റെ കൊലപാതകം. പതിവ് പോലെ ആ കൊലപാതകവും മറ്റൊരു കൊലപാതകത്തിൽ തന്നെയാണ് കലാശിച്ചത്.

എന്ന് കരുതി അവർ പറയുന്നത് മാത്രമാണ് സത്യമെന്നും ശരിയെന്നും പറയുമ്പോൾ അശാന്തമാകുന്നത് ഒരു നാടിന്‍റെ മനസ്സാണ്. നഷ്ടമാകുന്നത്  ഒട്ടേറെ മനുഷ്യ ജന്മങ്ങളാണ്. ദേഹം ആസകലം വെട്ടേറ്റു പിടഞ്ഞു തീരുന്ന ഓരോ ജന്മവും പാഴ് ജന്മമെന്ന പഴം വാക്കു ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്‍ച്ച കോഴി എന്ന പതിവ് വാക്കും കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ നിഘണ്ടുവിൽ നിന്നും മാഞ്ഞു പോയേ മതിയാവു. രക്‌തസാക്ഷിത്വങ്ങൾ പ്രസ്ഥാനങ്ങൾക്ക് ഉതകും. കുടുംബങ്ങൾ രക്ഷപ്പെടുമെന്ന ആ പഴയ ധൈര്യം ഇന്നത്ര പ്രസക്തമാണെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്.

കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിത്രം അറിയുന്ന ആർക്കും മനസ്സിലാകുന്ന നട്ടാൽ കുരുക്കാത്ത നുണകളാണ് പലപ്പോഴും സംഘികൾ മുളപ്പിച്ചു വിതരണം ചെയ്യുന്നത്. ഇക്കാര്യത്തിൽ സിപിഎം ഒട്ടും പിന്നിലല്ല എന്നിടത്താണ് കണ്ണൂരിൽ സമാധാനം അസാധ്യമാകുന്നത്. നുണയെ പെരും നുണകൊണ്ടു എതിരിടുന്ന ഈ രീതിശാസ്ത്രം മാറേണ്ടിയിരിക്കുന്നു. മാറിയില്ലെങ്കിൽ ഇപ്പോൾ മാറ്റിക്കളയുമെന്നു പറയുന്ന കോൺഗ്രസ് ബുദ്ധി തമ്മിലടിക്കുന്ന രണ്ടു മുട്ടനാടുകൾക്കിടയിലെ കുറുക്കന്റെ കൗശലമാണെന്നു കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം പലപ്പോഴും സാക്ഷ്യപ്പെടുത്തിയതുമാണ്.

കണ്ണൂരിനെ അറിയുന്നവർക്കറിയാം എങ്ങിനെ    ഇത്തരത്തിലൊരു പ്രാകൃത സംസ്കാരം രൂപപ്പെട്ടുവെന്നു. ജന്മിത്തവും കാർഷിക കലാപങ്ങളും കമ്മ്യൂണിസ്റ്റ് -കോൺഗ്രസ് പോരാട്ടങ്ങളും അധികം വൈകാതെ തന്നെ സിപിഎം – ആർ എസ് എസ്  സംഘട്ടനങ്ങളിലേക്കും അറുംകൊലകളിലേക്കും വളരുകയായിരുന്നു.

നിയമം നിയമത്തിന്റെ വഴിക്കു പൊയ്ക്കൊള്ളും. നീതിയെക്കുറിച്ച് ഒരുപാട് വാചാലനായി നീതി രാഹിത്യം ഉറപ്പുവരുത്തലല്ല തങ്ങളുടെ കർത്തവ്യം എന്ന് ഓരോ രാഷ്ട്രീയ പാർട്ടിയും സംഘടനയും തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നലെയും ഒരു സർവകക്ഷി സമാധാന യോഗം നടന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ. മുഖ്യമന്ത്രി നേരിട്ടു യോഗം വിളിച്ചാൽ മാത്രമേ പങ്കെടുക്കുകയുള്ളുവെന്നു ശാഠ്യം പിടിച്ചിരുന്ന ബിജെപി -ആർ എസ് എസ് നേതാക്കൾ ഒടുവിൽ യോഗത്തിൽ പങ്കെടുത്തു. അപ്പോഴും ഉണ്ടായിരുന്നു ഇരുകൂട്ടർക്കും ന്യായ വാദങ്ങൾ. തങ്ങളാണ് ശരി എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ. ഒടുവിൽ ഒരു സമാധാന കമ്മിറ്റി രൂപീകരണം വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരണം വാഗ്‌ദാനം ചെയ്തിട്ടുമുണ്ട്. അത്രയും നല്ലത്. ഈ ഉറപ്പു പാലിക്കപ്പെട്ടാൽ മതിയായിരുന്നു. അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശിക്കാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍