UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിക്കും കുമ്മനത്തിനും സമാധാന യോഗത്തില്‍ വായിക്കാന്‍ ഒരു തുറന്ന കത്ത്

Avatar

കിരണ്‍ കെ കൃഷ്ണ

പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് പിണറായിയും ബിജെപി. സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരനും അറിയാന്‍, 

കൊല്ലം ജില്ലയില്‍ പത്തനാപുരം മണ്ഡലത്തില്‍ ജീവിക്കുകയും ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍റെ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിആയിരുന്ന കെ ബി ഗണേഷ് കുമാറിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍.

കുത്തഴിഞ്ഞ ഒരു ഭരണത്തിന്‍റെ അന്ത്യംകുറിക്കാനായി കേരളത്തിലെ വോട്ടര്‍മാര്‍ അകമഴിഞ്ഞു സഹായിച്ചതിനാലാണ് നമ്മള്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. സ്വാഭാവികമായും യുഡിഎഫ് രണ്ടാമത് വരികയും ചരിത്രത്തില്‍ ആദ്യമായി ബിജെപി നേമം മണ്ഡലത്തില്‍ താമര വിരിയിക്കുയും ചെയ്തു. അങ്ങയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ നിന്നും പ്രതീക്ഷിക്കുന്നത് അഴിമതിരഹിതവും കളങ്കരഹിതവും സമാധാനപൂര്‍ണ്ണവുമായ ഒരു ഭരണമാണ്. പക്ഷെ തിരഞ്ഞെടുപ്പ് വിജയാഹ്ളാദത്തോടെ കേരളത്തിന്‍റെ കണ്ണീരായ കണ്ണൂരില്‍ സഖാവിന്‍റെ സിപിഎമ്മും കുമ്മനം ചേട്ടന്‍റെ ബിജെപിയുമായുള്ള പോര്‍വിളി പരകോടിയിലെത്തി. അന്നു മുതല്‍ നിങ്ങള്‍ രണ്ടുപേരുടെയും പാര്‍ട്ടികള്‍ തമ്മില്‍ അരിഞ്ഞുവീഴ്ത്തിയ ജീവിതങ്ങളെ പറ്റി ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ പരസ്പരം സ്കോര്‍ തുല്യനിലയില്‍ എത്തിക്കാന്‍ മത്സരിക്കുന്നു. ഒരാളെ വെട്ടിയാല്‍ രണ്ടുപേരെ തിരികെ വെട്ടുന്നു. ഒരാളെ കൊന്നാല്‍ അതിന്‍റെ ചിതയൊടുങ്ങും മുന്‍പേ മറ്റേപാര്‍ട്ടിയില്‍ ഒരാളുടെ വീടിനു മുന്നില്‍ നിങ്ങള്‍ പന്തല്‍ ഇടീക്കുന്നു. വരമ്പത്ത് കൂലി കൊടുക്കുമെന്ന് ഒരാള്‍, പാടത്തു പണി നന്നായി എടുക്കുമെന്ന് മറ്റൊരാള്‍. നിങ്ങള്‍ പണികൊടുക്കുകയും കൂലി കൊടുക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൂലിയും പണിയും വാങ്ങുന്ന കുടുംബങ്ങളെ, അവിടുത്തെ അമ്മമാരെ, സഹോദരിമാരെ, മക്കളെ, ഭാര്യയെ കുറിച്ച് നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?

കുമ്മനം ചേട്ടാ, പിണറായി സഖാവേ നിങ്ങള്‍ രണ്ടാളും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ രാഷ്ട്രീയമായും ആശയപരമായും ഏറ്റുമുട്ടുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വിഷമവും ഇല്ല. പക്ഷെ ആ ആശയങ്ങളില്‍ വിശ്വസിച്ചു നിങ്ങളുയര്‍ത്തിയ കൊടികള്‍ മാറോട് ചേര്‍ത്ത്പിടിച്ചു ആവേശം കൊള്ളുന്ന പാവം സാധാരണജനങ്ങളുടെ, പാര്‍ട്ടി അംഗങ്ങളുടെ വീട്ടിലേക്കു വെട്ടിക്കീറി തുന്നിക്കെട്ടിയ ശരീരമായി നിങ്ങളുടെ കൊടിയും പുതപ്പിച്ചു ചെല്ലുന്ന ജീവിതങ്ങള്‍ ആ കുടുംബങ്ങള്‍ക്ക് നല്‍കുന്ന തീരാവേദന എത്രയെന്നു നിങ്ങള്‍ക്ക് അറിയാമോ?

ഒരു ജീവിതവും നിങ്ങള്‍ക്ക് തിരികെ നല്‍കാനാവില്ല. സഖാക്കളെയും, സഹപ്രവര്‍ത്തകരെയും നിങ്ങള്‍ക്ക് രക്തസാക്ഷികളും ബലിദാനികളുമാക്കാം. പക്ഷെ അവരെ തിരികെ അച്ഛനും മകനും സഹോദരനുമാക്കി നല്‍കാന്‍ നിങ്ങള്‍ക്കാവില്ല. ആ വീടുകളില്‍ അണയുന്ന നക്ഷത്രങ്ങള്‍ നിങ്ങളുടെ മുദ്രാവാക്യങ്ങളില്‍ ജീവിച്ചേക്കാം. പക്ഷെ കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ ആ നക്ഷത്രങ്ങള്‍ എന്നെന്നേക്കുമായി അണയുകയാണ്. വര്‍ഷാവര്‍ഷം ആഘോഷമായി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു നമുക്ക് അനുസ്മരണ യോഗം നടത്തി വീണ്ടും ഓര്‍ക്കാം. പിറ്റേന്ന് നമ്മള്‍ മറക്കും. പിന്നെ ഒരു വര്‍ഷം കഴിയണം ഓര്‍മ്മ നമുക്ക് തിരികെ കിട്ടാന്‍. പക്ഷെ രക്തസാക്ഷികളുടെയും ബലിദാനികളുടെയും ഓര്‍മ്മകള്‍ ആ കുടുംബങ്ങളില്‍ ആവേശമല്ല നെഞ്ചിന്‍ കൂടിനുള്ളില്‍ വിങ്ങലായി, നീറുന്ന വേദനയായി ഓര്‍മ്മയായി എന്നുമുണ്ടാകും. നിങ്ങളുടെ ഉയര്‍ന്നു പൊങ്ങുന്ന ചുരുട്ടിയ മുഷ്ടികള്‍ക്കിടയില്‍ സ്വന്തം പിതാവിന്‍റെയും മകന്‍റെയും സഹോദരന്‍റെയും മുഷ്ടികള്‍ കാണാതെ പിടയുന്ന മനസുമായി നീറിക്കഴിയുന്ന കണ്ണൂരിലെ സ്ത്രീകളെ നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? നിങ്ങള്‍ കൊന്നൊടുക്കിയ രക്തസാക്ഷികളുടെയും ബലിദാനികളുടെയും വീട്ടില്‍ വിങ്ങിപ്പൊട്ടുന്ന മാതൃഹൃദയങ്ങളെ നിങ്ങള്‍ കാണാറുണ്ടോ? അച്ഛാ എന്ന് മുഴുക്കെ വിളിക്കാന്‍ പ്രായമില്ലാത്ത മക്കളുടെ മുന്നില്‍ നിങ്ങള്‍ ചോരക്കളം തീര്‍ത്തിട്ടില്ലേ? ആ മക്കള്‍ നിങ്ങളോട് എന്ത് തെറ്റാണു ചെയ്തത്? ഇതിലെല്ലാം നിങ്ങള്‍ പരസ്പരം മത്സരിക്കുകയല്ലേ?

ഏറ്റവുമൊടുവില്‍ നിങ്ങള്‍ പരസ്പരം കൊന്നുതള്ളിയ ആളുകളെ നോക്കൂ. ഒരാള്‍ കള്ളുഷാപ്പ് തൊഴിലാളി, ഒരാള്‍ ഡ്രൈവര്‍. എന്നും അങ്ങനെ തന്നെ ആയിരുന്നു; ഇന്നുവരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ടെക്കിയോ സമ്പന്നനൊ കണ്ണൂരില്‍ ചോരപുരണ്ടു കാണില്ല. വീണ ചോരയിലെല്ലാം വിയര്‍പ്പുതുള്ളികള്‍ ഒപ്പമുണ്ടായിരുന്നു. സഖാവെ, കുമ്മനംചേട്ടാ അവര്‍ രണ്ടുപേരും അന്നന്നത്തെ അധ്വാനത്തില്‍ നിന്നും അവരവരുടെ ജീവിതം നെയ്യുന്നവരായിരുന്നു. ആ യുവാവാകട്ടെ അവന്റെ ചെറുപ്പത്തില്‍ തന്നെ അവന്‍റെ അച്ഛനെയും അതുപോലെ അരിഞ്ഞിട്ടത് കാണേണ്ടിവന്നവന്‍. ആ ചെറുപ്പക്കാരന്റെ അമ്മയുടെ അവസ്ഥ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചോ? സ്വന്തം ഭര്‍ത്താവും മകനും വെട്ടിനുറുക്കപ്പെട്ടുകിടക്കുന്ന കാഴ്ച കണ്ട ആ സ്ത്രീ അവരുടെ ജീവിതത്തിലിനി മറക്കുമോ? അവരുടെ കണ്ണുനീര് തോരുമോ? ആ അമ്മയുടെ നെഞ്ചിലെ നീറ്റല്‍ മായുമോ? ഒരിക്കലുമില്ല… അവരുടെ മാത്രമല്ല ഒരു രക്തസാക്ഷിയുടെയും, ബലിദാനിയുടെയും വീട്ടിലെ ഒരമ്മയുടെയും കണ്ണുനീര്‍ തോരില്ല.

പിണറായി സഖാവെ, അങ്ങ് കേരളമുഖ്യമന്ത്രിയാണ്. അങ്ങയ്ക്ക് നല്ല മാതൃകകള്‍ കാണിക്കാന്‍ കഴിയും. അങ്ങ് അതിശക്തനാണ് പാര്‍ട്ടിയില്‍. തീരുമാനം നടപ്പിലാക്കാന്‍ അങ്ങയ്ക്ക് കഴിയും. സഖാവെ നമ്മള്‍ കമ്മ്യൂണിസം വളര്‍ത്തേണ്ടത് കൊന്നും കൊലവിളിച്ചുമാണോ? നമ്മള്‍ കൊയ്യുന്ന തലകള്‍ നമ്മുടെ പാര്‍ട്ടിയില്‍ അണികളെ വര്‍ദ്ധിപ്പിക്കുമോ? നമ്മള്‍ ഭയപ്പെടുത്തിയാല്‍ കാവിയുടെ തണലില്‍ നിന്നാരെങ്കിലും നമ്മുടെ ചെങ്കൊടി പിടിക്കുമോ? അങ്ങനെ പിടിച്ചാല്‍ തന്നെ ആ കൈകള്‍ തളരില്ലേ? നമ്മുടെ വീര്യവും വിപ്ലവവും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുമോ? നമ്മള്‍ ഒന്ന് കൊന്നാല്‍ അവരും കൊല്ലും. നമ്മള്‍ ലീഡ് പിടിച്ചാലും അവര്‍ അടുത്ത ബൂത്തില്‍ ലീഡ് നേടും. മരണത്തിന്‍റെ ലീഡ്. നമ്മുക്ക് സ്ഥിരമായി ലീഡ് നിലനിര്‍ത്താനോ, ജയിക്കാനോ കഴിയാത്ത ഒരങ്കത്തിനു ചേകവന്മാരായി നമ്മുടെ സഖാക്കളേ അണിയിച്ചു നിര്‍ത്തണോ? അങ്കക്കച്ച മുറുക്കുന്ന സഖാക്കളേ തടുത്തു നിര്‍ത്താന്‍ അങ്ങേയ്ക്ക് കഴിയില്ലേ? ആയുധം താഴെ ഇടീക്കാന്‍ പടനായകനായ അങ്ങയ്ക്ക് കഴിയില്ലേ?അങ്ങയ്ക്ക് കഴിയും എന്നാണ് എന്‍റെ വിശ്വാസം. 

കുമ്മനം ചേട്ടാ, കാവി ഒരുപാട് ചോര കണ്ടതാണ്. കുരുക്ഷേത്രയുദ്ധം കഴിഞ്ഞു കണ്ട പടക്കളത്തില്‍ വിജയികള്‍ ഇല്ലായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ കൌരവരും പാണ്ഡവരും പരാജിതരായി. വേദനകള്‍ നിറയ്ക്കാന്‍ മാത്രമേ യുദ്ധവും കലാപവും വഴിവയ്ക്കൂ. കണ്ണൂരില്‍ ബലിദാനികള്‍ ഇനിയും ഉണ്ടാകരുത്. അതുണ്ടാകാതിരിക്കാന്‍ രക്തസാക്ഷികള്‍ ഉണ്ടാകരുത്. അത് അങ്ങയുടെ ബാധ്യതയാണ്. രക്തം കണ്ടാലോ വെട്ടി അരിഞ്ഞാലോ ചുവന്ന കൊടിയെ കാവിയാക്കാന്‍ കഴിയില്ല. അത് കൂടുതല്‍ ചുവക്കും. അഥവാ ചെങ്കൊടി തണലില്‍ നിന്നും ആരെങ്കിലുമിതു കണ്ട് ഒപ്പം വന്നാല്‍ തന്നെ അവരാരും ബിജെപി യുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ളില്‍ ചേര്‍ത്ത് പിടിക്കാന്‍ കെല്‍പ്പുള്ളവര്‍ ആകില്ല. നമുക്ക് വേണ്ടത് ആശയ യുദ്ധമാണ്. കേരളത്തില്‍ അക്കൌണ്ട് തുറന്ന നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നമായ കേരളഭരണം ലഭിക്കാന്‍ എളുപ്പവഴി മറ്റുള്ളവരെ കൊന്നുതള്ളിനേടാന്‍ കഴിയില്ല. താല്‍ക്കാലിക വിജയം നേടാന്‍ മാത്രമേ കഴിയൂ. എത്ര നിങ്ങള്‍ കൊന്നാലും അവര്‍ തിരികെ കൊല്ലും. പിന്നെന്തിനു വീണ്ടും വീണ്ടും കൊല്ലണം?

കണ്ണൂരില്‍ ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. മനസുകൊണ്ട് സ്നേഹിക്കുന്ന, ഹൃദയം കൊണ്ട് വര്‍ത്തമാനം പറയുന്ന നേരും നെറിയുമുള്ള ശുദ്ധമനുഷ്യ സ്നേഹികള്‍ ആണവര്‍. അവരാരും കൊല്ലും കൊലയും ഇഷ്ടപ്പെടുന്നില്ല. നിഷ്കളങ്കരായ അവരിലേക്ക്‌ തീഷ്ണമായ പകയുടെ വിത്തുകള്‍ പാകി കിളിര്‍പ്പിച്ചു വളര്‍ത്തി വലുതാക്കി ഫലം കൊയ്യുന്ന നേതാക്കളെ, നിങ്ങളുടെ കൊലപാതക രാഷ്ട്രീയത്തിന് എതിരായി കണ്ണൂരിലെ അമ്മ മനസുകള്‍ സടകുടഞ്ഞു എഴുന്നേറ്റു നിങ്ങളോട് കയര്‍ക്കുന്ന കാലം വിദൂരമല്ല. കേരളമാകെ ഈ കൊലപാതക രാഷ്ട്രീയം അതിര് വിട്ടതാണ് എന്ന് തിരിച്ചറിയുന്നു. നിങ്ങള്‍ രണ്ടുപേരും നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ കേരളത്തിന്‍റെ ശോഭനമായ ഭാവിക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയും. അതാണു നിങ്ങളില്‍ നിന്നും മലയാളി പ്രതീക്ഷിക്കുന്നത്. ചോരയുടെ മണമുള്ള പ്രഭാതവും പ്രദോഷവും ഞങ്ങള്‍ക്കിനി വേണ്ട. ചോരപുരണ്ട ഹര്‍ത്താലുകള്‍ ഇനിയും ആഘോഷിക്കാന്‍ ഞങ്ങളുടെ തലമുറയ്ക്ക് വയ്യ. വയ്യ സഖാവെ വയ്യ… വയ്യ കുമ്മനംചേട്ടാ… ഇനിയുമീ ചുടുചോര കാണാന്‍ ഞങ്ങള്‍ക്ക് വയ്യ. നിറഞ്ഞപുഞ്ചിരിയോടെ യാത്രയയയ്ക്കുന്ന വീട്ടുകാരുടെ മുന്നിലേക്ക്‌ ഞങ്ങളിലാരെയും നിങ്ങള്‍ വെള്ളയും, പതാകയും പുതപ്പിച്ചു തിരികെ കൊടുക്കരുതേ… 

ആശയസമരം ആവാം…വാക്കേറ്റവും ആകാം. അതിവിടംകൊണ്ട് തീരുന്ന മനസു നമുക്ക് വേണം. ജനങ്ങള്‍ക്ക്‌ വേണ്ടി ആകണം നിങ്ങള്‍ രണ്ടുപേരും നയിക്കേണ്ടത്. പാര്‍ട്ടികളിലെ അണികള്‍ മാത്രം തള്ളിയാല്‍ നിങ്ങളിലാരും കേരളത്തിന്‍റെ അധികാരകസേരയില്‍ എത്തില്ല. കേരളത്തിന്‍റെ പൊതു വികസനം ലക്ഷ്യമാക്കി ചിന്തിക്കുന്ന ഒരു വലിയ വിഭാഗം നിക്ഷ്പക്ഷ വോട്ടര്‍മാരാണ് കേരളത്തിന്‍റെ ഭരണം നിശ്ചയിക്കുന്നത്. അവരെ അകറ്റരുത്. ഒരു തന്ത്രവും ആജീവനാന്തം വിജയിക്കില്ല. കൊലപാതകം രാഷ്ട്രീയമല്ല. ഇനിയും നിങ്ങളിത് ആവര്‍ത്തിച്ചാല്‍ ഒരുപക്ഷെ കേരളം ക്ഷമിച്ചില്ല എന്നുവരും. അതുകൊണ്ട് നാടിന്‍റെ നന്മയെ കരുതി അങ്കകലി ഒതുക്കി നമുക്ക് കണ്ണൂരില്‍ സമാധാനം കൊണ്ടുവരാം. ചോരകൊണ്ടാണ് ഇനിയും നിങ്ങള്‍ പാര്‍ട്ടി വളര്‍ത്തുന്നത് എങ്കില്‍ പാര്‍ട്ടികളിള്‍ അണികള്‍ നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. താല്‍ക്കാലികമായി കണ്ണൂരില്‍ നിങ്ങള്‍ക്ക് ജയിക്കാം പക്ഷെ ബാക്കി പതിമൂന്നു ജില്ലയിലും നിങ്ങള്‍ക്ക് പരാജയം ഉണ്ടാകും. നിങ്ങള്‍ രണ്ടു നേതാക്കളും നിയന്ത്രിച്ചാല്‍ അവിടെ നില്‍ക്കും പ്രവര്‍ത്തകര്‍. ഇനി അവര്‍ അങ്ങനെ നില്‍ക്കില്ല എങ്കില്‍ നിങ്ങള്‍ നേതാക്കളല്ല. അവര്‍ അണികളുമല്ല. അവര്‍ കേഡര്‍മാരുമല്ല. ഇതൊന്നും രാഷ്ട്രീയവുമല്ല.

(പത്തനാപുരം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രമുഖ ജൈവ കര്‍ഷകനും ജൈവ കൃഷി പ്രചാരകനും പരിശീലകനുമായ കിരണ്‍ കെ കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍