UPDATES

വായിച്ചോ‌

അണ്ണാ ഡിഎംകെയുടെ രാഷ്ട്രീയ ആത്മഹത്യ

ഏതായാലും ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. എഐഎഡിഎംകെ നീങ്ങുന്നത് അതിന്റെ രാഷ്ട്രീയ ആത്മഹത്യയിലേയ്ക്കാണ്.

രാമന്‍ ഇഫക്ട് എന്നറിയപ്പെട്ട വിഖ്യാത കണ്ടുപിടിത്തത്തിന്റെ പേരിലാണ് 1930ല്‍ സിവി രാമന് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള പ്രകാശ രശ്മിയെ സുതാര്യമായ പദാര്‍ത്ഥങ്ങളില്‍ കൂടി കടത്തിവിട്ടാല്‍ പ്രകീര്‍ണ്ണനം മൂലം ആ നിറത്തില്‍ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികള്‍ ഉണ്ടാകുന്നു. ഈ പ്രകീര്‍ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ വര്‍ണരാജിയില്‍ പുതിയ ചില രേഖകള്‍ കാണുന്നു. ഇതേ പ്രതിഭാസമാണ് എഐഎഡിഎംകെയുടെ കാര്യത്തിലും കാണുന്നതെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മണിശങ്കര്‍ അയ്യരുടെ അഭിപ്രായം. ജയലളിത, ശശികലയിലൂടെ രൂപാന്തരപ്പെടുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെയാണത്രേ. എല്ലാവര്‍ക്കും ജയലളിതയെന്ന സ്രോതസിനെപ്പറ്റി അവകാശവാദങ്ങളുണ്ട്.

മണിശങ്കര്‍ അയ്യര്‍ (opinion/ndtv.com)

എഐഎഡിഎംകെയ്ക്ക് അതിന്റെ അതുല്യയായ നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. സ്വഭാവികമായി നിലവില്‍ കൂടുതല്‍ കരുത്തുള്ളത് ഡിഎംകെയ്ക്ക് തന്നെയാണ്. ശാരീരികമായി ദുര്‍ബലനാണെങ്കിലും അവരുടെ നേതാവ് കരുണാനിധി ജീവിച്ചിരിപ്പുണ്ട്. ശക്തനായ ഒരു പിന്തുടര്‍ച്ചക്കാരനേയും മകന്‍ സ്റ്റാലിനിലൂടെ കരുണാനിധി കണ്ടെത്തി. രജനീകാന്ത് രംഗത്തേയ്ക്ക് വന്നാല്‍ ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം വരുമോ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രജനി രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യത തീര്‍ത്തും വിരളമാണ്. തിരഞ്ഞെടുപ്പില്‍ ചെറിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നതിനപ്പുറം രജനിക്ക് ചെലുത്താന്‍ കഴിയുന്ന സ്വാധീനവും അത്ര ശക്തമായിരിക്കില്ല. 1996ല്‍ മുഖ്യമന്ത്രി ജയലളിത അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള അഴിമതികളുടെ കളങ്കത്തില്‍ ആരോപണവിധേയയായി നിന്നുകൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് രജനീകാന്തിന്റെ പിന്തുണ കരുണാനിധിയുടെ ഡിഎംകെയും മൂപ്പനാരുടെ തമിഴ് മാനില കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യത്തിനായിരുന്നു. ഡിഎംകെ സഖ്യം വന്‍ വിജയം നേടി. ജയലളിതയടക്കം തോല്‍ക്കുകയും അണ്ണാ ഡിഎംകെ തകര്‍ന്നടിയുകയും ചെയ്തു.

ജയലളിതയ്‌ക്കെതിരായ കുറ്റാരോപണങ്ങള്‍ ജനകീയ കോടതി ശരിവച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി വിധി. കോടതി ശിക്ഷിച്ച വ്യക്തി അതിന് ശേഷം മൂന്ന് തവണ മുഖ്യമന്ത്രിയായി. ഒരു തവണ കേന്ദ്ര മന്ത്രിസഭയെ മറച്ചിട്ടു. നിയമത്തിന്റെ ഈ ഇഴഞ്ഞുനീങ്ങല്‍ നമ്മുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. അതേസമയം ശശികലയുടെ അഹമ്മതി സുപ്രീംകോടതി കൈകാര്യം ചെയ്തിരിക്കുന്നു. അവരുടെ രാഷ്്ട്രീയ ജീവിതത്തിന് അത് തുടങ്ങുന്നതിന് മുമ്പ് തന്നെ തടയിട്ടിരിക്കുകയാണ് കോടതി. ശശികല അപ്രസക്തയാവുന്നതിനിടെ ഇ പളനിസാമി അവരുടെ കയ്യില്‍ നിന്നും നേതൃത്വം ഏറ്റെടുക്കുന്നു. പനീര്‍സെല്‍വത്തിന് പകരം പളനി സാമി മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. എന്നാല്‍ പകരക്കാരനായി പനീര്‍സെല്‍വത്തെ കൊണ്ടുവരുക എന്ന ജയലളിതയുടെ രീതി പിന്തുടരപ്പെട്ടു. പിന്നീട് പനീര്‍സെല്‍വത്തില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ശശികല ശ്രമിച്ചപ്പോള്‍ പാര്‍ട്ടി പിളര്‍പ്പിലേയ്‌ക്കെത്തുകയും ചെയ്തു.

എഐഎഡിഎംകെയെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടി എംഎല്‍എമാരില്‍ ഭൂരിഭാഗവും ഭാര്യ ജാനകിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലായിരുന്നു. ജയലളിതയെ രൂക്ഷമായി അവര്‍ ആക്ഷേപിച്ചു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച ശേഷം വിശ്വാസ വോട്ടെടുപ്പില്‍ ജാനകിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. എന്നാല്‍ ജാനകി അത് കാര്യമാക്കാതെ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ വിശ്വാസമില്ലാത്ത ഈ പെരുമാറ്റം രാജീവ് ഗാന്ധിക്ക് ഒട്ടും രസിച്ചില്ലെന്ന് മാത്രമല്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ആ നിയമസഭ പിരിച്ചു വിട്ടു. രാഷ്ട്രപതി ഭരണം വന്നു. ഹ്രസ്വമായ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലേയ്ക്ക് പോയ ജാനകി രാമചന്ദ്രന്‍ പിന്നീട് തിരിച്ച് വന്നതുമില്ല. എഐഎഡിഎംകെയില്‍ ജയലളിത സമ്പൂര്‍ണാധിപത്യം സ്ഥാപി്ച്ചു. ജയളിതയെ തെറിയഭിഷേകം ചെയ്തിരുന്നവരടക്കം അവര്‍ക്ക് മുന്നില്‍ മുതുക് കുനിച്ച് നിന്ന് തൊഴുതു. ജയലളിതയുടെ മരണം വരെ ഇത് തുടര്‍ന്നു.

എന്നാല്‍ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. ജാനകിയെ പോലെ പനീര്‍സെല്‍വമോ പളനിസാമിയോ കളം വിടാന്‍ പോകുന്നില്ലെന്ന കാര്യം വ്യക്തമാണ്. വിശ്വാസവോട്ടില്‍ ഒരു വിഭാഗം മറ്റേ വിഭാഗത്തെ പിന്തുണക്കില്ല. പ്രതിപക്ഷം സ്വാഭാവികമായും അവരുടെ പണിയും ചെയ്യും. രാജ് ഭവനില്‍ ജയിക്കുന്നവര്‍ നിയമസഭയില്‍ തോറ്റേക്കാം. നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം വരുകയും ചെയ്യാനുള്ള സാദ്ധ്യതകളാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഡിഎംകെ അതിന്റെ സംഘടനാശേഷി പരമാവധി ഉപയോഗിക്കും. ഡിഎംകെ എന്ന പാര്‍ട്ടിയും എഐഎഡിഎംകെയിലെ രണ്ട് വിഭാഗങ്ങളുമാണ് ഓപ്ഷനുകളായി ജനങ്ങള്‍ക്ക് മുന്നിലുണ്ടാവുക. ചെറു പാര്‍ട്ടികളെ സംബന്ധിച്ചും ഇത്തരമൊരു തിരഞ്ഞെടുക്കലിന്റെ ആവശ്യകത ഉയര്‍ന്നുവരും. ഏതായാലും കോണ്‍ഗ്രസും ബിജെപിയും ഒരു കാരണവശാലും ഒരോ മുന്നണിയില്‍ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. ദ്രാവിഡ പാര്‍ട്ടികളെ മറികടക്കാനുള്ള യാതൊരു ശേഷിയും നിലവില്‍ അവര്‍ക്കില്ല. ഏതായാലും ഒരു കാര്യം ഏറെക്കുറെ ഉറപ്പാണ്. എഐഎഡിഎംകെ നീങ്ങുന്നത് അതിന്റെ രാഷ്ട്രീയ ആത്മഹത്യയിലേയ്ക്കാണ്.

വായനയ്ക്ക്: https://goo.gl/JdeTfo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍