നാട്ടുകാരെ നിസ്സഹായരാക്കിയാണ് പരിസ്ഥിതി പ്രശ്‌നമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലടക്കം കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുന്നതില്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ടെന്ന് ആരോപണം. ചില സ്ഥാപനങ്ങള്‍ക്ക് അനുമതി വൈകിപ്പിക്കുമ്പോള്‍ മറ്റ് ചിലതിന് ക്രമരഹിതമായി അനുമതി നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. രാഷ്ട്രീയ സ്വാധീനവും മറ്റ് ഇടപെടലുകളും ഇതിന് കാരണമാണെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സൂചിപ്പിക്കുന്നത്. ആവശ്യമായ പഠനങ്ങളിലാതെ ഇ പി ജയരാജന്റെ മകന് കുന്നിടിച്ച് റിസോര്‍ട്ട് പണിയാന്‍ അനുമതി നല്‍കിയവര്‍ തന്നെയാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായിയുടെ സ്ഥാപനത്തിന് അനുമതി വൈകിപ്പിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നുപറയുന്നവര്‍ പക്ഷെ മറ്റ് നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ചെറിയ ചില പിഴവുകള്‍ പരിഹരിക്കാതെ തന്നെ കെട്ടിട അനുമതി വാങ്ങാം എന്ന് വാഗ്ദാനം ചെയ്ത ചിലര്‍ പിന്നീട് കൈയൊഴിഞ്ഞതാവും സാജനെ സ്വന്തം ജീവനെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നും ഇവര്‍ ആരോപിക്കുന്നു.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ ബക്കളത്തിനടുത്ത്, നെല്ലിയോടാണ് സാജന്‍ പാറയില്‍ പതിനഞ്ചു കോടി ചെലവിട്ടു പണിഞ്ഞ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍. കണ്‍വെന്‍ഷന്‍ സെന്ററിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ട എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും വൈരാഗ്യം മൂലം അനുമതി വൈകിച്ചു എന്ന വീട്ടുകാരുടെ വാദവും, എട്ടോളം പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നല്ലാതെ അനുമതി പാടേ നിഷേധിച്ചിട്ടില്ലെന്ന നഗരസഭയുടെ വിശദീകരണവും വിഷയത്തില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടായെന്ന നിഗമനത്തില്‍, സെക്രട്ടറിയും എഞ്ചിനീയറുമടക്കം മൂന്നു പേര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്തു. ആന്തൂരിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലും, തളിപ്പറമ്പ്-ആന്തൂര്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്നു പോരുന്ന സമാനമായ കെട്ടിട നിര്‍മാണ, റോഡു നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഓഡിറ്റു ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും കഷ്ടിച്ച് നാലു കിലോമീറ്റര്‍ മാത്രമകലത്തില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ആയുര്‍വേദ ആശുപത്രിയും ഹെല്‍ത്ത് റിസോര്‍ട്ടും ചേര്‍ന്ന കെട്ടിട സമുച്ചയം വാര്‍ത്തകളിലിടം നേടിയത് പാരിസ്ഥിതിക നിയമങ്ങളെ പരിഗണിച്ചില്ലെന്നതിന്റെ പേരിലായിരുന്നു. ഉടുപ്പമലയുടെ ചെരിവില്‍, വെള്ളിക്കീല്‍ കണ്ടല്‍ പാര്‍ക്കിനോടു ചേര്‍ന്ന് കുന്നിടിച്ചു മണ്ണുമാറ്റി പണിതുയര്‍ത്തിക്കൊണ്ടിരുന്ന റിസോര്‍ട്ടിന് നിയമപരമായ ഒരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയത് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്നെയാണ്. മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടറായുള്ള കമ്പനിയുടേതാണ് റിസോര്‍ട്ട് എന്നതും വിഷയം ചര്‍ച്ചയാവാനുള്ള മറ്റൊരു കാരണമായി. മന്ത്രിയുടെ മകനു വേണ്ടി നിയമങ്ങള്‍ തിരുത്തപ്പെടുന്നു എന്നതായിരുന്നു അന്ന് ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. നിലവില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതും ആരോപണങ്ങളുയരാനുള്ള മറ്റൊരു കാരണമായി. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്നീട് നടത്തിയ കണ്ടെത്തലുകള്‍.
ഉടുപ്പമലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ കഥ
ഉടുപ്പമല ഇടിച്ചു നിരത്തി റിസോര്‍ട്ടു പണിയുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ബക്കളത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരാണ്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ പോസ്റ്റര്‍ പ്രചരണം മുതല്‍ പിന്നീടിങ്ങോട്ട് പരിഷത്ത് പ്രതിരോധം സൃഷ്ടിച്ചിരുന്നെങ്കിലും, അധികൃതരുടെ ഇടപെടലില്‍ ആ പ്രതിരോധത്തിന് അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ഇവര്‍ തന്നെ പറയുന്നു. എന്നാല്‍, വിവരാവകാശ നിയമപ്രകാരവും മറ്റും, റിസോർട്ടിന്റെ നടത്തിപ്പില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകളില്‍ ഏറിയ പങ്കും പുറത്തു കൊണ്ടുവരാന്‍ അന്നു പരിഷത്തിനായി. റിസോര്‍ട്ടില്‍ രണ്ടു കുഴല്‍ക്കിണറുകളും ഒരു വലിയ കിണറും കുഴിച്ചാണ് വെള്ളമെടുത്തിരുന്നത്. ഉടുപ്പമലയില്‍ കുഴല്‍ക്കിണര്‍ കുത്താനുള്ള അനുമതി പക്ഷേ, കമ്പനിക്കുണ്ടായിരുന്നില്ലെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രദേശത്തുള്ള വീടുകളില്‍ കുടിവെള്ള ക്ഷാമമുണ്ടാകാന്‍ കുന്നിടിക്കല്‍ കാരണമാകും എന്ന കാര്യം പ്രചരിപ്പിക്കാനാണ് പരിഷത്ത് ശ്രമിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും അനുമതി റിസോര്‍ട്ടിനുണ്ടായിരുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
‘പോസ്റ്റര്‍ പ്രചരണം നടത്തിയപ്പോള്‍ കുറച്ചു പ്രശ്നവുമുണ്ടായി. പരിഷത്തിന്റെ സമ്മേളനത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് പരിഷത്ത് തന്നെ ഈ പ്രമേയം ഒരു പരാതിയായി കലക്ടര്‍ക്ക് നല്‍കി. ആ പരാതി താലൂക്ക് ഓഫീസര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും കൈമാറിയെത്തുകയും ചെയ്തു. പക്ഷേ, എവിടെയും തട്ടാത്ത പോലൊരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ അന്നു കൊടുത്തത്. പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്കാര്‍ക്കും പരാതിയില്ല എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. പാരിസ്ഥിതിക പ്രശ്നമായതുകൊണ്ട് പരിഷത്തിനു വേണമെങ്കില്‍ പഠിച്ചു റിപ്പോര്‍ട്ടു നല്‍കാമെന്നു മാത്രം. ആദ്യമാദ്യം ജനങ്ങള്‍ക്കു പ്രശ്നമുണ്ടായിരുന്നു. പിന്നെ അതില്‍ പാര്‍ട്ടി ഇടപെട്ടു. അതോടെ എതിര്‍പ്പുകളും നിന്നു. കുത്തനെ ചെരിവുള്ള ഒരു കുന്നാണത്. കുറ്റിച്ചെടികളും മറ്റും പിടിച്ചു നില്‍ക്കുന്ന സ്ഥലമാണ്. കുന്നിന്റെ പുറമേയുള്ള ചെടികളുടെ കവറിംഗ് മുഴുവന്‍ കളഞ്ഞിട്ടാണ് റിസോര്‍ട്ട് പണിയുന്നത്. എട്ടു മീറ്ററോളം മണ്ണെടുത്താണ് റിസോര്‍ട്ടിലേക്ക് റോഡു വെട്ടിയത്. ഉടുപ്പമലയുടെ ഒരു വശത്ത് പുഴയൊഴുകുന്നുണ്ട്. പുഴയില്‍ നിന്നും അമ്പതു മീറ്റര്‍ മാറി പഴശ്ശി കനാല്‍. അതിന്റെ നേരെ മുകളിലാണ് ഈ നിര്‍മാണം. എല്ലാവര്‍ക്കും പ്രതിഷേധവും അതൃപ്തിയുമുണ്ട്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നു എന്നേയുള്ളൂ.’ വിഷയത്തില്‍ ഇടപെട്ടിരുന്ന പ്രദേശവാസികളിലൊരാള്‍ റിസോര്‍ട്ട് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.
നിലവിലെ ഭരണസമിതി ചുമതലയേറ്റ് ആഴ്ചകള്‍ തികയുന്നതിനുള്ളില്‍ ലഭിച്ച അനുമതിയും, പ്രദേശവാസികള്‍ക്ക് പരാതിയില്ല എന്ന വാദവും മുന്‍നിര്‍ത്തി, വില്ലേജ് ഓഫീസറും തഹസില്‍ദാരും റിപ്പോര്‍ട്ടു ചെയ്തത് റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നായിരുന്നു. സ്വാഭാവികമായും, ഈ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ സമാനമായൊരു മറുപടിയാണ് കലക്ടര്‍ പരാതിക്കാര്‍ക്കും നല്‍കിയത്. കുഴല്‍ക്കിണറിന് ഭൂജലവകുപ്പിന്റെ അനുമതിയില്ലെന്നതടക്കമുള്ള വസ്തുതകള്‍ വിവരാവകാശ നിയമപ്രകാരം പരിഷത്തിന്റെ പ്രവര്‍ത്തകര്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നെങ്കിലും, നിയമപ്രകാരം റിസോര്‍ട്ടിന്റെ ജോലികള്‍ തടയാനാകില്ലെന്ന സ്ഥിതിയായി. മണ്ണിടിഞ്ഞും കുടിവെള്ളത്തില്‍ ഉപ്പു കയറിയും കഷ്ടപ്പെട്ട പ്രദേശവാസികളും എതിര്‍പ്പൊന്നുമറിയിച്ചില്ല. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അവിടെയും തീര്‍ന്നില്ലെന്നാണ് ഇവര് വിശദീകരിക്കുന്നത്. കൈപ്പാട് ഭാഗത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ച് ഇരുന്നൂറു മീറ്ററോളം നീളുന്ന റോഡും റിസോര്‍ട്ടിലേക്ക് നിര്‍മ്മിക്കപ്പെട്ടിരുന്നു. അതിനു പുറമേയാണ് പുഴയുടെ ഒരു ഭാഗം കെട്ടിയുയര്‍ത്തി ആന്തൂര്‍ നഗരസഭ തന്നെ മറ്റൊരു റോഡുമുണ്ടാക്കിയത്. കാനൂലില്‍ നിന്നും കണ്ടല്‍ പാര്‍ക്കിലേക്ക് നീളുന്ന റോഡ് പുഴ കൈയേറി നിയമവിരുദ്ധമായി നഗരസഭ തന്നെ നിര്‍മിക്കുന്നത് റിസോര്‍ട്ടിന് സഹായം ചെയ്യാനാണെന്ന പരാതിയും മുന്‍പ് വ്യാപകമായിരുന്നു. ഇത്രയേറെ നിയമലംഘനങ്ങള്‍ ഉണ്ടായിട്ടുപോലും വിഷയം പഠിക്കാനോ കമ്പനിയുടെ അനുമതികള്‍ പരിശോധിക്കാനോ ജിയോളജി വകുപ്പടക്കമുള്ളവര്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പില്ല എന്നതു തന്നെയാണ് ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കും റിസോര്‍ട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയായി പറയാനുള്ളത്. ‘കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയാണല്ലോ സാധാരണ ഇത്തരം കേസുകളില്‍ പ്രശ്നമുണ്ടാകുക. ഉടുപ്പമലയില്‍ നിന്നും ഒരു പിടി മണ്ണു പോലും പുറത്തു കൊണ്ടുപോയിട്ടില്ല. ലെവല്‍ ചെയ്ത് വെള്ളം അവിടെത്തന്നെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള തട്ടുതട്ടായ നിര്‍മാണ പ്രവര്‍ത്തനമാണ് അവിടെ നടന്നിട്ടുള്ളത്. ആ പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങളുടെയും സമ്മതത്തോടു കൂടിത്തന്നെയാണ് നിര്‍മാണം നടന്നതും. ഇ.പി. ജയരാജന്റെ മോനാണോ അല്ലയോ എന്നു നോക്കിയല്ല നഗരസഭ അനുമതി കൊടുക്കുന്നത്. പല കാര്യങ്ങളിലും കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ആന്തൂര്‍ നഗരസഭ. പുതിയതാണെങ്കിലും വികസനത്തില്‍ നടത്തിയിട്ടുള്ള കുതിപ്പുകള്‍ ശ്രദ്ധേയമാണ്. ഉടുപ്പയിലെ കെട്ടിടവും നിയമവിധേയമായിത്തന്നെ ഉണ്ടാക്കിയതാണ്. അങ്ങനെ പാര്‍ട്ടിക്കാര്‍ക്കു വേണ്ടി വളച്ചൊടിക്കുന്നുണ്ടെങ്കില്‍, കണ്‍വെന്‍ഷന്റെ ഉടമയും പാര്‍ട്ടിക്കാരനായിരുന്നല്ലോ?’ നഗരസഭാ വൈസ് ചെയര്‍മാന്‍ ഷാജു ചോദിക്കുന്നു. കുടിവെള്ള സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കലര്‍ന്നിട്ടും, വീടും സ്ഥലവും വാങ്ങിക്കാമെന്ന് റിസോര്‍ട്ട് ഉടമകളുടെ നിര്‍ബന്ധമുണ്ടായിട്ടും, പ്രദേശവാസികള്‍ക്ക് പരാതിയില്ലാതെ പോയത് എങ്ങനെയാണെന്നതിനു മാത്രം ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. പാര്‍ട്ടിയുടെ ഇടപെടലാണ് പ്രതിഷേധങ്ങള്‍ ഇല്ലാതെയാക്കിയതെന്ന് ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നുമുണ്ട്.
നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍, ആയുര്‍വേദ റിസോര്‍ട്ട് ഉടന്‍ തന്നെ ഇവിടെ പ്രവര്‍ത്തനമാരംഭിക്കും. സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിനില്ലാതെ പോയ അനുമതികള്‍ എങ്ങനെയാണ് ഇത്രയും വേഗത്തില്‍ റിസോര്‍ട്ടിനു ലഭിച്ചത് എന്നന്വേഷിച്ചു പോയാലെത്തുക തളിപ്പറമ്പ്-ആന്തൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു നിര്‍മാണ-വ്യവസായ ലോബിയിലാണ്. കീഴാറ്റൂര്‍ മുതലിങ്ങോട്ട് ഈ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും പങ്കാളികളായിട്ടുള്ള ഈ ലോബിയുടെ ഭാഗമായി രാഷ്ട്രീയപ്രവര്‍ത്തകരും വ്യവസായികളുമടങ്ങുന്ന വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരില്‍ ചിലരും ഉന്നയിക്കുന്ന ആരോപണം. പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടറായും കളത്തില്‍ പാറയില്‍ രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറായുമുള്ള കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ ഈ ശൃംഖലയിലെ ഒരു കണ്ണി മാത്രമെന്നും ഇവര്‍ പറയുന്നു. സി.പി.എമ്മിന് മുന്‍തൂക്കമുള്ള ഈ പ്രദേശങ്ങളില്‍ നിലവില്‍ വരുന്ന ഇത്തരം പ്രോജക്ടുകളില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്നും, ഇക്കാരണത്താല്‍ പലപ്പോഴും പരിഷത്തിനും സി.പി..എമ്മിനും കടുത്ത അഭിപ്രായവ്യത്യാസങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും പരിഷത്തിലെ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കീഴാറ്റൂര്‍ വിഷയത്തിന്റെ തൊട്ടു പിന്നാലെ റിസോര്‍ട്ടു വിഷയവും ഉയര്‍ന്നുവന്നപ്പോള്‍ ഇതുതന്നെയാണ് സംഭവിച്ചതെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നു. ഈ അഭിപ്രായ വ്യത്യാസത്തിന്റെ പിടിയില്‍പ്പെട്ട് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പോലും പുറത്തായ പരിഷത്ത് പ്രവര്‍ത്തകരുണ്ട്. സി.പി..എം നേതാക്കള്‍ക്ക് നേരിട്ടു പങ്കുള്ള ഇത്തരം അനധികൃത നിര്‍മാണപ്രവൃത്തികളെക്കുറിച്ച് നിരന്തരം പരാതികളുന്നയിച്ചതിന്റെ പേരിലാണ് തനിക്ക് പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ടതെന്ന് ആന്തൂരിലെ ഒരു പരിഷത്ത് പ്രവര്‍ത്തകന്‍ വിശദീകരിക്കുന്നു.
സാജന്‍ പാറയിലിന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിലും പാര്‍ട്ടിയുമായി ബന്ധമുള്ള ഈ ലോബിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൂടിയായിരുന്ന സാജന്, പ്രദേശത്തെ വ്യവസായികളും കോണ്‍ട്രാക്ടര്‍മാരും പാര്‍ട്ടി നേതാക്കളുമടങ്ങുന്ന ഈ സംഘവുമായി ബന്ധമുണ്ടായിരുന്നതായും ആന്തൂരിലെ പ്രദേശവാസികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മിതിയില്‍ നിസ്സാരമായി തിരുത്താവുന്ന ചില പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടിരുന്നെന്നും, അവ തിരുത്താതെ തന്നെ അനുമതി വാങ്ങിച്ചുതരാമെന്ന ഇവരുടെ വാഗ്ദാനം സാജന്‍ വിശ്വസിച്ചു പോയിരിക്കാമെന്നും കരുതുന്നവരുമുണ്ട്. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരിലൊരാളുടെ പ്രതികരണമിങ്ങനെ ‘സാജന്‍ യഥാര്‍ത്ഥത്തില്‍ ഒരു പാവമായിരുന്നു. . ചെറിയ ചില പ്രശ്നങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിലുണ്ടായിട്ടുണ്ട്. പഴയ ഹൈവേയാണ് കെട്ടിടത്തിന്റെ തൊട്ടുമുന്നിലുള്ളത്. ഈ റോഡില്‍ നിന്നും കെട്ടിടത്തിലേക്ക് നിശ്ചിത അകലം പാലിച്ചിട്ടില്ല എന്നതാണ് വസ്തുത. തൊട്ടു പിന്നിലെ ഒരു വീടിന് പ്രശ്നമുണ്ടാകുന്ന തരത്തിലാണ് ഇവിടെ നിന്നും മണ്ണെടുത്തിട്ടുള്ളതും. കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്നിലെ റോഡിനിപ്പുറമുള്ള പൊതു സ്ഥലത്തെ കുഴിയൊക്കെ നികത്തി, ഈ ഭാഗമാണ് പാര്‍ക്കിംഗ് ഏരിയയാക്കി മാറ്റിയിരുന്നത്. അതൊക്കെ എങ്ങിനെയാണ് സാധിക്കുന്നത്? അവിടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഇതിന്റെ പിന്‍ബലം. എല്ലാം ശരിയാക്കിത്തരാം എന്നു വാക്കു നല്‍കിയ ശേഷം പെട്ടന്ന് ഇവര്‍ പിന്മാറിയതുമാകാം സാജനുണ്ടായ ആഘാതത്തിനു കാരണം.’
സാജന്റെ കെട്ടിടത്തിന് ചെറിയ തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിരുന്നതായി നഗരസഭ വൈസ് ചെയര്‍മാനും പറയുന്നുണ്ട്. എട്ടോളം പ്രശ്നങ്ങളാണ് കെട്ടിടത്തില്‍ കണ്ടെത്തിയതെന്നും, അവ തിരുത്താനാണ് നഗരസഭ ആവശ്യപ്പെട്ടതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ‘തുടക്കത്തില്‍ ചെറിയ പ്രശ്നങ്ങള്‍ കെട്ടിടത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതെല്ലാം തിരുത്തി വരാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കംപ്ലീഷന് അപേക്ഷിച്ച സമയത്തും അങ്ങനെ ചെറിയ വിഷയങ്ങള്‍ തിരുത്താനുണ്ടായിരുന്നു, റാംപുമായി ബന്ധപ്പെട്ടൊക്കെ. തുറസ്സായ സ്ഥലത്തുള്ള വാട്ടര്‍ടാങ്കുമായി ബന്ധപ്പെട്ടും പ്രശ്നമുണ്ടായിരുന്നു. അങ്ങിനെ എട്ടോളം പ്രശ്നങ്ങള്‍ സത്യത്തില്‍ ആ കെട്ടിടത്തിനുണ്ടായിരുന്നു. എല്ലാം ഘട്ടങ്ങളായി തിരുത്താനും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതല്ലാതെ അവരോട് എന്തെങ്കിലും ദേഷ്യമുണ്ടാകുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. കറക്ഷനുകള്‍ വരുത്താന്‍ വാക്കാലെ പറഞ്ഞിട്ടുണ്ട്. കറക്ഷനുകള്‍ കണ്ടാല്‍ അതു ചെയ്യാന്‍ ആവശ്യപ്പെടേണ്ടത് സെക്രട്ടറിയുടെ ജോലിയാണല്ലോ. കംപ്ലീഷന്‍ തരില്ല എന്ന തരത്തിലുള്ള നടപടികള്‍ ഒരു കാരണവശാലും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതുപോലുള്ള സ്ഥാപനങ്ങള്‍ നഗരസഭയ്ക്ക് മുതല്‍ക്കൂട്ടാണ്. അതിനെല്ലാം എതിരു നിന്നാല്‍ നഗരസഭയ്ക്കു തന്നെയാണ് അതിന്റെ മോശം. ഇനി, ഈ കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയായി പരിശോധിക്കാതെ, കറക്ഷനുകള്‍ നിര്‍ദ്ദേശിക്കാതെ ഉടനടി അനുമതി കൊടുത്തിരുന്നെങ്കിലോ? എത്ര കോടി രൂപയുടെ അഴിമതി നടത്തി എന്നായിരിക്കും അടുത്ത ചോദ്യം. നെല്ലിക്ക കഴിക്കുന്ന അവസ്ഥ തന്നെ. ആന്തൂരിനെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയമായി മുതലെടുപ്പു നടത്താന്‍ കാത്തിരിക്കുന്നവരുണ്ട്. തെരഞ്ഞെടുപ്പിന്റെ തിരക്കുകളുമായി ബന്ധപ്പെട്ട്, മറുപടി കൊടുക്കാന്‍ അല്പം കാലതാമസം നേരിട്ടു എന്നത് സത്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് അങ്ങിനെയൊരു തെറ്റു പറ്റിയിട്ടുണ്ട്. ആ തെറ്റേ പറ്റിയിട്ടുള്ളൂ. മൂന്നു കല്യാണങ്ങള്‍ അവിടെ നടന്നു. അതിനു ലക്ഷങ്ങള്‍ പിഴയിടാമായിരുന്നല്ലോ. അതു പോലും ചെയ്തിട്ടില്ല. നഗരസഭയെ ബോധപൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.’ നഗരസഭ അധികൃതര്‍ പറഞ്ഞു.
റിസോര്‍ട്ട് ഉടമയ്ക്ക് ഒരു നീതിയും സാജന്‍ പാറയിലിന് മറ്റൊരു നീതിയും എന്നതല്ല, മറിച്ച് റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ മേഖലയിലെ വന്‍കിടക്കാര്‍ക്കു പിന്തുണ നല്‍കുന്ന മറ്റൊരു നീതിയാണ് ആന്തൂരില്‍ നടക്കുന്നത് എന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സ്ഥിരമായി ഇടപെട്ട് തിരിച്ചടികള്‍ നേരിട്ടിട്ടുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. തന്റെ പ്രദേശത്തു നടന്ന അനധികൃത ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തെക്കുറിച്ച് അറിവില്ലെന്നാണ്തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യുവിന്റെ പ്രതികരണം. സാജന്റെ മരണത്തോടെ ചര്‍ച്ചയായിരിക്കുന്നത് വ്യവസായികളോടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് മാത്രമല്ല. നിര്‍മാണ മേഖലയിലും മറ്റും അനധികൃതമായി അനുമതി നേടിയെടുത്ത് ലാഭം കൊയ്യുന്ന മാഫിയ-രാഷ്ട്രീയ ബന്ധങ്ങളുമാണ്.