UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയം – ബിസിനിസ്- ഗുണ്ടായിസം; കേരളം തഴച്ചുവളരുന്നത് എങ്ങോട്ട്?

Avatar

ഡി ധനസുമോദ്

രാഷ്ട്രീയം ബിസിനസായി മാറിയ കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍ക്കാനും മുന്നേറാനും ഗൂണ്ടകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും സഹായവും പിന്തുണയും ആവശ്യമാണ്. ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലമായി സ്വതന്ത്രവും നിയമവ്യവസ്ഥയെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാനുള്ള അവസരവുമാണ് ഗൂണ്ടാസംഘങ്ങള്‍ക്ക് ലഭിക്കുന്നത്. അക്രമവും ഭീഷണിയുംകൊണ്ട് എതിരാളികളെയും അനുസരിക്കാത്തവരെയും നിശബ്ദരാക്കാന്‍ ഈ രാഷ്ട്രീയ-ഗൂണ്ട സംഘങ്ങള്‍ക്ക് കഴിയുന്നതിന്റെ ചില തെളിവുകളാണ് സമീപദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  എന്നാല്‍ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ഇത്തരം ഉപജപകസംഘങ്ങളെ ശിക്ഷിക്കാന്‍ എത്രകണ്ട് തയ്യാറുകുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ രാഷ്ട്രീയക്കാരും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിലൂടെയുണ്ടാക്കുന്ന അധികാര -സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും അന്വേഷിക്കുകയാണ് ഈ പരമ്പരയിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഡി ധനസുമോദ്.

 

ഭാഗം -1. ആന്റണി ആശാന്‍പറമ്പില്‍ എന്ന രാഷ്ട്രീയക്കാരന്റെ ജനനം 

വിഎസ് അച്യുതാനന്ദന് ശേഷം ഒരു തയ്യല്‍ തൊഴിലാളി രാഷ്ട്രീയത്തിലിറങ്ങിയത് കോണ്‍ഗ്രസിലെ ആന്റണി ആശാന്‍പറമ്പില്‍ ആയിരിക്കും. പക്ഷെ താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത വഴികളിലൂടെയാണ് ഇരുവരും നടന്നത്. പരിസ്ഥിതി പ്രേമിയായി വിഎം സുധീരന്‍ വാഴ്ത്തിയ ആന്റണി ഇന്ന്‍ ഒളിവിലാണ്. സഹപ്രവര്‍ത്തകനായ ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിലാണ് എറണാകുളം മരട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം ഒളിവില്‍ പോയത്.

കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ എറണാകുളം ഡിസിസി പ്രസിഡന്റ് ആയിരുന്ന കെബി മുഹമ്മദ് കുട്ടിയും കോണ്‍ഗ്രസ് വിട്ടു. നെട്ടൂര്‍ ഐഎന്‍ടിയുസിയുടെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് കുട്ടി. അതുകൊണ്ടു തന്നെ നെട്ടൂര്‍ ഐഎന്‍ടിയുസി, ഡിഐസിയുടെ ഭാഗമായി.

അക്കാലത്ത് കേരളത്തിലെ ഏറ്റവും ശക്തമായ ചുമട്ടു തൊഴിലാളി യൂണിയനായിരുന്നു നെട്ടൂര്‍ ഐഎന്‍ടിയുസി. കാല്‍ച്ചുവട്ടില്‍ നിന്നും ഒഴുകിപ്പോകുന്ന മണ്ണ് തടുത്തു നിര്‍ത്താനായി ഭരണത്തിലിരുന്ന കോണ്‍ഗ്രസിന്റെ ശ്രമം. വിഷയം സ്ഥലം എംഎല്‍എ യും മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രെസന്റേഷന്‍ അഭിമാനപ്രശ്‌നമായി ഏറ്റെടുത്തു. ഐഎന്‍ടിയുസി അപ്പാടെ അപ്പുറത്തേക്ക് പോകാതിരിക്കാന്‍ മുന്നില്‍ നിര്‍ത്തിയത് അന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ചെറുപ്പക്കാരനുമായ ആന്റണി ആശാന്‍പറമ്പിലിനെ ആയിരുന്നു. ആന്റണി പിന്നില്‍ നിര്‍ത്തിയത് ഗുണ്ടാ തലവന്‍ ഭായ് നസീറിനെയും. ഈ കൂട്ടുകെട്ട് വിജയം കണ്ടു. പൊഴിഞ്ഞു പോകാതെ കാല്‍ശതമാനത്തെ സൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഡിഐസി ജന്മോദ്ദേശം പോലും പൂര്‍ത്തിയാക്കാതെ തകര്‍ന്നതോടെ ആന്റണി പ്രാദേശികമായി ശക്തനായി.

തൃപ്പൂണിത്തുറ എംഎല്‍എയും മന്ത്രിയും ജില്ലയിലെ എ ഗ്രൂപ്പിന്റെ നേതാവുമായിരുന്ന കെ. ബാബുവിനോട് ആത്മബന്ധം സൂക്ഷിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ബാബുവിന്റെ എതിരാളി ആയിരുന്ന കെപി ഹരിദാസിന്റെ വിശ്വസ്തനുമാകാന്‍ ആന്റണിക്ക് കഴിഞ്ഞു. ഹരിദാസ് നേതൃത്വം നല്‍കുന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക് യൂണിയന്റെ ജില്ലാ സെക്രട്ടറിയായും ആന്റണി പ്രവര്‍ത്തിച്ചു.

കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മരട് പഞ്ചായത്തിന്റെ നിയന്ത്രണം കൂടി എത്തിയതോടെ വീടുകളും വാഹനവും ഭൂമിയും ആന്റണിയുടെ അക്കൌണ്ടില്‍ കൂടിവന്നു. ദേശീയപാത-47 വഴി ആലപ്പുഴ ഭാഗത്തേക്ക് കടന്നു പോകുമ്പോള്‍ കുണ്ടന്നൂര്‍ കവല കഴിഞ്ഞാല്‍ മരട് പഞ്ചായത്തിന്റെ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫ്ലാറ്റുകള്‍, ആഡംബര കാറുകളുടെ ഷോറും എന്നിവ കാണാം. പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ അവസാനത്തെ കെട്ടിട നമ്പര്‍ ലേക്‌ഷോര്‍ ആശുപത്രിയാണ്. റിയല്‍ എസ്‌റ്റേറ്റ് വളരുംതോറും പ്രാദേശിക നേതാക്കളുടെ കീശയും കൊഴുത്തു.

റിയല്‍ എസ്‌റ്റേറ്റ് കുതിച്ചു ചാട്ടം ആരംഭിച്ച സമയത്ത് ഭൂമിയില്‍ കൊടികുത്തിയാണ് അവകാശം നേതാക്കള്‍ ചോദിച്ചു വാങ്ങിത്തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ പൊല്ലാപ്പ് ഒഴിവാക്കാനായി നേതാക്കളെ തേടി ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ എത്തിത്തുടങ്ങി. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കന്മാരെ ഭൂമാഫിയ വിലക്കെടുത്തതോടെ പ്രാദേശിക നേതാക്കന്മാര്‍ കങ്കാണികളായി മാറി. പ്രശ്‌നങ്ങള്‍ സെറ്റില്‍ ചെയ്യാനും മലിനീകരണം, ലൈസന്‍സ് തുടങ്ങിയ നൂലാമാലകള്‍ ഒഴിവാക്കാനുമൊക്കെ ഇവര്‍ തന്നെ വേണമെന്നായി. വികസനത്തിന്റെ പേരില്‍ പുതിയ ബന്ധങ്ങളും പുതിയ വരുമാനവും നേതാക്കളെ തേടിയെത്തി. പ്രശ്‌നക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരെയും കുടിയൊഴിയാന്‍ തയാറാകാത്ത കര്‍ഷക തൊഴിലാളികളെയും മെരുക്കിയെടുക്കാന്‍ ഗുണ്ടകളുടെ സാഹായം വേണ്ടിവന്നു. പകരം ഗുണ്ടകള്‍ക്ക് സ്വന്തമായി കരാര്‍ എടുക്കുന്ന തരത്തില്‍ പഞ്ചായത്തിലെ പദ്ധതികളെ മാറ്റി…

 

(തുടരും )

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍