UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി ഓഫീസില്‍ സക്കീര്‍ ഹുസൈന്റെ നാടകം; സിപിഎമ്മില്‍ പ്രതിസന്ധി; പോലീസിന് ആശയക്കുഴപ്പം

Avatar

അഴിമുഖം പ്രതിനിധി

പാർട്ടി ഓഫിസിൽ കയറി അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് സക്കീർ ഹുസൈൻ, മുട്ടിടിച്ചു പോലീസ്, സക്കീറിനു മൗനത്തണൽ ഒരുക്കി സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്. പാർട്ടി നേതാക്കൾക്കുള്ള  ഭൂമാഫിയ -ഗുണ്ടാ ബന്ധങ്ങൾക്ക് കുപ്രസിദ്ധമായ എറണാകുളത്തെ സിപിഎം സക്കീറിനെ ഇറക്കാനും തുപ്പാനും വയ്യാത്ത ധർമ സങ്കടത്തിലാണ്.

ഇന്നലെ കോടതി ജാമ്യാപേക്ഷ തള്ളി ഒരു മണിക്കൂറിനുള്ളിൽ മുൻ ഏരിയ സെക്രട്ടറി സക്കീർ സിപിഎം കളമശേരി ഏരിയ കമ്മറ്റി ഓഫിസിലെത്തി. ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങിയാൽ മതിയെന്ന കോടതി ഉത്തരവിന്റെ ആശ്വാസ ബലത്തിലായിരുന്നു ധൈര്യം പ്രകടിപ്പിക്കാനുള്ള വരവ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും താനിവിടെ തന്നെ ഉണ്ടാകുമെന്നു പാർട്ടിയിലെ എതിരാളികളെ കാണിക്കല്‍ കൂടിയായിരുന്നു ലക്ഷ്യം.

എതിരാളികളെ വിലകുറച്ചു കണ്ട സക്കീറിന് ഉടൻ മറുപടി കിട്ടി. പോലീസും ചാനലുകളും പാർട്ടി ഓഫീസ് വളഞ്ഞു. 14 കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു എങ്കിലും ശ്രദ്ധയിൽപ്പെടാതെ ഒരു പുതിയ കേസ് കൂടി ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഒരു കാറുടമയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് എഫ് ഐ ആർ ഇടുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ പരാതിക്കാരനെ തപ്പിയെടുത്ത് പരാതി പിൻവലിപ്പിച്ചു. പക്ഷെ അതുകൊണ്ടു പ്രശ്‌നം തീർന്നില്ല, എഫ് ഐ ആർ കോടതിയിൽ എത്തി മാത്രമേ തീർപ്പാക്കാനാകൂ. 

ഈ തിരിച്ചറിവ് സക്കീറിനെ നടുക്കി. കളമശേരി പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമ്പോൾ നാടകീയ രംഗങ്ങൾ സംവിധാനം ചെയ്തായിരുന്നു കാത്തിരിപ്പ്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്താല്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞു പോലീസ് അതിനു തയ്യാറായില്ല. പി രാജീവ് ഫോണിൽ വിളിച്ച് പാർട്ടി ഓഫീസിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു. പക്ഷെ തന്റെ വിശ്വസ്തനെ തള്ളിക്കളയാൻ രാജീവ് തയ്യാറാകുന്നതുമില്ല. 

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ക്രിമിനല്‍ രാഷ്ട്രീയ ബന്ധങ്ങളുടെ കഥകളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊരു സക്കീറില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അതേസമയം സക്കീറിനെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വന്നാല്‍ ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പായി അത് മാറും. എന്നാല്‍ ചില കോണുകളില്‍ നിന്നുയരുന്ന വാദങ്ങള്‍ മുഖവിലയ്ക്കെടുത്താല്‍, സിപിഎമ്മിലെ ആന്തരിക സംഘര്‍ഷങ്ങളില്‍ ഒന്നായി ഇത് ഒതുങ്ങി പോകാനും പാടില്ല. 

രാഷ്ട്രീയ-ഗുണ്ടാ-ബിസിനസ് കൂട്ടുകെട്ടിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഡി ധനസുമോദ് എഴുതി അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖന പരമ്പര താഴെ വായിക്കാം. 

രാഷ്ട്രീയം – ബിസിനിസ്- ഗുണ്ടായിസം; കേരളം തഴച്ചുവളരുന്നത് എങ്ങോട്ട്? ഭാഗം – 1

കൊച്ചി പഴയ കൊച്ചിയല്ല; രാഷ്ട്രീയക്കാരും – ഭാഗം 2

ഗുണ്ടകളാര്, രാഷ്ട്രീയക്കാരാര്? ഇന്നത്തെ കൊച്ചി ഇങ്ങനേയുമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍