UPDATES

ട്രെന്‍ഡിങ്ങ്

മായാവതിയെ യുപി രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ 16 ദളിത്‌, മുസ്ലീം സംഘടനകള്‍ ഒന്നിക്കുന്നു

ദളിത്‌ വിഷയത്തില്‍ സംസാരിക്കാന്‍ അനുവധിക്കുന്നില്ല എന്നാരോപിച്ച് മായാവതി രാജ്യസഭയില്‍ നിന്ന് ഈയിടെ രാജി വച്ചിരുന്നു

യു.പി രാഷ്ട്രീയത്തില്‍ നിന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയെ പുറത്താക്കാന്‍ ദളിത്- മുസ്ലീം സംഘടനകള്‍ ഒന്നിക്കുന്നു. മായാവതിക്കുള്ള ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാനും ബി.എസ്.പിയില്‍ നിന്നു പുറത്താക്കാനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 16 സംഘടനകള്‍ ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ബി.എസ്.പിയില്‍ നിന്നു മായാവതി പുറത്താക്കിയവരും അവരോട് കലഹിച്ച് പാര്‍ട്ടി വിട്ടവരുമാണ് ഈ കൂട്ടായ്മയ്ക്ക് പ്രധാനമായും നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ മെയില്‍ മായാവതി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നസീമുദ്ദീന്‍ സിദ്ദിഖിയാണ് മായാവതിക്കെതിരായ നീക്കത്തിന് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത്. ബി.എസ്.പിയുടെ മുന്‍ എം.പി പ്രമോദ് കുരീല്‍ കണ്‍വീനറായി നാഷണല്‍ ബഹുജന്‍ അലയന്‍സ് എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

തന്നെ ദളിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ സമ്മതിക്കുന്നില്ല എന്നാരോപിച്ച് രാജ്യസഭയില്‍ നിന്ന് മായാവതി ഈയിടെ രാജി വച്ചിരുന്നു. യു.പിയില്‍ 19 എം.എല്‍.എമാര്‍ മാത്രമുള്ള മായാവതിക്ക് രാജ്യസഭയിലേക്ക് തിരിച്ചു വരിക ഇനി എളുപ്പമല്ല. ലോക്‌സഭയിലും ബി.എസ്.പിക്ക് എം.പിമാരില്ലാതായതോടെ ദേശീയ രാഷ്ട്രീയത്തിലു മായാവതിയുടെ സ്വാധീനത്തിന് മങ്ങലേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യു.പിയില്‍ മാത്രമായൊതുങ്ങിയിരിക്കുന്ന മായാവതിയുടെ പിന്നില്‍ ഇപ്പോഴും അടിയുറച്ചു നില്‍ക്കുന്ന ദളിത് വോട്ടുകള്‍ പിടിച്ചെടുക്കുക എന്നതാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം. ബി.എസ്.പി പിടിച്ചെടുക്കുകയും മായാവതിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കലും ലക്ഷ്യമാണെന്ന് യോഗത്തിന് എത്തിയവര്‍ പറയുന്നു.

മായാവതി പുറത്താക്കിയതിനു പിന്നാലെ സിദ്ദിഖി ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് സംഘപരിവാറിലേക്ക് പോകുന്നതിന് അദ്ദേഹം ബുദ്ധിമുട്ടുകളുണ്ട്. ബി.എസ്.പിയെ തകര്‍ക്കുന്നതു വഴി ഈ നീക്കം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ തന്നെ ഇത്തരമൊരു യോഗം ചേര്‍ന്നതിന്റെ പ്രധാന ലക്ഷണവും സിദ്ദിഖിയുടെ ലക്ഷ്യം ബി.ജെ.പി തന്നെയാണെന്നതിന്റെ സൂചനകളാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രിലില്‍ തന്നെ മായാവതിക്കെതിരെയുള്ള നീക്കം ബിഎസ്പിയില്‍ നിന്ന് പുറത്തുപോയവരും ഇടഞ്ഞു നില്‍ക്കുന്നവരും ചേര്‍ന്ന് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ബഹുജന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ചിരുന്നു. സിദ്ദിഖി തന്നെ ഇതിന്റെ നേതാവുമായി. ഇവര്‍ക്ക് പുറമേ, ഇന്ത്യന്‍ നാഷണല്‍ ലീഗ്, കന്‍ഷിറാം സ്ഥാപിച്ച ബഹുജന്‍ സംഘര്‍ഷ് പാര്‍ട്ടി, ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന്റെ സര്‍വ് സംഭവ് പാര്‍ട്ടി, ദി ബഹമാന്‍ മുക്തി മോര്‍ച്ച, ഓള്‍ ഇന്ത്യ ബാക്ക്വാര്‍ഡ്‌ ആന്‍ഡ് മൈനോറിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ കീഴിലുള്ള സംഘടനകള്‍ തുടങ്ങിയവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍