UPDATES

ട്രെന്‍ഡിങ്ങ്

ലീഗില്‍ ഇങ്ങനെയൊക്കെയാണ്; കാശു വാങ്ങിയ ആരോപണം എംഎല്‍എക്കെതിരെ; പുറത്തായത് പരാതിക്കാരന്‍!

വിവാദത്തിലായ എംഎല്‍എയുടെ വീട്ടിനു നേരെ കഴിഞ്ഞ ദിവസം അണികള്‍ കല്ലെറിഞ്ഞ സംഭവവും ലീഗില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്

സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണമുയര്‍ന്ന കെഎം ഷാജി എംഎല്‍എക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മുസ്ലീം ലീഗില്‍നിന്ന് പുറത്തായത് പരാതി നല്‍കിയ ആള്‍. അഴീക്കോട് പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറയെയാണ് കാരണം ബോധിപ്പിക്കാതെ കഴിഞ്ഞയാഴ്ച പുറത്താക്കിയത്. എംഎല്‍എക്കെതിരെ നൗഷാദ് നല്‍കിയ പരാതി മേല്‍കമ്മിറ്റി ചര്‍ച്ചചെയ്ത ദിവസംതന്നെയാണ് പുറത്താക്കാനുള്ള തീരുമാനവും. ലീഗ് പത്രത്തില്‍ പുറത്താക്കിയതായി വാര്‍ത്ത വന്നതല്ലാതെ നൗഷാദിനെ ഇനിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശദീകരണം തേടുകയോ കുറ്റമെന്തെന്ന് വ്യക്തമാക്കുകയോ ചെയ്യാതെയായിരുന്നു പുറത്താക്കല്‍.

പത്രത്തില്‍ വാര്‍ത്ത കണ്ട് നൗഷാദ് നേതാക്കളെ ബന്ധപ്പെട്ടപ്പോള്‍ ഒന്നര വര്‍ഷംമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് പുറത്താക്കലിന് കാരണമെന്നായിരുന്നു മറുപടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട്ടെ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിക്കുന്നതിന് പാര്‍ട്ടി ആവശ്യപ്പെട്ട 25 ലക്ഷം ആരുമറിയാതെ എംഎല്‍എ തട്ടിയെടുത്തുവെന്നായിരുന്നു പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെ പരാതി. 2014-ല്‍ സ്‌കൂളിന് പ്ലസ്ടു കോഴ്സ് അനുവദിച്ചപ്പോള്‍ വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ നല്‍കാന്‍ സ്‌കൂള്‍ മാനേജ്മെന്റ് തയ്യാറായി. എന്നാല്‍ എംഎല്‍എ ഇടപെട്ട് ഈ തുക തല്‍ക്കാലം നല്‍കേണ്ടെന്ന് അറിയിച്ചുവത്രെ.

2017 ജൂണില്‍ ചേര്‍ന്ന സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചതായി കണക്ക് അവതരിപ്പിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. സ്‌കൂള്‍ മാനേജരില്‍നിന്ന് എംഎല്‍എ നേരിട്ട് പണം വാങ്ങിയതായി സൂചന ലഭിച്ച ലീഗ് പ്രാദേശിക സമിതി പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നല്‍കി. ഈ പരാതി പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുത്തു. എന്നാല്‍ പരാതി കൊടുത്തയാളെ പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി പത്രത്തിലൂടെ അറിയിക്കുകയായിരുന്നു.

മേല്‍ക്കമ്മിറ്റിക്കും ഉന്നത നേതാക്കള്‍ക്കും പ്രാദേശിക ഭാരവാഹി നല്‍കിയ പരാതി പുറത്തായതിനു പിന്നില്‍ മുസ്ലിംലീഗിലെ അഭ്യന്തരക്കുഴപ്പമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം നിയോജക മണ്ഡലം കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. അതിന് മുന്നോടിയായാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അഴിമതിക്കഥ പ്രചരിച്ചത്. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന പ്രവണത വര്‍ധിക്കുന്നതില്‍ ലീഗ് അണികളാകെ അസംതൃപ്തരാണ്.

യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന മൂസാന്‍കുട്ടി നടുവിലടക്കമുള്ളവരോടും നേതൃത്വം ഇതേ നിലപാടാണ് സ്വീകരിച്ചത്. ലീഗിന്റെ കീഴിലുള്ള ഒരു പള്ളിയുടെ പണം അപഹരിച്ചതിന് ജയിലില്‍ പോകേണ്ടിവന്ന നേതാവിനെ നേതൃത്വം സംരക്ഷിച്ചതിനാണ് അന്ന് യൂത്ത് ലീഗില്‍ കലാപമുണ്ടായത്. മൂസാന്‍കുട്ടി നടുവിലും നിരവധി പ്രവര്‍ത്തകരും ലീഗ് വിടാനും അത് കാരണമായി. വിവാദത്തിലായ എംഎല്‍എയുടെ വീട്ടിനു നേരെ കഴിഞ്ഞ ദിവസം അണികള്‍ കല്ലെറിഞ്ഞ സംഭവവും ലീഗില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍