UPDATES

ട്രെന്‍ഡിങ്ങ്

നിതീഷിന്റെ പദ്ധതി അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി; എന്നിട്ട് താങ്കള്‍ എന്തു ചെയ്തെന്ന് നേതാക്കള്‍

ലാലു-നിതീഷ് പ്രശ്നം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും ആരോപണം

നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം പോകുമെന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ വിവരമറിഞ്ഞിട്ടും എന്തുകൊണ്ട് സഖ്യം തകരാതെ നോക്കാന്‍ രാഹുല്‍ ശ്രമിച്ചില്ലെന്ന് പാര്‍ട്ടി നേതാക്കള്‍. ബിഹാറിലെ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് രാഹുലിന്റെ അവകാശവാദം.

അതേ സമയം, രാഹുല്‍ ഗാന്ധിയെ ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന അഭിപ്രായവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും പ്രവര്‍ത്തികളില്‍ അനിഷ്ടമുണ്ടെങ്കിലും നിതീഷ് കുമാര്‍ സഖ്യം വിട്ടു പോകില്ല എന്നാണ് ബിഹാര്‍ നേതാക്കള്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത് എന്നാണ് ആരോപണം.

“വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി നിതീഷ് കുമാര്‍ താന്‍ ഒരിക്കല്‍ വിട്ടുപോന്ന വര്‍ഗീയ കക്ഷികളുമായി വീണ്ടും കൂട്ടു ചേര്‍ന്നിരിക്കുകയാണ്. ഇതാണ് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ പ്രശ്‌നം. രാഷ്ട്രീയത്തില്‍ മറ്റുള്ളവരുടെ മനസില്‍ ഉള്ളത് എന്താണ് എന്നത് നമുക്ക് അറിയാം പറ്റും. നിതീഷ് കുമാര്‍ ഇത്തരമൊരു കാര്യത്തിന് പദ്ധതിയിടുന്നതായി എനിക്കറിയാമായിരുന്നു. അദ്ദേഹം ബി.ജെ.പിക്കൊപ്പം ചേരാന്‍ പോകുകയാണ് എന്ന കാര്യം മൂന്നോ നാലോ മാസങ്ങള്‍ക്ക് മുമ്പേ ഞങ്ങള്‍ അറിഞ്ഞിരുന്നു. ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രശ്‌നം. തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അവര്‍ ഏതറ്റം വരെയും പോകും. അവിടെ വിശ്വാസ്യതയ്ക്ക് യാതൊരു സ്ഥാനവുമില്ല. അധികാരത്തിനു വേണ്ടി എന്തും ചെയ്യും”- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

എന്നാല്‍ ഇത്തരമൊരു കാര്യം അറിഞ്ഞിട്ടും സഖ്യം തകരാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് എന്തു നടപടികള്‍ ഉണ്ടായി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചോദിക്കുന്നത്. രാജി വയ്ക്കുന്നതിന് തലേ ആഴ്ച രാഹുല്‍ ഗാന്ധിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് ലാലുവിനെ രക്ഷിക്കാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി പരസ്യമായി കീറിയ കാര്യം നിതീഷ് കുമാര്‍ ഓര്‍മിപ്പിച്ചിരുന്നു. അഴിമതി പ്രശ്‌നത്തില്‍ അന്ന് ലാലുവിനെതിരെ നിന്ന ആളാണ് താങ്കളെന്ന് നിതീഷ് ഓര്‍മിപ്പിച്ചെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിതീഷ് തന്നെയാണെന്നും തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തേജസ്വിയെക്കൊണ്ട് ഉപമുഖ്യമന്ത്രി പദം രാജിവയ്പിച്ച് സഖ്യം തകരാതെ നോക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിക്കേണ്ടിയിരുന്നതെന്ന് മറ്റൊരു നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയോടുള്ള നിതീഷിന്റെ മൃദൃസമീപനം ശരിയല്ലെന്ന് അദ്ദേഹത്തെയും ഓര്‍മിപ്പിക്കാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്‌തോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് എ.ഐ.സി.സി ഭാരവാഹി കൂടിയായ ബിഹാറില്‍ നിന്നുള്ള എം.എല്‍.എ നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നുവെന്നും ഇടപെടല്‍ അത്യാവശ്യമെന്ന് വ്യക്തമാക്കിയിരുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇതുണ്ടായില്ല എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.

ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ചൗധരി ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞാണ് സമയം അനുവദിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിതീഷിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങള്‍ അറിയിക്കാനായിരുന്നു ചൗധരി എത്തിയതെന്നും എന്നാല്‍ ഇതൊന്നും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതൃത്വം ഗൗരവത്തോടെ എടുത്തില്ലെന്നും ബിഹാര്‍ നേതാക്കള്‍ പറയുന്നു. ബിഹാറില്‍ ജെ.ഡി-യു,- ആര്‍.ജെ.ഡി ബന്ധം മോശമായ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യത്തില്‍ രാഹുലിനെയാണ് ഇക്കാര്യത്തില്‍ ഇടപെടുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലയേല്‍പ്പിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍