UPDATES

ട്രെന്‍ഡിങ്ങ്

പൊരുതി നേടി കോണ്‍ഗ്രസ്; അമിത് ഷായ്ക്കും ഇറാനിക്കുമൊപ്പം അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

നിര്‍ണായകമായത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍

ഏറെക്കാലത്തിനു ശേഷം ദേശീയ രാഷ്ട്രീയം മുള്‍മുനയില്‍ നിന്ന എട്ടു മണിക്കുര്‍. ഒടുവില്‍ വെളുപ്പിന് രണ്ടു മണിയോടെ ഫലപ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മന്ത്രി സ്മൃതി ഇറാനി എന്നിവരും പട്ടേലിനൊപ്പം വിജയിച്ചവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഗുജറാത്തില്‍ നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന കുതിരക്കച്ചവടവും ഭീഷണിയും അതിജീവിച്ച് വിജയിക്കാനായത് കോണ്‍ഗ്രസിന്റെയും ആത്മവിശ്വസമുയര്‍ത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിലെ മുഖ്യശ്രദ്ധാ കേന്ദ്രം.

വൈകിട്ട് അഞ്ചു മണിയോടെ ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ ആരംഭിച്ചത് മുക്കാല്‍ മണിക്കുറോളം കഴിഞ്ഞ്. തങ്ങളുടെ വിതമ എം.എല്‍.എമാരായ ഭോലാ ഭായി ഗോഹല്‍, രാഘവ്ജി ഭായി പട്ടേല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തിക്കാട്ടിയെന്നും ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആദ്യം സമീപിച്ചത് കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രി ആര്‍.പി.എന്‍ സിംഗ്, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാലെ എന്നിവര്‍ അഞ്ചരയോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയെ സമീപിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമാകുന്നത്. അംഗീകൃത ഇലക്ഷന്‍ ഏജന്റിനെയല്ലാതെ മറ്റൊരാളെ ബാലറ്റ് പേപ്പര്‍ കാണിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന തങ്ങളുടെ പരാതി സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ തള്ളിയ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ബി.ജെ.പിയും ഉടന്‍ തങ്ങളുടെ നേതാക്കളെ കമ്മീഷനിലേക്ക് അയക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയവരെ ആദ്യം കമ്മീനിലേക്ക് അയയ്ക്കാനായിരുന്നു ബി.ജെ.പി ആലോചനയെങ്കിലും വൈകിട്ട് ആറേ മുക്കാലോടെ എത്തിയ സംഘത്തെ നയിച്ചത് കേന്ദ്രമന്ത്രി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, സഹമന്ത്രി പി.പി ചൗധരി, വാണീജ്യ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍.

കോണ്‍ഗ്രസിന്റെ പരാതി ഒരുവിധതത്തിലും നിലനില്‍ക്കില്ലെന്നും ഒരിക്കല്‍ വോട്ടു ചെയ്തു കഴിഞ്ഞാല്‍ പിന്നീടിത് പുന:പരിശോധിക്കുക സാധ്യമല്ലെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വാദം. സംസ്ഥാന റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്നും വോട്ട് ചെയ്തപ്പോഴൊന്നുമില്ലാതിരുന്ന പരാതി കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്നത് പരാജയഭീതി കൊണ്ടാണെന്നും നേതാക്കള്‍ ആരോപിച്ചു.

അടുത്ത നീക്കം കോണ്‍ഗ്രസിന്റെയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കമ്മീഷനെ കാണാനെത്തിയത് മുന്‍ മന്ത്രിമാരും രാജ്യത്തെ പ്രമുഖ അഭിഭാഷകരുമായ പി. ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 11-ന് ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വോട്ട് അസാധുവായതും 2000-ത്തില്‍ രാജസ്ഥാനില്‍ ഒരു സ്വതന്ത്ര എം.എല്‍.എയുടെ വോട്ട് അസാധുവായതും ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ വാദം. ബി.ജെ.പിക്ക് വിജയിക്കുമെന്ന് അത്ര ഉറപ്പുണ്ടെങ്കില്‍ അവര്‍ നിയമപരമായി വിജയിക്കട്ടെ, നിയമം വളരെ വ്യക്തമായി ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ച രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടേയും വോട്ടുകള്‍ റദ്ദാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ വീണ്ടും കമ്മീഷനെ കാണാനെത്തി. ബി.ജെ.പി നേതാക്കള്‍ എത്തിയെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കളായ ആര്‍.പി.എന്‍ സിംഗും സുര്‍ജെവാലയും കമ്മീഷനിലെത്തി. ഒടുവില്‍ രാത്രി ഒമ്പതു മണിയോടെ ഇനി തീരുമാനമെടുക്കാന്‍ സമയം ആവശ്യമുണ്ടെന്നും ആരേയും കാണില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതി അറിയിച്ചു. അമിത് ഷായും സ്മൃതി ഇറാനിയും വിജയിച്ച കാര്യം നേരത്തെ പുറത്തു വന്നിരുന്നു.

പിന്നീട് പുറത്തിറക്കിയ എട്ടു പേജുള്ള ഉത്തരവിലാണ് കോണ്‍ഗ്രസിന്റെ അവകാശവാദം അംഗീകരിച്ചു കൊണ്ട് രണ്ട് എം.എല്‍.എമാരുടെ വോട്ടുകള്‍ റദ്ദാക്കിയതായി കമ്മീഷന്‍ അറിയിച്ചത്. ഇതോടെ അഹമ്മദ് പട്ടേലിനെ ഇത്തവണ രാജ്യസഭയിലേക്ക് അയക്കില്ലെന്ന ബി.ജെ.പി തീരുമാനം പൊളിഞ്ഞേക്കുമെന്ന് ഉറപ്പായി. താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്ന് ബി.ജെ.പി എം.എല്‍.എ നളിന്‍ കൊതാഡിയ വെളിപ്പെടുത്തിയതും ബി.ജെ.പിക്ക് തിരിച്ചടിയായി. രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയതോടെ ഒരു സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ ആവശ്യമായത് 45-ല്‍ നിന്നും 44 ആയി കുറഞ്ഞു. തങ്ങള്‍ക്ക് എന്‍.സി.പിയുടെ രണ്ടും ജെ.ഡി-യുവിന്റെ ഒന്നും അടക്കം 46 വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ എന്‍.സി.പിയുടെ ഓരോ വീട്ടുകള്‍ വീതം കോണ്‍ഗ്രസിനും ബി.ജെ.പിക്കും പോയി. കോണ്‍ഗ്രസിന് വോട്ടു ചെയ്ത ജെ.ഡി-യു എം.എല്‍.എ ചോട്ടുഭായി വാസവയെ പാര്‍ട്ടി പുറത്താക്കി. ഒടുവില്‍ രാത്രി 1.50-ന് അഹമ്മദ് പട്ടേലിന്റെ ട്വീറ്റ്: സത്യമേവ ജയതേ. ഇതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ശ്വാസം വീഴുകയും ബി.ജെ.പി ക്യാമ്പ് അസ്വസ്ഥതമാവുകയും ചെയ്തു.

ഗുജറാത്തില്‍ നിന്ന് അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ക്കു പുറമെ എം.എല്‍.എമാരുടെ കണക്കെടുത്താല്‍ വിജയിക്കേണ്ടത് അഹമ്മദ് പട്ടേലാണ്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിംഗ് വഗേല പാര്‍ട്ടി വിട്ടതിനൊപ്പം ഏഴ് എം.എല്‍.എമാരും കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു. വഗേലയുടെ ബന്ധു കൂടിയായ മുതിര്‍ന്ന നേതാവ് ബല്‍വന്ത് സിംഗ് രാജ്പുത്തിനെ മുന്നില്‍ നിര്‍ത്തി പട്ടേലിനെ വെട്ടാന്‍ ബി.ജെ.പി കരുനീക്കി. തങ്ങളുടെ എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ മുതലാണ് വാഗ്ദാനമെന്നും അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ അവശേഷിച്ച 43 എം.എല്‍.എമാരേയും കോണ്‍ഗ്രസ് കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് കടത്തി. ഇതിനെ ബി.ജെ.പി നേരിട്ടത് ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വീടുകള്‍ അടക്കം ആദായ നികുതി റെയ്ഡ് നടത്തിയാണ്.

എന്തായാലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്ന വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിച്ചു എന്നതിനേക്കാള്‍ ബി.ജെ.പി തന്ത്രങ്ങളെ പൊളിക്കാനായി എന്നതും നേതൃത്വം സമയത്ത് ഉചിതമായി ഇടപെട്ടു എന്നതുമാണ് പാര്‍ട്ടിയെ ആശ്വസിപ്പിക്കുന്നത്. നാരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്നയാളാണ് ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫീസറായ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍