UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പോലും ഭീഷണിയില്‍; മോദി-ഷായെ നേരിടാന്‍ ഇത് പോര- ജയറാം രമേശ്‌

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതിലെ അനിശ്ചിതത്വവും നന്നല്ല

കോണ്‍ഗ്രസ് പാര്‍ട്ടി നിലനില്‍പ്പ് ഭീഷണിയിലാണെന്നും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി പാര്‍ട്ടി നേതാക്കളും മറ്റുള്ളവരും മനസിലാക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടന്നു പൊയ്‌ക്കൊള്ളും എന്ന മനോഭാവം നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെയടുത്ത് നടക്കില്ലെന്നും കോണ്‍ഗ്രസ് ഇപ്പോഴും പ്രസക്തമാണ് എന്ന് തെളിയിക്കാനുള്ള കൂട്ടായ ശ്രമം ആവശ്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

1996-2004 വരെയുള്ള സമയത്ത് കോണ്‍ഗ്രസ് ഒരു തെരഞ്ഞെടുപ്പ് പ്രതിസന്ധി നേരിട്ടിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള സമയത്തും കോണ്‍ഗ്രസിന് സമാനമായ തെരഞ്ഞെടുപ്പ് പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേരിടുന്നത് നിലനില്‍പ്പ് പ്രതിസന്ധിയാണ്. അത് തെരഞ്ഞെടുപ്പ് പ്രതിസന്ധിയല്ല. പാര്‍ട്ടി ശരിക്കും കടുത്ത പ്രതിസന്ധിയിലാണ്- ജയറാം രമേശ് പറഞ്ഞു.

മോദിയേയും അമിത് ഷായേയുമാണ് നമ്മള്‍ എതിര്‍ക്കുന്നത് എന്നത് മനസിലാക്കണം. അവര്‍ ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായാണ്. നമ്മുടെ സമീപനത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ നമ്മള്‍ അപ്രസക്തരായിപ്പോകും എന്നതില്‍ സംശയമില്ല- അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പഴയ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഇനി കാര്യമില്ല. പഴയ ഫോര്‍മുലകള്‍ ഇനി പറ്റില്ല, ഇന്ത്യ ഒരുപാട് മാറിപ്പോയി, അതുകൊണ്ട് കോണ്‍ഗ്രസും മാറിയേ കഴിയൂ എന്ന് പറഞ്ഞ ജയറാം രമേശ്, പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുന്നതു സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തോടുള്ള അനിഷ്ടവും മറച്ചു വച്ചില്ല. ‘എനിക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയു. 2018, 19 വര്‍ഷങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളും പൊതുതെരഞ്ഞെടുപ്പുമായി തിരക്കായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍… അനിശ്ചിതത്വം ഒട്ടും നന്നല്ല’- അദ്ദേഹം വ്യക്തമാക്കി.

ജനവിധിയെ വഞ്ചിക്കലാണ് ബിഹാറില്‍ നിതീഷ് കുമാര്‍ ചെയ്തതെന്നും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് അതുണ്ടാക്കിയ പ്രത്യാഘാതം വലുതാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി താന്‍ ആശങ്കാകുലനാണെന്നും കടുത്ത നിരാശയിലാണെന്നും പറഞ്ഞ മുന്‍ മന്ത്രി മുന്നോട്ടു പോയേ മതിയാകൂ എന്നും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍