UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎല്‍എമാരെ കോണ്‍ഗ്രസ് ബംഗളുരുവിലേക്ക് കടത്തി; അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്നുറച്ച് ബിജെപി

ആറു എം.എല്‍.എമാര്‍ കൂടി രാജി വച്ചതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അഹമ്മദ് പട്ടേലിനെ മൂന്നാം വട്ടവും രാജ്യസഭയില്‍ എത്തിക്കില്ലെന്ന വാശിയില്‍ ബി.ജെ.പി നിലപാടെടുത്തതോടെ കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബംഗളുരുവിലേക്ക് കടത്തി. ഓഗസ്റ്റ് എട്ടിനു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ 44 എം.എല്‍.എമാരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ പാര്‍ട്ടി ഭരണമുള്ള കര്‍ണാടകയിലേക്ക് എത്തിച്ചത്. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ബി.ജെ.പി അധികാരവും പണവും മസില്‍പവറും ഉപയോഗിച്ച് കുതിരക്കച്ചവടം നടത്തുകയാണ് ഗുജറാത്തിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍സിംഗ് വഗേല കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികളായ ആറ് എം.എല്‍.എമാരും കഴിഞ്ഞ ദിവസങ്ങളില്‍ രാജി വച്ചത്. 11 എം.എല്‍.എമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.

182 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് കനത്ത ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസിന് ആകെയുള്ള 57 എം.എല്‍.എമാരില്‍ ആറു പേര്‍ രാജി വച്ചതോടെ ഇനി 51 പേര്‍ മാത്രമേയുള്ളൂ. 44 പേരുടെ പിന്തുണയാണ് രാജ്യസഭയിലേക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്. ഇനിയും എം.എല്‍.എമാര്‍ രാജി വച്ചാല്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശം മുടങ്ങാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് എം.എല്‍.എമാരെ ബംഗളുരുവിലേക്ക് മാറ്റിയത്. രണ്ട് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചേക്കുമെന്നും സൂചനയുണ്ട്.

മൂന്ന് സീറ്റുകളാണ് ഗുജറാത്തില്‍ നിന്ന് രാജ്യസഭയില്‍ ഒഴിവ് വന്നിരിക്കുന്നത്. ഇതില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുമ്പോള്‍ മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനാണ് അഹമ്മദ് പട്ടേല്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാജി വച്ച വാഗെലയുടെ അടുത്ത ബന്ധുവും കോണ്‍ഗ്രസിന്റെ നിയമസഭ ചീഫ് വിപ്പുമായിരുന്ന ബല്‍വന്ത് സിംഗ് രാജ്പുത്തിനെയാണ് അഹമ്മദ് പട്ടേലിനെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

ബി.ജെ.പി എല്ലാ അര്‍ത്ഥത്തിലും കുതിരക്കച്ചവടം നടത്തുകയാണ് ഗുജറാത്തിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കൂറുമാറുന്ന എം.എല്‍.എമാരെ അയോഗ്യരാക്കുന്നതും ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുന്ന കാര്യത്തിന് കോടതിയെ സമീപിക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ബി.ജെ.പി തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് എം.എല്‍.എമാരുടെ രാജിയിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍