UPDATES

ട്രെന്‍ഡിങ്ങ്

Breaking/പാലക്കാട്ട് എം.ബി രാജേഷിനെ തളയ്ക്കാന്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി; വേണു രാജാമണി പരിഗണനയില്‍

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള താത്പര്യം വേണു രാജാമണിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു എന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്

പാലക്കാട്ടെ ‘ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി’ മുതലാക്കാന്‍ ആലോചനയുമായി കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കവെ പാലക്കാട് വിജയ സാധ്യതാ മണ്ഡലമായി തന്നെ പരിഗണിച്ച് മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രാദേശിക നേതാക്കളാണ് ആദ്യഘട്ട ആലോചനയിലുള്ളത്. എന്നാല്‍ ഒരു ‘സര്‍പ്രൈസ് കാന്‍ഡിഡേറ്റ്’ നെ പ്രഖ്യാപിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ തള്ളിക്കളയുന്നില്ല.

ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മുമ്പ് തന്നെ ശ്രീകണ്ഠനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന തരത്തില്‍ സംസാരവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അതേചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത മങ്ങിയതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന കോണ്‍ഗ്രസിലെ ധാരണകള്‍ ആണ് അദ്ദേഹത്തിനുള്ള സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ ഒറ്റപ്പാലത്തു നിന്ന് പരാജയപ്പെട്ട അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുകളുണ്ട്.

പ്രാദേശിക നേതാക്കളെ തന്നെ തിരിഞ്ഞെടുപ്പിന് മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വരുന്നതെങ്കില്‍ എ. സുമേഷിനാണ് ശ്രീകണ്ഠനേക്കാള്‍ സാധ്യതയെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നു. കോണ്‍ഗ്രസിലെ ഒബിസി ഡിപ്പാര്‍ട്‌മെന്റിന്റെ കേരള കണ്‍വീനര്‍ ആണ് സുമേഷ്. അംബേദ്കര്‍ കോളനിയിലേതുള്‍പ്പെടെ പല വിഷയങ്ങളിലും നേരിട്ട് ഇടപെട്ട സുമേഷിന് കീഴ്ത്തട്ട് ജനങ്ങള്‍ക്കിടയിലും പിന്നോക്ക് വിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യതയുണ്ട് എന്നതാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാണ് സുമേഷ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ ജനകീയനാണ് സുമേഷ് എന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. സുമേഷ് നിന്നാല്‍ മണ്ഡലം പിടിക്കാനുള്ള സാധ്യതയിലേക്കും ഇവര്‍ വിരല്‍ ചൂണ്ടുന്നു.

എന്നാല്‍ പ്രാദേശിക നേതാക്കളെ മാറ്റി മറ്റൊരു പരീക്ഷണത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസിഡറായ വേണു രാജാമണിയുടെ പേരാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. നയതന്ത്രവിദഗ്ദ്ധനായ വേണു രാജാമണി മാധ്യമപ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ദുബായില്‍ ഇന്ത്യന്‍ കൗണ്‍സല്‍ ജനറലായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ഫിനാന്‍സ് മിനിസ്ട്രിയുടെ മള്‍ട്ടി ലാറ്ററല്‍ എക്‌ണോമിക് റിലേഷന്‍ ജോയിന്റ് സെക്രട്ടറിയായും, എനര്‍ജി സെക്യൂരിറ്റി ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പിന്നീട് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായപ്പോള്‍ പ്രസ് സെക്രട്ടറിയായി അഞ്ച് വര്‍ഷം. 2017 ജൂണ്‍ മുതല്‍ നെതര്‍ലാന്‍ഡ്‌സില്‍ ഇന്ത്യന്‍ അംബാസിഡറാണ്.

മഹാരാജാസ് കോളേജിലെ ബിരുദ പഠന കാലത്ത് കെ എസ് യുവില്‍ സജീവ പ്രവര്‍ത്തകനായിരുന്ന വേണു കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. പിന്നീട് ജെഎന്‍യുവില്‍ വൈസ് പ്രസിഡന്റുമായി. ഇടത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തട്ടകങ്ങളായ രണ്ട് കാമ്പസുകളിലും വിജയം നേടി നേതൃനിരയിലിരുന്ന വേണു രാജാമണി എന്തുകൊണ്ടും പാലക്കാടിന് അനുയോജ്യനായ സ്ഥാനാര്‍ഥിയാവും എന്ന തരത്തില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരവുമുണ്ട്. മഹാരാജാസ് കോളേജില്‍ പി.ടി തോമസിന്റെ സമകാലികനാണ് വേണു. എന്‍സിസി കേഡറ്റായിരുന്നപ്പോള്‍ വിദേശത്ത് പോയ സമയത്ത് പി.ടി തോമസിന് വേണു അയച്ച കത്തുകൊണ്ടാണ് പി ടിയുടെ ജീവന്‍ രക്ഷപെട്ടതെന്നുള്‍പ്പെടെയുള്ള കഥകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു തുടങ്ങി. പതിനാറ് പേജുള്ള കത്ത് പോക്കറ്റില്‍ ഇട്ടിരുന്നതുകൊണ്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാവലിന്‍ കുത്തില്‍ നിന്ന് രക്ഷപെട്ടതെന്നും ജാവലിന്‍ കത്തില്‍ തട്ടി തെറിച്ച് പോവുകയായിരുന്നു എന്നുമുള്ള കഥകള്‍ നീളുന്നു.

നയതന്ത്ര വിദഗ്ദ്ധനും സ്‌കോളറുമായ വേണു രാജാമണിയെ ശശി തരൂരിനെപ്പോലെ തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ ശക്തിയായിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള താത്പര്യം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോട് പ്രകടിപ്പിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന വേണു രാജാമണിയെ കേരളത്തിലെ നാല് സീറ്റുകളിലേക്കാണ് പരിഗണിച്ചിരുന്നത് എന്നാണറിയുന്നത്. തിരുവനന്തപുരവും എറണാകുളവുമായിരുന്നു ആദ്യ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ശശി തരൂര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.ശബരിമല വിഷയം മൂര്‍ച്ചിച്ചതോടെ തരൂരും പാലക്കാട്ടേക്ക് മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍  തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം അദ്ദേഹം തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു.

എറണാകുളം സീറ്റില്‍ കെ വി തോമസ് തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഒരു തവണ കൂടി എറണാകുളം സീറ്റില്‍ മത്സരിക്കുമെന്ന ഉറച്ച തീരുമാനം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് അറിവ്. തൃശൂര്‍ മണ്ഡലത്തില്‍ ടി എന്‍ പ്രതാപന്റേയും വി എം സുധീരനോ മത്സരിക്കാനാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് മണ്ഡലത്തില്‍ വേണു രാജാമണിയെ നിര്‍ത്തി ഫലം തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന ഉദ്ദേശം കോണ്‍ഗ്രസിനുണ്ട്. പാലക്കാട് തന്നെ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്ന് വേണു രാജാമണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. അന്ന് എം പി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിയ്ക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇത്തവണ കോണ്‍ഗ്രസ് നേരിട്ട് സ്ഥാനാര്‍ഥിയെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണൊരുങ്ങുന്നത്.

എം.ബി രാജേഷിന് ഇത്തവണ സിപിഎം സീറ്റ് നല്‍കിയേക്കില്ല എന്ന തരത്തില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് ചൂട്ട് പിടിച്ചത് എം ബി രാജേഷ് ആണെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചരണമുണ്ട്. ഇതോടെ പി കെ ശശിയും എന്‍എന്‍ കൃഷ്ണദാസും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എം.ബി രാജേഷിനോട് ഇടഞ്ഞാണ് നില്‍ക്കുന്നത്. രണ്ട് തവണ എംപിയായ രാജേഷിനെ ആ പേരില്‍ മാറ്റിനിര്‍ത്താമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ആലോചന. എന്നാല്‍ എം.ബി രാജേഷിനെ മാറ്റിയാല്‍ മണ്ഡലം നഷ്ടപ്പെട്ടേക്കാമെന്ന വിലയിരുത്തലില്‍ മറ്റെല്ലാ ഫോര്‍മാലിറ്റികളും മറികടന്ന് അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. രാജേഷ് വീണ്ടും സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക പ്രവര്‍ത്തകരില്‍ ഉണ്ട്. എന്നാല്‍ സിപിഎമ്മില്‍ ഉണ്ടായിരിക്കുന്ന ഈ ചേരിതിരിവ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍