UPDATES

ട്രെന്‍ഡിങ്ങ്

യെച്ചൂരിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി വ്യക്തമാക്കി സിപിഎം ബംഗാള്‍ നേതൃത്വം

തൃണമൂലിനേയും കോണ്‍ഗ്രസിനേയും അകറ്റാനുള്ള നീക്കത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് പാര്‍ട്ടി തീരുമാനമെന്നും ഇത് ബിജെപിക്ക് കരുത്ത് പകരുന്നതാണെന്നും ബംഗാള്‍ നേതാക്കള്‍ പറയുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ തങ്ങളുടെ കടുത്ത അതൃപ്തി വ്യക്തമാക്കി സിപിഎം പശ്ചിമബംഗാള്‍ നേതൃത്വം. ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം നിഷേധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ചരിത്രപരമായ മണ്ടത്തരമായാണ് ബംഗാള്‍ ഘടകം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായി ബംഗാളിലെ പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് അവര്‍ ഇതുമായി ബന്ധിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനേയും കോണ്‍ഗ്രസിനേയും പരമാവധി അകറ്റി നിര്‍ത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം ശ്രമിച്ചുവന്നിരുന്നത്. ഏഷ്യന്‍ ഏജ് പത്രത്തോടാണ് സിപിഎം ബംഗാള്‍ നേതാക്കള്‍ അതൃപ്തി പങ്ക് വച്ചത്.

പശ്ചിമബംഗാളില്‍ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിനും ഒരെണ്ണം കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. യെച്ചൂരിയെ മത്സരിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ തങ്ങളുടെ സീറ്റ് വിട്ടുതരാം എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷനിരയില്‍ യെച്ചൂരിയുടെ സാന്നിദ്ധ്യം ആവശ്യമാണെന്ന കോണ്‍ഗ്രസ് താല്‍പര്യം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കേണ്ടതില്ല എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി തീരുമാനം ബംഗാളില്‍ വീണ്ടും കോണ്‍ഗ്രസിനെ തൃണമൂലുമായി അടുപ്പിക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. യെച്ചൂരിക്ക് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച സീറ്റില്‍ മീര കുമാറിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത് എന്നാണ് സൂചന. മീര കുമാറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും.

ഒരു സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കുക എന്ന ഓപ്ഷനും കേന്ദ്രനേതൃത്വം മുന്നോട്ട് വച്ചെങ്കിലും ഇതും കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം മത്സരിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് ബംഗാള്‍ ഘടകം ചോദിക്കുന്നത്. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭാ ടേം ആര്‍ക്കും അനുവദിക്കാറില്ലെന്ന കീഴ്‌വഴക്കം, പാര്‍ട്ടി സെക്രട്ടറി പാര്‍ലമെന്ററി രംഗത്ത് നില്‍ക്കുന്നത് തടയുന്ന കീഴ്‌വഴക്കം തുടങ്ങിയവയും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പ്രധാനമായും കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് രാജ്യസഭ സീറ്റ് നേടേണ്ട എന്ന നിലപാട് തന്നെയാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ലമെന്റ് അംഗമാകേണ്ടെന്ന് വാദം പൊള്ളയാണെന്നാണ് ബംഗാള്‍ നേതൃത്വം പറയുന്നത്. കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടി കാര്യം നോക്കണമെന്ന വിധത്തില്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അദ്ദേഹം രാജ്യസഭാംഗത്വം രാജി വയ്‌ക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത് ആ സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്ന് ചൂണ്ടിക്കാട്ടിയാണെന്ന് ബംഗാള്‍ നേതൃത്വം ഓര്‍മ്മിപ്പിക്കുന്നു. തൃണമൂലിനേയും കോണ്‍ഗ്രസിനേയും അകറ്റാനുള്ള നീക്കത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് പാര്‍ട്ടി തീരുമാനമെന്നും ഇത് ബിജെപിക്ക് കരുത്ത് പകരുന്നതാണെന്നും ബംഗാള്‍ നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍