UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ 65 വര്‍ഷത്തെ കുത്തക തകര്‍ന്നു; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

ബി.ജെ.പി മുന്നിലെത്തിയെങ്കിലും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ല

രാജ്യസഭയില്‍ കോണ്‍ഗ്രസിനുള്ള 65 വര്‍ഷത്തെ കുത്തക തകര്‍ത്ത് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി. മന്ത്രിയായിരുന്ന അനില്‍ ദാവെയുടെ മരണത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംപതീയ ഉയ്‌ക്കെ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയതോടെയാണിത്. എന്നാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് ഇപ്പോഴും രാജ്യസഭയില്‍ ഭുരിപക്ഷമില്ല.

245 അംഗ രാജ്യസഭയില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ 58 അംഗങ്ങളും കോണ്‍ഗ്രസിന് 57 അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ 65 വര്‍ഷമായി കോണ്‍ഗ്രസ് ആയിരുന്നു രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2018 വരെ കോണ്‍ഗ്രസ് തന്നെ ഈ നില തുടര്‍ന്നേനെ എങ്കിലും അവരുടെ രണ്ട് അംഗങ്ങള്‍ ഈ വര്‍ഷം മരിച്ചതോടെയാണ് ബി.ജെ.പി മുന്നിലെത്തിയത്.

അടുത്തയാഴ്ചയാണ് ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒഴിവു വരുന്ന ഒമ്പത് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇത് മൂലം ബി.ജെ.പിയുടെ ലീഡ് നിലയില്‍ മാറ്റം വരില്ല. ഗുജറാത്തില്‍ നിന്നുള്ള രണ്ട് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും മന്ത്രി സ്മൃതി ഇറാനിയും വിജയിക്കുന്നതോടെ നിലവിലുള്ള സ്ഥിതി തുടരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് മത്സരിക്കുന്ന മൂന്നാമത്തെ സ്ഥാനാര്‍ഥി. എന്നാല്‍ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാതിരിക്കാനും ഈ സീറ്റ് കൂടി പിടിച്ചെടുക്കാനും ബി.ജെ.പി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് കര്‍ണാടകത്തിലേക്ക് കടത്തിയത്. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇതിനകം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ബംഗാളില്‍ നിന്ന് ആറു സീറ്റ് ഒഴിവു വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന രണ്ടുു സീറ്റില്‍ ഒരു സീറ്റ് മാത്രമേ വിജയിക്കാന്‍ കഴിയൂ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ച് എം.പിമാരായിരിക്കും ഇത്തവണ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ എത്തുക.

എന്നാല്‍ അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴിവു വരുന്ന ഒമ്പതില്‍ എട്ടു സീറ്റും ബി.ജെ.പിക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരിയതോടെയാണിത്.

ലോക്‌സഭയില്‍ കനത്ത ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം എന്നതിനാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിധത്തിലുള്ള പരിഷ്‌കരണ നടപടികള്‍ നടക്കുന്നില്ല. ഇതിനെ മറികടക്കാന്‍ പല നിയമങ്ങളും മണി ബില്ലായി കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ബിഹാറില്‍ നിന്ന് ജെ.ഡി-യു കൂടി എന്‍.ഡി.എയിലേക്ക് വന്നതോടെ സര്‍ക്കാരിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭയില്‍ 10 അംഗങ്ങളുള്ള ജെ.ഡി-യു കേന്ദ്രത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍