UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

തലൈവിക്കുമേല്‍ പരുന്തും പറക്കില്ല

മഴക്കെടുതികള്‍ തമിഴകത്തെ താറുമാറാക്കുകയും ജനജീവിതത്തെ ഒരാഴ്ചയോളം ഭീതിയുടെ നെടുംകയങ്ങളില്‍ വട്ടംചുറ്റിക്കുകയും ചെയ്തിട്ടും അനങ്ങാതെ നില്‍ക്കുന്ന ഒരു’വിഗ്രഹ’മുണ്ട് ചെന്നൈയിലെ പൊയസ്ഗാര്‍ഡനില്‍- സാക്ഷാല്‍ പുരട്ശ്ചിത്തലൈവി ജയലളിത. പെരുവെള്ളം പൊങ്ങിയ താമ്പരത്തും, അടയാറിലും, ബസന്ത് നഗറിലും, മൈലാപ്പൂരിലുമൊക്കെ ജനങ്ങള്‍ കുടുംബസമേതം കാറും ബസ്സും ഇരുചക്രവാഹനങ്ങളും ഉപേക്ഷിച്ച്‌വഞ്ചികളില്‍ കയറി സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം സഞ്ചരിക്കുമ്പോഴും തലൈവി വേദനിലയത്തില്‍ ഇരുന്നു അടക്കിപ്പിടിച്ചു ചിരിച്ചു എന്നാണ് കൊട്ടാരം വിദൂഷകന്മാര്‍ അടക്കം പറഞ്ഞത്. ഇടി, മഴ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഉണ്ടായതാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും അവരോടൊപ്പം ഒട്ടിനില്‍ക്കുന്ന മാധ്യമപരിഷപ്പടകളും പെടാപ്പാട് പെടുമ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു മുഖ്യമന്ത്രിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുമോ? കോടനാട് സുഖവാസകേന്ദ്രത്തില്‍ രണ്ടു മാസത്തെ വിശ്രമത്തിനു പോയ ജയാമ്മ തമിഴകത്ത് ഉരുണ്ടുകൂടുന്ന രാഷ്ട്രീയ കാര്‍മേഘങ്ങള്‍ കണ്ടിട്ടായിരിക്കണം ഉറ്റതോഴി ശശികലയുടെ തോളില്‍ കൈയിട്ടു നേരത്തേതന്നെ വേദനിലയത്തിലേക്ക് മടങ്ങിയത്.

കാലവര്‍ഷം ചെന്നൈ നഗരത്തെ കണ്ണീര്‍പ്പാടമാക്കിയപ്പോള്‍ ജയാമ്മ തന്റെ ബുള്ളറ്റ് പ്രൂഫ് വണ്ടി നേരേവിട്ടത് ആര്‍ കെ നഗര്‍ എന്ന നിയമസഭാ മണ്ഡലത്തിലേക്കാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്ന വിപ്ലവനായിക ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു നേടിമടങ്ങിവന്നപ്പോള്‍ സഹായഹസ്തം നീട്ടിയത് ആര്‍ കെ നഗര്‍ വോട്ടര്‍മാര്‍ ആയിരുന്നു. നിയമസഭയിലേക്ക് വമ്പന്‍ ഭൂരിപക്ഷത്തോടെ അവര്‍ തലൈവിയെ ജയിപ്പിച്ചുവിട്ടു. ഉദ്ദിഷ്ഠകാര്യത്തിനു ഉപകാരസ്മരണ എന്ന നിലയക്ക് ആ മണ്ഡലത്തില്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരു കോളെജും സ്ഥാപിച്ചു കൊടുത്തു. കൂടാതെ നിരവധി വികസന വാഗ്ദാനങ്ങളും വാരിയെറിഞ്ഞു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ആര്‍ കെ നഗര്‍ നിവാസികളെ നേരില്‍ കണ്ട് സഹായഹസ്തം നീട്ടിയപ്പോള്‍ പാവം വോട്ടര്‍ര്‍ അന്തംവിട്ടു. ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ? (ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും താന്‍ ഇവിടെ നിന്നായിരിക്കും മത്സരിക്കുയെന്ന പരോക്ഷസൂചന വോട്ടര്‍മാര്‍ക്ക് കിട്ടിയോഎന്നറിയില്ല.)

കാലവര്‍ഷക്കെടുതിയിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ തുടങ്ങിയ മുത്തുവേല്‍ കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റകഴകം (ഡിഎംകെ) ഉള്‍പ്പെടയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ടാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഡിഎംകെ) നേതാവ് മുന്നേറിയത്. വെള്ളപ്പൊക്കത്തില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് പലതരം ആനുകൂല്യങ്ങള്‍ നല്‍കിയും ജീവഹാനി നേരിട്ടവരുടെ ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ വാരിയയെറിഞ്ഞും ജയ പുതിയ അടവുകള്‍ കണ്ടെത്തി. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിന്നത്തമ്പിയായ എംകെ സ്റ്റാലിന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഓടിനടന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചിട്ടും ജയാമ്മ അനങ്ങിയില്ല. ജനരോക്ഷം കുത്തിപ്പൊക്കാനുള്ള പ്രതിപക്ഷ ദൃശ്യമാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനും മുഖ്യമന്ത്രി ശ്രമിച്ചില്ല. മഴ പെയ്തിറങ്ങിക്കഴിഞ്ഞാല്‍ പ്രതിപക്ഷം മറീനാക്കടപ്പുറത്തേക്ക് ഒലിച്ചുപോകുമെന്ന് അവര്‍ക്കറിയാം.

2016 ല്‍ അരങ്ങേറുന്ന നിയമസഭാ തെരഞ്ഞെടുപ്പു മഹാമഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചു കാത്തിരിക്കുന്ന ഡിഎംകെ നേതാവ് സ്റ്റാലിന്‍, പട്ടാളിമക്കള്‍ കക്ഷി (പിഎംകെ) നേതാവ് അന്‍പുമണി രാമദാസ്, ‘കറുപ്പു എംജിആര്‍’എന്ന് സ്വയംവിശേഷിപ്പിക്കുന്ന ദേശീയ മുര്‍പ്പോക്ക് ദ്രാവിഡകഴകം (ഡിഎംഡികെ) നേതാവ് സാക്ഷാല്‍ ക്യാപ്റ്റന്‍ വിജയകാന്ത്, കണ്ടതിനും കാണാത്തതിനും കേരളത്തിനു നേരേ ചാട്ടവാര്‍ വീശാന്‍ കാത്തിരിക്കുന്ന എംഡിഎംകെ നേതാവ് വൈഗോപാലസ്വാമി എന്ന വൈക്കോ എന്നിവരെയൊക്കെ പാഠം പഠിപ്പിക്കാനുള്ള എഞ്ചുവടികളും പദ്ധതികളും തയ്യാറാക്കുന്ന തിരക്കിലാണ് ജയലളിത. വരുന്ന തെരഞ്ഞെടുപ്പില്‍ ആരെയും കൂസാതെ ഒറ്റക്കുമത്സരിക്കാനുള്ള തന്ത്രങ്ങള്‍ ജയാമ്മ ആസൂത്രണം ചെയ്തു തുടങ്ങിയിരിക്കുന്നു. ‘അവളെപ്പേടിച്ചാരും ആ വഴി നടക്കില്ലെ’ന്ന് സകലമാന പ്രതിപക്ഷത്തിനും അറിയാം. കഴിഞ്ഞ തവണ ഒപ്പം നിന്ന ക്യാപ്റ്റന്‍ വിജയകാന്തിനെപ്പോലും പരിസരത്ത് അടുപ്പിക്കാന്‍ അവര്‍ തയ്യാറായില്ല എന്നു മാത്രമല്ല നൂറുകണക്കിനു മാനനഷ്ടക്കേസുകള്‍ ഫയല്‍ചെയ്തു ക്യാപ്റ്റനെ കുടുക്കിലാക്കുകയുംചെയ്തു. ജയാസഖ്യത്തില്‍ ചേരേണ്ടി വന്നതിന്റെ പേരില്‍ തനിക്കുനേരിട്ട മാനഹാനിയും പണനഷ്ടവും തിട്ടപ്പെടുത്താന്‍ ക്യാപ്റ്റനു ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് കാഞ്ചീപുരത്തെ നാഡിജ്യോത്സ്യക്കാര്‍ പറയുന്നത്.

ജയലളിതയെ അലട്ടുന്നത് പ്രതിപക്ഷമല്ല, മറിച്ച് സുപ്രീംകോടതിയില്‍ നടക്കാനിരിക്കുന്ന വിചാരണയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസ്സില്‍ കര്‍ണാടക ഹൈക്കോടതി വെറുതേവിട്ട കേസ്സിന്റെ അന്തിമവിധിയാണ് ഇവിടെ നടക്കാനിരിക്കുന്നത്. അതില്‍ വിപരീതവിധി വന്നാല്‍ ജയലളിതയുടെ രാഷ്ട്രീയ ജീവിതം കരിപുരണ്ടതാകും. അത്തരത്തലൊരു അന്ത്യംസ്വപ്നം ആലോചിക്കാന്‍ പോലും തലൈവിക്ക് കഴിയില്ല. കര്‍ണാടക ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചാല്‍ തമിഴകത്തെ പ്രതിപക്ഷങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും അത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളും കൈക്കലാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന ജയാമ്മയുടെ പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ ചങ്കിലേറ്റ ഇടിത്തീയാണ്. തമിഴകത്തെ പാര്‍ട്ടികള്‍ക്കൊന്നും ഒറ്റക്കെട്ടായി തനിക്കെതിരെ നീങ്ങാന്‍ കഴിയില്ലെന്ന സത്യം തലൈവിക്ക് നന്നായറിയാം. അവരുടെ ജനക്ഷേമപദ്ധതികള്‍ കണ്ടില്ലെന്ന് നടിക്കാനും പ്രതിപക്ഷത്തിനാകില്ല. ഗോപാലപുരത്തെ വീല്‍ച്ചെയറില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന കലൈജ്ഞര്‍ മുത്തുവേല്‍ കരുണാനിധിയുടെ ഉറക്കംകെടുത്തുന്നത് ജയലളിതയുടെ ജനസമ്മിതി മാത്രമല്ല, അണ്ണാഅ റിവാലയത്തില്‍ കെട്ടിവച്ചിരിക്കുന്ന അഴിമതിക്കറയുടെ ഭാണ്ഡക്കെട്ടുകളുടെ ദുര്‍ഗ്ഗന്ധവുമാണ്. അറേബ്യയിലെ സര്‍വസുഗന്ധവസ്തുക്കള്‍കൊണ്ട് നൂറുവര്‍ഷം കഴുകിയാലും തീരാത്ത വിധത്തിലുള്ള അഴിമതിക്കഥകളാണ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ഗതിയെ തളര്‍ത്തുന്നതെന്ന് തല്‍പ്പരകക്ഷികള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നു. ജയലളിത ശിക്ഷിക്കപ്പെട്ട് വീണ്ടും ജയിലില്‍ പോയാലും കലൈഞ്ജറുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതായിരിക്കും. 2 ജിസ്‌പെക്ട്രം, അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, കലൈഞ്ജര്‍ ടിവി അഴിമതി തുടങ്ങിയ കേസ്സുകള്‍ ഡിഎംകെയെ ശൂന്യതയിലേക്ക് കൊത്തിക്കൊണ്ടു പോകാന്‍ കഴുകനെപ്പോലെ നോക്കിയിരിക്കുകയാണ്. അഴിമതിയുടെ മുതല്‍ക്കൂട്ടാണ് ഡിഎംകെയുടെ അസ്ഥിവാരം.

ജയലളിതയെ അട്ടിമറിക്കാന്‍ കാത്തിരിക്കുന്ന കലൈജ്ഞര്‍ കരുണാനിധിയുടെ മുന്നില്‍ വന്നുപെട്ട തുറുപ്പു ചീട്ടായിരുന്നു മദ്യനിരോധന പ്രസ്താവന. തന്റെ പാര്‍ട്ടി വിജയിച്ചാല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന കലൈജ്ഞറുടെ ഉദ്‌ബോധനം വെറും തട്ടിപ്പു മാത്രമാണെന്ന് തലൈവിക്കറിയാം. പലതവണ അധികാരത്തില്‍ വന്നിട്ടും മദ്യനിരോധനം നടപ്പില്‍ വരുത്താന്‍ താല്‍പ്പര്യം കാണിക്കാത്ത കലൈഞ്ജറുടെപ്രഖ്യാപനം പൊള്ളയാണെന്ന്‌ നിരീക്ഷകര്‍ക്കും അറിയാം. തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന്പട്ടാളി മക്കള്‍ കക്ഷിയുടെ (പിഎംകെ) നെടുംതൂണായ ഡോകടറയ്യ രാമദാസ് ആണയിട്ടു പറഞ്ഞിട്ടും സംസ്ഥാനത്തെ മുപ്പത്തിരണ്ട് ജില്ലകളിലേയും മുഴുക്കുടിയന്‍മാര്‍ പോലും അത് മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന് കലൈഞ്ജര്‍ പറഞ്ഞപ്പോള്‍ പുരട്ശ്ചിത്തലൈവി ജയലളിത പോലും ഞെട്ടിപ്പോയി. കാരണം സംസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ മദ്യലഹരിയുടെ വരുമാനത്തിലാണ്.ലഹരി വിട്ടൊഴിഞ്ഞാല്‍ ജനത്തിന്റെ മനസ് മാറും. അത് അപകടമാണ്.

കഴിഞ്ഞ വര്‍ഷം 25,000 കോടിരൂപയാണു മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന്റെ പോക്കറ്റില്‍ വീണത്. 2015-16 ല്‍ അത് 30,000 കോടിയാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍ (ഇക്കഴിഞ്ഞ ദീപാവലിക്ക് മാത്രം തമിഴ്മക്കള്‍ 750 കോടിയുടെ മദ്യം വിഴുങ്ങിയെന്നാണ് സെന്റ് ജോര്‍ജ്ജ്‌ ഫോര്‍ട്ടിലെ കണക്കപ്പിള്ളമാര്‍ അടുത്തിടെ തിട്ടൂരം ഇറക്കിയത്!) മദ്യനിരോധനം കൊണ്ടുവന്നാല്‍’വികസനത്തിനുള്ള വഹ’എവിടെ നിന്നുകണ്ടെത്തും? തമിഴ്മക്കളെ കുടിപ്പിച്ചു കിടത്താതെ ഒരു സര്‍ക്കാരിനും സംസ്ഥാനം ഭരിക്കാന്‍ കഴിയില്ല എന്ന വാസ്തവം കണ്ടെത്താന്‍ ചാണക്യസൂത്രമൊന്നും പഠിക്കേണ്ടതില്ല. മദ്യം തലയ്ക്ക് പിടിക്കുമ്പോള്‍ വികസനം താനേ വന്നുകയറും. അതാണു ജയാമ്മയുടെ ആപ്തവാക്യം, അതാണ് പ്രായോഗികവാദം. മദ്യത്തിനെതിരെ തിരുച്ചിറപ്പള്ളിയിലെ കോവനല്ല, പരാശക്തിക്കാരന്‍ കരുണാനിധി പാട്ടെഴുതിയാലും പിടിച്ച് ജയിലില്‍ പോടും. അതാണ് സര്‍ക്കാര്‍ നയം. മദ്യം ജനത്തിന്റെ തലൈക്ക് പിടിച്ചപ്പോള്‍ തലൈവി പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ ചില പദ്ധതികള്‍ നോക്കുക: മിക്‌സികളും ഗ്രൈന്‍ഡറുകളും: 2,000 കോടി. പോഷകാഹാര പദ്ധതി: 1,413 കോടി. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം: 1,100. ആഹാരസബ്‌സിഡി: 5,300 കോടി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: 4,200 കോടി. വൈദ്യുതി ബോര്‍ഡിനുള്ള സബ്‌സിഡി: 5,400 കോടി. കുട്ടികളുടെ വികസനത്തിന്: 1,361 കോടി. സോളാര്‍ പദ്ധതി: 1.260 കോടി. ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഡവലപ്‌മെന്റ്: 2,000 കോടി. റോഡ്‌വികസനം: 2,800 കോടി. ഇത്രയും’വികസനം’ വേണമോ മദ്യക്കുപ്പികള്‍ തല്ലിപ്പൊട്ടിക്കണമോ? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍വോട്ടു ചെയ്യാന്‍ വരുന്ന തമിഴ്മക്കള്‍ തീരുമാനിക്കട്ടെ എന്ന നയപരമായ സിദ്ധാന്തമാണ് തലൈവി തന്റെ മാന്ത്രികച്ചെപ്പില്‍ സൂക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎം, സിപിഐ, വിസികെ, എം ഡി എം കെ എന്നീ പാര്‍ട്ടികള്‍ രൂപീകരിച്ച ജനക്ഷേമ മുന്നണി ആശങ്കയിലാഴ്ത്തുന്നത് ഡിഎംകെയുടെ തലതൊട്ടപ്പന്മാരെയാണ്. ഡിഎംകെയുടെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ പദ്ധതിയൊരുക്കിയിരുന്ന വിശാലസഖ്യത്തിനു ജനക്ഷേമ മുന്നണി പാര പണിഞ്ഞു. സഖ്യസ്വപ്നങ്ങള്‍ എങ്ങുമെത്താതെ കലൈജ്ഞറുടെ തലയ്ക്കുമീതെ പാറിപ്പറക്കുകയാണ്. വിജയകാന്തിന്റെ ഡിഎംഡികെ എങ്ങോട്ടു ചായുമെന്ന് നിശ്ചയമില്ല. താമസിയാതെ ഡിഎംഡികെ തങ്ങളുടെ ഒറ്റാലില്‍ വീഴുമെന്ന ചിന്തയുമായി ബിജെപി മുന്തിരിത്തോട്ടത്തിലെ കുറുക്കനെപ്പോലെകാത്തിരിക്കുകയാണ്. ഡോക്ടര്‍ രാമദാസിന്റ പട്ടാളിമക്കള്‍ കക്ഷിയാകട്ടെ ജനക്ഷേമമുന്നണിയില്‍ എത്താന്‍ സാധ്യത കുറവാണ്. കാരണം മകന്‍ അന്‍പുമണിരാമദാസിനെ മുഖ്യമന്ത്രിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാമദാസിന്റെ മോഹം അടുത്തെങ്ങും പൂവണിയാന്‍ പോകുന്നില്ലെന്ന് ഡോക്ടറയ്യക്ക് തന്നെ അറിയാം. വെറുതേ മോഹിക്കുവാന്‍ മോഹം ആര്‍ക്കാണില്ലാത്തത്. സംസ്ഥാനത്തെ കോണ്‍ഗ്രസാകട്ടെ ഇപ്പോഴും കണ്ണുനട്ടിരിക്കുന്നത് കലൈജ്ഞറുടെ വാക്കുകള്‍ക്കാണ്. മുങ്ങിച്ചാവാന്‍ പോകുന്നവനു കച്ചിയും രക്ഷാമാര്‍ഗ്ഗം എന്ന ചിന്താഗതിയാണ് കോണ്‍ഗ്രസിനുള്ളത്.

എന്തായാലും 2016 ല്‍ വീശിയടിക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന സുനാമിയില്‍ പ്രതിപക്ഷത്തിന്റെ കൊതുമ്പു വള്ളങ്ങള്‍ തകര്‍ന്നുവീഴുമെന്നതില്‍ സംശയമില്ല. അക്കാര്യം മഷിയിട്ടുനോക്കാന്‍ പരപ്പനങ്ങാടിയിലെ ജ്യോത്സ്യനെ സമീപിക്കേണ്ട കാര്യവുമില്ല. അതെ, പ്രകൃതിക്ഷോഭം രാഷ്ട്രീയത്തിലും പ്രവചിക്കാം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍