UPDATES

ട്രെന്‍ഡിങ്ങ്

അന്നു നമ്മളൊന്നായി തുഴഞ്ഞില്ലേ യുഡിഎഫ് വള്ളം… ഇന്ന് നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം…

കെ.എം മാണി വീണ്ടും യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹം ഉയര്‍ന്നിട്ട് അധികനാളായില്ല. ഇന്നലെ കോട്ടയത്ത് വേദി പങ്കിട്ട ഉമ്മന്‍ചാണ്ടിയും മാണിയും ഐക്യസ്വഭാവമുള്ള പ്രസ്താവനകള്‍ നടത്തിയതോടെയാണ് മാണി വീണ്ടും യുഡിഎഫില്‍ അഭയം പ്രാപിക്കാനൊരുങ്ങുന്നെന്ന ചര്‍ച്ചകള്‍ സജീവമായത്. ഉമ്മന്‍ചാണ്ടിയും താനും നല്ല വള്ളംകളിക്കാരാണെന്ന് കെഎം മാണി പ്രസ്താവിച്ചപ്പോള്‍ എന്നാല്‍ പിന്നെ ഒന്നിച്ചു തുഴയാം എന്ന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞതോടെയാണ് കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ നീക്കം ലൈംലൈറ്റില്‍ വരുന്നത്. ഇതിന് പിന്നാലെ വിവിധ കോണ്‍ഗ്രസ് നേതാക്കളും കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

നേതാക്കള്‍ ഒരുമിച്ചത് നല്ല സിഗ്നല്‍ ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. പരസ്പരം സംസാരിക്കാനുള്ള അന്തരീക്ഷമുണ്ടായിട്ടുണ്ടെന്നും മടങ്ങിവരവ് അറിയിക്കാന്‍ കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഈ മടങ്ങിവരവിനെ സ്വാഗതം ചെയ്യുമ്പോഴും തന്റെ നിലപാട് വ്യക്തമാക്കാത്ത സമീപനമാണ് മാണി ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. തങ്ങള്‍ സുഹൃത്തുക്കള്‍ ഒന്നിച്ചുകണ്ടപ്പോള്‍ തമാശ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് മാണി പിന്നീട് പറഞ്ഞത്. അതൊന്നും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതില്ല. ഞങ്ങള്‍ ഒന്നിച്ചോ ഒറ്റയ്‌ക്കോ തുഴയും. യുഡിഎഫ് നിരവധി തവണ മുന്നണിയിലേക്ക് ക്ഷണിച്ചതാണെന്നും ഇപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്നും മാണി പറയുന്നു. ഒറ്റയ്ക്ക് നിന്ന് ഇപ്പോള്‍ ശക്തി തെളിയിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോഴും ഏതെങ്കിലും മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ഡിസംബറില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറയുന്നു. വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മുന്നണി പ്രവേശനത്തില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പ്. ബിജെപിയും എല്‍ഡിഎഫും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെങ്കിലും യുഡിഎഫ്‌ ഇനിയും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കാവുന്ന വരും ദിവസങ്ങള്‍ യുഡിഎഫിനെ സംബന്ധിച്ച് നിര്‍ണായകമാകുമെന്ന് ഉറപ്പ്.

തിരുവഞ്ചൂരിനെ പോലുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ ഈ വിഷയത്തിലെ പ്രതികരണം ഗൗരവത്തോടെ എടുക്കേണ്ട ഒന്നാണ്. കെപിസിസി തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസുമായി കോട്ടയത്ത് അകന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്നാണ് ജോഷി ഫിലിപ്പ് പറയുന്നത്. ആ സാഹചര്യം ഇപ്പോഴുമുള്ളത് കോണ്‍ഗ്രസിലാണോ കേരള കോണ്‍ഗ്രസിലാണോ എന്നതാണ് ചോദ്യം. കോട്ടയം ഡിസിസിയെ സംബന്ധിച്ച് ആ സാഹചര്യമുണ്ടെന്ന് പറഞ്ഞാലും കെപിസിസി നേതൃത്വത്തിന് ഒരിക്കലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സമ്മതിക്കാനാകില്ല. കേരള കോണ്‍ഗ്രസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ട് ഒരുവര്‍ഷത്തിലേറെയാകുന്നു. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസ് മാണിയെ ഒറ്റപ്പെടുത്തിയതാണ് മുന്നണി വിടുന്നതിലേക്ക് നയിച്ചതെങ്കിലും അത് തുറന്നു സമ്മതിക്കാന്‍ അവര്‍ക്കാകില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുന്നണി വിടുമ്പോള്‍ പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും അധ്വാനവര്‍ഗ്ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്വത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് മാണി പ്രസ്താവിച്ചത്. മുന്നണി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മാണി ഗ്രൂപ്പ് പോയതോടെ യുഡിഎഫിലെ ആ ദുര്‍ബലപ്പെടല്‍ രൂക്ഷമാകുകയാണ് ചെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ അച്ചുതണ്ട് ഒടിഞ്ഞ അവസ്ഥയിലായി യുഡിഎഫ്. ജനസ്വാധീനമുള്ള പാര്‍ട്ടിയായി മുന്നണിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മാത്രമാണ് ഇപ്പോഴുള്ളത്. ഇന്നത്തെ നിലയ്ക്ക് എല്‍ഡിഎഫിനെ തോല്‍പ്പിച്ചു ഭരണം പിടിക്കാന്‍ അത് തീരെ പോര എന്നാണ് വിലയിരുത്തല്‍. അങ്ങനെ നോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരികെയെത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്ന് വരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് സര്‍ക്കാരിന് മേല്‍ ശക്തമായ ഒരു സമ്മര്‍ദ്ദം ചെലുത്താന്‍ പോലും പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. വിവിധ ജനകീയ പ്രശ്‌നങ്ങള്‍ ഇക്കാലത്തിനിടയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നുണ്ടെങ്കിലും അവയെയൊന്നും സര്‍ക്കാര്‍ വിരുദ്ധ വികാരമാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. എന്ന് മാത്രമല്ല വിവാദങ്ങള്‍ക്കിടയിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയുംചെയ്യുന്നു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമാണ് ഇതെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സംസ്ഥാനതലത്തിലെ സഖ്യം അവസാനിപ്പിച്ചെങ്കിലും പ്രാദേശിക സഹകരണം തുടരുമെന്നാണ് മുന്നണി ബന്ധം അവസാനിപ്പിച്ചപ്പോള്‍ മാണി അറിയിച്ചത്. എന്നാല്‍ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനെ പിന്തുണച്ചതോടെ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് അതിന്റെ ചൊരുക്ക് തീര്‍ന്നിട്ടില്ലെന്ന് വേണം ജോഷി ഫിലിപ്പിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍. അതിനാലാണ് പഴയ സാഹചര്യങ്ങളില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറയുന്നത്. എന്നാല്‍ കെപിസിസിയെ സംബന്ധിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള ഏക മാര്‍ഗ്ഗം മുന്നണി വീണ്ടും ശക്തമാക്കുകയെന്നത് ആയതിനാല്‍ സാഹചര്യങ്ങളില്‍ നല്ല മാറ്റം തന്നെയാണ് വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടപ്പോള്‍ അതിനെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കയ്യടിച്ച് പ്രോത്സാഹിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. നന്നായി എന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവരാണ് പലരും. അധികാരമില്ലാതായപ്പോള്‍ മാണി തങ്ങളെ ഉപേക്ഷിച്ചുവെന്ന് പരിഭവം പറഞ്ഞവരും ഉണ്ടായിരുന്നു എന്നതു കൂടി ഓര്‍ക്കണം.

മാണിയാകട്ടെ എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന അഭ്യൂഹമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ എല്‍ഡിഎഫിലെ പ്രബലകക്ഷിയായ സിപിഐയുടെ ഭാഗത്തു നിന്നും കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എതിര്‍പ്പാണുള്ളത്. വിശ്വാസ വോട്ടെടുപ്പില്‍ നിന്നും സിപിഐ അംഗം വിട്ടുനിന്നത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. എന്‍ഡിഎ ആയിരുന്നു കേരള കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രതീക്ഷ. മന്ത്രിസഭ പുനഃസംഘടനയില്‍ തങ്ങള്‍ക്ക് (പ്രത്യേകിച്ചും മാണിയുടെ മകന്‍ ജോസ് കെ മാണിക്ക്) പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തെ പോലും ഞെട്ടിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രക്യാബിനറ്റിലേക്കെടുത്തതോടെ മാണിയ്ക്ക് വീണ്ടും ഇച്ഛാഭംഗമായി. അതേസമയം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുന്ന ബിജെപി എന്ത് തന്ത്രമാണ് ഒരുക്കുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ എന്‍ഡിഎയിലേക്കുള്ള കേരള കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സാധ്യതകള്‍ ഇനിയും അടഞ്ഞുവെന്ന് പറയാനാകില്ല. ഒറ്റയ്ക്ക് നിന്ന് ഇപ്പോള്‍ ശക്തി തെളിയിക്കുന്നുണ്ടെന്ന് മാണി ഉറക്കെപ്പറയുന്നുണ്ടെങ്കിലും ഇങ്ങനെ നില്‍ക്കുന്നത് അധികാരത്തില്‍ മടങ്ങിയെത്താനുള്ള സാധ്യതകളെ വിദൂരതയില്‍ തന്നെ നിര്‍ത്തുകയാണെന്നും അദ്ദേഹത്തിന് അറിയാം. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു മുന്നണിയ്‌ക്കൊപ്പം പോകാതിരിക്കാന്‍ അവര്‍ക്കാകില്ല.

തങ്ങള്‍ തമ്മില്‍ പിണക്കങ്ങളൊന്നുമില്ലെന്നും വേണമെങ്കില്‍ ഒന്നിച്ചു നില്‍ക്കുമെന്നും തമാശ രൂപേണ ഇരു നേതാക്കളും പറയുമ്പോള്‍ വാര്‍ത്തയാകുന്നതും അതിനാലാണ്. ഇനി ഇവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഇപ്പോള്‍ ആത്മാഭിമാനം തിരിച്ചു കിട്ടിയോ എന്നൊന്നും ആരും ചോദിച്ചേക്കരുത്. ഒരുവര്‍ഷത്തോളം പിണങ്ങിക്കഴിഞ്ഞ ദമ്പതികള്‍ പുതിയൊരു ജീവിതം തുടങ്ങുന്നുവെന്നേ അതിനെ കേരള ജനത കരുതൂവെന്ന് ഇരു പാര്‍ട്ടികള്‍ക്കും അറിയാം. എന്തും മറക്കാനും പൊറുക്കാനുമുള്ള ജനങ്ങളുടെ മനസ് തന്നെയാണല്ലോ ഇവരുടെ എല്ലാക്കാലത്തെയും ധൈര്യവും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍