UPDATES

വിദേശം

അമേരിക്കന്‍ മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍

Avatar

പമേല കോണ്‍സ്റ്റബിള്‍ 
(വാഷിംഗ്ടന്‍ പോസ്റ്റ്) 

വോട്ടര്‍മാരെ അവരുടെ വീടുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ രാഹീല അഹ്മദ് തന്‍റെ തല മൂടിയ കറുത്ത സ്കാര്‍ഫ് ഒരു അയഞ്ഞ തൊപ്പി കൊണ്ട് മറയ്ക്കും; അല്ലെങ്കില്‍ താന്‍ പറയുന്നതില്‍ ആവില്ല ആളുകളുടെ ശ്രദ്ധ എന്ന് അവര്‍ക്കറിയാം. ഹൈസ്കൂള്‍ കുട്ടികളോട് “എന്തു പറയുന്നു?” എന്നു കുശലം ചോദിച്ച് നീങ്ങുന്ന രാഹീല താന്‍ ഇടയ്ക്കു പ്രാര്‍ത്ഥിക്കാനായി ഓഫീസ് ജിമ്മിലാണ് പോകാറ് എന്ന് ചിരിച്ചുകൊണ്ട് സമ്മതിക്കുന്നു.

ഇരുപത്തിരണ്ടു വയസ്സില്‍ കവിഞ്ഞ ആത്മവിശ്വാസവും ശാന്തതയുമുള്ള രാഹീല അഹ്മദ് മേരിലാന്‍ഡ് സബര്‍ബില്‍ മത്സര രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഒരു കൂട്ടം മുസ്ലീം യുവതികളില്‍ ഒരാളാണ്. ഇവരുടെ എല്ലാവരുടെയും തന്നെ മാതാപിതാക്കള്‍ അവിടെ കുടിയേറി പാര്‍ത്തവരാണ്. 2016ലെ പ്രസിഡന്‍റ്  മല്‍സരത്തിലെ ഏറ്റവും വലിയ പ്രചാരണായുധമായ മുസ്ലീം വിരുദ്ധ വാചാടോപങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ ഇവര്‍ പറയുന്നത് അമേരിക്കയിലെ ജീവിതവും പുരുഷന്മാരായ മറ്റ് മുസ്ലീം മാര്‍ഗ്ഗദര്‍ശികളുടെ പ്രോല്‍സാഹനവും ആണ് തങ്ങളുടെ ധൈര്യം എന്നാണ്.

“എന്‍റെ അച്ഛന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. പരേഡുകളില്‍ അദ്ദേഹത്തിന്‍റെ പ്രചാരണ ബോര്‍ഡുകളുമായി പോയത് എനിക്കോര്‍മ്മയുണ്ട്,” ബോവിയില്‍ ജനിച്ചു വളര്‍ന്ന രാഹീല പറയുന്നു. പ്രിന്‍സ് ജോര്‍ജ്സ് കൌണ്ടി ബോര്‍ഡ് ഓഫ് എജ്യുക്കേഷനിലെ സീറ്റിനായാണ് അവര്‍ മല്‍സരിക്കുന്നത്.

രാഹീലയുടെ അച്ഛന്‍ ഷുക്കൂര്‍ അഹ്മെദ് (53) ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറാണ്. അഞ്ചു തവണ മേരിലാന്‍ഡ് ഹൌസ് ഓഫ് ഡെലിഗേറ്റ്സിലേയ്ക്ക് മല്‍സരിച്ചു പരാജയപ്പെട്ട അദ്ദേഹം ഇപ്പോള്‍ മകളുടെ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നു. “പല തവണ അച്ഛന്‍ മല്‍സരിച്ചു; പക്ഷേ എന്നും എല്ലാവരും അദ്ദേഹത്തെ പുറമേക്കാരനായാണ് കണ്ടത്. എനിക്കു സംസാരത്തില്‍ ഇന്ത്യന്‍ ചുവയില്ല, അതുകൊണ്ട് ആളുകള്‍ ഞാന്‍ പറയുന്നത് ഗൌരവമായി എടുക്കുന്നു,” രാഹീല പറയുന്നു.

പ്രിന്‍സ് ജോര്‍ജ്ജ്, മോണ്ട്ഗോമെറി കൌണ്ടികളില്‍ പല വിഭാഗത്തില്‍പ്പെട്ട കുടിയേറ്റ മുസ്ലീങ്ങളുണ്ട്; ഇവരുടെ എണ്ണം കൂടിക്കൊണ്ടുമിരിക്കുന്നു. പോട്ടോമാക്കിലെ പാക്കിസ്ഥാനി ഡോക്ടര്‍മാര്‍ മുതല്‍ റിവര്‍ഡെയ്ലിലെ സോമാലിയന്‍ കാബ് ഡ്രൈവര്‍മാര്‍ വരെ. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും മോണ്ട്ഗോമെറിയില്‍ 98,000ത്തോളം മുസ്ലീങ്ങളുണ്ടെന്ന് സമുദായ നേതാക്കള്‍ പറയുന്നു.

ധനികരായ പല മുസ്ലീങ്ങളും സംഭാവനകള്‍ നല്‍കുന്നുണ്ട്; മിക്കവരും അധികം അറിയപ്പെടാതെ കഴിയുന്നവരാണ്. സംസ്ഥാനത്ത് മത്സര രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള മുസ്ലീങ്ങള്‍ എല്ലാവരും തന്നെ പുരുഷന്മാരായിരുന്നു. കോളേജ് പാര്‍ക്കിലും ടക്കോമ പാര്‍ക്കിലും സിറ്റി കൌണ്‍സിലുകളില്‍ ഓരോ മുസ്ലീം അംഗങ്ങള്‍ വീതമുണ്ട്. മോണ്ട്ഗോമെറി കൌണ്ടി ഡെമോക്രാറ്റിക് സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഒരു മുസ്ലീം പ്രതിനിധിയും ബാള്‍ട്ടിമോര്‍ കൌണ്ടിയില്‍ ഡെമോക്രാറ്റ് ഹസന്‍ ജലീസി എന്ന മുസ്ലീം സ്റ്റേറ്റ് ഡെലിഗേറ്റുമുണ്ട്.

മോണ്ട്ഗോമെറി കൌണ്ടി മുസ്ലീം ഡെമോക്രാറ്റിക് ക്ലബ്ബിന്‍റെ ചെയര്‍മാന്‍ ഹംസ ഖാനേയും (28) ഷുക്കൂര്‍ അഹ്മെദിനെയും പോലെ നിശ്ചയദാര്‍ഢ്യമുള്ളവരുടെ പ്രോല്‍സാഹനത്തോടെ പുതുതലമുറയിലെ അമേരിക്കന്‍ മുസ്ലീം വനിതകള്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ഇക്കൊല്ലം വസന്തകാലത്ത് ബര്‍ട്ടന്‍സ്വില്ലില്‍ പോളിസി അനലിസ്റ്റായ റിദ ബുഖാരി റിസ്വി (32) മോണ്ട്ഗോമെറി കൌണ്ടി ഡെമോക്രാറ്റിക് സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു മത്സരിച്ചപ്പോഴും അതുപോലെ റോക്ക്വില്ലില്‍ നിന്നുള്ള ഇന്തോനേഷ്യന്‍- അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ മാനേജറായ നാദിയ സ്യാഹ്മാലിന (34) ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ ഹിലരി ക്ലിന്‍റന്‍റെ ഡെലിഗേറ്റ് ആവാന്‍ മേരിലാന്‍സ് പ്രൈമറിയില്‍ മല്‍സരിച്ചപ്പോഴും ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് ഖാന്‍ ആയിരുന്നു.

രണ്ടു സ്ത്രീകളും നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. ഈ വര്‍ഷത്തെ തന്‍റെ പരിശ്രമം മുഴുവന്‍ ഹിലരി ക്ലിന്‍റന് പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടു നേടിക്കൊടുക്കാന്‍ വേണ്ടിയാകുമെന്ന് സ്യാഹ്മാലിന പറയുന്നു. പാര്‍ട്ടി രാഷ്ട്രീയത്തിലെ തങ്ങളുടെ ആദ്യചുവടുകളില്‍ നിന്ന് വളരെയധികം ഊര്‍ജ്ജം ഉള്‍ക്കൊള്ളാനായെന്നും കൂടുതല്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നുമാണ് സ്യാഹ്മാലിനയും ബുഖാരി റിസ്വിയും അഭിമുഖങ്ങളില്‍ പറഞ്ഞത്.

“മത്സരിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല ആദ്യം; ഹംസയാണ് നിര്‍ബന്ധിച്ചത്. പിന്നെയത് കമ്മിറ്റിയിലെ ഒരു സീറ്റിന് വേണ്ടിയുള്ള മത്സരം എന്നതിനുപരിയായി മാറി,” പാകിസ്ഥാനി അമേരിക്കനായ ബുഖാരി റിസ്വി പറഞ്ഞു. ഷിയാ വിഭാഗത്തില്‍ നിന്നുള്ള അവര്‍ വെളുത്ത സ്കാര്‍ഫ് കൊണ്ട് തല മറച്ചിരിക്കുന്നു. “മുന്‍പ് ഞങ്ങള്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശബ്ദമുണ്ടായിരുന്നില്ല. എന്നാല്‍ നല്ല വിദ്യാഭ്യാസം നേടിയ, നല്ലപോലെ സംസാരിക്കുന്ന പുതിയ തലമുറയിലെ മുസ്ലീം സ്ത്രീയാണ് ഞാന്‍. മറ്റുള്ളവര്‍ക്കായി ഭാവി ഒരുക്കാനും   ഇസ്ലാമോഫോബിയയെ പ്രതിരോധിക്കുന്നതില്‍ സഹായിക്കാനും ഞങ്ങള്‍ക്കാകും. ഞങ്ങള്‍ക്ക് രാഷ്ട്രീയപങ്കാളിത്തം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ അതിനായി മുന്നിട്ടിറങ്ങേണ്ടി വരും.”

മുപ്പതു ലക്ഷത്തോളം വരുന്ന അമേരിക്കന്‍ മുസ്ലീങ്ങളില്‍ ഷിയാ വിഭാഗക്കാര്‍ ന്യൂനപക്ഷമാണ്. വംശ, രാഷ്ട്രീയ, ഭാഷാഭേദങ്ങളുള്ള ധാരാളം സുന്നി വിഭാഗക്കാരും മേരിലാന്‍ഡിലുണ്ട്. മതപരിവര്‍ത്തനം നടത്തി മുസ്ലീമായ അമേരിക്കക്കാരുടെ ഒരു ചെറുകൂട്ടവും ഇവിടെയുണ്ട്.

മോണ്ട്ഗോമെറി കൌണ്ടിയില്‍ ജനിച്ചു വളര്‍ന്ന പാകിസ്ഥാനി അമേരിക്കനാണ് ഖാന്‍. അവിടത്തെ മുസ്ലീം പ്രമുഖരുടെയെല്ലാം മേല്‍ സൌത്ത് ഏഷ്യന്‍ വ്യവസായികള്‍ അധികാരം ചെലുത്തുകയായിരുന്നുവെന്ന് ഖാന്‍ പറയുന്നു. മറ്റ് മുസ്ലീം ഗ്രൂപ്പുകള്‍ക്കും പ്രത്യേകിച്ചു സ്ത്രീകള്‍ക്കുമായി രാഷ്ട്രീയരംഗം തുറന്നു കൊടുക്കുകയാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യം.

“വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തോളം മുസ്ലീങ്ങള്‍ കൌണ്ടിയിലുണ്ട്. എന്നാല്‍ അവരുടെ രാഷ്ട്രീയ സ്വാധീനം എന്നത് പൂജ്യമാണ്. ചിലര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസമുണ്ട്. പലരും പുരുഷാധിപത്യ സ്വഭാവമുള്ള പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ്. മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കാനുള്ള പോരാട്ടമാണിത്,” ഖാന്‍ പറയുന്നു.

സ്യാഹ്മാലിനയുടേത് യാഥാസ്ഥിതിക കുടുംബമല്ല; അതിനാല്‍ത്തന്നെ അവര്‍ തല മറയ്ക്കുന്ന വെളുത്ത സ്കാര്‍ഫ് ഉപയോഗിക്കാറില്ല. ഇന്തോനേഷ്യന്‍ സംസ്കാരത്തിലും വിഷയങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്താറുണ്ടെങ്കില്‍ കൂടെ രാഷ്ട്രീയം ‘ചീത്ത’യാണെന്നായിരുന്നു തന്‍റെ വിചാരമെന്നും അതുകൊണ്ട് മത്സരിക്കാന്‍ ഖാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ടെന്‍ഷനായിരുന്നുവെന്നും അവര്‍ പറയുന്നു.

ഏപ്രില്‍ 26നു പ്രൈമറിയിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എട്ട് സ്ഥാനാര്‍ത്ഥികളില്‍ നാലാമതാകാന്‍ കഴിഞ്ഞത് ശരിക്കും ആശ്ചര്യപ്പെടുത്തിയെന്ന് സ്യാഹ്മാലിന.

“ബാലറ്റ് പേപ്പറില്‍ വളരെ താഴെയായിരുന്നു എന്‍റെ പേര്; അതും നീണ്ട പേരാണ് എന്‍റേത്. ഏതാനും വോട്ടുകള്‍ മാത്രമേ കിട്ടൂ എന്നു കരുതിയ എനിക്ക് 37,000 വോട്ടുകളാണ് കിട്ടിയത്!”

മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹിക്കുന്ന സ്യാഹ്മാലിന മുസ്ലീം അമേരിക്കക്കാരെ പറ്റിയുള്ള കാഴ്ചപ്പാടിനു മറ്റൊരു മുഖം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നു. തന്‍റെ ഇന്തോനേഷ്യന്‍ പാരമ്പര്യത്തെ പരാമര്‍ശിച്ച് അവര്‍ പറയുന്നത് “എല്ലാ മുസ്ലീങ്ങളും സൌത്ത് ഏഷ്യക്കാരോ മദ്ധ്യ പൂര്‍വ്വേഷ്യക്കാരോ അല്ല” എന്നാണ്.

മുസ്ലീങ്ങളെ കുറിച്ചുള്ള ഭയം ഗ്രസിച്ചിരിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ വിവേകപൂര്‍ണവും ആകര്‍ഷകവുമായ പ്രതിച്ഛായ നല്‍കാനാണ് അവരുടെ പരിശ്രമമെന്ന് രാഹീല അഹ്മെദും ബുഖാരി റിസ്വിയും സ്യാഹ്മാലിനയും പറയുന്നു. പ്രൊഫഷണലുകളും ഇടത്തരക്കാരുമായ സ്ത്രീകള്‍ എന്ന നിലയില്‍ തങ്ങളുടെ കൂട്ടത്തിലെ പുരുഷന്മാരെക്കാള്‍ വോട്ടര്‍മാര്‍ക്ക് ഇവര്‍ സ്വീകാര്യരാകുമെന്ന് ഹംസയും മറ്റുള്ളവരും പറയുന്നു.

“സ്ത്രീകള്‍ ആകുമ്പോള്‍ വിശ്വാസ്യത എന്ന ഘടകമുണ്ട്. അവരോടു കൂടുതല്‍ തുറന്ന സമീപനമാണ് ആള്‍ക്കാര്‍ക്ക്,” കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് എന്ന നോണ്‍ പ്രോഫിറ്റ് അഭിഭാഷക കൂട്ടായ്മയുടെ മേരിലാന്‍ഡ് സ്റ്റേറ്റ് ഡയറക്ടറായ സൈനബ് ചൌധരി പറയുന്നു.

ബുഖാരി റിസ്വിയേക്കാളും സ്യാഹ്മാലിനയേക്കാളും പ്രായത്തില്‍ ഇളയതാണെങ്കിലും രാഹീല അഹ്മെദിന് കൂടുതല്‍ രാഷ്ട്രീയപ്രവര്‍ത്തന പരിചയമുണ്ട്. കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍, 2012ല്‍, പ്രിന്‍സ് ജോര്‍ജ്ജിലെ സ്കൂള്‍ ബോര്‍ഡിലേയ്ക്ക് മല്‍സരിച്ചിട്ടുണ്ട് രാഹീല. 2014-15ല്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് ബോര്‍ഡ് ഓഫ് റീജെന്‍റ്സില്‍ നിയമിക്കപ്പെടുകയും ചെയ്തു.

യാഥാസ്ഥിതിക വസ്ത്രധാരണമാണെങ്കിലും താന്‍ ഒരു മുഖ്യധാരാ ലിബറല്‍ ആണെന്ന് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റായ രാഹീല പറയുന്നു. സ്കൂളുകളിലെ മെച്ചപ്പെട്ട സുരക്ഷയും അച്ഛനമ്മമാരുടെ ഇടപെടലുകളും സാമ്പത്തിക ചുമതലകളുമാണ് അവരുടെ തെരഞ്ഞെടുപ്പ് ലഘുലേഖകളിലെ വിഷയങ്ങള്‍.

ഹയത്സ്വില്ലില്‍ കുടിയേറ്റക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ ആത്മവിശ്വാസക്കുറവ് എങ്ങനെ മറികടക്കാം, എങ്ങനെ ജീവിത വിജയം നേടാം എന്നതിനെ പറ്റി രാഹീല അഹ്മെദ് ഒരു ഉശിരന്‍ പ്രസംഗമാണ് നടത്തിയത്. പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയോ ഭീഷണി നേരിടുകയോ ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെയാണ് പറഞ്ഞത്:

“ഇത് (ഡൊണാള്‍ഡ്) ട്രംപ് യുഗമാണ്. പല കാര്യങ്ങളിലും ആളുകള്‍ അജ്ഞരാണ്; അവര്‍ പല നിഗമനങ്ങളിലുമെത്തുന്നു. ഞാന്‍ നല്ല വിദ്യാഭ്യാസം നേടിയ ഒരു യു‌എസ് പൌരയാണ്. അതേസമയം ഞാന്‍ ഹിജാബ് ധരിക്കുന്ന മുസ്ലീമുമാണ്. എന്നെ കാണുമ്പോള്‍ ആളുകള്‍ എന്നിലെ വിശ്വാസത്തെ മാത്രം കാണരുത് എന്നും ഒരു വ്യക്തിയായി കാണണം എന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

ബോവിയിലെ വീട്ടില്‍ അവരുമായി അഭിമുഖം നടത്തുമ്പോള്‍ രാഹീലയുടെ മാതാപിതാക്കള്‍ പുഞ്ചിരിയോടെ സമീപത്തിരുന്നു. ഉര്‍ദു സംസാരിക്കുന്ന തെക്കനേഷ്യന്‍ ബന്ധുക്കളുടെ നടുവിലാണ് മകള്‍ വളര്‍ന്നു വന്നത് എന്ന്‍ അഹ്മെദ് പറഞ്ഞു. എന്നാല്‍ മേരിലാന്‍ഡില്‍ ജനിച്ച, വെളുത്തവരും കറുത്തവരുമായ വോട്ടര്‍മാരുമായി ഒരുപോലെ സംവേദനം നടത്താന്‍ സാധിക്കുന്ന ഒരു അമേരിക്കക്കാരി കൂടിയാണ് താനെന്ന് രാഹീല വ്യക്തമാക്കുന്നു.

2012ലെ മത്സരത്തില്‍ സ്കൂള്‍ ബോര്‍ഡ് അധ്യക്ഷ ജീന ജേക്കബ്സിന്‍റെ തൊട്ടുപുറകിലെത്തിരുന്നു അവര്‍. ഈ വര്‍ഷം ഏപ്രില്‍ 26 പ്രൈമറിയില്‍ ജേക്കബ്സിനെയും മറ്റൊരു സ്ഥാനാര്‍ത്ഥിയെയും മറികടന്ന് വിജയിച്ചു. നവംബറിലെ ജനറല്‍ ഇലക്ഷനില്‍ രാഹീല കരിയര്‍ സ്കൂള്‍ സിസ്റ്റം ജീവനക്കാരിയായ ചെറില്‍ ലാന്‍ഡിസിനെ (61) നേരിടും.

“ഞാന്‍ പ്രൈമറിയില്‍ വിജയിക്കുമെന്ന് എന്‍റെ അച്ഛനമ്മമാര്‍ പോലും കരുതിയില്ല. പക്ഷേ എനിക്കു കഴിഞ്ഞ തവണത്തേത്തിന്‍റെ ഇരട്ടി വോട്ടുകള്‍ കിട്ടി. ഞാന്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരുപാടു പേര്‍ക്ക് എന്നെ ഓര്‍മയുണ്ടായിരുന്നു. അവര്‍ എന്നെ ഇവിടത്തുകാരിയായാണ് കരുതുന്നത് എന്നു തോന്നുന്നു,” രാഹീല പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍