UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശ്ചിമബംഗാളിനെ മമതാപൂര്‍ എന്നു പേര് മാറ്റിയില്ലല്ലോ!

Avatar

അഴിമുഖം പ്രതിനിധി

തന്റെ ‘പരിബൊര്‍ത്തൊന്‍’ ശ്രമങ്ങള്‍ തുടരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തിന്റെ പേരു മാറ്റാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേരായ പശ്ചിമ ബംഗാളില്‍ നിന്നും പശ്ചിമം എടുത്തുമാറ്റി ഇംഗ്ലീഷില്‍ ബംഗാള്‍ മാത്രമാക്കാനുള്ള  നിര്‍ദേശത്തിന് മമതയുടെ മന്ത്രിസഭ അംഗീകാരം നല്കി. ബംഗാളിയില്‍ സംസ്ഥാനത്തിനെ ബാംഗ്ല അല്ലെങ്കില്‍ ബംഗ എന്നു വിളിക്കും. കിഴക്കന്‍ ബംഗാള്‍ എന്നൊന്ന് ഇന്നിപ്പോള്‍ ഇല്ലാത്തതുകൊണ്ട് പശ്ചിമ ബംഗാള്‍ എന്ന പേര് അപ്രസക്തമാണ്. സംസ്ഥാനത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കാന്‍ ‘പശ്ചിമം’ വേണമെന്ന് ചിലര്‍ വാദിക്കുന്നു. പക്ഷേ ബംഗാളികള്‍ എത്ര ഗൃഹാതുരരായാലും ബംഗ്ലാദേശിനെ ലയിപ്പിച്ച് ഐക്യ ബംഗാളുണ്ടാകും എന്ന സ്വപ്നം സുഭാഷ് ചന്ദ്ര ബോസ് തിരിച്ചുവന്നു രാജ്യത്തെ നയിക്കും എന്നതുപോലെയാണ്.

ഇതൊക്കെപ്പറഞ്ഞാലും ഈ പേരുമാറ്റ നിര്‍ദേശം ഇത്തരത്തിലുള്ള ആദ്യത്തേതല്ല- കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റത്തിന് ശ്രമം നടത്തുന്നത്. ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഒട്ടും മെച്ചപ്പെടാതിരുന്നതിനാല്‍ പേരുമാറ്റത്തിലൂടെ അക്ഷരമാല ക്രമത്തിലെങ്കിലും സംസ്ഥാനം മുന്നിലെത്തട്ടെ എന്നായിരിക്കും സര്‍ക്കാര്‍ കരുതിയിരിക്കുക. കഴിഞ്ഞ മാസത്തെ അന്ത:സംസ്ഥാന യോഗത്തില്‍ (അക്ഷരമാല ക്രമനുസരിച്ച്) ഏറ്റവും ഒടുവില്‍ സംസാരിക്കേണ്ടി വന്നതിനു ശേഷമാണ് മമത ഈ നിര്‍ദേശം സജീവമാക്കിയത് എന്നും കേള്‍ക്കുന്നു. ഇതേ യുക്തി വെച്ചു മുന്നിലെത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാനത്തിന്റെ പേര് അവധ് പ്രദേശ് എന്നാക്കുമോ എന്നു കാത്തിരിക്കാം! ‘അ’യില്‍ തുടങ്ങണം എല്ലാം.

ബംഗാള്‍ എല്ലാവര്‍ക്കും സ്വീകാര്യമായേക്കും. പക്ഷേ ബംഗ-ബംഗാളിയില്‍ ബൊംഗോ-പ്രശ്നമായേക്കും. ബൊംഗോ ഒരു വാദ്യോപകരണം കൂടിയാണ്. മമത തന്റെ താളത്തിനനുസരിച്ച് സംസ്ഥാനത്തിനെ തുള്ളിക്കാനാണ് കളിയെന്ന് ഇപ്പഴേ ആക്ഷേപമുണ്ട്. ബാംഗ്ല ഒരു നാടന്‍ മദ്യത്തിന്റെ പേര് കൂടിയാണ്. മദ്യനിരോധനമുള്ള ബിഹാറില്‍ ആഘോഷിക്കാം. എന്നാലും ചെറിയ ചില നന്ദിയെങ്കിലും നമുക്കുണ്ടാകണം; പശ്ചിമബംഗാളിനെ മമതാപൂര്‍ എന്നു പേര് മാറ്റിയില്ലല്ലോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍