UPDATES

വിദേശം

പാരഡൈസ് പേപ്പേഴ്‌സ് പുറത്ത്; ബ്രിട്ടീഷ് രാജ്ഞി മുതല്‍ വയലാര്‍ രവിയുടെ മകന്‍ വരെ ‘വല’യില്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തുടങ്ങിയ ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധം വെളിപ്പെടുത്തുന്ന ‘പാരഡൈസ് പേപ്പേഴ്‌സ്’ പുറത്തുവന്നു. പനാമ രേഖകള്‍ പോലെ തന്നെ സ്‌ഫോടനാത്മകമായ പുതിയ വെളിപ്പെടുത്തലില്‍ ഇന്ത്യയിലെയും ആഗോളതലത്തിലെയും പ്രമുഖ രാഷ്ട്രീയ, ഭരണ നേതാക്കളും കോര്‍പ്പറേറ്റ് കമ്പനികളും ഉള്‍പ്പെടുന്നു. ബര്‍മുഡയിലെ അപ്പിള്‍ബൈ, സിംഗപ്പൂരിലെ ഏഷ്യസിറ്റി എന്നീ കമ്പനികളെ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കണ്‍സോര്‍ഷ്യം (ഐസിഐജെ) 96 വാര്‍ത്ത സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബ്രിട്ടീഷ് രാജ്ഞി മുതല്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പുത്രന്‍ രവി കൃഷ്ണയുടെ വരെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകള്‍ പുറത്തുവന്നത്.

ലോകത്തുള്ള 19 രഹസ്യകേന്ദ്രങ്ങളിലേക്ക് തങ്ങളുടെ അവിഹിത സമ്പത്ത് മാറ്റാന്‍ ആഗോള സമ്പന്നരെയും അധികാരത്തില്‍ ഇരിക്കുന്നവരെയും സഹായിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്. 13.4 ദശലക്ഷം രേഖകള്‍ അടങ്ങുന്ന വിവരങ്ങളാണ് ജര്‍മ്മന്‍ പത്രമായ സുഡെയുറ്റ്‌ഷെ സെയ്തുംഗ് പുറത്തുവിട്ടത്. ഇത്തരം വ്യക്തികളുടെയും കമ്പനികളുടെയും നികുതികള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ വെട്ടിക്കാന്‍ സഹായിക്കുകയോ ചെയ്യുക, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പരിപാലിക്കുക, ഇടനില അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സഹായിക്കുക, കുറഞ്ഞ നികുതി നിരക്കില്‍ വിമാനങ്ങളും വിനോദനൗകകളും വാങ്ങാന്‍ സഹായിക്കുക, ദശലക്ഷക്കണക്കിന് വരുന്ന സമ്പത്ത് നികുതി നല്‍കേണ്ടാത്ത വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റുക തുടങ്ങിയ മേഖലകളിലാണ് അപ്പിള്‍ബൈ പോലെയുള്ള കമ്പനികള്‍ സമ്പന്നരെ സഹായിക്കുന്നത്.

ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന നിരവധി കമ്പനികള്‍ പട്ടികയിലുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സണ്‍ ടിവി-എയര്‍സെല്‍, മാക്‌സിസ് കേസിലും എസ്സാര്‍-ലൂപ് 2ജി കേസിലും ഉള്‍പ്പെട്ട കമ്പനികളും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട അഴിമതി ആരോപണത്തിന് കാരണമാവുകയും പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്ത എസ്എന്‍സി ലാവ്‌ലിനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒമിദിയാര്‍ നെറ്റുവര്‍ക്ക് എന്ന കമ്പനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും വിദേശത്ത് വ്യാജകമ്പനി രൂപീകരിച്ചതിന്റെ പേരില്‍ ബിജെപിയുടെ രാജ്യസഭ എംപിയും സെക്യൂരിറ്റി ആന്റ ഇന്റലിജന്‍സ് സര്‍വീസസ് സ്ഥാപിച്ച ആളുമായ ആര്‍ കെ സിന്‍ഹയും പട്ടികയിലുണ്ട്.

രാജസ്ഥാന്‍ ആംബുലന്‍സ് കുംഭകോണത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന സിക്വിസ്ത ഹെല്‍ത്ത്‌കെയര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വൈഎസ് ജഗ്മോഹന്‍ റെഡ്ഢി എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ പുത്രന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ഡയറക്ടര്‍മാരായിരുന്ന സിക്വിസ്ത ഹെല്‍ത്ത്‌കെയറില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പുത്രന്‍ രവി കൃഷ്ണയ്ക്ക് ഓഹരികളുണ്ട്. കമ്പനികളെ കൂടാതെ നിരവധി വ്യക്തികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബര്‍മൂഡയില്‍ നിന്നുള്ള ഒരു കമ്പനിയില്‍ ഓഹരികളുള്ള ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, കോര്‍പ്പറേറ്റ് ലോബിയിംഗിന്റെ പേരില്‍ വിവാദത്തില്‍പെട്ട നീര റാഡിയ, സഞ്ചയ് ദത്തിന്റെ ഭാര്യ ദില്‍നാഷിന്‍ (അവരുടെ പഴയ പേര്) എന്നിവരാണ് ഇതുവരെ പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെടുന്ന പ്രമുഖ വ്യക്തികള്‍. ആപ്പിള്‍ബൈ നികുതി വെട്ടിക്കുന്നതിനായി സ്ഥാപിച്ച അന്താരാഷ്ട്ര കടലാസ് കമ്പനികളില്‍ ഓഹരികളുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ ജിന്‍ഡാല്‍ സ്റ്റീല്‍, അപ്പോളോ ടയേഴ്‌സ്, ഹാവെല്‍സ്, ഹിന്ദുജാസ്, എമ്മാര്‍ എംജിഎഫ്, വീഡിയോക്കോണ്‍, ഹിരനന്ദാനി ഗ്രൂപ്പ്, ഡിഎസ് കണ്‍സ്ട്രക്ഷന്‍സ് എന്നിവ ഉള്‍പ്പെടുന്നു. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും നികുതി സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന നാലുകമ്പനികളിലേക്കായി വിജയ് മല്യ 1.5 ദശലക്ഷം ഡോളര്‍ മാറ്റിയെന്നും രേഖകളില്‍ വെളിപ്പെടുത്തുന്നുണ്ട്.

ആഗോള തലത്തിലുള്ള സമ്പന്നരും അധികാരകേന്ദ്രങ്ങളിലുള്ളവരും സംശയത്തിന്റെ നിഴലിലാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് പൗണ്ട് നിക്ഷേപിച്ചിരിക്കുന്നത് കോമന്‍ ദ്വീപുകളിലുള്ള ഒരു അക്കൗണ്ടിലാണ്. ദരിദ്രജനങ്ങളെയും പ്രാന്തവല്‍കൃതരെയും ചൂഷണം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന ചില ചെറുകിട കച്ചവടക്കാരുടെ പക്കലും രാജ്ഞിയുടെ പണം എത്തിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപദേശകര്‍, സംഭാവനനല്‍കുന്നവര്‍ എന്നിവര്‍ക്ക് ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട വിദേശകമ്പനികളില്‍ നിക്ഷേപങ്ങളുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മരുമകന്‍ നടത്തുന്ന കമ്പനി യുഎസ് വാണീജ്യ സെക്രട്ടറിയും ശതകോടീശ്വരനുമായ വില്‍ബര്‍ റോസിന്റെ കമ്പനിക്ക് കൈമാറിയ വന്‍തുകയും ഇതില്‍ ഉള്‍പ്പെടുന്നു. നികുതി വെട്ടിപ്പിന് സഹായം ലഭിക്കുന്ന കേയ്മാന്‍ ദ്വീപുകളിലെ ഒരു ട്രസ്റ്റ് നടത്തുന്നത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂയുടെ പ്രധാന സഹായിയാണ്. നൈക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ നികുതി വെട്ടിപ്പ് കഥകളും പുറത്തുവന്നിട്ടുണ്ട്. വിദേശകമ്പനികളില്‍ പണം നിക്ഷേപിച്ച് നികുതി വെട്ടിക്കുന്നതില്‍ നിരവധി സിനിമ കമ്പനികളും ടിവി വ്യവസായത്തിലെ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

നികുതി വെട്ടിപ്പ് തടയുമെന്നും വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുമെന്നും മറ്റുമുള്ള വലിയ വാചകങ്ങളുമായി അധികാരത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തുടങ്ങിയ ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിലാണ് 380 മാധ്യമപ്രവര്‍ത്തകര്‍ ഒരു വര്‍ഷം നീണ്ടുനിന്ന അദ്ധ്വാനത്തിലൂടെ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍