UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് രാഷ്ട്രീയ പോര്‍ണോഗ്രഫി

Avatar

സാജു കൊമ്പന്‍

പീഡാനുഭവ വാരത്തിന് ശേഷം ആ വിധി പ്രഖ്യാപനം വന്നു. പൂഞ്ഞാറിലെ പുകഞ്ഞ കൊള്ളിയുടെ തലവിധി പ്രഖ്യാപിച്ച് മുഖ്യന്‍ മര്യാദരാമനായി. വേറെ വഴിയില്ലായിരുന്നു എന്നു പറഞ്ഞു കുഞ്ഞാലിക്കുട്ടി അപ്രത്യക്ഷനായി. എല്ലാം മുഖ്യമന്ത്രി പറയുമെന്ന് പറഞ്ഞ് സ്വതസിദ്ധമായ മെയ് വഴക്കം കാട്ടി രമേശ് ചെന്നിത്തലയും വഴുതി മാറി. അല്പം മുന്‍പ് മദയാനയെപ്പോലെ പുറത്തിറങ്ങിയ പി സി ജോര്‍ജ്ജ് നടത്തിയ വെല്ലുവിളികള്‍ അപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. ഇതായിരുന്നു ഇന്നലെ രാത്രി പത്തുമണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ അരങ്ങേറിയ നാടകത്തിന്റെ അവസാനത്തെ രംഗം. നാടകാന്ത്യം ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്ത്. കെ എം മാണിയുടെ വസതിയില്‍ കരഘോഷം. നടീനടന്‍മാര്‍ തന്നെ കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും കൂവിവിളിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ പോര്‍ണോഗ്രഫിയില്‍ തങ്ങളുടെ റോള്‍ എന്തെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് ജനങ്ങള്‍.

ജനാധിപത്യ ജീര്‍ണ്ണതയാണെന്ന ക്ലീഷേ പ്രയോഗം നടത്തി രക്ഷപ്പെടാവുന്ന ഒന്നല്ല സമീപകാലങ്ങളിലായി കേരള രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താ ചാനലുകളുടെയും സോഷ്യല്‍ മീഡിയയുടെയും സര്‍വ്വാധിപത്യ കാലത്ത് അരങ്ങേറിയ ഈ രാഷ്ട്രീയ കെട്ടുകാഴ്ച കേരള സമൂഹം ഇതുവരെ സ്വന്തമെന്ന് അഭിമാനിച്ചിരുന്ന പല നേട്ടങ്ങളുടെയും മേനി നടിപ്പുകളുടെയും പൊള്ളത്തരമാണ് വലിച്ചു പുറത്തിട്ടത്. 5 വര്‍ഷക്കാലത്തെ വിലയിരുത്തലുകള്‍ക്കും ആലോചനകള്‍ക്കുമൊടുവില്‍ തങ്ങളെ ഭരിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തയച്ചവര്‍ വെറും കള്ളന്മാരും സ്ത്രീ വിഷയ തല്‍പ്പരരും മാത്രമായിരുന്നെന്ന്‍ തിരിച്ചറിഞ്ഞ ഒരു ജനതയുടെ നെടുവീര്‍പ്പാണ് എല്ലാ ആക്രോശങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും മുകളില്‍ ഉയര്‍ന്നു കേട്ടത്.

രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സമൂഹമായി കേരള സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ പരിമിതികള്‍ അവര്‍ തിരിച്ചറിയുന്നു. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഇടനാഴികളില്‍ കൂടിയാലോചനകള്‍ എന്ന പേരില്‍ നടക്കുന്ന പിന്നില്‍ കുത്തുകളും കുതികാല്‍ വെട്ടലുകളും അവര്‍ കാണുകയാണ്. ഓരോ നിമിഷവും തങ്ങളുടെ പേര് പറഞ്ഞ് ആണയിടുന്ന നേതാക്കളുടെ മുഖത്ത് കാറിത്തുപ്പണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. 5 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട നിരപരാധികളായ തടവുകാരാണ് തങ്ങളെന്ന തിരിച്ചറിവില്‍ എല്ലാം അവര്‍ ഉള്ളിലൊതുക്കുന്നു.

ഇതൊരു രാഷ്ട്രീയ ഷണ്ഡീകരണമാണ്. ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനമായ തെരഞ്ഞെടുപ്പിനെ പരിഹാസത്തോടെ കാണുന്ന ഒരു തലമുറയെയാണ് ഈ രാഷ്ട്രീയ നേതാക്കള്‍ സൃഷ്ടിച്ചെടുക്കുന്നത്. റബ്ബറിനെക്കാളും വിലയിടിഞ്ഞ സാധനമായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറിയിരിക്കുന്നു. രാഷ്ട്രീയമെന്നാല്‍ ധനസമ്പാദനവും പൈമ്പിക പ്രവൃത്തിയുമാണെന്ന് മനസിലാക്കുന്ന അവരില്‍ പലരും നിങ്ങളെ ബഹിഷ്ക്കരിക്കും; മറ്റ് ചിലര്‍ മാതൃകയാക്കും. സാമൂഹ്യ ഇടപെടലിന്റെ രാഷ്ട്ര നിര്‍മ്മാണത്തിന്റെ സഹാനുഭൂതിയുടെ മുഖം നഷ്ടപ്പെട്ട രാഷ്ട്രീയം ഒടുവില്‍ ഫാസിസത്തിന് വഴിമാറി കൊടുക്കും.

പി സി ജോര്‍ജ്ജിന്റെ പുതിയ ബോംബ് എന്തായിരിക്കും? സരിതയുടെ പുതിയ കത്ത് കൊച്ചു പുസ്തകത്തെക്കാളും മെച്ചപ്പെട്ട വായനാസുഖമായി നമ്മുടെ മാധ്യമത്താളുകളില്‍ വീണ്ടും പ്രത്യക്ഷപ്പെടുമോ? ബജറ്റ് വില്‍പ്പനയ്ക്ക് വെച്ച് മാണി വീണ്ടും നോട്ടെണ്ണല്‍ യന്ത്രവുമായി കാത്തിരിക്കുമോ? മുഖ്യമന്ത്രിയാവാനുള്ള തന്റെ ഒളിസേവയുമായി രമേശ് ചെന്നിത്തല മുന്നോട്ട് പോവുമോ? തന്റെ കച്ചവടം മുറയ്ക്കേ നടത്താന്‍ ഈ ഭരണം നിലനില്‍ക്കേണ്ട ആവിശ്യം തിരിച്ചറിയുന്ന കുഞ്ഞാലിക്കുട്ടി എന്തു വീടുപണി ചെയ്തും ഭരണം നിലനില്‍ക്കേണ്ട ആവിശ്യകത സഹപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുമോ? ഏറ്റവും വലിയ സോഷ്യലിസ്റ്റായ വീരനും മൂത്ത വിപ്ലവകാരികളായ പ്രേമചന്ദ്രാദികളും നിശബ്ദത ഭേദിക്കുമോ? ശിവന്‍ കുട്ടിമാരും ശിവദാസന്‍ നായര്‍ മാരും നിയമസഭയില്‍ തങ്ങളുടെ ആഭിചാര കര്‍മ്മങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുമോ? വരമ്പത്തിരുന്ന് കളികാണല്‍ പ്രതിപക്ഷം ഇനിയും തുടരുമോ? ശക്തരില്‍ ശക്തനായ ശക്തന്‍ കണിച്ചുകുളങ്ങരയിലും ചങ്ങനാശേരിയിലും കുടികൊള്ളുന്ന സമുദായ ദൈവങ്ങളുടെ ദര്‍ശന സൌഭാഗ്യം തേടി തീര്‍ഥാടനത്തിനിറങ്ങുമോ? മദ്യം  മാത്രമാണ് കേരളത്തിലെ ഏക പ്രശ്നമെന്ന് ധരിച്ചുവശായ അഭിനവ ഗാന്ധിയന്‍ വി എം സുധീരന്‍ എന്നെങ്കിലും അഴിമതിയെക്കുറിച്ച് വാ തുറക്കുമോ?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘സുതാര്യ കേരള’ത്തിന്റെ പുതിയ എപ്പിസോഡിനായി കാത്ത് കേരളത്തിലെ വോട്ടര്‍മാര്‍.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍