UPDATES

കേന്ദ്രം ഒരു ചുവട് കൂടി അടുത്തു; പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് സുബ്രമണ്യം സ്വാമി

ബി.ജെ.പി-ആര്‍.എസ്.എസ്. നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള കേന്ദ്ര ഇടപെടലും ശക്തമാകുന്നു. സംസ്ഥാനത്തെ ക്രമസമാധന നിലയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ടതിനു പിന്നാലെ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയേയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയേയും വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെ സുബ്രഹ്മണ്യം സ്വാമി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന ആവശ്യവുമായി രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന ബി.ജെ.പി നേതാക്കള്‍ കുറെ നാളുകളായി ആവശ്യപ്പെടുന്നതാണ്. കണ്ണൂരിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ബി.ജെ.പി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. എന്നാല്‍ തിരുവനന്തപുരം നഗരത്തില്‍ ഒരു രാത്രി മുഴുവന്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ബി.ജെ.പി ഓഫീസിനു നേര്‍ക്ക് അക്രമമുണ്ടാവുകയും സി.പി.എം പ്രവര്‍ത്തകരുടെ വീട് ആക്രമിക്കപ്പെടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകമുണ്ടാകുന്നത്. കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടെങ്കിലും സി.പി.എം ഇത് നിഷേധിച്ചു. ശ്രീകാര്യത്ത് ഒരു കോളനി കേന്ദ്രമാക്കി ഉണ്ടായ സംഘര്‍ഷങ്ങളുടെ ബാക്കിയാണ് കൊലപാതകമെന്നും പോലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി മണികണ്ഠന്‍ ആര്‍.എസസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും അതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയമായി തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഒരു സംസ്ഥാനത്ത് അവിടം ഭരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന നടപടി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടു തന്നെ കൊലപാതകത്തിനു പിന്നാലെയുള്ള രാജ്‌നാഥ് സിംഗിന്റെ ഇടപെടലും ഇത്തരത്തിലാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി അസാധാരണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഗര്‍ണര്‍ പക്ഷപാതപരമായി ഇടപെടുന്ന എന്ന തോന്നല്‍ സര്‍ക്കാരിനില്ല. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഗവര്‍ണറുടെ മേലും സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണികണ്ഠന്‍ , വിജിത്, വിപിന്‍ എന്നിവര്‍

ഇരുവരേയും വിളിച്ചു വരുത്തിയതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുമായി ഗവര്‍ണര്‍ സംസാരിച്ചതും അസാധാരണ നടപടിയായാണ് കണക്കാക്കുന്നത്. കൂടിക്കാഴ്ചകളുടെ വിവരങ്ങള്‍ രാജ്‌നാഥ് സിംഗിനെ അറിയിച്ചതായും ഗവര്‍ണര്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു. പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വവുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്താനുള്ള സാഹചര്യവുമൊരുങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരുകൂട്ടരോടും അദ്ദേഹം ബന്ധപ്പെട്ട് സമയവും മറ്റും ആരാഞ്ഞതായും അറിയുന്നു.

സംസ്ഥാന സര്‍ക്കാരിനെയും സി.പി.എമ്മിനേയും പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുകയാണെന്ന പ്രചരണം ദേശീയതലത്തില്‍ തന്നെ സംഘപരിവാര്‍ ഏറെനാളായി തുടരുന്നുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള കൊലപാതകത്തോടെ ഇത്തരത്തിലുള്ള പ്രചരണവും ശക്തമായിട്ടുണ്ട്. അതിനു പുറമെയാണ് സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ളവരുടെ ഇടപെടലുകള്‍.

ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എം എന്നും മതിഭ്രമം ബാധിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് സ്വാമി ആരോപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കേന്ദ്ര ഇടപെടലുകള്‍ സംസ്ഥാനത്തിന് വര്‍ധിച്ചു വരാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍