UPDATES

ട്രെന്‍ഡിങ്ങ്

വേങ്ങര: കുഞ്ഞാലിക്കുട്ടിയുടെ ഹംസ കാര്‍ഡില്‍ ഇടതുപക്ഷം ജയിച്ചു കയറുമോ?

ലീഗിലെ ചേരിപ്പോര് വേങ്ങരയില്‍ വിജയം കൊയ്യാന്‍ സഹായിക്കുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭുരിപക്ഷങ്ങളിലൊന്നായിരുന്നു വേങ്ങരയില്‍ നിന്നും പി കെ കുഞ്ഞാലിക്കുട്ടി നേടിയത്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ പികെ കുഞ്ഞാലികുട്ടിക്ക് ലഭിച്ച ആകെ വോട്ടുകള്‍ 72,181 ഉം എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തിന്റെ അഡ്വ പി.പി ബഷീറിന് 34124 വോട്ടുകളുമാണ്. കൂഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38057.

അന്ന് പുതിയ മണ്ഡലമായ വേങ്ങരയില്‍ നിന്നും അദ്ദേഹത്തിന് അത്ര വലിയ ഭൂരിപക്ഷം ലഭിച്ചത് ആരേയും അദ്ഭുതപെടുത്തിയിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ജന്മനാടാണ് വേങ്ങര. പ്രവര്‍ത്തനമണ്ഡലമായ പ്രദേശം എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ജനസ്വാധീനവും അത്ര ശക്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാമണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലേക്ക് മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉണ്ടായ ഒഴിവിലേക്കുളള ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗിന് അത്ര പ്രതീക്ഷ നല്‍കുന്നില്ലെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ ജില്ലാ സെക്രട്ടറി അഡ്വ കെ എന്‍ എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് ലീഗില്‍ ഉണ്ടാക്കിയ അഭിപ്രായ ഭിന്നതയാണ് യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നത്. തന്റെ നിഴലായ ഒരാളെ നിയമസഭയിലേക്ക് അയക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടല്‍. തന്റെ നോമിനിയായ അഡ്വ. യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാതെ ഖാദറിനെ പാണക്കാട്ടു നിന്നും ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. തങ്ങള്‍ കുടുംബത്തെ മറികടന്ന് കുഞ്ഞാലിക്കുട്ടി ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത് തങ്ങള്‍ കുടംബത്തിലും സമസ്തയിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പാണക്കാട്ട് കുടംബാഗങ്ങളിലൊരാള്‍ അഴിമുഖത്തോട് വെളിപ്പെടുത്തി. കീഴ്വഴക്കം ലംഘിച്ച് കുഞ്ഞാലിക്കുട്ടി കൂടുതല്‍ അധികാരം കയ്യാളുന്നുവെന്ന ആരോപണം പോഷക സംഘടനയായ സമസ്തയിലും ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ എം.കെ മുനീര്‍ എന്നീ നേതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

പാണക്കാട്ടു നിന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ലത്തീഫാണ് സ്ഥാനാര്‍ത്ഥിയെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചുവെന്നാണ് തങ്ങള്‍ കുടുംബവുമായി അടുത്ത ബന്ധമുളള ഒരു യുവനേതാവ് അഴിമുഖത്തോട് പറഞ്ഞത്. അതേസമയം തന്റെ താല്‍പര്യത്തെ മറികടന്ന് ഖാദര്‍ സ്ഥാനാര്‍ത്ഥിയായതില്‍ അതൃപ്തനായ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഖാദറിനെ പരാജയപ്പെടുത്താന്‍ അഡ്വ. ഹംസയെ റിബല്‍ ആയി നിര്‍ത്തിയതെന്നും ആരോപണമുണ്ട്. ഹംസ കാര്‍ഡിറക്കിയത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണെന്ന് ഒരു പ്രാദേശിക നേതാവ് അഴിമുഖത്തോട് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയുടെ അരസമ്മതം പോലുമില്ലാതെ മണ്ഡലത്തിന്റെ പുറത്തുളള ഖാദറിന് വിജയം ഉറപ്പിക്കാനാവില്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വലിയ ഭൂരിപക്ഷത്തെ കുറയ്ക്കുക മാത്രമാണ് ഹംസ കാര്‍ഡ് ഇറക്കിയതിലൂടെ അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നതെന്നും അല്ലാതെ ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ അല്ലെന്നുമാണ് അദ്ദേഹത്തിനൊപ്പമുള്ളവരുടെ വാദം.

ലീഗിലെ ചേരിപ്പോര് വേങ്ങരയില്‍ വിജയം കൊയ്യാന്‍ സഹായിക്കുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഖാദറിനെ കാലുവാരാന്‍ തന്നെയാണ് ഹംസ കാര്‍ഡറക്കിയതെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. അഡ്വ പി.പി ബഷീര്‍ മണ്ഡലത്തില്‍ സുപരിചിതനും നാട്ടുകാരനുമാണെന്നാണ് ഇടതുവാദം. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച കോണ്‍ഗ്രസ് വോട്ടുകള്‍ ഖാദറിന് ലഭിക്കില്ലെന്നതും ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാണ്. അതിനുപുറമെ ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത് ടികെ ഹംസയെയാണെന്നതും ഇത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേമ്പൊടിയിടുമെന്നും ഇടതുനേതാക്കള്‍ കരുതുന്നു.

കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ കൊണ്ട് വന്ന വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് മാത്രം പ്രയോജനമുണ്ടാക്കാന്‍ വേണ്ടിയാണെന്നത് തെളിവുകള്‍ സഹിതം പ്രചരിപ്പിക്കാനായാല്‍ ഇടതുപക്ഷത്തിനു വിജയം ഉറപ്പിക്കാമെന്ന് ലീഗിലെ ചില പ്രാദേശിക നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ലീഗിലെ അഭിപ്രായഭിന്നത മുതലെടുക്കാനായാല്‍ ഇടതുപക്ഷത്തിനു നിഷ്പ്രയാസം വിജയിക്കാനാവുമെന്നാണ് സിപിഎം കരുതുന്നതും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍