UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ ഇനി കാറുകള്‍ക്ക് റേഷന്‍

Avatar

അഴിമുഖം പ്രതിനിധി

സ്വകാര്യ വാഹനങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ 15 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെ പ്രതിദിനം 12 മണിക്കൂറാകും നിയന്ത്രണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ഗോപാല്‍ റായ് ചൊവ്വാഴ്ച അറിയിച്ചു.

ഒറ്റ അക്ക നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് ഒറ്റ അക്കദിനങ്ങളിലും ഇരട്ട അക്കവാഹനങ്ങള്‍ക്ക് ഇരട്ട അക്കദിനങ്ങളിലും നിരത്തിലിറങ്ങാമെന്ന് മന്ത്രി അറിയിച്ചു. നേരത്തെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക വാഹനങ്ങളെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്ക വാഹനങ്ങളെയും അനുവദിക്കാനാണ് ആലോചിച്ചിരുന്നത്.

അന്തരീക്ഷമലിനീകരണം കുറയ്ക്കാനുദ്ദേശിച്ചുള്ള നിയന്ത്രണം ഞായറാഴ്ചകളില്‍ ബാധകമല്ല. ഈ മാസം 25ന് പരിപാടിയുടെ രൂപരേഖ തയാറാകുമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ വിഷപ്പുകയില്‍ മുക്കുന്ന മലിനീകരണത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പല നടപടികളില്‍ ഒന്നാണ് സ്വകാര്യവാഹനങ്ങളുടെ നിയന്ത്രണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത പുകമഞ്ഞിലാണ് ഡല്‍ഹി.

വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണമാണ് വായു വിഷലിപ്തമാകുന്നതില്‍ മുഖ്യഘടകം. തണുപ്പുകാലത്ത് വിഷവസ്തുക്കള്‍ കൂടുതല്‍ സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് സ്ഥിതി വഷളാക്കുന്നു.

നടപ്പായാല്‍ വായുമലിനീകരണം കുറയ്ക്കാന്‍ വാഹനങ്ങളെ നിയന്ത്രിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നഗരമാകും ഡല്‍ഹി. ലോകമെമ്പാടും ചെറിയ കാലയളവുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പല നഗരങ്ങളും പല തരത്തിലാണ് നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നത്.

ഡല്‍ഹിയില്‍ 2.7 മില്യണ്‍ സ്വകാര്യകാറുകളും 5.8 മില്യണ്‍ ഇരുചക്ര വാഹനങ്ങളുമുണ്ടെന്നാണു കണക്ക്. ഇവയില്‍ പകുതി നിരത്തില്‍നിന്നു മാറുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേറെ യാത്രാമാര്‍ഗം കണ്ടെത്തേണ്ടതായിവരും. ഇതിനു പുറമെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ദിവസവും ആയിരക്കണക്കിന് ആളുകള്‍ വാഹനമോടിച്ച് തൊഴിലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഡല്‍ഹിയിലെത്തുന്നുണ്ട്.

മലിനീകരണത്തോത് അപകടകരമായി തുടരുന്ന ഡല്‍ഹിയെ രക്ഷിക്കാന്‍ പല നടപടികളും സര്‍ക്കാര്‍ എടുക്കുന്നുണ്ട്. ഒക്ടോബറില്‍ ഒരു പൊതുഒഴിവുദിനത്തില്‍ കാര്‍ ഫ്രീ ഡേ പരീക്ഷിച്ചു. 15വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഹരിതട്രൈബ്യൂണലിന്റെ നിര്‍ദേശം നടപ്പാക്കണമെന്ന് ഏപ്രിലില്‍ സുപ്രിം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വായുമലിനീകരണം ഗൗരവമായെടുക്കാത്തതിന് സര്‍ക്കാരിനെ ശാസിച്ച കോടതി കൂടുതല്‍ ഫലവത്തായ പദ്ധതി തയാറാക്കാനും ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ നിന്ന് ഏറ്റവും അപകടകരമായ അന്തരീക്ഷനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വായുവിലെ മലിനീകരണ ഘടകങ്ങളുടെ അളവ് ഇവിടെ ക്യുബിക് മീറ്ററില്‍ 530 മൈക്രോഗ്രാം എന്ന അളവിലായിരുന്നു.

കാറുകള്‍ ഉപേക്ഷിച്ച് മലിനീകരണം ഉണ്ടാക്കാത്തതരം സഞ്ചാരമാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ എങ്ങനെ പ്രേരിപ്പിക്കാം? ലോകത്ത് ഒരു നഗരത്തിനും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. വാഹനങ്ങളിലെ മലിനീകരണത്തോത് ശാശ്വതമായി കുറയുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഫലം ചെയ്യില്ലെന്നാണ് 30വര്‍ഷത്തിലധികമായി ലോകത്തുടനീളം നടന്നിട്ടുള്ള പരീക്ഷണങ്ങള്‍ കാണിക്കുന്നത്.

മറ്റു നഗരങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഇവയാണ്:

ബീജിങ്, ചൈന
വാക്വം ക്ലീനറുമായി തെരുവിലിറങ്ങിയ ഒരു ആര്‍ട്ടിസ്റ്റിന് ശേഖരിച്ച പൊടികൊണ്ട് ഇഷ്ടികകള്‍ ഉണ്ടാക്കാന്‍ കഴിയും വിധം മാലിന്യം നിറഞ്ഞ വായുവാണ് ബീജിങ്ങിലേത്. ഫാക്ടറികള്‍ അടച്ചിട്ടും പകുതിയോളം വാഹനങ്ങളെ റോഡില്‍ നിന്ന് ഒഴിവാക്കിയുമാണ് ഒളിംപിക്‌സിന്റെ സമയത്ത് ചൈന വായുവിനെ ശുദ്ധമാക്കിയത്. ഈ നടപടികള്‍ ദീര്‍ഘകാലം തുടരാന്‍ ചൈനയ്ക്കായില്ല. തണുപ്പുകാലത്ത് പുകമഞ്ഞ് മൂടിയ നിലയിലാണ് ബീജിങ്.

കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനം കുറച്ച് മലിനീകരണത്തോത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ചൈന ഇപ്പോള്‍. വന്‍തോതില്‍ മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികള്‍ നഗരത്തില്‍നിന്നു മാറ്റിക്കഴിഞ്ഞു. ഇവ മറ്റിടങ്ങളില്‍ ഇതേ മലിനീകരണം സൃഷ്ടിക്കുമെന്നത് മറ്റൊരു കാര്യം.

സാന്റിയാഗോ, ചിലി:
മലിനീകരണത്തോത് ഏറ്റവും ഉയര്‍ന്നു നിന്ന 16 വര്‍ഷങ്ങള്‍ക്കുശേഷം ജൂണില്‍ ചിലി രാജ്യത്തെ ആദ്യ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാന്റിയാഗോയ്ക്കു ചുറ്റുമുള്ള ആയിരത്തോളം ഫാക്ടറികള്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി. നമ്പര്‍ പ്ലേറ്റുകളിലെ അവസാനഅക്കം അനുസരിച്ച് നഗരത്തിലെ 1.7 മില്യണ്‍ കാറുകളില്‍ 40 ശതമാനം നിരത്തിലിറങ്ങിയില്ല. തുറന്ന സ്ഥലത്ത് വ്യായാമം ചെയ്യരുതെന്ന് ജനങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചു.

രണ്ടു മലനിരകള്‍ക്കിടയിലാണ് ചിലിയുടെ കിടപ്പ്. ഡല്‍ഹിയെപ്പോലെ തന്നെ മലിനവായു കെട്ടിക്കിടക്കുന്ന ഒരു തടമാണ് ചിലി എന്നര്‍ത്ഥം. ജൂലൈയില്‍ വാഹനനിയന്ത്രണം വീണ്ടും കര്‍ശനമാക്കി. ദോഷകരമായ മാലിന്യങ്ങള്‍ നിര്‍വീര്യമാക്കാനുള്ള സംവിധാനമില്ലാത്ത കാറുകളെയും നിരത്തില്‍നിന്ന് ഒഴിവാക്കി. ഈ വാഹനങ്ങളും നമ്പര്‍ പ്ലേറ്റ് അക്കങ്ങള്‍ അനുസരിച്ച് നിയന്ത്രണമുള്ള വാഹനങ്ങളും ഇപ്പോള്‍ രാവിലെ 7.30 മുതല്‍ രാത്രി ഒന്‍പതു വരെ നിരത്തിലിറങ്ങാറില്ല.

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ
ദീര്‍ഘകാല വാഹനനിയന്ത്രണം നിരത്തിലെ വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഉദാഹരണമാണ് മെക്‌സിക്കോ. 1989ല്‍ നമ്പര്‍ പ്ലേറ്റുകളിലെ അക്കങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രണം മെക്‌സിക്കോ സിറ്റിയില്‍ നടപ്പാക്കി. ആഴ്ചയില്‍ ഒരു ദിവസമെന്ന നിലയിലായിരുന്നു നിയന്ത്രണം. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗതസംവിധാനം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം.

തുടക്കത്തില്‍ മലിനീകരണം കുറഞ്ഞു. എന്നാല്‍ 11 മാസങ്ങള്‍ക്കുശേഷം ഇത് കുത്തനെ കൂടി. നമ്പര്‍ പ്ലേറ്റുകള്‍ അനുസരിച്ച് ജനങ്ങള്‍ രണ്ടാമതൊരു കാര്‍ കൂടി വാങ്ങിയതിനാലാണിത്. ഇങ്ങനെ വാങ്ങിയ വാഹനങ്ങള്‍ മിക്കവയും പഴയതും മലിനീകരണത്തോത് കൂടിയതുമായിരുന്നു. ടാക്‌സികളുടെ ഉപയോഗവും കൂടി.

പാരിസ്, ഫ്രാന്‍സ്
വികസിത രാജ്യങ്ങളിലും വാഹനനിയന്ത്രണം ഹ്രസ്വകാലത്തേക്കുള്ള അടിയന്തരനടപടി മാത്രമാണ്. വായുമലിനീകരണം അപകടകരമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരട്ടഅക്കവാഹനങ്ങള്‍ നിരത്തിലിറങ്ങരുടെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഒരു ദിവസത്തിനുശേഷം നിയന്ത്രണം പിന്‍വലിച്ചു. നിയന്ത്രണം നടപ്പായ ദിവസം നാലായിരത്തിലധികം കാറുകളാണ് ഇതു ലംഘിച്ച് നിരത്തിലിറങ്ങി പിഴയടച്ചത്. പൊതുഗതാഗതസംവിധാനത്തിന്റെ ഉപയോഗം കാര്യമായി വര്‍ധിച്ചതുമില്ല.

ലണ്ടന്‍, യു കെ
വായുമലിനീകരണം കൂടുതലുള്ള നഗരഭാഗങ്ങളില്‍ കടുത്ത മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം അനുവദിക്കുക എന്നതാണ് 2008ല്‍ ലണ്ടന്‍ സ്വീകരിച്ച നടപടി. ജനങ്ങളെ പൊതുഗതാഗതം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഈ ‘കുറഞ്ഞ മലിനീകരണ നയ’ത്തിന്റെ ലക്ഷ്യം.

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പ്രതിദിനം കനത്ത പിഴയും ചുമത്തിയെങ്കിലും പരീക്ഷണം വലിയ വിജയമായില്ല. കനത്ത മലിനീകരണമുണ്ടായിരുന്ന സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ കുട്ടികള്‍ ഇപ്പോഴും മുന്‍പത്തെ അതേ നിരക്കില്‍ അസുഖബാധിതരാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കടുത്ത മലിനീകരണമുണ്ടാക്കുന്ന ഡീസല്‍ കാറുകളാണ് ഇവിടെ കുറ്റവാളികളെന്ന് വിദഗ്ധര്‍ കരുതുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍