UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി; വിദ്യാര്‍ഥി പ്രകടനത്തിന് നേരെ സംഘപരിവാര്‍ ആക്രമണം

Avatar

അഴിമുഖം പ്രതിനിധി

സംഘപരിവാര്‍ ഇടപെടലിനെത്തുടര്‍ന്ന് വിദ്യാര്‍ഥി കൌണ്‍സില്‍ പുറത്തിറക്കിയ മാഗസിന്‍ നിരോധിച്ച സര്‍വകലാശാല അധികൃതരുടെ നടപടി തിരുത്തണമെന്നും സര്‍വകലാശാല സീല്‍ ചെയ്ത നാലായിരത്തോളം മാഗസിനുകള്‍ വിതരണത്തിനായി വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്ന പ്രകടനത്തിനു നേരെയാണ് ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ആക്രമണമുണ്ടായത്. നാല്‍പതോളം വരുന്ന സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥികളും എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന തങ്ങളെ അക്രമിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണമെന്നും അത്തരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പിന്നീട് വിദ്യാര്‍ഥികള്‍ പ്രധാന ഗേറ്റ് ഉപരോധിച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനുമുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ സര്‍വകലാശാല സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്‍പത് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാത്രി പന്ത്രണ്ടരയോടെ സമരം  അവസാനിപ്പിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു എന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മാഗസിന്‍ വിതരണം ചെയ്യുന്നത് സര്‍വകലാശാല നിരോധിച്ചിരുന്നു. തുടര്‍ന്ന് ബിജെപി പോണ്ടിച്ചേരി ഘടകവും എബിവിപിയും മറ്റ്   സംഘപരിവാര്‍ സംഘടനകളും മാഗസിനെതിരെ രംഗത്ത് വരികയും മാഗസിന്‍ കത്തിക്കുകയും ചെയ്തതോടെ പോണ്ടിച്ചേരിയിലെ ഗവര്‍ണര്‍ ജനറല്‍ കിരണ്‍ ബേദി സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചു. ഇതോടെ സര്‍വകലാശാല അധികൃതര്‍  വിദ്യാര്‍ഥി കൌണ്‍സില്‍ മുറി പൂട്ടുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന നാലായിരത്തോളം വരുന്ന മാഗസിന്‍ കോപ്പികള്‍ കണ്ടുകെട്ടി സീല്‍ ചെയ്യുകയുമായിരുന്നു. പ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച സര്‍വകലാശാല അധികൃതര്‍ വിളിച്ചുകൂട്ടിയ മീറ്റിങ്ങില്‍ ഒരു കാരണവശാലും മാഗസിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കില്ല എന്നും അടിയന്തിരമായി വിദ്യാര്‍ഥി കൌണ്‍സില്‍ വിശദീകരണം നല്‍കണം എന്നും അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് അംബേദ്‌കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനും എസ് എഫ് ഐയും നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി കൌണ്‍സില്‍ സമര രംഗത്തേക്കിറങ്ങിയത്.

സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ വിദ്യാര്‍ത്ഥി യൂണിയന്റെ മാഗസിനാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WIDERSTAND. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജര്‍മനിയിലെ ജനാധിപത്യ വിശ്വാസികള്‍ പുറത്തിറക്കിയിരുന്ന മാസികയായിരുന്നു വൈഡര്‍സ്റ്റാന്റ്. പ്രതിരോധം എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പേരിന് വലിയ പ്രസക്തിയുണ്ട് എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു. 

ഇസ്രയേല്‍ സൈന്യം പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ കൊണ്ട് പൂന്തോട്ടമുണ്ടാക്കിയ ഒരു പാലസ്തീനിയന്‍ സ്ത്രീയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കിയതാണ് സംഘപരിവാറിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. മാഗസിന്‍ കത്തിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന മാഗസിന്റെ മുഖചിത്രം ഐ എസ്സിന്റെ പോണ്ടിച്ചേരിയിലേക്കുള്ള കടന്ന് വരവായാണ് ചിത്രീകരിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍