UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി സര്‍വകലാശാലയിലെ അക്കാദമിക ബഹിഷ്കരണങ്ങള്‍

Avatar

ശ്രുതീഷ് കണ്ണാടി

 

ഞാന്‍ ഒരു ദളിത്‌ വിദ്യാര്‍ഥിയാണെന്ന് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ. നമ്മുടെ സര്‍വ്വകലാശാലകളെല്ലാം തന്നെ എത്രത്തോളം ജാതി കേന്ദ്രീകൃതമാണെന്ന് ഹൈദരാബാദ് സര്‍വ്വകലാശാല നമുക്ക് കാണിച്ചു തന്നതാണ്. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമായല്ല രാജ്യത്തെ മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളും. ഇങ്ങ് ഇവിടെ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലും സമാനമായ ജാതീയ വിവേചനങ്ങള്‍ നേരിടേണ്ടി വന്ന ഒരാളാണ് ഇപ്പോള്‍ ഞാനും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ഒരവസ്ഥയിലൂടെയാണ് ഞാനും എന്‍റെ സുഹൃത്തുക്കളും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു കുറിപ്പ് ഇപ്പോള്‍ എഴുതാന്‍ പോലും മാനസികമായി ഞാന്‍ തയ്യാറെടുത്തിട്ടില്ല. എന്നിട്ടും ഇതെഴുതുന്നത് ഒരു കേന്ദ്ര സര്‍വ്വകലാശാലക്കകത്ത് ഇത്രയും ഭീകരമായ അളവില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങള്‍ പുറത്തറിയിച്ചില്ലെങ്കില്‍ അത് ഞാനടക്കം ഉള്‍പ്പെടുന്ന വലിയൊരു ജനതയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കുമെന്നു തോന്നിയത് കൊണ്ടു കൂടെയാണ്.

 

ഇക്കഴിഞ്ഞ 2016 മേയ് മാസത്തിലാണ് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ പഠനം ഞാന്‍ പൂര്‍ത്തിയാക്കിയത്. ശേഷം ഇതേ ഡിപ്പാര്‍ട്മെന്റില്‍ തന്നെ ഗവേഷണ പഠനം നടത്തുന്നതിനായി സര്‍വ്വകലാശാല നടത്തുന്ന പൊതുപ്രവേശന പരീക്ഷ എഴുതുകയും ജനറല്‍ കാറ്റഗറിയില്‍ നാലാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ ഡിപ്പാര്‍ട്മെന്റില്‍ നിലവില്‍ രണ്ട് ഒഴിവുകള്‍ മാത്രമേ ഉള്ളുവെന്നതിനാല്‍ അതില്‍ ആദ്യത്തെ സീറ്റിലേക്ക് ജനറല്‍ കാറ്റഗറിയില്‍പ്പെട്ട ആദ്യ മൂന്നു റാങ്കുകാരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചത്. അടുത്ത സീറ്റിലേക്ക് ഒബിസി കാറ്റഗറിയില്‍പ്പെട്ട 6, 7, 11 റാങ്ക് നേടിയ മറ്റ് മൂന്നു പേരെയും അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നു. ഇതിലെ പ്രധാന പ്രശ്നം ഞാന്‍ ഉള്‍പ്പെടുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സീറ്റില്ലെന്ന് ഒരു കേന്ദ്ര സര്‍വ്വകലാശാല പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ്. പിന്നെ ഓപ്പണ്‍ മെറിറ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയിട്ടു പോലും ഒരു കാറ്റഗറിയില്‍ അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ എണ്ണം മൂന്നായി നിജപ്പെടുത്തിയതിനാല്‍ എല്ലാ തരത്തിലും എനിക്ക് പ്രവേശനം ലഭിക്കാനുള്ള വഴികള്‍ സര്‍വ്വകലാശാല കൊട്ടിയടക്കുകയാണ്‌ ചെയ്തിട്ടുള്ളത്.

 

ഇത് കേവലം ഒറ്റപ്പെട്ട സംഭവം മാത്രമായി കാണാന്‍ കഴിയുന്ന വിഷയമല്ല. കാരണം 2010-ലാണ് മാസ് കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ പിഎച്ഡി പ്രവേശനം ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇത്രയും വര്‍ഷത്തിനിടയില്‍ 21 പേരാണ് ഇവിടെ ഗവേഷണത്തിനായി പ്രവേശനം നേടിയിട്ടുള്ളത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ ആര്‍.ജി.എന്‍.എഫ് (രാജീവ്ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ്) നേടി പ്രവേശന പരീക്ഷയെഴുതാതെ ഓപ്പണ്‍ മെറിറ്റില്‍ സീറ്റ് നേടിയവരാണ്.

 

 

എന്നാല്‍ ഈ രണ്ട് പേരൊഴികെ സര്‍വ്വകലാശാലയുടെ പൊതുപ്രവേശന പരീക്ഷയെഴുതി ഒറ്റ ദളിതര്‍ പോലും ഇവിടെ പ്രവേശനം നേടിയിട്ടില്ലെന്ന്, നേടാന്‍ അനുവദിച്ചിട്ടില്ലെന്ന് അറിയുമ്പോഴാണ് സര്‍വ്വകലാശാലയുടെ ജാതീയ മുഖം വെളിപ്പെടുന്നത്. എന്നാല്‍ ഞാന്‍ പഠിച്ചിറങ്ങിയ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റ് ഒരു തരത്തിലും ജാതീയ വിവേചനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഒരു വകുപ്പല്ലെന്നും എടുത്തു പറയേണ്ടതായുണ്ട്. കാരണം നിലവിലെ ഡിപ്പര്‍ട്മെന്‍റ് മേധാവി ഉള്‍പ്പെടെയുള്ള അധ്യാപകര്‍ അത്രത്തോളം പിന്തുണയും പിന്‍ബലവുമാണ് എനിക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ സര്‍വ്വകലാശാല സ്വീകരിച്ച തെറ്റായ സംവരണ നിലപാടിനുള്ളില്‍ ഈ ഡിപ്പാര്‍ട്മെന്‍റും അകപ്പെട്ടു പോയെന്നതാണ് വാസ്തവം. എങ്കില്‍ തന്നെയും ഈ നിയമം ചൂഷണം ചെയ്ത്, കഴിഞ്ഞ ഇരുപതോളം വര്‍ഷമായി ദളിത്‌ വിദ്യാര്‍ഥികള്‍ക്ക് അയിത്തം പ്രഖ്യാപിച്ചിരിക്കുന്ന നിരവധി ഡിപ്പാര്‍ട്മെന്റുകളും ഇവിടെയുണ്ടെന്ന കാര്യം മറച്ചു പിടിക്കുന്നില്ല.

 

നിലവില്‍ സര്‍വ്വകലാശാലയുടെ ‘എഴുതപ്പെടാത്ത’ നിയമ പ്രകാരം എസ്.സി കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് ഒരു സീറ്റെങ്കിലും ലഭിക്കണമെങ്കില്‍ ഒരു വകുപ്പില്‍ ചുരുങ്ങിയത് നാല് ഒഴിവുകളെങ്കിലും ഉണ്ടാകണം. എസ്.ടി വിഭാഗത്തിന്‍റെ കാര്യത്തില്‍ ചുരുങ്ങിയത് എട്ട് ഒഴിവുകളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു സീറ്റ് ഈ വിഭാഗത്തിന് ലഭിക്കുകയുള്ളു. ഈ നിയമം ഒരു മറയായി പിടിച്ചു കൊണ്ട് മിക്ക ഡിപ്പാര്‍ട്ട്മെന്റുകളും ഓരോ വര്‍ഷവും നാലില്‍ താഴെ ഒഴിവുകളിലേക്ക് മാത്രമേ ഗവേഷണത്തിനായി പ്രവേശന പരീക്ഷ നടത്താറുള്ളു. അങ്ങനെ വളരെ തന്ത്രപൂര്‍വ്വം തന്നെ ദളിത്‌ വിദ്യാര്‍ഥികളോട് അയിത്തം കല്പിക്കുന്ന ഒരു സമീപനമാണ് സര്‍വ്വകലാശാലയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളെയും പരസ്യമായി തന്നെ വെല്ലുവിളിക്കുകയാണ് ഇവിടെ സര്‍വ്വകലാശാല അധികൃതര്‍.  

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ക്യാമ്പസിലെ അംബേദ്‌കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷനിലെ എന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞങ്ങള്‍ രാജിസ്ട്രാറിനെ കാണുകയുണ്ടായി. എന്നാല്‍ തീര്‍ത്തും നിരാശാജനകമായ മറുപടികളായിരുന്നു അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. സര്‍വ്വകലാശാലയില്‍ സംവരണത്തെ അടിസ്ഥാനമാക്കി നിലവിലുള്ള സീറ്റ് വിഭജനരീതി വലിയ പരാജയം തന്നെയാണെന്ന് തുറന്നു സമ്മതിച്ച അദ്ദേഹം പക്ഷേ, അത് പരിഹരിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചെയ്തത്. കൂടാതെ മറ്റ് വഴികളില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് പറഞ്ഞ ഞങ്ങളോട് എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വഴി നോക്കിക്കോളൂ എന്ന നിഷേധാത്മക മറുപടിയാണ് ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരുന്നു കൊണ്ട് അദ്ദേഹം നല്‍കിയത്. മൂന്നു ദിവസത്തോളം രാജിസ്ട്രാറുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്നതാണ് സത്യം. എന്നാല്‍ ഞങ്ങള്‍ നിയമപരമായി തന്നെ നീങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഡിപ്പാര്‍ട്മെന്റില്‍ ഒരു സീറ്റ് കൂടി വര്‍ദ്ധിപ്പിച്ച് എനിക്കായി അത് അനുവദിച്ചു തരാമെന്നും ഒടുവില്‍ രജിസ്ട്രാര്‍ വാക്കാല്‍ പറയുകയുണ്ടായി. ഇങ്ങനെ ഒരു നിലപാടിന് രജിസ്ട്രാര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ എല്ലാം തികച്ചും സത്യസന്ധവും പ്രസക്തവുമായിരുന്നു എന്ന് വേണം കരുതാന്‍.

 

ഇവിടെ സംവരണത്തിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക വിഭാഗങ്ങളെ തഴഞ്ഞ് ഒബിസിക്ക് മാത്രം സീറ്റ് അനുവദിക്കുന്നതിന്‍റെ കാരണമായി അധികൃതര്‍ പറഞ്ഞത് അവര്‍ക്ക് 27 ശതമാനം സംവരണം ഉണ്ടെന്നതാണ്. തീര്‍ത്തും യുക്തിക്ക് നിരക്കാത്ത ഈ മറുപടിയില്‍ നിന്നു തന്നെ സംവരണത്തിന്‍റെ അടിസ്ഥാന തത്വം പോലും ഒരു കേന്ദ്ര സര്‍വ്വകലാശാലയുടെ അധികൃതര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാണ്. മാത്രമല്ല ഇത് കൂടാതെ ഒഴിവ് വരുന്ന ഒരു സീറ്റിലേക്ക് മൂന്നു പേരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുവെന്നതും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.എന്നാല്‍ സര്‍വ്വകലാശാല പറയുന്ന ‘എഴുതപ്പെടാത്ത’ ഈ നിയമവും എസ്.സി/എസ്.ടി സംവരണ സീറ്റുകള്‍ വരുന്ന പല ഡിപ്പാര്‍ട്മെന്റുകളിലും അട്ടിമറിക്കപ്പെട്ടിരിക്കുന്നത് കാണാം. ഉദാഹരണത്തിന് കെമിസ്ട്രി വകുപ്പില്‍ 23 ഒഴിവുകളാണ് ഈ വര്‍ഷം നിലവിലുള്ളത്. ഇതില്‍ സര്‍വ്വകലാശാല നിയമപ്രകാരം നാല് സീറ്റ് എസ്.സി വിഭാഗത്തിനും ഒരു സീറ്റ് എസ്.ടി വിഭാഗത്തിനും അനുവദിച്ചിരിക്കുന്നു. എന്നാല്‍ ഒരു ഒഴിവിലേക്ക് 1:3 എന്ന അനുപാതത്തില്‍ ചുരുങ്ങിയത് മൂന്നു പേരെ അഭിമുഖത്തിന് വിളിക്കുമെന്ന് സര്‍വ്വകലാശാല തന്നെ പറയുന്നിടത്ത് എസ്.ടി വിഭാഗത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. ഇനി ഫിസിക്സ് വകുപ്പ് എടുത്ത് കഴിഞ്ഞാല്‍ ഇവിടെ നിലവില്‍ 12 സീറ്റുകളാണ് ഒഴിവുള്ളത്. ഇവിടെയും സര്‍വ്വകലാശാല പറയുന്ന സംവരണ നിയമ പ്രകാരം എസ്.സി വിഭാഗത്തിന് രണ്ട് സീറ്റും എസ്.ടി വിഭാഗത്തിന് ഒരു സീറ്റും അനുവദിച്ചിരിക്കുന്നു. എന്നാല്‍ ഇവിടെയും 1:3 എന്ന അനുപാതം പാലിക്കാതെ എസ്.ടി വിഭാഗത്ത്‌ നിന്നും രണ്ട് പേരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചത്. അപ്പോള്‍ അധികൃതര്‍ ഞങ്ങളോട് വിശദീകരിച്ച മേല്‍പ്പറഞ്ഞ നിയമങ്ങള്‍ ഒന്നും തന്നെ പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായല്ല നിര്‍മ്മിച്ചിട്ടുള്ളതെന്ന് വളരെ വ്യക്തമാണ്. മറിച്ച് നിലവിലെ സംവരണ നിയമങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ അതിനര്‍ഹമായ വിഭാഗങ്ങളെ എങ്ങനെയെല്ലാം അക്കാദമിക ബഹിഷ്ക്കരണത്തിനു വിധേയമാക്കാമെന്നു പോണ്ടിച്ചേരി എന്ന ‘ജാതി’ സര്‍വ്വകലാശാല കാണിച്ചു തരുന്നു.

 

 

സര്‍വ്വകലാശാലയില്‍ നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംവരണ നിയമങ്ങളെ പറ്റി പിന്നീട് ഞങ്ങള്‍ വിശദമായ ഒരു അന്വേഷണം തന്നെ നടത്തുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച്  2006-ല്‍ ഒരു നിയമം തന്നെ പാസാക്കിയിട്ടുണ്ട്. സംവരണത്തില്‍ മുന്‍ഗണന നല്‍കേണ്ടത് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണെന്നും അത് എങ്ങനെയെല്ലാം ആണെന്നും വളരെ വ്യക്തമായി ഈ നിയമം വിശദീകരിക്കുന്നുണ്ട് [central educational institutions (reservation in admission) act, 2006]. ഇത് സംബന്ധിച്ച ഒരു ഗസറ്റ് വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട് എന്നിരിക്കെ തികച്ചും നഗ്നമായ നിയമ ലംഘനം തന്നെയാണ് പോണ്ടിച്ചേരിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

 

സംവരണ നിയമങ്ങള്‍ അട്ടിമറിക്കുന്ന സര്‍വ്വകലാശാലയുടെ ഈ ദളിത്‌ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ടുള്ള കത്ത് അംബേദ്‌കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ പേരില്‍ രജിസ്ട്രാറിനും വൈസ് ചാന്‍സിലര്‍ക്കും കൂടാതെ പുതുതായി ലഫ്റ്റനന്‍റ് ഗവര്‍ണ്ണറായി ചുമതലയേറ്റ കിരണ്‍ ബേദിക്കും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. ആയതിനാല്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍, എംഎച്ച്ആര്‍ഡി എന്നിവര്‍ക്ക് കൂടി അയയ്ക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍. അതോടൊപ്പം നിയമപരമായും വിഷയത്തെ നേരിടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍