UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി സര്‍വകലാശാല; സമരം അവസാനിക്കുന്നില്ല പോണ്ടിച്ചേരി വിദ്യാര്‍ത്ഥി സമരം; അകന്നു നിന്നവരും ഒപ്പം ചേരുമ്പോള്‍

Avatar

അഞ്ജലി ഗംഗ

നിലനില്‍പ്പിനെ കുറിച്ച് പേടി തോന്നുമ്പോഴാണ് ചിലര്‍ പേടിപ്പിച്ചു തുടങ്ങുന്നത് എന്ന യക്ഷിയുടെ വാക്കുകള്‍ ഏറ്റവും അനുയോജ്യമായിരിക്കുക ഒരു പക്ഷെ പോണ്ടിച്ചേരി സര്‍വകലാശാലയിലെ സമരത്തിനായിരിക്കും. ആരവത്തോടെ അലയടിച്ചു വന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തലകുനിച്ചത് അരാജകത്വത്തിന്റെ അഹങ്കാരം പേറുന്ന ഒരു പറ്റം അരാഷ്ട്രീയവാദികള്‍ തന്നെയാണ്. എട്ടാം ദിവസം സമരം അവസാനിച്ചതോടെ എഴുത്ത് നിന്നിരുന്നു. വ്യക്തിപരമായി സമരമുഖത്തിലേക്ക് കൂടുതല്‍ ഇടപെട്ടതുകൊണ്ടാണിത്. അധികാരം നഷ്ടപ്പെടുമെന്നു കരുതുന്ന ഒരാള്‍ അത് നിലനിര്‍ത്താന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് ഇന്നിവിടെ. പലപ്പോഴും അറിവ് നുണയാന്‍ വരുന്ന വിദ്യാര്‍ഥികളെ ആശയപരമായി നേരിടാന്‍ കഴിയാതെ പോകുന്നുണ്ട് അധികാര ദുര്‍വിനിയോഗത്തിന്‍റെ കമനീയ കക്കൂസിലിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വിസിക്ക്.

അവര്‍ അവിടെ ആയുധമാക്കുന്നത് വികാരതീവ്രതയേറിയ പ്രാദേശിക വേര്‍തിരിവുകള്‍ കുത്തിനിറച്ചുകൊണ്ടാണ്. അതിനു കാലമിത്രയായിട്ടും ഇരയാകേണ്ടി വന്നത് ഫിസിക്കല്‍ എഡ്യൂകേഷന്‍ വിഭാഗത്തിലെ കുട്ടികളാണ് എന്നുള്ളതില്‍ ഒരു വിദ്യാര്‍ത്ഥിക്കും. സംശയം ഇല്ലാതില്ല. പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമങ്ങളിലും കാര്യമായി പങ്ക് വഹിക്കുന്നതും ഇവരാണ്.

കൃത്യമായി പറയുകയാണെങ്കില്‍ കാവ്യാ-വിദ്യാ പീഡനകേസ് തന്നെ. രാത്രിയില്‍ വരുന്ന പെണ്‍കുട്ടികളെ അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്യാന്‍ പോന്നത്രയും സ്വാതന്ത്ര്യം ഇവര്‍ക്ക് സര്‍വകലാശാല തീറെഴുതിക്കൊടുത്തിട്ടുണ്ട്. പറഞ്ഞു വരുന്നത് അക്രമത്തിന്‍റെ തലങ്ങളെക്കുറിച്ചാണ്. അന്ന് കടന്നുകയറ്റം ഉണ്ടായെങ്കില്‍ അതില്‍മുഖം തിരിച്ചു നിന്നവരാണ് കൂടുതല്‍. തികച്ചും മലയാളി-തമിഴ് കുട്ടികളുടെ ആശയവിരുദ്ധതയാണ് ഇങ്ങനെ ഒരു പ്രശ്നത്തിന് വഴിവച്ചതെന്ന്‍ അധികാരികള്‍ക്ക് കോടതികളെ പോലും ധരിപ്പികാന്‍ മടിയുണ്ടായിരുന്നില്ല. അന്ന് എസ് എഫ് ഐ പോലെയുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന ആ സമരത്തെ അനുകൂലിക്കാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ലക്ഷോപലക്ഷം അറിയപ്പെടാത്ത സ്ത്രീപീഡനങ്ങളിലെ പാണന്‍ പാട്ടായിട്ട് അതവശേഷിച്ചേനെ.

ഒരു പക്ഷെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ അടക്കിവെച്ച വിദ്യാര്‍ത്ഥിരോക്ഷമത്രയും ഒരുമിച്ച് ഒഴുകിയെത്തുകയാണ് ഈ സമരത്തോടെ ഉണ്ടായത്. വടിവാളുകള്‍ ഏന്തി ഷര്‍ട്ടിന്റെ കോളറില്‍ ഇറുക്കിപിടിച്ചു കാതടപ്പിക്കുന്ന ഭാഷയില്‍ അസഭ്യം പറയുന്ന വില്ലത്തിയുടെ അനുയായികളുടെ വിളയാട്ടഭൂമിയാണ്‌ ഈ സര്‍വകലാശാല. ചലച്ചിത്രങ്ങളില്‍ കണ്ടു പഴകിയ ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഇപ്പോള്‍ അത്ഭുതാവഹമായി തോന്നാറെയില്ല.

ആയുധങ്ങള്‍ ഏന്തി അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറങ്ങിയ കഥകള്‍ കേട്ടും ആവേശം കൊണ്ടും നടന്ന കാലമുണ്ടായിരുന്നു. പ്രാവര്‍ത്തികമാക്കാന്‍ എന്തുകൊണ്ട് സാധിക്കില്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ആശയങ്ങളെ, വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് ഇപ്പോള്‍ തോന്നുന്നു. ആക്രമണങ്ങള്‍ ചിലപ്പോള്‍ പ്രേരിതമാണെന്നും മറിച്ച് ഭീതിപ്പെടുത്തുന്നതാണെന്നും എന്ന വാദഗതികളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

ഗാന്ധിയന്‍ സമര മാര്‍ഗമായി ചിത്രീകരിക്കപ്പെടുന്ന നിരാഹാരസമര രീതിയില്‍ ഞാനടക്കം ഏകദേശം 45 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. ലഭിച്ച പിന്തുണയും കൈത്താങ്ങും ഒക്കെ പ്രഹസനമായിരുന്നോ എന്ന് തോന്നിപ്പോയി. ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ സമ്മേളിച്ച സമരമുഖങ്ങളില്‍ അന്ന് നിഴലിച്ചു കണ്ടത് നൂറുകളുടെ ഗുണനങ്ങള്‍ മാത്രമായിരുന്നു.

പോണ്ടിച്ചേരി വിദ്യാര്‍ത്ഥി സമരം; അകന്നു നിന്നവരും ഒപ്പം ചേരുമ്പോള്‍
ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം
ജനാധിപത്യവിശ്വാസികളോട്: പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ വേണ്ടതുണ്ട്

അറിവിന്‍റെ പത്തായപ്പുരകള്‍ ഞങ്ങള്‍ കവരുമെന്ന് ആവേശഭരിതരായി വിളിച്ചു നടന്നിട്ടുണ്ട്. അങ്ങിനെ 12 മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്ന വായനശാല കൈയ്യേറിയപ്പോള്‍ അതെ ചേതോവികാരമാണ് ഉള്‍ത്തടത്തില്‍ സ്പന്ദിച്ചത്.

നിരാഹാര സമരങ്ങളില്‍ പാടിയ നാടന്‍പാട്ടുകളും വിപ്ലവഗാനങ്ങളും വഴിവെച്ചത് അന്തമില്ലാത്ത കുറെയേറെ സൗഹൃദങ്ങള്‍ക്കാണ്. വ്യത്യസ്ത ആശയത്തില്‍ വിശ്വസിക്കുന്ന ഞങ്ങളില്‍ പലരും ഒരേ തീരുമാനങ്ങളില്‍ തലകുലുക്കി അംഗീകരിച്ച നയങ്ങള്‍ ഇവിടെ ഉണ്ടായി എന്ന് പറയുമ്പോള്‍ തന്നെ ഇവിടെ രൂപീകരിക്കപ്പെട്ട ആശയസമ്പര്‍ക്കത്തിന്‍റെ കൂട്ടിമുട്ടലുകള്‍ വളരെ വലുതാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

കേന്ദ്ര മാനവിക വികസന വകുപ്പിന്‍റെ നിര്‍ദേശപ്രകാരം 6 ദിവസത്തെ നിര്‍ബന്ധ അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞതോടെ ചെറിയ വിജയത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയ ഒരു പറ്റം വ്യക്തിത്വങ്ങളാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ പുറത്താക്കുക എന്നത് അത്യന്താപേക്ഷിതമാണ് എന്നിരുന്നാല്‍ കൂടിയും ബാക്കിയുള്ള പ്രശ്നങ്ങള്‍ക്ക് കാര്യകാരണ സഹിതം ഉപാധികള്‍ ഉണ്ടാക്കുക എന്നതും ഈ സമരത്തിലൂടെ മുന്നോട്ട് കൊണ്ടുവന്ന തീരുമാനമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു കമ്മിറ്റിയോ അല്ലെങ്കില്‍ കൂട്ടായ്മയോ വേണമെന്ന് ശക്തമായി അവശ്യപ്പെടേണ്ടതുണ്ട്. രാത്രികള്‍ സ്ത്രീകള്‍ക്ക് അന്യമായി നിലനില്‍ക്കുന്ന സ്ഥിതിവിശേഷങ്ങളില്‍ നിന്നും “ഇരുട്ട് നുണയാമെടികളെ” എന്നതിലേക്ക് മാറേണ്ട കാലം അതിക്രമിച്ചു..

ചിലര്‍ സമരമുഖത്ത്‌ വെല്ലുവിളികളെയും ഭീഷണികളെയും വകവെയ്ക്കാതെ ഇറങ്ങിപുറപ്പെട്ടിട്ടുണ്ടായിരുന്നു. അവരെ തിരഞ്ഞുപിടിച്ച് തല്ലുക എന്നതാണ് ഇപ്പോള്‍ വിസി അനുയായികളുടെ പ്രധാനപ്പെട്ട വിനോദം. മുന്‍പില്‍ നിന്നിരുന്ന വകുപ്പുകള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ആണ് അഴിച്ചു വിടുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈയേറ്റം ചെയ്യുന്നതിലൂടെ ഉണ്ട ചോറിനു ഞങ്ങള്‍ നന്ദി കാണിക്കണ്ടേയെന്ന ചോദ്യമാണ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക് എറിഞ്ഞിടുന്നത്? പങ്കുപറ്റിയവരും ഇനി പങ്കുപറ്റാന്‍ ഇരിക്കുന്നവരുടെയും സഹിഷ്ണുതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നല്ലോ ഞങ്ങള്‍ സമരമുഖതേക്ക് ഇറങ്ങിത്തിരിച്ചത്. വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ നിലനില്‍ക്കുമ്പോള്‍ നിസ്സഹാരായി പോകുകയാണ് ഞങ്ങള്‍. ചോരചീന്തിച്ചു അവസാനിപ്പിക്കുവാന്‍ ആകുന്ന ഒരു സമരമാണോ എന്ന് ചോദ്യം ചെയ്യുപ്പെടുകയാണെങ്കില്‍ ചെറുത്തുനില്‍പ്പിന്റെ പുതിയ ഏടുകള്‍ തുറന്നുകൊണ്ട് ആകും ഞങ്ങളിനി സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുക. എന്‍റെ സുഹൃത്ത്‌ പറയാറുള്ളതുപോലെ “തോറ്റൂവെങ്കില്‍ തോറ്റൂ കാലം”. അതെ ഇനി ഒരടി ഞങ്ങള്‍ പതറിയെങ്കില്‍ അവിടെ തോല്‍ക്കുന്നത് ജനാധിപത്യ ആശയങ്ങളും സമര മുറകളും ആയിരിക്കും. അടിച്ചമര്‍ത്തലുകള്‍ക്ക് ആയുധത്തിന്‍റെ വേഷവിധാനം കൈവരുമ്പോള്‍ വാക്കുകള്‍ക്ക് അതിനെക്കാള്‍ മൂര്‍ച്ചയേറും എന്ന് കാലങ്ങള്‍ താണ്ടുമ്പോഴും അധികാരവര്‍ഗം വിശ്വസിക്കുന്നില്ല. പടവാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊളുത്തിവിടുന്ന അഗ്നിയെ ചെറുക്കാന്‍ ഒരുപക്ഷെ ഇരുമ്പിന് ത്രാണി ഉണ്ടായി എന്ന് വരില്ല. അവിടെ ആശയങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുണ്ടാകൂ. ആശയങ്ങളുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിജയം ഞങ്ങളുടെ ഭാഗത്ത് തന്നെയായിരിക്കും. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ അതിക്രമം ഉണ്ടായി എന്ന് അറിയിച്ചിട്ടുകൂടി മൗനം പാലിച്ച നീതിപാലകരോട് അന്ന് ഞങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും.

തകര്‍ന്ന ചില്ലുകളും, ചെടിച്ചട്ടികളും, അതിക്രമങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ശ്രമിക്കവേ തച്ചുടച്ച ഫോണുകളും, ക്യാമറകളും ഒന്നും ഈ ആവേശത്തിനെ തളര്‍ത്തുകയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആവേശം കാണേണ്ടത് തന്നെയാണ്. ചോര ഒഴുകി വീഴുന്നുണ്ടെങ്കില്‍ കൂടി നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ അവര്‍ കാണിക്കുന്ന ആവേശത്തില്‍ ശരിക്കും കോള്‍മയിര്‍ കൊള്ളുന്നുണ്ട്.അടിച്ചമര്‍ത്തലുകളില്‍ നിന്ന് ആവേശംകൊണ്ടു ഞങ്ങള്‍ വീണ്ടും മുന്നേറുക തന്നെ ചെയ്യും. മുന്‍പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും. പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ്ആന്‍ഡ് ഇന്റര്‍നാഷണല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയാണ്‌ അഞ്ജലി)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമതിയും ഭരണ അപാകതകളും കൊണ്ട് കുത്തഴിഞ്ഞ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം എട്ടുദിവസം പിന്നിടുമ്പോള്‍, ഈ സമരത്തോട് ആദ്യം മുഖംതിരിഞ്ഞു നിന്ന മാധ്യമങ്ങളടക്കം പിന്തുണയുമായി വരികയാണ്. വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന സ്വാര്‍ത്ഥരാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ രാജ്യത്താകമാനം വിദ്യാര്‍ത്ഥി പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് വ്യാജയോഗ്യതകള്‍ കൊണ്ട് വൈസ് ചാന്‍സലര്‍ സ്ഥാനം നേടിയെടുത്തയാളെ മാറ്റി മതിയായ യോഗ്യതകളുള്ളയാളെ പകരം നിയമിക്കണമെന്ന ആവശ്യങ്ങളടക്കം ഉന്നയിച്ചുകൊണ്ട് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ പൊലീസിന്റെയും അധികാരിവര്‍ഗത്തിന്റെ കൂലിത്തല്ലുകാരുടെയും മര്‍ദ്ദനങ്ങളെ അതിജീവിച്ചും ശബ്ദം ഉയര്‍ത്തുന്നത്. ഈ മുന്നേറ്റത്തിന് മറ്റു സര്‍വകലാശാലകളും പൊതു സമൂഹവും പിന്തുണയര്‍പ്പിച്ചുകൊണ്ട് കൂടെ ചേരുമ്പോള്‍ തങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമരത്തിലേര്‍പ്പെട്ടവര്‍. അഞ്ജലി ഗംഗ എഴുതുന്നു

എട്ടാം ദിവസം സമരം അവസാനിക്കുമ്പോള്‍ മനസ്സിനുണ്ടായ ആശ്വാസം വളരെ വലുതാണ്. വെള്ളിയാഴ്ചത്തെ പോലീസ് കാടത്തത്തിനെ വെല്ലുവിളിച്ചു 1500 ഓളം വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ പങ്കു ചേര്‍ന്നത്. ദേശീയ മാധ്യമങ്ങള്‍ ഞങ്ങളുടെ സമരത്തിന്റെ ആഴം മനസിലാക്കി തുടങ്ങിയിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളും അതിലുപരി കലാലയങ്ങളും ഞങ്ങളുടെ കൂടെയുണ്ട്.

അര്‍ഹതയില്ലാത്ത സ്ഥാനം നല്‍കി ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐ യുടെ മുകള്‍ത്തട്ടില്‍ എത്തിച്ച ബിജെപിയും കോണ്‍ഗ്രസ് ഭരണകാലത്ത് അധികാര പിന്‍ബലത്തില്‍ വിസിയായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ചന്ദ്ര കൃഷ്ണമൂര്‍ത്തിയും ഒരേ രാഷ്ട്രീയ വികാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതായത്, നിലനില്‍ക്കുന്ന അധികാരഘടനകള്‍ തന്നെയാണ് ഈ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. അമേരിക്കയില്‍ പണ്ട് നിലനിന്നിരുന്ന ‘സ്‌പോയില്‍ സിസ്റ്റം’ പ്രത്യക്ഷത്തില്‍ ഇന്ത്യയില്‍ ഇല്ലെന്നു തോന്നുന്ന രീതിയില്‍ മൂടിവെയ്‌ക്കെപ്പെടുമെങ്കിലും പരോക്ഷത്തില്‍ വളരെ ഊര്‍ജ്ജിതമായി അത് നിലനിന്നു പോരുന്നുണ്ട്. 

നാളയുടെ തലമുറയെ വാര്‍ത്തെടുക്കുന്ന സര്‍വകലാശാലകളിലോ, കലാലയങ്ങളിലോ യുജിസി ആവശ്യപ്പെടുന്ന യോഗ്യതകള്‍ ഇല്ലാത്ത ഒരു വ്യക്തിയെ തലപ്പത്തെത്തിക്കുന്നത് വിദ്യാഭ്യാസ അനീതിയല്ലാതെ മറ്റെന്താണ്? പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഞങ്ങള്‍ക്കേറ്റവും സന്തോഷവും ആവേശകരവുമായ പിന്തുണയേകി എഫ്.ടി.ഐ.ഐയും മൊത്തത്തില്‍ ഉള്ള വിദ്യാഭ്യാസ അനീതികള്‍ക്കായി അണിചേരാം എന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന് പൂര്‍ണ പിന്തുണയേകി എച്ച്.സി.യു.വിലെ എസ് എഫ് ഐ സഖാക്കള്‍ ഇന്ന് റാലി നടത്തുകയുണ്ടായി. അതുപോലെ തന്നെ അധികാരവര്‍ഗത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ആണ്ടു പോകാതെ അതിനെതിരെ ജനാധിപത്യപരമായി ചോദ്യം ചെയ്യണമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജാമിയ മിലിയ സര്‍വകലാശാലയും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

വിജ്ഞാനപരമായ വികസനത്തിനു വഴിയൊരുക്കാതെ വിദ്യാര്‍ഥികളുടെ അവകാശങ്ങളെ കുരുതിക്കൊടുക്കുന്ന അധികാര വര്‍ഗത്തിനെതിരെയായി അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടന പുനൈയിലെ സമരത്തോടും പോണ്ടിച്ചേരി സമരത്തോടും ഒത്തുചേരുന്നുണ്ട്. 

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം
ജനാധിപത്യവിശ്വാസികളോട്: പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ വേണ്ടതുണ്ട്
ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്

ഇതിലുപരി കോണ്‍ഗ്രസ്, ബിജെപി, എന്‍ ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ വികാരം ഇല്ലാത്തതിനാല്‍ തന്നെ രാജ്യത്തുടനീളം നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ അത്യധികം സന്തോഷം തോന്നുന്നു.

ഓരോ ദിവസം കഴിയുമ്പോള്‍ സമരത്തിന്റെ ചടുലതയും തീവ്രതയും വര്‍ദ്ധിക്കുകയാണ്. ലാത്തികള്‍ക്ക് അടിച്ചമര്‍ത്താന്‍ പറ്റുന്ന ഒരു സമരമല്ല ഇതെന്നും മറിച്ചു ഒരു സംഘടിത വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ എല്ലാ ഊര്‍ജ്ജവും അതില്‍ അലയടിക്കുന്നുണ്ടെന്നു പാട്ടും, വാദ്യങ്ങളും അടങ്ങുന്ന വ്യത്യസ്ത സമരരീതിയില്‍ നിന്ന് തന്നെ മനസിലാക്കാന്‍ കഴിയും.

പ്രസിഡന്റ് വിസിയോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത് ഞങ്ങളുടെ വലിയ വിജയമായി തന്നെ കാണുന്നു. എന്നിരുന്നാല്‍കൂടിയും വിസിയെ നീക്കം ചെയ്തു യോഗ്യതയുള്ള വൈസ് ചാന്‍സിലറുടെ ഒപ്പോടു കൂടി ഡിഗ്രി കരസ്ഥമാക്കുക തന്നെയാണ് ഞങ്ങളുടെ അജണ്ട. 44 ഇന ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിനായും കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കരുതലായ ഇടപെടലുകള്‍ ഈ വിഷയത്തില്‍ വേണമെന്ന ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. ഇപ്പോള്‍ ലഭിച്ചുപോരുന്ന മാധ്യമ പിന്തുണ തുടര്‍ന്ന് ഉണ്ടാകുമെന്ന പ്രത്യാശയോടെ, സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തോടെ, കൂടുതല്‍ പ്രതീക്ഷകളോടെ നിര്‍ത്തുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍