UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യവിശ്വാസികളോട്: പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ വേണ്ടതുണ്ട്

Avatar

രാജ്യത്തെ ഏറ്റവും കുത്തഴിഞ്ഞ സര്‍വകലാശാല എന്ന ബിരുദം നേടാനുള്ള കുതിപ്പിലാണ് പോണ്ടിച്ചേരി സര്‍വകലാശാല. ഏറെക്കാലമായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അച്ചടക്കനടപടികളുടെയും ഭീഷണികളുടെയും പേരില്‍ അടക്കി നിര്‍ത്തിയിരുന്ന വിദ്യാര്‍ഥിരോഷം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ അഞ്ജലി ഗംഗ കടന്നുപോകുന്ന സമരദിനങ്ങളെക്കുറിച്ച് എഴുതുന്നു. 

ഇരുട്ടില്‍ വെളിച്ചം ഒരു പ്രതീക്ഷ തന്നെയാണ്. അതേ പ്രതീക്ഷയോടെയാണ് 500-ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇന്നാലെ പോണ്ടിച്ചേരി സര്‍വകലാശാലക്ക് മുന്നില്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധ സമരം നടത്തിയത്.

ആറു ദിവസമായി തുടര്‍ന്നുവരുന്ന സമരത്തില്‍, കഴിഞ്ഞ ദിവസം ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരത്തിനു മറ്റൊരു വ്യത്യസ്ത മുഖം കൊണ്ട് വന്നത്. ആയുധങ്ങളും ആക്രമണങ്ങളുമല്ല തങ്ങളുടെ ഉദ്ദേശമെന്നും, മറിച്ചു തികച്ചും ജനാധിപത്യവും സമാധാനപരവുമാണ് തങ്ങളുടെ ആശയങ്ങളെന്നു വിളിച്ചോതിക്കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ അവയിലേറെയും. ഇപ്പോള്‍ പോണ്ടിച്ചേരി സമരം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് വിശദമായി വിദ്യാര്‍ഥികള്‍ വിലയിരുത്തുക ഉണ്ടായി.

പോണ്ടിച്ചേരിയില്‍ പടരുന്ന വികാരം മറ്റൊന്ന് തന്നെയാണ്, തങ്ങളെ യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിക്കാതെ ഹോസ്റ്റല്‍ കുട്ടികള്‍ പോണ്ടിച്ചേരി വിരുദ്ധവികാരമാണ് ഉയര്‍ത്തി പിടിക്കുന്നതെന്ന് എന്നൊരാക്ഷേപമുണ്ട്. അതുപോലെ തന്നെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ മാത്രം സമരമായി ഇതിനെ ചിത്രീകരിക്കുന്നുണ്ട്. പക്ഷെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളില്‍ പോണ്ടിച്ചേരി നിവാസികളും ഉണ്ടെന്നുള്ളത് ഒരു വസ്തുത തന്നെയാണ്. പോണ്ടിച്ചേരി സര്‍വകലാശാലയുടെ പ്രശ്‌നങ്ങള്‍ ഒരു ദേശീയ സര്‍വകലാശാലയുടെ പ്രശ്‌നമായി കാണാതെ കേവലം ആഭ്യന്തരമായി ഒതുങ്ങുന്നു എന്നുള്ളതാണ് ഒരു വസ്തുത. ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത് ഇത് തന്നെയാണ്? പോണ്ടിച്ചേരി കേവലം തമിഴ്‌നാടിന്റെ പ്രശ്‌നമായി കണക്കാക്കപെടുന്നു? ഇത് എന്ത് കൊണ്ടാണ്? പേരില്‍ കൂടി ‘കേന്ദ്രഭരണ പ്രദേശം’ എന്നു തന്നെ വിളിക്കുന്ന പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ എന്തുകൊണ്ട് ദേശീയ മാധ്യമങ്ങളോ കേന്ദ്രമോ ശ്രദ്ധിക്കുന്നില്ല? കേന്ദ്ര മാനവിക വികസന വകുപ്പിന്റെ ഒരു പ്രതികരണം ഈ സമരത്തിന് ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കും, വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും നിരവധി കത്തുകളും,നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു. പക്ഷെ ഇതിന് ഇപ്പോള്‍ വരെ കൃത്യമായി ഒരു മറുപടി ലഭിക്കുക ഉണ്ടായില്ല. പോണ്ടിച്ചേരിക്ക് കൃത്യമായ പരിഗണന കേന്ദ്രം കൊടുക്കുന്നില്ല എന്നൊരു ആക്ഷേപം നിലനില്‍ക്കുകയാണ് കേന്ദ്ര മാനവിക വകുപ്പ് ഈ സമരത്തിന് നേരെ കണ്ണടയ്ക്കുന്നത്. സമരത്തിനെ ഒരു പ്രാദേശിക വിഷയമായി ഒതുക്കുകയാണിപ്പോള്‍. സൌത്ത് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റി ആയതിനാല്‍ ആണോ ഈ അവഗണന എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. 

സമരത്തിന് ഭീകരാന്തരീക്ഷമൊരുക്കിയാണ് വിസിയുടെ അനുയായികള്‍ സമരത്തിനു മുന്നില്‍ ഉണ്ടായിരുന്ന കുട്ടികളെ മര്‍ദ്ദിക്കുന്നത്. ഹോസ്റ്റലുകളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്കുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റ്‌  നിലയം വളയുകയുണ്ടായി. ഇതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെയും പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ് അധികാരികള്‍ ഇപ്പോള്‍. ഇത്രയും പ്രതികൂല സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഇന്നും സമരം തുടരുന്നത്. തങ്ങളുടെ ആശയങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തിനെയും ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന നിലപാടുകള്‍ ഫാസിസ്റ്റ് ആശയാധിഷ്ടിതമാണെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. സമരത്തില്‍ സജീവമായി നിന്നിരുന്ന വിദ്യാര്‍ഥികളെ ഓരോരുത്തരെയായി പോലീസ് മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. പോലീസ് സ്‌റ്റേഷനില്‍ വെച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ദേഹോപദ്രവം ഉണ്ടായി. മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും പരാതി കൊടുത്തിട്ടുണ്ട്. സമരം തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത് വരെ തുടരുമെന്നും, വൈസ് ചാന്‍സിലറെ പുറത്താക്കുന്നതാണ് അടിയന്തിര ആവശ്യമെന്നും അവര്‍ അവകാശപ്പെട്ടു. 10000 പരം വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി ആണ് ഈ വിദ്യാര്‍ത്ഥികള്‍ സ്വന്തം ഭാവി മറന്നു സമരമുഖങ്ങളില്‍ എത്തിപ്പെടുന്നത്. കൃത്യമായ രാഷ്ട്രീയ പിന്തുണയോ മാധ്യമപിന്തുണയോ കിട്ടാത്തതില്‍ ഉള്ള ആശങ്കയും അവര്‍ പ്രകടിപ്പിച്ചു. ഈ സമരം നീതിക്കുവേണ്ടിയുള്ളതാണ്, ഉരുകിയൊലിച്ചു സ്വയം ഇല്ലാതാകുന്ന മെഴുകുതിരികള്‍ അല്ല ഞങ്ങള്‍; എരിഞ്ഞടങ്ങിയാലും ഫീനീക്‌സ് പക്ഷിയെപോലെ ചിറകുവീശി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു പോണ്ടിച്ചേരി സര്‍വകലാശയിലെ വിദ്യാര്‍ത്ഥികള്‍ തെളിയിച്ചുകഴിഞ്ഞു. ഇനി പ്രതികരിക്കേണ്ടത് ജനാധിപത്യത്തെ പിന്താങ്ങുന്ന മാധ്യമങ്ങളും ഭരണാധികാരികളുമാണ്‌…

 

ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍