UPDATES

ഏകോപനമില്ലാത്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

അഴിമുഖം പ്രതിനിധി

ലോകമെമ്പാടു നിന്നും സഹായം ചെന്നൈയിലേക്ക് ഒഴുകുമ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ വന്ന പാളിച്ചകള്‍ ദുരിതാശ്വാസ പ്രവര്‍ത്തകരേയും ദുരിത ബാധിതരേയും ഒരുപോലെ വലയ്ക്കുന്നു. ദുരിതബാധിതരിലേക്ക് എത്തിപ്പെടുന്നതിന് പ്രാദേശികമായ സഹായം ലഭിക്കാത്തതിനെ കുറിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ പരാതിപ്പെടുന്നുണ്ട്. കൂടാതെ സാധാരണക്കാരെ മറന്നു കൊണ്ട് ബന്ധുക്കളെ രക്ഷിക്കുന്നതിനുവേണ്ടി വിഐപികള്‍ നടത്തുന്ന അഭ്യര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതൊക്കെ അവശ്യക്കാരിലേക്ക് എത്തിപ്പെടാന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് കാലതാമസം സൃഷ്ടിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യവും ദുരിതാശ്വാസ സേനയും എന്‍ജിഒകളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കൃത്യമായ ഏകോപനമില്ല.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കൂടല്ലൂര്‍ എന്നിവിടങ്ങളെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികള്‍ പേരുണ്ടാക്കന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ്. ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള വസ്തുക്കളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ പതിക്കാന്‍ എഐഡിഎംകെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇത് ജനങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും രോഷത്തിന് ഇടയാക്കി. രാഷ്ട്രീയ നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കാതിരിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പരാതി നല്‍കാന്‍ ഭരണകക്ഷിയായ എഐഎഡിഎംകെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ചെമ്പരംബക്കം അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതും ദുരിതാശ്വാസ പ്രവര്‍ത്തകരേയും ദുരിത ബാധിതരേയും ഒരുപോലെ ബാധിച്ചിരുന്നു.

100 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും ഏഴ് ലക്ഷം ലിറ്റര്‍ വെള്ളവുമായി വിശാഖപട്ടണത്തെ കിഴക്കന്‍ നേവല്‍ കമാന്‍ഡില്‍ നിന്നും ഐഎന്‍എസ് ശക്തി, ഐഎന്‍എസ് സഹ്യാദി എന്നീ രണ്ടു കപ്പലുകള്‍ ചെന്നൈ തുറമുഖത്ത് എത്തിയിട്ടുണ്ട്. വിമാനവും വായു നിറച്ച് ഉപയോഗിക്കാവുന്ന 25 ബോട്ടുകളും ഈ കപ്പലുകളില്‍ എത്തിച്ചിട്ടുണ്ട്. കൂടെ പ്രത്യേക രക്ഷാ സംഘവും 108 ഡ്രൈവര്‍മാരും.

അതേസമയം നഗരം പതിയെ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. ഇന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു. എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സും സര്‍വീസുകള്‍ നടത്തി. കൂടാതെ വൈദ്യുതിയും ആശയ വിനിമയ സംവിധാനങ്ങളും ട്രെയിന്‍ സര്‍വ്വീസുകളും അവശ്യ സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ ബാധിച്ച വേളാച്ചേരി, മടിപ്പാക്കം, അഡയാര്‍ എന്നിവിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. എങ്കിലും തിങ്കളാഴ്ച വരെ നഗരത്തിന്റെ ചിലഭാഗങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ നഗരവാസികള്‍ക്ക് ആശ്വസിക്കാന്‍ ആയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍