UPDATES

രാകേഷ് സനല്‍

കാഴ്ചപ്പാട്

രാകേഷ് സനല്‍

ന്യൂസ് അപ്ഡേറ്റ്സ്

ദേവദാസികള്‍ – മൂല്യശോഷിപ്പിന്റെ ഇരട്ടത്താപ്പുകൾ

‘ഈ അര്‍ദ്ധരാത്രിയില്‍, ലോകം മുഴുവനും ഉറങ്ങുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും ഉണരും. ചരിത്രത്തിലെ വളരെ വിരളമായെത്തുന്ന നിമിഷങ്ങളില്‍ ഒന്നാണിത്. നാം പഴമയില്‍ നിന്നും നവീനതയിലേക്ക് കാലൂന്നുന്ന, ഒരു യുഗം അവസാനിക്കുന്ന, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ശബ്ദം നേടുന്ന ഈ നിമിഷം. ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും മാത്രമല്ല മാനവികതയുടെ തന്നെ സേവനത്തിനായി നാം നിലകൊള്ളുമെന്ന പ്രതിജ്ഞ ചെയ്യാന്‍ ഇതിലും നല്ല മറ്റൊരു സമയമില്ല.’‘വിധിയുമായി മുഖാമുഖം’ എന്ന പണ്ഡിറ്റ് നെഹ്റുവിന്റെ വിഖ്യാതമായ പ്രസംഗത്തിലെ വാചകങ്ങളാണിവ. എന്നാല്‍, സ്വാതന്ത്ര്യം നേടി ഒരു വര്‍ഷത്തിനകം തന്നെ ഇന്ത്യയിലെ ഒരു കൂട്ടം കലാകാരികള്‍ക്ക്,‘സാമൂഹ്യ ശുചീകരണം’ എന്ന പേരില്‍ തങ്ങളുടെ കലാജീവിതം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നുവെന്നത് ഒരു വിരോധാഭാസം മാത്രമല്ല, ഗൌരവതരമായി ചിന്തിക്കേണ്ട വിഷയം കൂടിയാണ്. തങ്ങളുടെ നൃത്തരൂപം ഒരിയ്ക്കലും അവതരിപ്പിക്കില്ലെന്നും  ആരെയും പഠിപ്പിക്കില്ലെന്നും തങ്ങളുടെ ക്ഷേത്രത്തിലെ ദൈവത്തെപ്പോലെ അവര്‍ കരുതുന്ന ചിലങ്ക തൊട്ട് പ്രതിജ്ഞയെടുക്കാന്‍ ആന്ധ്രാപ്രദേശിലെ ദേവദാസി സമൂഹം നിര്‍ബന്ധിതരാക്കപ്പെട്ടിരിക്കുന്നു.

സമൂഹത്തിനും ദൈവത്തിനുമിടയിലെ കണ്ണി
പ്രശസ്ത നൃത്തരൂപങ്ങളായ ഭരതനാട്യവും മോഹിനിയാട്ടവും ഒഡീസിയും വിലാസിനി നാട്യവുമെല്ലാം തന്നെ അഭ്യസിച്ചിരുന്നതും അവയെ പരിപോഷിപ്പിച്ച് സംരക്ഷിച്ചിരുന്നതും ക്ഷേത്രനര്‍ത്തകികളായിരുന്നു. ഇതവരുടെ ജീവനോപാധി മാത്രമായിരുന്നില്ല. അവരുടെ സ്വത്വം, വിശ്വാസം, തത്വശാസ്ത്രം, മൂല്യങ്ങള്‍ എന്നിവയിലൂടെ ജീവിതത്തെ തന്നെ നിര്‍വചിച്ചിരുന്നു ഈ നൃത്തരൂപങ്ങള്‍. ബ്രാഹ്മണ കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ വേദങ്ങളും ഉപനിഷത്തുക്കളും ആഗമ-ശാസ്ത്രങ്ങളും പഠിച്ചു മതപരമായ തങ്ങളുടെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പുരോഹിതരാവുന്നതിന് വേണ്ടി ഗുരുകുലങ്ങളില്‍ പോകുന്നതുപോലെ ദേവദാസി സമുദായത്തിലെ പെണ്‍കുട്ടികള്‍ ക്ഷേത്ര നര്‍ത്തകിമാരാവുന്നതിന് മുമ്പ് തങ്ങളുടെ നൃത്തരൂപങ്ങളില്‍ ആഴത്തിലുള്ള പരിശീലനം നേടിയിരുന്നു. സമൂഹവും ദൈവവും തമ്മിലുള്ള കണ്ണികളായിരുന്നു പുരോഹിതരെങ്കില്‍ ദേവദാസികള്‍ നൃത്തത്തിലൂടെ ശാസ്ത്രങ്ങളും പ്രാര്‍ഥനകളും വ്യാഖ്യാനിക്കുകയും എല്ലാ പൂജകളിലും മറ്റ് അനുഷ്ഠാനങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, സമൂഹത്തിന്റെ വിദ്യാഭ്യാസത്തിലും, പൊതുജനത്തിനും ഉന്നതവര്‍ഗത്തിനും സൌന്ദര്യത്മകമായ വിനോദാവസരങ്ങള്‍ നല്‍കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

വൈവിധ്യമാര്‍ന്ന നൈപുണ്യങ്ങള്‍
ദൈവത്തെ വിവാഹം കഴിക്കുന്നവരാണ് ദേവദാസികള്‍ എന്നതിനാല്‍ അവര്‍ നിത്യസുമംഗലികളായി അറിയപ്പെട്ടു. ഒരു ക്ഷേത്രത്തിലെ മൂര്‍ത്തിക്കായി ജീവിതം സമര്‍പ്പിച്ചിരുന്ന ഈ സ്ത്രീകള്‍ സംഗീതം, താള-ലയങ്ങള്‍, വേദശാസ്ത്രങ്ങള്‍, സൌന്ദര്യശാസ്ത്രം, സാഹിത്യം, പുരാണങ്ങള്‍, മനഃശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയിരുന്നു. ഈ അറിവുകളെല്ലാം മനോഹരമായി സമന്വയിപ്പിച്ച് നൃത്തത്തിലൂടെ അവതരിപ്പിച്ചിരുന്നു ഈ നര്‍ത്തകിമാര്‍. ഇങ്ങനെ അവരുടെ കല, സാമൂഹ്യബോധത്തിന്റെ ഒരവിഭാജ്യ ഘടകമായി മാറി. ക്ഷേത്രങ്ങളില്‍ അനുഷ്ഠാനമായും രാജാക്കന്മാരുടെയും മറ്റ് പണ്ഡിതരുടെയും സദസ്സുകളില്‍ വിനോദോപാധിയായും അവതരിപ്പിച്ചിരുന്ന നൃത്തത്തില്‍ ഒരേ സാഹിത്യരചനയെ തന്നെ വിവിധരീതികളില്‍ വ്യാഖ്യാനിക്കാന്‍ ഈ നര്‍ത്തകിമാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരു സാഹിത്യകൃതിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അപനിര്‍മാണത്തിലൂടെ മറ്റനേകം മാനങ്ങള്‍ അവയ്ക്കു നല്കി അവയുടെ മാറ്റുകൂട്ടുവാനും ഇവര്‍ ശ്രമിച്ചു. ഇതിലൂടെ ആസ്വാദകര്‍ക്കായി മറ്റൊരു ‘ജീവ-ലോകം’ നിര്‍മിക്കാനും ആസ്വാദകരെ ആ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞു. ഈ ആസ്വാദനാനുഭവങ്ങള്‍ പലപ്പോഴും സൌന്ദര്യാത്മകമോ ആനന്ദകരമോ അല്ലെങ്കില്‍ ആത്മീയപരമോ ആയിരുന്നു. സാധാരണ ജങ്ങള്‍ക്കായി പുരാണ ശകലങ്ങള്‍ അവതരിപ്പിച്ച് സാമൂഹ്യ മൂല്യങ്ങളെക്കുറിച്ചവരെ പഠിപ്പിക്കാനും ഈ കലാകാരികള്‍ക്ക് സാധിച്ചിരുന്നു.

കലാപരിജ്ഞാനം കുറഞ്ഞ കാണികള്‍ക്ക് പോലും മനസ്സിലാവുന്ന തരത്തില്‍ സരളമായ സംഗീത-നൃത്താവതരണങ്ങള്‍ ആയിരുന്നു ഇവരുടേത്. അങ്ങനെ, ജനങ്ങളെ അര്‍ത്ഥവത്തായ രീതിയില്‍  വിനോദിപ്പിച്ചുകൊണ്ടും അവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടും ‘കലാവതി’ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്തം ഈ സ്ത്രീകള്‍ നിറവേറ്റിപ്പോന്നു.

സാമൂഹ്യമൂല്യങ്ങളിലെ ഇരട്ടത്താപ്പുകള്‍

ക്ഷേത്രങ്ങളും രാജാക്കന്മാരും സമ്പന്നരും അടങ്ങുന്ന സാമൂഹ്യവ്യവസ്ഥയുടെ ഇരട്ടത്താപ്പുനയങ്ങള്‍ കാലക്രമേണ ദേവദാസികളുടെ നിലനില്‍പ്പിനെ ബാധിക്കാന്‍ തുടങ്ങി. പുരോഹിതന്മാരില്‍ നിന്നു വ്യത്യസ്തമായി ദേവദാസികള്‍ക്ക് വിവാഹം നിഷിദ്ധമായിരുന്നു. ഒരു പങ്കാളിയെന്ന നിലയില്‍ ക്ഷേത്രത്തിന്റെ അധികാരിയുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. മിക്കവാറും അവസരങ്ങളില്‍ ഈ അധികാരി വിവാഹിതനായിരിക്കും. അതുകൊണ്ട്, ദേവദാസിക്ക് ഭാര്യയുടെ പദവി ലഭിക്കാറില്ലെന്ന് മാത്രമല്ല, അയാളെയും കുടുംബത്തെയും പരിചരിക്കുന്ന ഭാര്യക്ക് ഏതെങ്കിലും കലാരൂപങ്ങള്‍ അഭ്യസിക്കാനോ അവതരിപ്പിക്കാനോ ഉള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. സംഗീതം പഠിക്കാന്‍ അനുവാദമുണ്ടായിരുന്ന ഉന്നതകുലജാതരായ സ്ത്രീകള്‍ക്ക് നൃത്തം വിലക്കപ്പെട്ട ഒന്നായി മാറി. ഈ പുരുഷന്മാരുടെ ആനന്ദോപാധികളായി ദേവദാസികള്‍ ചുരുങ്ങിയതോടൊപ്പം ഇവര്‍ക്ക് സുരക്ഷിതമായ സാമൂഹ്യ സ്ഥാനം നല്‍കുന്ന ഇടങ്ങളായി ഭാര്യമാരും വീടുകളും മാറി. കാലക്രമേണ സാമൂഹിക സമ്മതമില്ലാത്ത കുത്തഴിഞ്ഞ കുറെ ബന്ധങ്ങളായി ദേവദാസി സമ്പ്രദായം മാറുകയും തങ്ങളുടെ പ്രത്യേക സദാചാര സംവിധാനങ്ങളുമായി ഇവിടെയെത്തിയ ബ്രിട്ടീഷുകാര്‍ ഇതിനെ വിലകുറച്ചുകാണുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം

ഡാന്‍സ് ബാര്‍: പാവപ്പെട്ടവരുടെ ചെലവിലൊരു സദാചാരക്കളി
ആഗോളവത്കരണകാലത്ത് പ്രദേശികതയെ തിരിച്ചു പിടിക്കുമ്പോള്‍
ഭരണിക്കാഴ്ചകള്‍ – മനോജ് പരമേശ്വരന്റെ ക്യാമറാ കണ്ണിലൂടെ
ചില സംഗീത ശാസ്ത്ര ചിന്തകള്‍
മഴ പോലെ സംഗീതം: രമേശ് നാരായണനുമായി അഭിമുഖം

രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍, കൃത്യമായ പുരുഷാധിപത്യ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ, പങ്കാളികളാവാന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം  സ്ത്രീകളോട് ആഹ്വാനം ചെയ്തപ്പോള്‍ ദേവദാസികള്‍ക്കെതിരായ വികാരം ഒന്നുകൂടി ശക്തിപ്പെട്ടു. അവസാനം, ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉണ്ടായ ദേവദാസി സമ്പ്രദായത്തിനെതിരായ സമരം നിരവധി ദേവദാസി വിരുദ്ധ നിയമങ്ങള്‍ പാസാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഈ നിയമങ്ങള്‍ പല സ്ത്രീകളെയും പിന്നീട് വേശ്യാവൃത്തിയിലേക്ക് തിരിച്ചുവിട്ടു എന്നതാണിതിന്റെ വൈരുദ്ധ്യം. എന്നാല്‍, ദേവദാസി സമ്പ്രദായത്തിന്റെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിച്ചിരുന്ന പുരോഹിതരെയോ ക്ഷേത്രാധികാരികളെയോ ഭൂപ്രഭുക്കളെയോ ഈ നിയമം സ്പര്‍ശിച്ചതേയില്ല.

 

അനവധി സാമൂഹ്യ വിലക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ശേഷവും ദേവദാസികള്‍ വളര്‍ത്തിക്കൊണ്ടുവന്ന നൃത്തരൂപങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകമൊട്ടാകെയും പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. മറ്റേതൊരു ദേവദാസി നൃത്തരൂപത്തിന്റെയും അത്ര തന്നെ പഴക്കമുണ്ടെങ്കിലും വിലാസിനി നാട്യം എന്ന നൃത്തരൂപം അടുത്തകാലത്താണ് സ്വപ്നസുന്ദരിയുടെ അശ്രാന്ത പരിശ്രമത്തിലൂടെ ആസ്വാദകര്‍ക്കിടയില്‍ എത്തിയത്. നാലു പതിറ്റാണ്ടുകളായി തങ്ങളുടെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചിരുന്ന ഈ നൃത്തരൂപത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വപ്നസുന്ദരി ആന്ധ്രയിലെ ദേവദാസികളെ പ്രേരിപ്പിച്ചു. സമൂഹത്തിലും കലാലോകത്തും വിലാസിനി നാട്യം അതിന്റെ സ്ഥാനം ഉറപ്പിച്ച് വരുന്നു.

ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കാന്‍ തന്റെ കുഞ്ഞിനെ അയക്കുന്ന ഓരോ മാതാപിതാക്കളും അഭിമാനിക്കേണ്ടതാണ്. കാരണം, പൌരാണികമായ ഒരാത്മീയ കലയുടെ പാരമ്പര്യമാണ് ആ കുട്ടി മുന്നോട്ട് കൊണ്ടുപോകുന്നത്. പണ്ഡിറ്റ് നെഹ്റുവിന്റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി കടമെടുത്താല്‍ “ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും മാത്രമല്ല മാനവികതയുടെ തന്നെ സേവനത്തിനായി” സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് ആ കുട്ടി എന്നു പറയാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍