UPDATES

മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിക്കേണ്ടി വരുന്ന ഒരു ദളിത് കോളനി; വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തില്‍ തന്നെ

പടര്‍ന്നു പിടിക്കുന്ന ഡങ്കി പനിയും പട്ടിണിയും തിരിഞ്ഞുനോക്കാത്ത അധികൃതരും ചേര്‍ന്നു പൂവത്തുംച്ചോല കോളനിയെ ശവപ്പറമ്പാക്കുമെന്നാണ് കോളനി നിവാസികള്‍ പറയുന്നത്‌

വജ്രജൂബിലി ആഘോഷിക്കുന്ന കേരളനാടിന്റെ മുറ്റത്താണ് കൂരാച്ചുണ്ട് പൂവത്തുംചോല ലക്ഷംവീട് ദളിത് കോളനിയിലെ കനകമ്മയുടെ ചിതയെരിഞ്ഞത്. ശവം സംസ്‌കരിക്കാന്‍ പഞ്ചായത്ത് പൊതുശ്മാശനമില്ലാത്തതില്‍ കോളനി നിവാസികള്‍ തങ്ങളുടെ നാലുസെന്റ് ഭൂമിയിലെ വീടിന്റെ മുറ്റത്ത് അടുക്കളയും വിറകുപുരയുമൊക്കെ പൊളിച്ച് ശവദാഹം നടത്താന്‍ തുടങ്ങിയിട്ട് നാളുകളായി. മരണവും സംസ്‌കാരവും കുടുംബങ്ങളിലുയരുന്ന നിലവിളികളുമെല്ലാം പൂവത്തുംച്ചോല കോളനിയില്‍ അവരുടെ നാലുസെന്റ് ഭൂമിയില്‍ തന്നെ പ്രതിധ്വനിക്കുന്നു. കോളനി വഴികളില്‍ എവിടയെക്കെയോ മരണം പതിയിരിക്കുന്നു. സംസ്ഥാന രൂപീകരണത്തിന്റെ ആറു പതിറ്റാണ്ടുകള്‍ക്കുമിപ്പുറവും ഒരു കൂട്ടം ദളിത് ജനത ജീവിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളിലും മാലിന്യം നിറഞ്ഞ ചുറ്റുവട്ടങ്ങളിലുമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൃതദേഹം തലച്ചുമടായി കൊണ്ടുപോകേണ്ടി വരുന്ന മക്കളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് നമ്മള്‍ പലകുറി പരിതപിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴും നമ്മുടെ കണ്‍വെട്ടത്ത് ഒരു ജനത വിറകുപുരയും അടുക്കളയുമൊക്കെ പൊളിച്ച് പ്രിയപ്പെട്ടവര്‍ക്ക് ചിതകളൊരുക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ പരിതപിക്കാനോ കേരള സമൂഹം തയ്യാറായില്ല. കനകമ്മയുടെ ചിത സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കേണ്ടി വന്ന മക്കളുടെ അവസ്ഥയോര്‍ത്ത് ഒരു പ്രസ്ഥാനവും പരിതപിക്കുന്നില്ല. ഇതൊക്കെ തെളിയിക്കുന്നത് ദളിത് വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലോ അവരുടെ പ്രശ്‌നങ്ങള്‍ ഇടപെടുന്നതിലോ കേരള സര്‍ക്കാറോ പൊതുസമൂഹമോ ഒട്ടും തത്പരലല്ല എന്നാണ്. ആദിവാസികളും ദളിത് സമൂഹവും ഇന്നും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും വികസനത്തിനും പുറത്താണ് . അതുകൊണ്ടാണ് അവര്‍ മാത്രം കോളനികളില്‍ താമസിക്കേണ്ടി വരുന്നതും സ്വന്തം വീട്ടുമുറ്റത്ത് ചിതകളൊരുക്കേണ്ടി വരുന്നതും.

കൂരാച്ചുണ്ടില്‍ ഒരു പൊതുശ്മശാനം എന്ന ആവശ്യത്തിനായി നിരവധി സമരങ്ങള്‍ നടന്നെങ്കിലും ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടില്ല. പൊതുശ്മശാനത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തി. തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനോ പരിഹരിക്കാനോ അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ഭരണകൂടവും ഇവിടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 300-ലധികം ആള്‍ക്കാര്‍ നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൂവത്തുംചോല ലക്ഷം കോളനി പ്രദേശത്ത് പനി ബാധിച്ചവരില്‍ ആറു പേരെ ഇതിനോടകം മരണം കവര്‍ന്നെടുത്തു. അതിലെ അവസാന അംഗമായ കനകമ്മയുടെ ചിത സ്വന്തം വീട്ടുമുറ്റത്തെരിയുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വഴിമുട്ടി നില്‍ക്കുന്ന സ്ഥിതിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

മരണം മണക്കുന്ന പൂവത്തുംച്ചോല
22 കുടുംബങ്ങളിലായി 53-ഓളം പേരാണ് പൂവത്തുംചോല ലക്ഷം വീട് കോളനിയില്‍ നിലവില്‍ താമസിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ആകെയുള്ളത് നാലു സെന്റ് ഭൂമി മാത്രം. കോളനി നിവാസികള്‍ സാധാരണ കൂലിപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന സാധാരണക്കാര്‍. അതുകൊണ്ടു തന്നെ പനിബാധ പല കുടുംബങ്ങളിലെയും അടുപ്പിലെ തീ കൊടുത്തിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് അടുക്കള പൊളിച്ച് ഈ പ്രദേശത്ത് ശവം ദഹിപ്പിച്ചതു വലിയ വാര്‍ത്താ പ്രാധന്യം നേടിയിരുന്നു. എന്നാല്‍ പിന്നെയും സ്ഥിതിക്കു മാറ്റമുണ്ടായില്ല. കോളനിയിലെ പല വീടുകളും ഇ.എം.എസ് ഭവനസഹായ പദ്ധതിയില്‍ ലഭിച്ച തുച്ഛമായ പണം കൊണ്ട് തട്ടികൂട്ടിയവ. മഴ പെയ്താല്‍ പലതും ചോര്‍ന്നൊലിക്കുന്നു. ആണ്‍കുട്ടികളില്‍ പലരും രാത്രി തൊഴിലും രാവിലെ പഠിപ്പും എന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പണം അവര്‍ തന്നെ കണ്ടെത്തിയില്ലെങ്കില്‍ പഠനം പാതിവഴിയിലുപേക്ഷിക്കേണ്ടി വരും.

മഴയായതിനാല്‍ അച്ഛനു റേ ദിവസമായി പണിയില്ല. വീട്ടിലെല്ലാവര്‍ക്കും പനിയും വന്നു. കോളേജില്‍ ഫീസ് അടക്കാനുള്ള പണം അതുകൊണ്ടു തന്നെ എനിക്ക് ചോദിക്കാന്‍ മടിയാണ്. കാരണം വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ പോലും പലതും ഇല്ല. ഇങ്ങനെയാണേല്‍ വൈകാതെ പട്ടിണിയാകും.’ പൂവത്തുംച്ചോല കോളനിയിലെ മീര (പേര് യഥാര്‍ഥമല്ല) എന്ന വിദ്യാര്‍ഥിനി സാമൂഹ്യപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിവ. പല വീടുകളിലെയും സ്ഥിതി ഇതിലും മോശമാണെന്നതാണെന്ന് സത്യം. സാമ്പത്തികമായി തകര്‍ന്നതു കൊണ്ട് ഡെങ്കിപ്പനിയ്ക്ക് കൃത്യമായ ചികിത്സയ്ക്കായി നല്ല ആശുപത്രികളിലേക്ക് പോകാന്‍ കൂടി ഇവര്‍ക്കു കഴിയന്നില്ല. ഡെങ്കിപ്പനിയുടെ തീവ്രതയെ കുറിച്ച് കോളനി നിവാസികള്‍ക്ക് വലിയ ബോധ്യവുമില്ല എന്നതും തിരിച്ചടിയാകുന്നു. പലരും പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്നു പനിക്കുള്ള സാധാരണ മരുന്നു വാങ്ങി വരുന്നതില്‍ അവസാനിക്കുന്നു ചികിത്സ. പനി മൂര്‍ച്ഛിക്കുന്നതോടെ ആശുപത്രിയിലെത്തിച്ചാലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കും. കോളനിയില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ മലിനീകരത്തോതും വളരെ കൂടുതലാണ്. പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതും അലക്ഷ്യമായി സാധനങ്ങള്‍ വലിച്ചെറിയുന്നതും കൊതുകുകള്‍ക്ക് വളരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു.

കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എപ്പോഴും ഇടപെടുന്ന സ്വപ്‌നകുമാര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ: ‘കോളനിയിലെ നിലവിലെ അവസ്ഥ പരിതാപകരമാണ്. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ആരോഗ്യവകുപ്പുദ്യോഗസ്ഥരാണ്. മഴക്കാലത്തിനു മുന്നേ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കോളനിയില്‍ എത്തിയിട്ടില്ല. ഉദ്യോഗസ്ഥരോടും മറ്റ് ബന്ധപ്പെട്ടവരോടും ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിച്ച് കൈകഴുകുന്ന അവസ്ഥയാണ്. കനകമ്മ പോലും കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് മരിച്ചത്. കാരണം അവരുടെ കുടുംബത്തിന് സാമ്പത്തിക പരാധീനതകളുണ്ടായിരുന്നു. അതുകൊണ്ട് പനി വന്നിട്ടും ചികിത്സിക്കാതെയിരുന്നു. അവരുടെ മകനും കടുത്ത പനിയായിരുന്നു. എന്നാല്‍ മകനേക്കാള്‍ വേഗത്തില്‍ അമ്മയുടെ രോഗം മൂര്‍ച്ഛിക്കുകയും മരിക്കുകയും ചെയ്തു. കോളനിയിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പനിയുടെ പിടിയിലാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പിന്നെ സര്‍ക്കാര്‍ നല്‍കുന്ന റേഷനും കൂടി മുടങ്ങിയതുമെല്ലാം സ്ഥിതി ഭീകരമാക്കി. ഇനിയും സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയാല്‍ പൂവത്തുംച്ചോല ഒരു ശവപ്പറമ്പായി മാറും. ‘

കേരളമൊട്ടാകെ വേനല്‍കാലത്ത് മഴയ്ക്കു മുന്നോടിയായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സമൂഹത്തിന്റെ ഏറ്റവും താഴേക്കിടിയില്‍ ഒന്നും അത്തരം പ്രവര്‍ത്തനങ്ങളെത്തിയിട്ടില്ലെന്നാണ് സത്യം. പ്രതിരോധ ഗുളികകള്‍ കൃത്യമായി ലഭിച്ചിരുന്നെങ്കില്‍ സ്ഥിതി ഭീകരമാകില്ലായിരുന്നു.

എന്നാല്‍ കോളനി നിവാസികള്‍ പലപ്പോഴും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പൂവത്തുംചോല ലക്ഷംവീട് കോളനി ഉള്‍പ്പെടുന്ന വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷിയായ സിപിഎമ്മിന്റെ നേതാവുമായ ജോസ് പെരിയമ്പത്ത് പറയുന്നത്: ‘പൊതുശ്മശാനം തുടങ്ങാനായി പഞ്ചാത്ത് 50 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണത്തിനുള്ള ഫണ്ടും അനുവദിച്ചു. പക്ഷേ ശ്മശാനം സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശവാസികള്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്ന സ്ഥിതിയാണ്. മലിനീകരണം ഉണ്ടാകും എന്ന വാദമാണ് അവരുയര്‍ത്തുന്നത്. കോളനിയില്‍ വീട്ടുമുറ്റത്ത് ശവശരീരം ദഹിപ്പിക്കേണ്ടി വന്ന അവസ്ഥ പരിതാപകരമാണ്. എങ്കിലും പഞ്ചായത്തില്‍ പൊതുവായ സൗകര്യം ഇല്ലാത്തതിനാലണത് എന്നത് സത്യമാണ്. ആ കുടുംബത്തെ എനിക്ക് വ്യക്തിപരമായി അറിയാം. കനകമ്മ തൊഴിലുറപ്പ് പദ്ധതിയിലൊക്കെ സജീവമായിരുന്നു. പഞ്ചായത്തില്‍ വട്ടച്ചിറ മേഖലയിലാണ് ഈ വര്‍ഷം ആദ്യം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. അവിടെ രോഗം ഉണ്ടാകാനുള്ള കാരണം വട്ടച്ചിറ തോടിന്റെ മലിനീകരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തിലാകെ പനി പടര്‍ന്നിരിക്കുന്നു. പഞ്ചായത്തില്‍ ഇതാദ്യമായാണ് ഇത്രയും ഭീകരമായ രീതിയില്‍ പനി പടര്‍ന്നു പിടിക്കുന്നത്. കോളനിയിലെ സ്ഥിതി ഇത്രയും രൂക്ഷമാകുന്നതില്‍ പ്രദേശവാസികളും കാരണക്കാരാണ്. പഞ്ചായത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൃത്യമായി കോളനിയിലും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കോളനി നിവാസികളില്‍ പലരും ഇത് കാര്യമായെടുത്തില്ല. കോളനിയിലെ പല വീടുകളുടെയും ചുറ്റുവട്ടം മാലിന്യങ്ങള്‍ നിറഞ്ഞതാണ്. അതിനാല്‍ രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. രോഗത്തെ കുറിച്ച് ആളുകളില്‍ ഒരു ഭയം ഉണ്ടെങ്കില്‍ മാത്രമേ ബോധവത്കരണം എളുപ്പം സാധ്യമാകൂ. അതിനായി അവരെ കൂടി ഒന്നിച്ചുചേര്‍ത്തു നിര്‍ത്തി കൊണ്ടുള്ള പദ്ധതികളാണ് പഞ്ചായത്ത് വരും ദിവസങ്ങളില്‍ നടപ്പിലാക്കുക. ‘

കൂരാച്ചുണ്ട് പഞ്ചായത്തിന്റെ അടുത്തുള്ള ടൗണുകള്‍ ബാലുശേരിയും പേരാമ്പ്രയുമാണ്. ഇവിടങ്ങളിലുള്ള സ്വകാര്യ ആശുപത്രികള്‍ പോലും രോഗികളാല്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലെ ചികിത്സാ ചെലവ് പൂവത്തുംചോല കോളനി നിവാസികളെ സംബന്ധിച്ച് താങ്ങാന്‍ പറ്റാത്തതാണ. ആകെ പഞ്ചായത്തിലുള്ളത് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമാണ്.

കോളനിയിലെ വിഷങ്ങളെയും പഞ്ചായത്തിലെ പകര്‍ച്ചപ്പനിയെയും കുറിച്ച് പ്രസിഡന്റ് വിന്‍സിക്ക് പറയാനുള്ളതിങ്ങനെ: ‘പൂവത്തുംചോല കോളനിയില്‍ വീട്ടുമുറ്റത്ത് കനകമ്മയടെ മൃതശരീരം സംസ്‌കരിച്ച സംഭവത്തില്‍ പഞ്ചായത്തിനെ ആരും കുറ്റപ്പെടുത്തരുത്. അവരുടെ വീട്ടുകാരോട് ശവസംസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ കോഴിക്കോട് ഒരുക്കിത്തരാം എന്നു പറഞ്ഞതാണ്, എന്നാല്‍ അത് അവര്‍ നിരസിക്കുകയായിരുന്നു. അതുപോലെ കൃത്യമായി രോഗ പ്രതിരോധ മുന്നൊരുക്കം പഞ്ചായത്ത് നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിക്കുകയും ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രതിരോധ മരുന്നുകള്‍ നല്‍കുകയും ചെയ്തു. കോളനിയില്‍ മാത്രമല്ല പനി പടരുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും സമാന സ്ഥിതിയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണം. രോഗ നിയന്ത്രണത്തിനായി പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രാത്രിവരെ ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ രോഗം തിരിച്ചറിയാനവശ്യമായ അത്യാധുനിക പരിശോധന ഉപകരണങ്ങള്‍ ആശുപത്രിയിലെത്തിച്ചു കഴിഞ്ഞു.

പൊതുശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ശ്മശാനം സ്ഥാപിക്കുന്ന സ്ഥലത്തെ പ്രദേശവാസികളുടെ പ്രതിഷേധം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും. എന്തുവില കൊടുത്തും ശ്മശാനം സ്ഥാപിക്കും. ഇലക്ട്രിക്ക് ശ്മാശനമാണ് സ്ഥാപിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പോലുള്ള മാലിന്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കും. കോളനിയില്‍ നിത്യേന ആരോഗ്യ വിഭാഗം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ഒത്തൊരുമിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. ‘

എന്നാല്‍ പൊതുശ്മശാനം സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലത്തിനടുത്ത് തന്നെ ജലസേചന പദ്ധതിയുമുണ്ടെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. രണ്ടും ഒരു സ്ഥലത്ത് സ്ഥാപിച്ചാല്‍ പ്രതിഷേധമുണ്ടാകില്ലേ എന്നും ചോദ്യമുയരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തില്‍ തന്നെ അനുയോജ്യമായ വേറെ സ്ഥലങ്ങള്‍ കണ്ടെത്തി ഉടന്‍ പൊതുശ്മശാനം നിര്‍മിക്കണമെന്നാണ് കോളനിനിവാസികളുടെ ആവശ്യം. സമരം ചെയ്തും വാഗാദാനങ്ങള്‍ കേട്ടും മതിയായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘എന്തുതന്നെയായാലും കോളനി നിവാസികളുടെ അവസ്ഥ സംസ്‌ക്കാരിക കേരളത്തിനു ചേര്‍ന്നതല്ല. അതിന് അടിയന്തര പരിഹാരം കാണണം. കാലാവസ്ഥ വ്യതിയാനം മൂലമല്ല പനി പടരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനം നടന്നിട്ടില്ല. കൊതുകിന്റെ ഉറവിടെ കണ്ടെത്തി അത് നശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കോളനി നിവാസികളുടെ ബോധത്തെ ഉണര്‍ത്തേണ്ടത് അധികാരികളുടെ കടമയാണ്. അവര്‍ ജീവിച്ചുവന്ന സാഹചര്യങ്ങളുടെ അറിവില്ലായ്മ തിരുത്തി രോഗത്തിന്റെ തീവ്രത അവര്‍ക്കു പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മനസിലാകും. അതിനായി പൂവത്തുംചോല കോളനിയിലേക്ക് കടന്നു ചെല്ലാന്‍ തയ്യാറാകണം. കോളനിയില്‍ മാലിന്യ പ്രശ്‌നമുണ്ടെങ്കില്‍ അതിനു പരിഹാരം കാണാനുള്ള പ്രാഥമിക ഉത്തരവാദിത്തം പഞ്ചായത്തിനുണ്ട്. കൃത്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനം കൊണ്ടുവരണം. കേരളത്തില്‍ തന്നെ പല പഞ്ചായത്തുകളിലും മാലിന്യസംസ്‌ക്കരണം വിജയകരമായി നടപ്പിലാക്കിയ മാതൃകയുണ്ട്. അവരുടെ വീടുകള്‍ അടച്ചുറപ്പുള്ളതാക്കാന്‍, മഴ നനയാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനുള്ള സാഹചര്യം ഒരുക്കാന്‍ ആവശ്യമായ കൈത്താങ്ങ് നല്‍കാനും പഞ്ചായത്തിനു കഴിയും. അതിന് എം.എല്‍.എയുടെയോ എം.പിയുടെയോ മറ്റോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സഹായം തേടാം.

പൂവത്തുംചോല ലക്ഷം വീട് കോളനിയില്‍ ഇനി ഒരു ചിതയും വീട്ടുമുറ്റത്ത് ഒരുങ്ങില്ലെന്നുറപ്പ് കൊടുക്കാന്‍ കേരളത്തിനു കഴിയണം. പൊതുശ്മശാനം എന്ന പൊതു ആവശ്യത്തിന് പിന്തുണ നല്‍കാന്‍ കൂരാച്ചുണ്ട് ഗ്രാമവാസികളും മുന്നോട്ട് വരണം. ശവം സംസ്‌ക്കരിക്കുന്നത് മാലിന്യപ്രശനമായി മാത്രം കണ്ടുകൂടാ. അനുയോജ്യമായ സ്ഥലത്ത് ശ്മശാനം ഒരുങ്ങണം. അതിനായി നാട് ഒരുമിക്കണം. കാരണം നാളെ ഞാനും നിങ്ങളും എല്ലാ മാലിന്യങ്ങളായി മാറേണ്ടവരാണ്; സാമൂഹ്യപ്രവര്‍ത്തകനായ സ്വപ്‌നകുമാര്‍ പറയുന്നു.

കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ എവിടെയെക്കെയോ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നാണ് പൂവത്തുംചോല ലക്ഷം വീട് ദളിത് കോളനി വിളിച്ചു പറയുന്നത്. പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിച്ചില്ല എങ്കില്‍ കോളനിയുടെ അടുക്കളകള്‍ ഇനിയും പൊളിഞ്ഞു വീഴും. ഇന്നലെ വരെ കിടന്നുറങ്ങിയ സ്ഥലത്ത് തന്നെ പ്രിയപ്പെട്ടവരുടെ ചിതയൊരുക്കുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്നു ചിന്തിക്കാന്‍ സമൂഹവും അധികാരികളും തയ്യാറാകണം. ഇടപെടലുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വീട്ടുമുറ്റത്ത് ചിതയൊരുക്കേണ്ടി വരുന്ന ദൈന്യത ഉള്ള സംസ്ഥാനത്ത് ഏത് വികസനത്തെ കുറിച്ച് സംസാരിക്കണം എന്നത് ഭരണകൂടം തീരുമാനിക്കണം. ദളിത് സമൂഹമായതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നതെങ്കില്‍ നാം നേടിയ നവോഥാന മൂല്യങ്ങളൊക്കെ നഷ്ടപ്പെട്ടു തുടങ്ങിയിരുക്കുന്നെന്ന് ഉറപ്പിക്കാം.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍