ബെന്‍ ഗ്വാറിനോ
(വാഷിങ്ടണ്‍ പോസ്റ്റ്)
ഗായകന് പ്രിന്‍സ് മരിച്ച് അഞ്ചുദിവസമായിട്ടും മരണകാരണം നിഗൂഢമായി തുടരുന്നു. പ്രാഥമിക നിഗമനങ്ങള്‍ ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും ആഴ്ചകളെടുക്കും. മരണകാരണം ഉറക്കമില്ലായ്കയാകാമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രിന്‍സിന്റെ സഹോദരി ടൈക്ക നീല്‍സന്റെ ഭര്‍ത്താവ് മൗറീസ് ഫിലിപ്സ് പുറത്തുവിട്ട വിവരങ്ങളാണ് ഈ അനുമാനത്തിനു പിന്നില്‍.
മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ പ്രിന്‍സ് തുടര്‍ച്ചയായി 154 മണിക്കൂര്‍ ജോലി ചെയ്തെന്നാണ് മിനസോട്ടയിലെ പ്രിന്‍സിന്റെ റെക്കോഡിങ് സ്റ്റുഡിയോ പെയ്സ്ലി പാര്‍ക്കിനടുത്ത് എത്തിയ ജനക്കൂട്ടത്തോട് ഫിലിപ്സ് പറഞ്ഞത്. വാരാന്ത്യത്തില്‍ താന്‍ പ്രിന്സിനൊപ്പമുണ്ടായിരുന്നുവെന്നും ഭാര്യാ സഹോദരനെന്ന നിലയില്‍ അദ്ദേഹം നല്ലവനായിരുന്നുവെന്നും ഫിലിപ്സ് കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിന്റെ ജോലിയോടുള്ള പ്രതിബദ്ധത പ്രശസ്തമായിരുന്നു. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും റെക്കോഡിങ് നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വളരെക്കുറച്ചുമാത്രം ഉറക്കത്തിനുശേഷവും ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അടുപ്പമുള്ളവര്‍ ശരിവയ്ക്കുന്നതുമാണ്. എങ്കിലും ആറു ദിവസം ഉറങ്ങാതിരിക്കുക എന്നത് അപകടകരമായ ചെറുത്തുനില്പ് തന്നെയാണ്.
ശരാശരി ഒരാള്‍ക്ക് ഏതാനും ദിവസത്തെ ഉറക്കമില്ലായ്ക വിഭ്രാന്തികള്‍ സൃഷ്ടിക്കും. 154 മണിക്കൂര്‍ എന്നത് അവിശ്വസനീയമാണ്. ഏറ്റവുമധികം കാലം ഉറക്കമില്ലാതെ ചെലവിട്ടതാര് എന്ന ചോദ്യത്തിനുത്തരം എളുപ്പമല്ല. എങ്കിലും റാന്‍ഡി ഗാര്‍ഡ്നറാണ് അറിയപ്പെടുന്ന ഒരാള്‍. 1964ല്‍ സാന്‍ഡിയാഗോയിലെ തന്റെ ടീനേജ് കാലത്ത് 264 മണിക്കൂറാണ് ഗാര്‍ഡ്നര്‍ ഉറങ്ങാതിരുന്നത്. ഏറ്റവുമധികം സമയം ഉറങ്ങാതിരുന്നതിനുള്ള ഗിന്നസ് റെക്കോഡിന് ഉടമയും ഗാര്‍ഡ്നര്‍ തന്നെ. മല്‍സരിക്കുന്നവരുടെ ജീവന് അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ മല്‍സരവിഭാഗം ഒഴിവാക്കാന്‍ ഗിന്നസ് പ്രതിനിധികള്‍ തീരുമാനിച്ചതിനാല്‍ ഗാര്‍ഡ്നര്‍ക്ക് എതിരാളികളെ ഭയക്കേണ്ടതുമില്ല. സസ്തനികളുടെ ഉറക്കം നഷ്ടപ്പെടുന്നത് അപകടകരമാണെന്നത് അറിവുണ്ടെങ്കിലും ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ ഇനിയും ഏറെ പഠിക്കാനുണ്ട്.
അലന് റെഷ്ട്ഷാഫെന്റെ എലികളുടെ കാര്യം ഉദാഹരണം. ഷിക്കാഗോ യൂണിവേഴ്സിറ്റി ഉറക്കലാബിലെ ഗവേഷകനായിരുന്ന റെഷ്ട്ഷാഫെന് പരമാവധി സമയം എലികളെ ഉറങ്ങാന്‍ അനുവദിച്ചില്ല. 10 എലികളുടെ സംഘത്തില്‍ നടത്തിയ ഒരു പഠനത്തില്‍ 11 മുതല്‍ 32 ദിവസം വരെ ഉറങ്ങാന്‍ കഴിയാതിരുന്ന എലികള്‍ ഒന്നൊന്നായി ചത്തൊടുങ്ങി. എലികള്‍ മരണത്തോടടുക്കുകയാണെന്നു വ്യക്തമായിരുന്നുവെങ്കിലും കൃത്യമായ കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്ക്കായില്ല. ഇതു സംബന്ധിച്ച തര്‍ക്കം ഇന്നും തുടരുന്നു. 2009ല്‍ സ്ലേറ്റ് പറഞ്ഞതുപോലെ എലികളുടെ മരണത്തിന്റെ കാരണങ്ങള്‍ ഇവയാകാം – ഹൈപ്പോതെര്‍മിയ, ബ്രെയിന്‍ ഡാമേജ്, അതിസമ്മര്‍ദം, പ്രതിരോധശേഷി കുറഞ്ഞതുമൂലം ഉണ്ടാകുന്ന അണുബാധ.
മരണകാരണമാകാത്തപ്പോഴും ഉറക്കമില്ലായ്ക പലവിധ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഏഴുമണിക്കൂറില്‍ കുറഞ്ഞ ഉറക്കം പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നായി കാണണമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ നിലപാട്. ഡിപ്രഷന്, രക്തസമ്മര്‍ദം, കാന്‍സര്‍ സാധ്യത എന്നിവ ഉറക്കക്കുറവിനൊപ്പം വര്‍ധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. അധാര്‍മികത, വ്യാജകുറ്റസമ്മതങ്ങള് തുടങ്ങി പല അസാധാരണ സ്വഭാവവിശേഷങ്ങള്‍ക്കും ഉറക്കക്കുറവ് കാരണമാകുന്നു. തടവുകാരുടെ ഉറക്കം കെടുത്തിയുള്ള അന്വേഷണം അവസാനിപ്പിക്കണമെന്ന് 2014ല്‍ യുഎന്‍ യുഎസ് സേനയോട് ആവശ്യപ്പെട്ടിരുന്നു.
സംഗീതത്തില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നതില്‍ പ്രിന്‍സ് അതിമാനുഷനായിരുന്നു. എങ്കിലും ആറുദിവസം തുടര്‍ച്ചയായി ഉറങ്ങാതെ ജോലി ചെയ്തു എന്നതു സത്യമാണെങ്കില്‍ അസാധാരണ കഴിവുള്ളവര്‍ക്കും വിശ്രമം ആവശ്യമാണ് എന്നതിന്റെ ഓര്‍മപ്പെടുത്തലാകാം അദ്ദേഹത്തിന്റെ മരണം.